ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായിരുന്നു വിർജി വോറ എന്ന സൂറത്തുകാരൻ. മുഗൾ കാലഘട്ടത്തിലെ ഏറ്റവും ധനികനായ ബിസിനസുകാരനായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. മുഗൾ ചക്രവർത്തി ഔറംഗസേബ് വരെ സഹായം ചോദിച്ച ധനാഢ്യനായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പോലും ഇദ്ദേഹത്തിൽനിന്നും വായ്പയെടുത്തിരുന്നു.
1590ലായിരുന്നു വോറയുടെ ജനനം. സ്വർണം, ഏലം, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന്‍റെ വ്യാപാരത്തിൽ ഉൾപ്പെടുന്നു. കോഴിക്കോട്, ആഗ്ര, ബുദ്ധൻപൂർ, ഗൊൽക്കണ്ട, ഗോവ, ബിർ, അഹമ്മദാബാദ്, വഡോദര, ബറൂക്ക് തുടങ്ങിയ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ ഏജന്റുമാരുടെ ശൃംഖല വോറക്കുണ്ടായിരുന്നു.വിർജിയുടെ പ്രധാന ഇടപാടുകാർ ബ്രിട്ടീഷ്, ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയും, മുഗളരുമായിരുന്നു. വ്യാപാരികളുടെ രാജകുമാരനെന്ന് വിശേഷിപ്പിക്കപ്പെട്ട (സൂറത്ത് ഇൻ ദി 17ത് സെഞ്ച്വറി - ബാൽ കൃഷ്ണ ഗോവിന്ദ് ഗോഖലെ പേജ് നമ്പർ 137 - 146) വിർജിയെ അക്കാലത്തെ ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യാപാരിയായി ബ്രിട്ടീഷ്കാർ വിലയിരുത്തുന്നു അവരുടെ കണക്ക് പ്രകാരം 80 ലക്ഷത്തിന്റെ സ്വത്ത് വകകൾക്കുടമയായിരുന്നു വിർജി.വിർജിയുടെ വ്യാപാര ഹസ്തങ്ങൾ ആഗ്ര, ബുർഹാൻ പൂർ, ഗോൾഗണ്ട, ബീഹാർ, കോഴിക്കോട്, അഹമ്മദബാദ്, ബറോഡ, ബ്രോച്ച് എന്നി പ്രദേശങ്ങളോളം വിപുലമായിരുന്നു.
മുഗൾ സാമ്രാജ്യവുമായി അഭേദ്യ ബന്ധം പുലർത്തിയിരുന്ന വിർജി സൂറത്ത് സുബെദാർ ഇഷാഖ് ബെഗ്, മിർ മൂസ മുതലായവരിൽ വലിയൊരളവിൽ സ്വാധീനം ചെലുത്തിയിരുന്നു. എന്നിരുന്നാലും1635ൽ മിർ മൂസക്ക് പകരമായി നിയമതിനായ ഹക്കീം സദ്രയുമായുള്ള പടല പിണക്കങ്ങളെ തുടർന്ന് (സദ്ര സൂറത്തിലെ വ്യാപാരികളിൽ നിന്നും അനധികൃതമായി പണമൂറ്റിയിരുന്നു) 1638ൽ ജയിലിലാകേണ്ടി വന്നു. ഇതിനെ തുടർന്ന് ഷാജഹാൻ ചക്രവർത്തിയുടെ ഇടപെടലുകളെ തുടർന്ന് വിർജി കുറ്റവിമുക്തനാക്കപ്പെടുകയും, സദ്ര തൽസ്ഥാനത്ത് നിന്ന് നീക്കപ്പെടുകയുമുണ്ടായി. കൂടാതെ 1657ൽ ചക്രവർത്തിക്ക് നാല് അറേബ്യൻ കുതിരകളെയും, ചക്രവർത്തി പുത്രൻ മുറാദ് ബക്ഷ് മുഖേന 18 മേൽത്തരം ഗുജാറാത്തി കാളകളെയും ചക്രവർത്തിക്ക് സമ്മാനിച്ചതായി കാണാം ( ഗസറ്റിയർ ഓഫ് ദി ബോംബെ പ്രസിഡൻസി വോള്യം 1,2 - ജെയിംസ് മെക്നാബ് ക്യാമ്പൽ, പേജ് നമ്പർ 282).
വിർജിയുടെ സാമ്രാജ്യത്തിന്റെ അടിത്തറ ഇളകിയത് 1664ലിലെ ശിവജിയുടെ സൂറത്ത് ആക്രമണത്തോടെയാണ്. വിർജിയുടെ പണ്ടകശാലകളും, സമ്പാദ്യങ്ങളും മാറാത്ത പടയുടെ മുന്നിൽ കീഴടങ്ങി . 6 വീപ്പയോളം സ്വർണം, മരതകം, നവരത്നം, വജ്രം എന്നിവ മാറാത്ത പട സ്വന്തമാക്കിയതായി വോൾക്വർഡ് ഐവേർസൺ എന്ന ഡച്ചു ദൃസാക്ഷിയുടെ വിവരണങ്ങൾ വെളിപ്പെടുത്തുന്നു. ബ്രിട്ടീഷ് ഇന്ത്യ ഓഫീസ് സൂപ്രണ്ട് വില്ല്യം ഫോസ്‌റ്ററുടെ അഭിപ്രായത്തിൽ 50000 പൗണ്ടോളമാണ് വിർജിയുടെ നഷ്ടം. പിൻകാലത്ത് വിർജിയുടെ വ്യാപരലോകം പൗത്രൻ നാൻചന്ദ് ഏറ്റെടുക്കുകയും 1670കളോടെ വിർജി മരണമടയുകയും ചെയ്തു.
No comments:
Post a Comment