Wednesday, February 5, 2025

മഹാറാണി ഇന്ദിരാദേവി

പകിട്ടും പ്രൗഢിയുമെല്ലാം രാജകുമാരിയുടേതു തന്നെ. എടുത്തു പറയേണ്ടത് പാദരക്ഷകളോടുള്ള അസാധാരണ ഭ്രമം. പക്ഷേ അപ്പോഴും അവൾ പഴികേട്ടത് രാജകുടുംബത്തിന് യോജിക്കാത്ത പ്രണയബന്ധത്തിൽപ്പെട്ടതിന്റെ പേരിൽ. പറഞ്ഞു വരുന്നത് ഇന്ദിരാ ദേവി എന്ന ഫാഷൻ ഐക്കണെപ്പറ്റിയാണ്. വസ്ത്രത്തിലും പാദരക്ഷകളോടുള്ള ഇഷ്ടത്തിൽപ്പോലും ആഡംബരം കാട്ടിയ ഇന്ദിര പക്ഷേ രാജകുടുംബത്തിന്റെ കണ്ണിലെ കരടായത് ഒരാളെ പ്രണയിച്ചതിന്റെ പേരിലാണ്. രാജകുടുംബത്തിന് ഒരിക്കലും ചേരാത്ത ബന്ധമെന്നു പറഞ്ഞ് പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രണയിച്ചയാളെ വിവാഹം കഴിക്കുന്നതിൽനിന്ന് അവൾ പിന്നോട്ടു മാറിയില്ല. വിവാഹാനന്തരം, കാത്തിരുന്ന ഓരോ വെല്ലുവിളിയും സധൈര്യം നേരിട്ട ഇന്ദിരാ മഹാറാണിയുടെ ഇഷ്ടങ്ങളിലും ഫാഷനിലും വൈവിധ്യം നിറഞ്ഞിരുന്നു.

വജ്രം കൊണ്ടൊരു പേപ്പർവെയ്റ്റ്

വജ്രം പതിപ്പിച്ച സിംഹാസനം, റോൾസ് റോയ്സ് കാറുകൾ, പേപ്പർ വെയ്റ്റ് ആയി ഉപയോഗിച്ചിരുന്നതു പോലും ലോകത്തിലെ തന്നെ അപൂർവ വജ്രമായ 185 കാരറ്റ് ജേക്കബ് ഡയമണ്ട്. സ്വാതന്ത്ര്യത്തിനു മുൻപ് ഇന്ത്യയിലെ നാട്ടു രാജ്യങ്ങൾ ഭരിച്ചിരുന്ന പല രാജവംശങ്ങളും ആഡംബരത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ലായിരുന്നുവെന്നതിന് ഉദാഹരണങ്ങൾ അനവധിയുണ്ട് ചരിത്രത്തിൽ. വസ്ത്രങ്ങൾ, ആഭരണങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയ്ക്കു വേണ്ടി ഖജനാവിൽനിന്ന് എത്ര പണം മുടക്കാനും പണ്ടത്തെ രാജാക്കന്മാർക്കും റാണിമാർക്കും നവാബുമാർക്കുമൊന്നും ഒരു മടിയുമില്ലായിരുന്നു.
ഭാഗ്യം കടാക്ഷിക്കാൻ രത്നം പതിപ്പിച്ച ആമ

പണമൊഴുക്കി ഷോപ്പിങ് നടത്തിയിരുന്ന അക്കാലത്തെ പ്രമുഖരുടെ പട്ടികയിൽ മുൻപന്തിയിലാണ് കുച്ച് ബിഹാറിലെ മഹാറാണി ഇന്ദിരാ ദേവിയുടെ സ്ഥാനം. രത്നങ്ങളും മാണിക്യവും മരതകവും പതിച്ച 100 ജോഡി ഫെറാഗാമോ ഷൂകൾ വാങ്ങിയ ഇന്ദിരാ ദേവി അക്കാലത്തെ ഫാഷൻ ഐക്കണായാണ് അറിയപ്പെട്ടിരുന്നത്. സ്ത്രീസ്വാതന്ത്ര്യത്തിന് നിയന്ത്രണമേർപ്പെടുത്തുന്ന തരത്തിലുള്ള സമൂഹത്തിന്റെ പെരുമാറ്റച്ചട്ടങ്ങളെ കാറ്റിൽപറത്തിയ മഹാറാണി ആഘോഷങ്ങളോടെ അത്താഴവിരുന്നുകൾ സംഘടിപ്പിക്കുന്നതിൽ ഏറെ താൽപര്യം കാട്ടിയിരുന്നു. ചൂതാട്ടം ഇഷ്ടപ്പെട്ടിരുന്ന ഇന്ദിരാദേവി, വിജയത്തിനായി രത്നങ്ങൾ പതിച്ച ആമയുടെ പ്രതിമ അരികത്തു വച്ചുകൊണ്ടാണ് ചൂതാട്ടത്തിൽ പങ്കെടുത്തിരുന്നത്.സ്കൂൾ–കോളജ് വിദ്യാഭ്യാസം നേടിയ ആദ്യത്തെ ഇന്ത്യൻ രാജകുമാരി

ഇന്ത്യയിലെ ഏറ്റവും ശക്തരായ രാജകുടുംബങ്ങളിൽ രണ്ടാമത്തെ രാജകുടുംബത്തിലാണ് ഇന്ദിരയുടെ ജനനം. ബറോഡയിലെ മഹാരാജ സയോജിറാവു മൂന്നാമന്റെ മകളായി 1892ലാണ് ഇന്ദിര ജനിച്ചത്. രാജ്യത്തെ ഏറ്റവും മൂല്യമുള്ള ഭൂസ്വത്തായി കണക്കാക്കപ്പടുന്ന ലക്ഷ്മി വിലാസ് കൊട്ടാരത്തിലാണ് സഹോദരങ്ങൾക്കൊപ്പം ഇന്ദിര വളർന്നത്. കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും ദീർഘവീക്ഷണമുണ്ടായിരുന്ന മാതാപിതാക്കൾ അവളെ സ്കൂളിലും കോളജിലുമയച്ച് പഠിപ്പിച്ചതിനാൽ സ്കൂൾ–കോളജ് വിദ്യാഭ്യാസം നേടിയ ആദ്യത്തെ ഇന്ത്യൻ രാജകുമാരി എന്ന ഖ്യാതി ഇന്ദിരയ്ക്ക് സ്വന്തമായി.

വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന് മഹാരാജാവിനൊരു കത്ത്

രസികയും സുന്ദരിയുമായ ഇന്ദിരയുടെ പ്രണയം സ്വന്തമാക്കാൻ ഒരുപാട് രാജകുമാരന്മാർ ശ്രമിച്ചെങ്കിലും ഗ്വാളിയറിലെ മഹാരാജാവായ മാധോ റാവു സിന്ധ്യയ്ക്ക് മകളെ വിവാഹം ചെയ്തു നൽകാനായിരുന്നു ഇന്ദിരയുടെ പിതാവിനു താൽപര്യം. ഇതിനു പിന്നിൽ മറ്റൊരു താൽപര്യം കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു ശക്തമായ രാജകുടുംബവുമായി ബന്ധമുണ്ടാക്കുക എന്നതായിരുന്നു അത്. പക്ഷേ തന്നേക്കാൾ 20 വയസ്സിനു മുതിർന്ന, മറ്റൊരു ഭാര്യയുള്ള രാജാവിനെ ഭർത്താവായി സ്വീകരിക്കാൻ ഇന്ദിരയ്ക്ക് സമ്മതമായിരുന്നില്ല. എന്നാൽ മകളുടെ എതിർപ്പിനെ മറികടന്ന് ഇന്ദിരയുടെ പിതാവ് മാധോ റാവു സിന്ധ്യയുമായുള്ള വിവാഹ നിശ്ചയം നടത്തി. അതു കഴിഞ്ഞ് ഏകദേശം ഒരു വർഷം പിന്നിട്ടപ്പോൾ മാധോ റാവു സിന്ധ്യയ്ക്ക് ഇന്ദിര ഒരു കത്തെഴുതി. താൻ കുച്ച് ബാഹാറിലെ രാജകുമാരനായ ജിതേന്ദ്ര നാരായണയുമായി പ്രണയത്തിലാണെന്നും അതുകൊണ്ട് മാധോ റാവു സിന്ധ്യയുമായുള്ള വിവാഹത്തിൽനിന്ന് പിന്മാറുന്നുവെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. വിവാഹത്തിൽ നിന്നുള്ള പിന്മാറ്റം നിന്ദ്യ പ്രവൃത്തിയായി വ്യാഖ്യാനിക്കപ്പെട്ടു.
രാജവംശത്തിന്റെ നാണക്കേടൊഴിവാക്കാൻ റജിസ്റ്റർ വിവാഹം

രാജകുടുംബത്തിനും രാജ്യത്തിനും ഏറെ നാണക്കേടു വരുത്തിവച്ച രാജകുമാരിയെന്ന ചീത്തപ്പേരു വീണ ഇന്ദിരയുടെ മുന്നിലുണ്ടായിരുന്ന അടുത്ത വെല്ലുവിളി രോഷാകുലരായ തന്റെ മാതാപിതാക്കളെ ഏതു വിധേനയും ജിതേന്ദ്രയുമായുള്ള വിവാഹത്തിനു സമ്മതിപ്പിക്കുക എന്നതായിരുന്നു. ബംഗാളിലെ കുച്ച് ബിഹാർ എന്ന സ്ഥലത്തെ നാട്ടുരാജാവായ മഹാരാജ നൃപേന്ദ്ര നാരായണന്റെയും മഹാറാണി സുനിതി ദേവിയുടെയും രണ്ടാമത്തെ മകനായിരുന്നു ജിതേന്ദ്ര നാരായണൻ. പക്ഷേ, ഇന്ദിരയുടെ മാതാപിതാക്കൾക്ക് ആ ബന്ധത്തിനോട് തീരെ താൽപര്യമുണ്ടായിരുന്നില്ല. ആചാരങ്ങളിലും ജാതിയിലും ഇന്ദിരയുടെ കുടുംബത്തേക്കാൾ വളരെ താഴ്ന്ന അവസ്ഥയിലുള്ളവരായിരുന്നു ജിതേന്ദ്രയുടെ കുടുംബമെന്നായിരുന്നു രാജകുടുംബത്തിന്റെ പരാതി. കുറച്ചുനാൾ അകന്നു കഴിഞ്ഞാൽ ഇന്ദിര പ്രണയത്തിൽ നിന്ന് പിന്മാറുമെന്ന കണക്കുകൂട്ടലിൽ മാതാപിതാക്കൾ അവളെ യൂറോപ്പിലേക്ക് അയച്ചു. പക്ഷേ താൻ ജിതേന്ദ്രയെ മാത്രമേ വിവാഹം കഴിക്കൂവെന്ന് ഇന്ദിര അവിടെയുള്ള മാധ്യമപ്രവർത്തകരോട് പറയുകയും യൂറോപ്പിലെത്തിയ ശേഷവും ജിതേന്ദ്രയുമായുള്ള ആശയവിനിമയം തുടരുകയും ചെയ്തു. ഒടുവിൽ രാജകുമാരി കാമുകനോടൊപ്പം ഒളിച്ചോടിയാലുള്ള നാണക്കേടു ഭയന്ന് രാജകുടുംബം ഇന്ദിരയ്ക്ക് ജിതേന്ദ്രയെ വിവാഹം കഴിക്കാനുള്ള അനുമതി നൽകി. എന്നാൽ വിവാഹത്തിൽ പങ്കെടുക്കാനോ ചടങ്ങുകളിൽ ആതിഥേയത്വം വഹിക്കാനോ രാജകുടുംബത്തിൽ നിന്നാരും തയാറായില്ല. 1913 ൽ സെൻട്രൽ ലണ്ടനിലെ ഒരു റജിസ്റ്റർ ഓഫിസിൽ വച്ച് ഇന്ദിരയും ജിതേന്ദ്രിയയും ഔദ്യോഗികമായി വിവാഹിതരായി.ചതികളെ അതിജീവിച്ചു, ഭരണത്തിൽ തെളിഞ്ഞു

കേവലം 10 വർഷത്തെ ആയുസ്സു മാത്രമേ ഇന്ദിരയുടെ ദാമ്പത്യത്തിനുണ്ടായിരുന്നുള്ളൂ. ഭർത്താവിന്റെ മരണശേഷം ഒട്ടേറെ പ്രതിസന്ധികളിലൂടെ ഇന്ദിര കടന്നു പോയി. പ്രായപൂർത്തിയാകാത്ത മകനു പകരം അവർ രാജപ്രതിനിധിയായി ഭരണകാര്യങ്ങൾ നോക്കി. ജിതേന്ദ്രയുടെ അഭാവത്തിൽ സിംഹാസനത്തിൽ നോട്ടമിട്ട അയാളുടെ സഹോദരിയും സഹോദരീഭർത്താവും ഇന്ദിരയിൽ നിന്നു ഭരണം തട്ടിയെടുക്കാൻ പല കുതന്ത്രങ്ങളും പയറ്റി. ദർബാറിലെ ശത്രുക്കളെ തിരിച്ചറിയാനും തനിയെ അഞ്ചു മക്കളെ വളർത്തിയെടുക്കാനും ഇന്ദിര നന്നേ കഷ്ടപ്പെട്ടു. പക്ഷേ എല്ലാ വെല്ലുവിളികളെയും കരുത്തോടെ നേരിട്ട ഇന്ദിര പതിനഞ്ച് വർഷങ്ങളോളം രാജ്യം ഭരിച്ചു. ഇന്ദിരയുടെ ഭരണകാലത്ത് കടുത്ത മാന്ദ്യത്തിലൂടെ കുച്ച്ബിഹാർ കടന്നു പോയെങ്കിലും നാട് ആ പ്രതിസന്ധിയിൽ നിന്ന് കരകയറുകയും ദീർഘകാല കടങ്ങളൊക്കെ വീട്ടിത്തീർക്കുകയും ചെയ്തു.രത്നങ്ങൾ പതിപ്പിച്ച പാദരക്ഷകളോട് പ്രണയം

പ്രണയത്തിനു വേണ്ടി ഏതറ്റം വരെ പോകാനും ഏതു വെല്ലുവിളികളെയും ധൈര്യത്തോടെ നേരിടാനും മടിയില്ലാ‌തിരുന്ന രാജകുമാരിക്ക് പക്ഷേ ഒരു ദൗർബല്യമുണ്ടായിരുന്നു. വിലയേറിയ പാദരക്ഷകൾ. ഫെറഗാമോ പാദരക്ഷകളോടായിരുന്നു ഇന്ദിരയ്ക്ക് പ്രിയം. 20-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഷൂ ഡിസൈനർമാരിൽ ഒരാളായ സാൽവത്തോർ ഫെറാഗാമോയിൽ നിന്ന് 100 ജോഡിയോളം ഷൂകൾ ഇന്ദിര വാങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. മാണിക്യവും മരതകവും വജ്രങ്ങളും പതിപ്പിച്ച പാദരക്ഷകൾ ഡിസൈൻ ചെയ്തു തരാനാണ് തന്റെ റോയൽ ക്ലയന്റായ ഇന്ദിരദേവി ആവശ്യപ്പെട്ടിരുന്നതെന്ന് സാൽവത്തോർ ഫെറാഗാമോയുടെ ഓർമക്കുറിപ്പുകളിലുണ്ട്. മുത്തുകൾ പതിച്ച ഒരു ജോടി ഷൂസും വജ്രങ്ങൾ തുന്നിച്ചേർത്ത കറുത്ത വെൽവെറ്റ് കൊണ്ട് നിർമിച്ച മറ്റൊരു ഷൂവും ഇത്തരത്തിൽ റാണിയുടെ ആവശ്യപ്രകാരം നിർമിച്ചു കൊടുത്തിട്ടുണ്ടെന്നും ഏറെ വിചിത്രവും ആഡംബരം നിറഞ്ഞതുമായ പാദരക്ഷകളാണ് ഇന്ദിര ആവശ്യപ്പെടാറുള്ളതെന്നും ഓർമക്കുറിപ്പിലുണ്ട്.

തന്റെ റോയൽ ക്ലയന്റിനോടുള്ള സ്നേഹവും കടപ്പാടും അടയാളപ്പെടുത്താനായി ഇന്ദിരയുടെ പാദങ്ങളുടെ ആകൃതിയിൽ തടി കൊണ്ടു നിർമിച്ച ഒരു ഷൂ ഫ്ലോറൻസിലെ സാൽവറ്റോർ ഫെറാഗാമോ ഷൂ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട് ഡിസൈനർ. അങ്ങനെ തടി ഷൂ കാസ്റ്റുള്ള ആദ്യ ഇന്ത്യക്കാരി എന്ന വിശേഷണത്താൽ അയാൾ ഇന്ദിരയെ അനശ്വരയാക്കി.

റോയൽ വാഡ്രോബിലേക്ക് ഷിഫോൺ സാരികൾ

ആഡംബരം വിളിച്ചോതുന്ന ഡിസൈനർ പാദരക്ഷകളോടുള്ള ഇഷ്ടം കഴിഞ്ഞാൽ പാരിസിലെ ഏറ്റവും മികച്ച പട്ടു കൊണ്ടു നെയ്ത സാരിയോടായിരുന്നു മഹാറാണിയ്ക്ക് പ്രിയം. ഫ്രഞ്ച് ഷിഫോൺ, സിൽക്ക് പോലെയുള്ള തുണിത്തരങ്ങളാൽ നെയ്ത ഒഴുകിക്കിടക്കുന്ന പ്രിന്റഡ് സാരികൾ ജനപ്രിയമാക്കിയതും ഇന്ദിരയാണ്. റോയൽ വാഡ്രോബിലേക്ക് ഷിഫോൺ സാരികൾ എത്തിച്ചതും ഇന്ദിരയാണ്. ഫാഷനോടുള്ള തീഷ്ണമായ സ്നേഹവും താൽപര്യവും തന്റെ മകളും ജയ്പുരിലെ റാണിയുമായ ഗായത്രി ദേവിക്ക് കൈമാറാനും ഇന്ദിര മറന്നില്ല.

ഹുലാഗു ഖാൻ

ലോകചരിത്രത്തിൽ ഏറ്റവും വലിയ പടയോട്ടങ്ങളിലൊന്നിനു നേതൃത്വം കൊടുത്ത മംഗോൾ നായകൻ ചെങ്കിസ് ഖാന്റെ പേരമകൻ ഹുലാഗു ഖാൻ.1217 മുതൽ 1265 വരെയുള്ള കാലഘട്ടത്തിൽ ജീവിച്ച മംഗോൾ നേതാവാണ് ഹുലാഗു ഖാൻ. മധ്യപൂർവദേശത്തേക്ക് നടത്തിയ പടയോട്ടങ്ങളാണ് ഹുലാഗുവിനെ പ്രശസ്തനാക്കിയത്. 1258ൽ ബഗ്ദാദ് നഗരത്തിൽ നടത്തിയ ആക്രമണത്തിനു ഹുലാഗു നേതൃത്വം വഹിച്ചു. അക്കാലത്തെ പഠനത്തിന്റെയും കലയുടെയും വ്യവസായത്തിന്റെയുമൊക്കെ പ്രബുദ്ധ നഗരമായ ബഗ്ദാദിൽ ഈ പടയോട്ടം വലിയ നാശം വിതച്ചു. അക്കാലത്ത് അബ്ബാസിയ്യ ഭരണത്തിന്റെ തലസ്ഥാനനഗരിയായിരുന്നു ബഗ്ദാദ്. ഈ യുദ്ധത്തിൽ അരലക്ഷത്തോളം അബ്ബാസിദ് പടയാളികളും ലക്ഷക്കണക്കിന് പൗരജനങ്ങളും മരിച്ചെന്നാണ് കണക്ക്.ബഗ്ദാദ് ഗ്രാൻഡ് ലൈബ്രറിയുൾപ്പെടെ അനേകം മഹാഗ്രന്ഥശാലകൾ ഇതിൽ തകർന്നു. ഇവിടങ്ങളിലെ പുസ്തകങ്ങൾ ആക്രമണകാരികൾ കൈയടക്കുകയും അവയുടെ തുകൽ പുറംചട്ടകൾ വലിച്ചുകീറി ചെരുപ്പുകളുണ്ടാക്കുകയും ചെയ്തെന്ന് ചരിത്രരേഖകളിൽ പറയുന്നു. അമൂല്യമായ അറിവുകളടങ്ങിയ പല പുസ്തകങ്ങളും ടൈഗ്രിസ് നദിയിലേക്കു വലിച്ചെറിയപ്പെട്ടു. ബഗ്ദാദിലെ ഭരണാധികാരിയായിരുന്ന ഖലീഫ അൽ മുസ്താസിം ബില്ലയെ ഹുലാഗു വധിക്കുകയും ചെയ്തു.1259 വരെ ശക്തമായ നിലയിൽ പൊയ്ക്കൊണ്ടിരുന്ന മംഗോൾ സാമ്രാജ്യം, ചെങ്കിസ് ഖാന്റെ മറ്റൊരു പേരമകനും ഭരണാധികാരിയുമായ മോങ്‌കെ ഖാന്റെ മരണത്തോടെ പലവഴിയിലായി. ഇതിൽ പ്രധാനപ്പെട്ട ഒരു ഗ്രൂപ്പായ ഇൽഖാനേറ്റിനെയാണ് ഹുലാഗു നയിച്ചിരുന്നത്. 1357ൽ ഇൽഖാനേറ്റ് സാമ്രാജ്യം തകർന്നു.