Wednesday, February 5, 2025
ഹുലാഗു ഖാൻ
ലോകചരിത്രത്തിൽ ഏറ്റവും വലിയ പടയോട്ടങ്ങളിലൊന്നിനു നേതൃത്വം കൊടുത്ത മംഗോൾ നായകൻ ചെങ്കിസ് ഖാന്റെ പേരമകൻ ഹുലാഗു ഖാൻ.1217 മുതൽ 1265 വരെയുള്ള കാലഘട്ടത്തിൽ ജീവിച്ച മംഗോൾ നേതാവാണ് ഹുലാഗു ഖാൻ. മധ്യപൂർവദേശത്തേക്ക് നടത്തിയ പടയോട്ടങ്ങളാണ് ഹുലാഗുവിനെ പ്രശസ്തനാക്കിയത്. 1258ൽ ബഗ്ദാദ് നഗരത്തിൽ നടത്തിയ ആക്രമണത്തിനു ഹുലാഗു നേതൃത്വം വഹിച്ചു. അക്കാലത്തെ പഠനത്തിന്റെയും കലയുടെയും വ്യവസായത്തിന്റെയുമൊക്കെ പ്രബുദ്ധ നഗരമായ ബഗ്ദാദിൽ ഈ പടയോട്ടം വലിയ നാശം വിതച്ചു. അക്കാലത്ത് അബ്ബാസിയ്യ ഭരണത്തിന്റെ തലസ്ഥാനനഗരിയായിരുന്നു ബഗ്ദാദ്. ഈ യുദ്ധത്തിൽ അരലക്ഷത്തോളം അബ്ബാസിദ് പടയാളികളും ലക്ഷക്കണക്കിന് പൗരജനങ്ങളും മരിച്ചെന്നാണ് കണക്ക്.ബഗ്ദാദ് ഗ്രാൻഡ് ലൈബ്രറിയുൾപ്പെടെ അനേകം മഹാഗ്രന്ഥശാലകൾ ഇതിൽ തകർന്നു. ഇവിടങ്ങളിലെ പുസ്തകങ്ങൾ ആക്രമണകാരികൾ കൈയടക്കുകയും അവയുടെ തുകൽ പുറംചട്ടകൾ വലിച്ചുകീറി ചെരുപ്പുകളുണ്ടാക്കുകയും ചെയ്തെന്ന് ചരിത്രരേഖകളിൽ പറയുന്നു. അമൂല്യമായ അറിവുകളടങ്ങിയ പല പുസ്തകങ്ങളും ടൈഗ്രിസ് നദിയിലേക്കു വലിച്ചെറിയപ്പെട്ടു. ബഗ്ദാദിലെ ഭരണാധികാരിയായിരുന്ന ഖലീഫ അൽ മുസ്താസിം ബില്ലയെ ഹുലാഗു വധിക്കുകയും ചെയ്തു.1259 വരെ ശക്തമായ നിലയിൽ പൊയ്ക്കൊണ്ടിരുന്ന മംഗോൾ സാമ്രാജ്യം, ചെങ്കിസ് ഖാന്റെ മറ്റൊരു പേരമകനും ഭരണാധികാരിയുമായ മോങ്‌കെ ഖാന്റെ മരണത്തോടെ പലവഴിയിലായി. ഇതിൽ പ്രധാനപ്പെട്ട ഒരു ഗ്രൂപ്പായ ഇൽഖാനേറ്റിനെയാണ് ഹുലാഗു നയിച്ചിരുന്നത്. 1357ൽ ഇൽഖാനേറ്റ് സാമ്രാജ്യം തകർന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment