Wednesday, February 5, 2025
ഹുലാഗു ഖാൻ
ലോകചരിത്രത്തിൽ ഏറ്റവും വലിയ പടയോട്ടങ്ങളിലൊന്നിനു നേതൃത്വം കൊടുത്ത മംഗോൾ നായകൻ ചെങ്കിസ് ഖാന്റെ പേരമകൻ ഹുലാഗു ഖാൻ.1217 മുതൽ 1265 വരെയുള്ള കാലഘട്ടത്തിൽ ജീവിച്ച മംഗോൾ നേതാവാണ് ഹുലാഗു ഖാൻ. മധ്യപൂർവദേശത്തേക്ക് നടത്തിയ പടയോട്ടങ്ങളാണ് ഹുലാഗുവിനെ പ്രശസ്തനാക്കിയത്. 1258ൽ ബഗ്ദാദ് നഗരത്തിൽ നടത്തിയ ആക്രമണത്തിനു ഹുലാഗു നേതൃത്വം വഹിച്ചു. അക്കാലത്തെ പഠനത്തിന്റെയും കലയുടെയും വ്യവസായത്തിന്റെയുമൊക്കെ പ്രബുദ്ധ നഗരമായ ബഗ്ദാദിൽ ഈ പടയോട്ടം വലിയ നാശം വിതച്ചു. അക്കാലത്ത് അബ്ബാസിയ്യ ഭരണത്തിന്റെ തലസ്ഥാനനഗരിയായിരുന്നു ബഗ്ദാദ്. ഈ യുദ്ധത്തിൽ അരലക്ഷത്തോളം അബ്ബാസിദ് പടയാളികളും ലക്ഷക്കണക്കിന് പൗരജനങ്ങളും മരിച്ചെന്നാണ് കണക്ക്.ബഗ്ദാദ് ഗ്രാൻഡ് ലൈബ്രറിയുൾപ്പെടെ അനേകം മഹാഗ്രന്ഥശാലകൾ ഇതിൽ തകർന്നു. ഇവിടങ്ങളിലെ പുസ്തകങ്ങൾ ആക്രമണകാരികൾ കൈയടക്കുകയും അവയുടെ തുകൽ പുറംചട്ടകൾ വലിച്ചുകീറി ചെരുപ്പുകളുണ്ടാക്കുകയും ചെയ്തെന്ന് ചരിത്രരേഖകളിൽ പറയുന്നു. അമൂല്യമായ അറിവുകളടങ്ങിയ പല പുസ്തകങ്ങളും ടൈഗ്രിസ് നദിയിലേക്കു വലിച്ചെറിയപ്പെട്ടു. ബഗ്ദാദിലെ ഭരണാധികാരിയായിരുന്ന ഖലീഫ അൽ മുസ്താസിം ബില്ലയെ ഹുലാഗു വധിക്കുകയും ചെയ്തു.1259 വരെ ശക്തമായ നിലയിൽ പൊയ്ക്കൊണ്ടിരുന്ന മംഗോൾ സാമ്രാജ്യം, ചെങ്കിസ് ഖാന്റെ മറ്റൊരു പേരമകനും ഭരണാധികാരിയുമായ മോങ്‌കെ ഖാന്റെ മരണത്തോടെ പലവഴിയിലായി. ഇതിൽ പ്രധാനപ്പെട്ട ഒരു ഗ്രൂപ്പായ ഇൽഖാനേറ്റിനെയാണ് ഹുലാഗു നയിച്ചിരുന്നത്. 1357ൽ ഇൽഖാനേറ്റ് സാമ്രാജ്യം തകർന്നു.
Thursday, January 30, 2025
ഇന്ത്യയുടെ വാണിജ്യ രാജാവ് വിർജി വോറ
ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായിരുന്നു വിർജി വോറ എന്ന സൂറത്തുകാരൻ. മുഗൾ കാലഘട്ടത്തിലെ ഏറ്റവും ധനികനായ ബിസിനസുകാരനായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. മുഗൾ ചക്രവർത്തി ഔറംഗസേബ് വരെ സഹായം ചോദിച്ച ധനാഢ്യനായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പോലും ഇദ്ദേഹത്തിൽനിന്നും വായ്പയെടുത്തിരുന്നു.
1590ലായിരുന്നു വോറയുടെ ജനനം. സ്വർണം, ഏലം, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന്‍റെ വ്യാപാരത്തിൽ ഉൾപ്പെടുന്നു. കോഴിക്കോട്, ആഗ്ര, ബുദ്ധൻപൂർ, ഗൊൽക്കണ്ട, ഗോവ, ബിർ, അഹമ്മദാബാദ്, വഡോദര, ബറൂക്ക് തുടങ്ങിയ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ ഏജന്റുമാരുടെ ശൃംഖല വോറക്കുണ്ടായിരുന്നു.വിർജിയുടെ പ്രധാന ഇടപാടുകാർ ബ്രിട്ടീഷ്, ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയും, മുഗളരുമായിരുന്നു. വ്യാപാരികളുടെ രാജകുമാരനെന്ന് വിശേഷിപ്പിക്കപ്പെട്ട (സൂറത്ത് ഇൻ ദി 17ത് സെഞ്ച്വറി - ബാൽ കൃഷ്ണ ഗോവിന്ദ് ഗോഖലെ പേജ് നമ്പർ 137 - 146) വിർജിയെ അക്കാലത്തെ ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യാപാരിയായി ബ്രിട്ടീഷ്കാർ വിലയിരുത്തുന്നു അവരുടെ കണക്ക് പ്രകാരം 80 ലക്ഷത്തിന്റെ സ്വത്ത് വകകൾക്കുടമയായിരുന്നു വിർജി.വിർജിയുടെ വ്യാപാര ഹസ്തങ്ങൾ ആഗ്ര, ബുർഹാൻ പൂർ, ഗോൾഗണ്ട, ബീഹാർ, കോഴിക്കോട്, അഹമ്മദബാദ്, ബറോഡ, ബ്രോച്ച് എന്നി പ്രദേശങ്ങളോളം വിപുലമായിരുന്നു.
മുഗൾ സാമ്രാജ്യവുമായി അഭേദ്യ ബന്ധം പുലർത്തിയിരുന്ന വിർജി സൂറത്ത് സുബെദാർ ഇഷാഖ് ബെഗ്, മിർ മൂസ മുതലായവരിൽ വലിയൊരളവിൽ സ്വാധീനം ചെലുത്തിയിരുന്നു. എന്നിരുന്നാലും1635ൽ മിർ മൂസക്ക് പകരമായി നിയമതിനായ ഹക്കീം സദ്രയുമായുള്ള പടല പിണക്കങ്ങളെ തുടർന്ന് (സദ്ര സൂറത്തിലെ വ്യാപാരികളിൽ നിന്നും അനധികൃതമായി പണമൂറ്റിയിരുന്നു) 1638ൽ ജയിലിലാകേണ്ടി വന്നു. ഇതിനെ തുടർന്ന് ഷാജഹാൻ ചക്രവർത്തിയുടെ ഇടപെടലുകളെ തുടർന്ന് വിർജി കുറ്റവിമുക്തനാക്കപ്പെടുകയും, സദ്ര തൽസ്ഥാനത്ത് നിന്ന് നീക്കപ്പെടുകയുമുണ്ടായി. കൂടാതെ 1657ൽ ചക്രവർത്തിക്ക് നാല് അറേബ്യൻ കുതിരകളെയും, ചക്രവർത്തി പുത്രൻ മുറാദ് ബക്ഷ് മുഖേന 18 മേൽത്തരം ഗുജാറാത്തി കാളകളെയും ചക്രവർത്തിക്ക് സമ്മാനിച്ചതായി കാണാം ( ഗസറ്റിയർ ഓഫ് ദി ബോംബെ പ്രസിഡൻസി വോള്യം 1,2 - ജെയിംസ് മെക്നാബ് ക്യാമ്പൽ, പേജ് നമ്പർ 282).
വിർജിയുടെ സാമ്രാജ്യത്തിന്റെ അടിത്തറ ഇളകിയത് 1664ലിലെ ശിവജിയുടെ സൂറത്ത് ആക്രമണത്തോടെയാണ്. വിർജിയുടെ പണ്ടകശാലകളും, സമ്പാദ്യങ്ങളും മാറാത്ത പടയുടെ മുന്നിൽ കീഴടങ്ങി . 6 വീപ്പയോളം സ്വർണം, മരതകം, നവരത്നം, വജ്രം എന്നിവ മാറാത്ത പട സ്വന്തമാക്കിയതായി വോൾക്വർഡ് ഐവേർസൺ എന്ന ഡച്ചു ദൃസാക്ഷിയുടെ വിവരണങ്ങൾ വെളിപ്പെടുത്തുന്നു. ബ്രിട്ടീഷ് ഇന്ത്യ ഓഫീസ് സൂപ്രണ്ട് വില്ല്യം ഫോസ്‌റ്ററുടെ അഭിപ്രായത്തിൽ 50000 പൗണ്ടോളമാണ് വിർജിയുടെ നഷ്ടം. പിൻകാലത്ത് വിർജിയുടെ വ്യാപരലോകം പൗത്രൻ നാൻചന്ദ് ഏറ്റെടുക്കുകയും 1670കളോടെ വിർജി മരണമടയുകയും ചെയ്തു.
Friday, May 24, 2024
മുസ്‌ലിം സ്‌പെയിന്‍:അടച്ചുവെക്കാനാവാത്ത പാഠപുസ്തകം.
മുസ്‌ലിം സ്‌പെയിന്‍:അടച്ചുവെക്കാനാവാത്ത പാഠപുസ്തകം
‘റുസാഫയുടെ മധ്യത്തില്‍
നില്‍ക്കുന്ന ഈന്തപ്പനമരം
പശ്ചിമ ദേശത്താണ് അതു പിറന്നത്.
ഈന്തപ്പനകളുടെ നൈസര്‍ഗിക
ഇടങ്ങളില്‍ നിന്നും
എത്രയോ അകലെ;
ഞാന്‍ അതിനോട് പറഞ്ഞു:
നീയും എന്നെപ്പോലെ അന്യനാട്ടില്‍;
ഒരു പരദേശി.
സുഹൃത്തുക്കളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും അകന്ന്.
പിറന്ന മണ്ണില്‍ നീ ഇന്ന് അപരിചിതയാണ്.
ഞാനും നിന്നെപ്പോലെ,
പിറന്ന നാട്ടില്‍ നിന്നും എത്രയോ
അകലെ…’
അന്തലൂസിയയിലെ ഉമവി ഭരണകൂടസ്ഥാപകന്‍ അബ്ദുര്‍റഹ്മാന്‍ ദാഖില്‍ കുറിച്ചിട്ട വികാരനിര്‍ഭരമായ കവിതയില്‍ അദ്ദേഹത്തിന്റെ പിതാമഹന്മാര്‍ പ്രതാപശാലികളായി വാണിരുന്ന ദമസ്‌കസിനെക്കുറിച്ച ഗൃഹാതുരത മുറ്റിയ ഓര്‍മകളാണ് നിറയുന്നത്. ഉമവി രാജവംശത്തെ കൂട്ടക്കുരുതി ചെയ്തുകൊണ്ടാണ് അബ്ബാസികള്‍ അവരുടെ അധികാരം സ്ഥാപിച്ചതും തലസ്ഥാനം ബഗ്ദാദിലേക്ക് മാറ്റിയതും. ആര്‍ഭാടങ്ങളിലും ലാസ്യവിനോദങ്ങളിലും അഭിരമിച്ചിരുന്ന ഉമവി കൊട്ടാരങ്ങള്‍ അബ്ബാസികളുടെ വാള്‍തലപ്പുകള്‍ക്കു മുമ്പില്‍ കബന്ധങ്ങള്‍ കുമിഞ്ഞുകൂടിയ ഒരു മോര്‍ച്ചറിയായി മാറിയപ്പോള്‍ അനന്യമായ സ്ഥൈര്യത്തോടെയും അസാമാന്യമായ സാഹസികതയോടെയും കൊട്ടാരത്തില്‍ നിന്ന് രക്ഷപ്പെട്ട രാജകുമാരനാണ് അബ്ദുര്‍റഹ്മാന്‍. സര്‍വ്വദിക്കുകളിലും അന്വേഷിച്ചു നടന്ന അബ്ബാസി പടയാളികളുടെ കണ്ണുവെട്ടിച്ച് യൂഫ്രട്ടീസ് നദി നീന്തിക്കടക്കുമ്പോള്‍ അചഞ്ചലമായ നിശ്ചയദാര്‍ഢ്യം മാത്രമായിരുന്നു അദ്ദേഹത്തിന്റെ മൂലധനം. വര്‍ഷങ്ങള്‍ കഴിഞ്ഞ് മണല്‍ക്കാടുകളും അപരിചിതങ്ങളായ ജനപദങ്ങളുമെത്രയോ താണ്ടിയാണ് അദ്ദേഹം ജിബ്രാള്‍ട്ടര്‍ കടന്ന് ഉത്തരാഫ്രിക്കയില്‍ നിന്ന് യൂറോപ്പിലേക്കു പ്രവേശിക്കുന്നത്.
അബ്ദുര്‍റഹ്മാന്‍ അന്തലൂസില്‍ കടക്കുന്നതിനും എത്രയോ മുമ്പ്, താരിഖുബ്‌നു സിയാദിന്റെ കാലം മുതല്‍ ഒരു ബഹുസ്വര ഇസ്‌ലാമികസമൂഹം അവിടെ പിറവിയെടുത്തിരുന്നു. പക്ഷേ നിലവിലുള്ള ഭരണകൂടവുമായി സന്ധിചെയ്ത് സ്വസ്ഥമായി ജീവിക്കുന്നതിന്നുപകരം സാമര്‍ത്ഥ്യത്തിലൂടെയും സാഹസികതയിലൂടെയും സ്വന്തം ഭരണകൂടം സ്ഥാപിക്കുകയാണ് അബ്ദുര്‍റഹ്മാന്‍ ചെയ്യുന്നത്. അന്തലൂസിയന്‍ പരുന്ത് എന്ന് അദ്ദേഹം അറിയപ്പെടുന്നത് വെറുതെയല്ല. എല്ലാ തരം പ്രതികൂലാവസ്ഥയെയും അതിജീവിച്ച് അബ്ദുര്‍റഹ്മാന്‍ സാധിച്ച അന്യാദൃശമായ വിജയത്തിളക്കത്തിനു മുമ്പില്‍ അദ്ദേഹത്തിന്റെ എതിരാളിയായ അബ്ബാസി ഖലീഫ മന്‍സൂര്‍ പോലും സ്തംഭിച്ചുപോയിട്ടുണ്ട്.
സ്‌പെയിനിലെ മുസ്‌ലിം സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ഉത്ഥാനപതനങ്ങളില്‍ വര്‍ത്തമാനകാല മുസ്‌ലിം സമൂഹത്തിന് പാഠങ്ങള്‍ എമ്പാടുമുണ്ട്. മധ്യപൂര്‍വ്വ ദേശത്തെ പല സമകാലീന സംഭവങ്ങളിലും സ്പാനിഷ് മുസ്‌ലിം ചരിത്രത്തിന്റെ തനിയാവര്‍ത്തനം നമുക്ക് ദര്‍ശിക്കാവുന്നതാണ്. വിസിഗോതുകളെ പരാജയപ്പെടുത്തി ക്രിസ്തുവര്‍ഷം 712ല്‍ താരീഖുബ്‌നു സിയാദിന്റെ സൈന്യം ജിബ്രാള്‍ട്ടര്‍ കടന്ന് ഐബീരിയന്‍ ഉപദ്വീപില്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ ഹിജ്‌റ കഴിഞ്ഞ് നൂറ് വര്‍ഷം പോലും തികഞ്ഞിരുന്നില്ല. ജബലുതാരിഖിന്റെ സ്പാനിഷ്/ ആംഗല രൂപമാണ് ജിബ്രാള്‍ട്ടര്‍. ബെര്‍ബര്‍ അടിമയായിരുന്ന താരിഖുബ്‌നു സിയാദിന്റെ ചരിത്രത്തിന് മേലുള്ള ശാശ്വതമുദ്രയാണത്.എങ്ങനെയാണ് വളരെ ചുരുങ്ങിയ ഒരു കാലത്തിനുള്ളില്‍ ചരിത്രത്തിന്റെയും നാഗരികതയുടെയും പാര്‍ശ്വങ്ങളില്‍ അലസരും അപരിഷ്‌കൃതരുമായി അലഞ്ഞിരുന്ന ഒരു നാടോടി സമൂഹത്തിന് പശ്ചിമനാഗരികതയെ ജയിച്ചടക്കാനും മാനവചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും മഹത്തായ ഒരു സംസ്‌കൃതിയുടെ സ്രഷ്ടാക്കളാവാനും കഴിഞ്ഞത്?
വര്‍ഗ വംശ ദേശ ഭാഷാവ്യത്യാസങ്ങള്‍ക്ക് അതീതമായി വിശ്വാസത്തിലും ആദര്‍ശത്തിലും അധിഷ്ഠിതമായ ഒരു ആഗോള സാഹോദര്യം സൃഷ്ടിച്ചെടുത്തതാണ് ഇസ്‌ലാമിന്റെ വിജയരഹസ്യം. അറബികള്‍ക്കും ബെര്‍ബറുകള്‍ക്കും കുര്‍ദുകള്‍ക്കും കറുത്തവര്‍ക്കും വെളുത്തവര്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ പരിഗണന ലഭിച്ച ഭക്തിപ്രചോദിതമായ സാഹോദര്യ ബോധമാണ് ഇസ്‌ലാമിനെ അപ്രതിരോധ്യമാക്കിയത്. ജനദ്രോഹകരങ്ങളായ നികുതികളും അന്യായങ്ങളായ നിയമങ്ങളും റദ്ദു ചെയ്ത് സാമാന്യ ജനങ്ങളോട് ഇസ്‌ലാം പ്രകടിപ്പിച്ച കാരുണ്യവും ഇസ്‌ലാമിനെ അതിവേഗം ഏറ്റവും ജനപ്രിയമായ മതമാക്കിമാറ്റി. പരമതവിശ്വാസികള്‍ക്കു സാമ്പത്തിക സാമൂഹ്യജീവിതത്തിലും വൈജ്ഞാനിക കലാ മേഖലകളിലും രാഷ്ട്രസംവിധാനത്തിലും അര്‍ഹമായ പ്രാതിനിധ്യവും ആദരവും നല്‍കപ്പെട്ടു. യഹൂദരുടെ ചരിത്രത്തിലെ ഏറ്റവും സമ്പന്നവും സുരക്ഷിതവുമായ കാലമായി ഗണിക്കപ്പെടുന്നത് ഇസ്‌ലാമിക സ്‌പെയിനിലെ കാലഘട്ടമാണ്. അബ്രഹാം ബ്‌നു ഇസ്‌റയും യഹൂദലവിയും മുതല്‍ യഹൂദ ചരിത്രത്തിലെ ഏറ്റവും മഹാനായ തത്ത്വജ്ഞാനിയായി അറിയപ്പെടുന്ന മോസസ് മൈമനോയിഡ്‌സ് വരെയുള്ളവര്‍ പഠിച്ചതും വളര്‍ന്നതും ഇസ്‌ലാമിക സ്‌പെയിനിലാണ്. മൈമനോയ്ഡ്‌സ് ഇബ്‌നുറുശ്ദിനെ ഗുരുവര്യനായി ആദരിച്ചു പോന്നു. അവര്‍ ജീവിച്ചതും വളര്‍ന്നതുമായ കൊര്‍ദോവാ നഗരമായിരുന്നു പുസ്തകങ്ങളുടെ എണ്ണം കൊണ്ടും ശാസ്ത്രകാരന്മാരുടെയും പണ്ഡിതന്മാരുടെയും കലാകാരന്മാരുടെയും ഗരിമ കൊണ്ടും വൈജ്ഞാനിക സാംസ്‌കാരിക പ്രവൃത്തികളുടെ വ്യാപ്തികൊണ്ടും മധ്യകാലത്തെ ഏറ്റവും സമ്പന്നമായ നഗരം. ഇബ്‌നു ഹസ്മും ഇമാം ഖുര്‍ത്വുബിയും ഇബ്‌നു അറബിയും തുടങ്ങി മഹാന്മാരായ പണ്ഡിതന്മാരുടെയും സാത്വികരുടെയും പരമ്പര തന്നെ അവിടെ ജീവിച്ചിരുന്നു. അക്കൂട്ടത്തില്‍ അവസാനത്തെയാളായിരുന്നു ഇബ്‌നുഖല്‍ദൂന്‍. അന്തലൂസില്‍ ഇസ്‌ലാം കൊളുത്തിവെച്ച വൈജ്ഞാനിക വെളിച്ചമാണ് പിന്നീട് യൂറോപ്പിലാകെ പരന്ന് പശ്ചിമനാഗരികതയെ പ്രബുദ്ധതയിലേക്ക് നയിച്ചതും ആഗോള നവോത്ഥാനത്തിന് കാരണമായതും. ലോകഭാഷകളില്‍ നിന്നും അറബിയിലേക്കുള്ള ക്ലാസിക് ഗ്രന്ഥങ്ങളുടെ മൊഴിമാറ്റം ഇസ്‌ലാമിക നാഗരികതക്ക് അടിത്തറ പാകിയതു പോലെ, അറബിയില്‍ നിന്ന് ലാറ്റിനും ഗ്രീക്കും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ ഭാഷകളിലേക്ക് വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ ഭാഷാന്തരം പശ്ചിമ നാഗരികതയുടെ പിറവിക്ക് നിമിത്തമായി. കൊര്‍ദോവായിലെയും സെവില്ലിയിലെയും ടോളിഡോയിലെയും ഗ്രാനഡയിലെയും പുസ്തകപ്പുരകളിലും പരീക്ഷണശാലകളിലുമാണ് യൂറോപ്യന്‍ പ്രബുദ്ധതയുടെയും വൈജ്ഞാനിക വിപ്ലവത്തിന്റെയും ബീജാവാപം നടന്നത്. മധ്യകാലത്ത് ലോകം മുഴുവന്‍ പ്രകാശം പരത്തി ജ്വലിച്ചുനിന്ന കൊര്‍ദോവാ നഗരം ഇന്ന് സ്‌പെയിനിലെ അത്രയൊന്നും പ്രസക്തമല്ലാത്ത ഒരു ചെറുപട്ടണമാണ്. പോയകാല പ്രതാപത്തിന്റെ അടയാളങ്ങള്‍ എമ്പാടുമുള്ള, വികലമാക്കപ്പെട്ട ചരിത്രത്തിന്റെ ചിഹ്നങ്ങള്‍ പേറുന്ന, ഭൂതകാലത്ത് എവിടെയോ വെച്ച് വളര്‍ച്ച മുരടിച്ചുപോയ, ജനവാസം കുറഞ്ഞ, അത്രയൊന്നും സമൃദ്ധിയില്ലാത്ത അന്തലൂസിലെ ചെറുപട്ടണം. ഒരു കാലത്ത് ആഗോളതലത്തില്‍ തന്നെ ഏറ്റവും ജനസാന്ദ്രമായിരുന്ന നഗരങ്ങളിലൊന്നായിരുന്നു അത് എന്നത് നമ്മെ വിസ്മയിപ്പിക്കുകയും വിഷാദിപ്പിക്കുകയും ചെയ്യാം. ഖിബ്‌ലയിലേക്ക് ചാഞ്ഞ മിഹ്‌റാബുകളും ശ്രവണസുന്ദരമായ ബാങ്കുവിളികള്‍ മുഴങ്ങിയിരുന്ന മിനാരങ്ങളും അടങ്ങിയിരുന്ന പള്ളികളില്‍ നിന്നും ഇപ്പോള്‍ മുഴങ്ങുന്നത് ഖുര്‍ബാനക്കും പ്രാര്‍ത്ഥനക്കും സമയമറിയിച്ചുകൊണ്ടുള്ള പള്ളിമണികളാണ്. യേശുവിന്റെയും കന്യാമറിയത്തിന്റെയും ഛായാചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെട്ട മിഹ്‌റാബുകള്‍. ഉമവി ഖലീഫമാരുടെ പേരിലുള്ള മദ
്യശാലകളില്‍ പരിശുദ്ധനാമങ്ങളില്‍ അറിയപ്പെടുന്ന വീഞ്ഞുകള്‍ ലഭിക്കുമ്പോള്‍ ചരിത്രപരമായ മുറിവുകള്‍ക്കു മേല്‍ നിത്യാപമാനത്തിന്റെ ലേപനമായി നമുക്കത് അനുഭവപ്പെടുന്നു. ദമസ്‌കസിലെ ഉമവി മസ്ജിദിന്റെ മാതൃകയില്‍ പണിത ലോകത്തെ തന്നെ ഏറ്റവും വലിയ ആരാധനാലയങ്ങളില്‍ ഒന്നായിരുന്ന കൊര്‍ദോവയിലെ പ്രധാന മസ്ജിദ് ഇന്ന് പ്രാര്‍ത്ഥനകളും അനുഷ്ഠാനങ്ങളും കൊണ്ട് സജീവമായ ഒരു ക്രൈസ്തവ ദേവാലയമാണ്. മെസ്‌കിറ്റോ കത്തീഡ്രല്‍ കോംപ്ലക്‌സ് എന്നറിയപ്പെടുന്ന ഈ ദേവാലയത്തിന്റെ മട്ടുപ്പാവിലേക്കും ഭിത്തികളിലേക്കും സൂക്ഷിച്ചു നോക്കിയാല്‍ ചേതോഹരമായ ഖുര്‍ആനിക സൂക്തങ്ങളുടെ ചിത്രപ്പണികള്‍ തെളിഞ്ഞുകാണാം. എഴുനൂറിലേറെ വര്‍ഷങ്ങള്‍ പാശ്ചാത്യദേശത്ത്, ഇസ്‌ലാമിക നാഗരികതയുടെ കേന്ദ്രസ്ഥാനത്ത് നിലനിന്നിരുന്ന നഗരത്തില്‍ ഇപ്പോള്‍ നിസ്‌കരിക്കാന്‍ വളരെ ചെറിയ ഒരു ഇടമാണ് ബാക്കിയുള്ളത്. ദിക്കുകള്‍ മുഴുവന്‍ പ്രകാശം പരത്തിയ പണ്ഡിതന്മാരുടെയും തത്ത്വജ്ഞാനികളുടെയും പേരില്‍ കൊത്തി വെച്ച ചില ശിലാഫലകങ്ങളും ശില്പങ്ങളുമല്ലാതെ അവരുടെ അടയാളങ്ങളോ ഖബറുകളോ ബാക്കിയില്ല.
എങ്ങനെയാണ് ഏഴുനൂറ്റാണ്ടിലേറെ നീണ്ടുനിന്ന ശോഭനമായ ഒരു കാലഘട്ടത്തിന് ശേഷം മുസ്‌ലിം ഭരണകൂടവും സമൂഹവും യൂറോപ്പില്‍ ഇത്ര സമൂലമായും സമ്പൂര്‍ണമായും ഉന്മൂലനം ചെയ്യപ്പെട്ടത്? എന്തുകൊണ്ടാണ് കുരിശുപടയുടെ ആക്രമണത്തെ പ്രതിരോധിക്കാനാവാത്ത വിധം മുസ്‌ലിം സമുദായം ദുര്‍ബലരായത്? മനുഷ്യന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കഠിനവും ദയാരഹിതവുമായ ദണ്ഡനങ്ങളാണ് ഇന്‍ക്വിസിഷന്റെ പേരില്‍ സ്പാനിഷ് മുസ്‌ലിം സമൂഹം ഏറ്റുവാങ്ങിയത്. ആര്‍ദ്രത നിറഞ്ഞ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഔദാര്യത്തിന്റെ പച്ചത്തുരുത്തില്‍ കൂടൂവെച്ചിരുന്ന യഹൂദ സമുദായത്തിനും ഫെര്‍ഡിനാന്റും ഇസബെല്ലയും മതകോടതികളുടെ അസഹിഷ്ണുതയും കാപാലികതയുമായി രംഗത്തുവന്നപ്പോള്‍ ഉത്തരാഫ്രിക്കയിലേക്കും ഉസ്മാനിയ ഭരണത്തിന്റെ ശാദ്വലയിടങ്ങളിലേക്കും പലായനം ചെയ്യേണ്ടിവന്നു. അങ്ങനെയാണ് മോസസ് മൈമനോയിഡ്‌സ് കൈറോവിലേക്ക് താമസം മാറ്റുന്നതും മഹാനായ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കൊട്ടാരവൈദ്യനാവുന്നതും. പ്രതാപികളായി വാണിരുന്ന അന്തലൂസിലെ ഇസ്‌ലാമിക സമൂഹത്തിന്റെ സര്‍വനാശത്തിന് നിമിത്തമായത് അവരുടെതന്നെ അലംഭാവവും അന്തഃഛിദ്രതയും ആര്‍ഭാടപൂര്‍ണമായ ജീവിതവുമാണ്.
ഐശ്വര്യത്തിന്റെയും അധികാരത്തിന്റെയും ഉന്മാദത്തില്‍ ഭരണകര്‍ത്താക്കളും സമൂഹവും മൃഗതൃഷ്ണകളുടെ ആഘോഷമായി ജീവിതം ആടിത്തിമിര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ വിശ്വാസത്തിന്റെയും ആദര്‍ശത്തിന്റെയും പേരിലുള്ള സാഹോദര്യബോധം നഷ്ടപ്പെട്ടു. ജനസാമാന്യവുമായുള്ള ജൈവബന്ധം അറ്റുപോവുകയും ചെയ്തു. ഉമവികളും മുറാബിത്തുകളും മുവഹിദുകളുമായി ഇസ്‌ലാമിക സമൂഹം ശിഥിലീകരിക്കപ്പെടുകയും പരസ്പരം പോരടിക്കുന്ന ചെറു നഗരരാഷ്ട്രങ്ങളായി, ത്വായിഫകളായി സ്വയം ദുര്‍ബലരാവുകയും ചെയ്തപ്പോള്‍ മറുവശത്ത് സര്‍വായുധ വിഭൂഷിതരായ കുരിശുപടയാളികള്‍ അതിര്‍ത്തിക്കകത്തും പുറത്തും നില്‍പ്പുണ്ടെന്ന കാര്യം അവര്‍ ഓര്‍ത്തില്ല. ഉത്തരാഫ്രിക്കയിലെ ഭരണാധികാരിയായിരുന്ന മൂസാ ഇബ്‌നു നുസൈറിന്റെ പടയാളിയായിരുന്ന താരീഖ്ബ്‌നു സിയാദ് ക്രിസ്തുവര്‍ഷം 711ല്‍ ജിബ്രാള്‍ട്ടര്‍ കടന്നതോടെ ആരംഭിച്ച അന്തലൂസിലെ ഇസ്‌ലാമിക സാന്നിധ്യത്തിനു അന്ത്യം കുറിച്ചു കൊണ്ടണ്ടു 1492ല്‍ അവസാനത്തെ ഉമവി രാജകുമാരനായ അബ്ദുല്ല സഗീര്‍ എന്ന അബ്ദാലി ഫെര്‍ഡിനാന്റിന്റെയും ഇസബെല്ലയുടെയും മുമ്പില്‍ ഗ്രനേഡയുടെ താക്കോല്‍ ഏല്‍പ്പിച്ച് മൊറോക്കോയിലേക്ക് പലായനം ചെയ്തതോടെ തിരശ്ശീല വീണു. അബ്ദുല്ല സഗീര്‍ അപ്പോള്‍ നഷ്ടസൗഭാഗ്യങ്ങളെ ഓര്‍ത്ത്, എന്നെന്നേക്കുമായി താന്‍ വിടപറയുന്ന തന്റെ പൂര്‍വ്വീകരുടെ ഓര്‍മകളും സ്വപ്‌നങ്ങളും വീണ മണ്ണില്‍ നിന്നു മടങ്ങി പോവുമ്പോള്‍ പൊട്ടിക്കരയുകയായിരുന്നു. അപ്പോള്‍ ഉമ്മ പറഞ്ഞുവത്രേ: ഒരു പുരുഷന്റെ സ്ഥൈര്യത്തോടെ പൊരുതേണ്ട നേരത്ത് അതിനു മുതിരാതിരുന്ന താന്‍ ഇപ്പോള്‍ ദുര്‍ബലയായ ഒരു സ്ത്രീയെ പോലെ നിലവിളിക്കുന്നതു കൊണ്ട് എന്തു കാര്യം! സ്പാനിഷ് ഇസ്‌ലാമിക ചരിത്രത്തിലെ ദുരന്തനായകനായ അബ്ദുല്ല സഗീര്‍ അട്ടഹസിച്ചുകൊണ്ട് മൊറോക്കോവിലേക്ക് പലായനം ചെയ്യുമ്പോള്‍ കൂടെ നിലവിളിക്കാന്‍ ആരും ഉണ്ടായിരുന്നില്ല.
അന്തലൂസിന്റെ ഉത്ഥാനപതനങ്ങളുടെ ചരിത്രത്തില്‍ ആധുനിക മുസ്‌ലിം സമൂഹത്തിനും ഭരണകൂടത്തിനും പാഠങ്ങളുണ്ട്. സ്വന്തം സിംഹാസനത്തിന്റെയും കൊട്ടാരത്തിന്റെയും സുരക്ഷിതത്വത്തിനപ്പുറം ഒന്നുംതന്നെ വിഷയമല്ലാത്ത രാജാക്കന്മാര്‍ക്കും, വിഭാഗീയതയും വംശീയതയും മൂര്‍ഛിപ്പിച്ച് സമുദായത്തിന് അകത്തും പുറത്തും വന്‍മതിലുകള്‍ തീര്‍ക്കുന്ന നേതാക്കന്മാര്‍ക്കും, അപ്രസക്തവും അനാവശ്യവുമായ വിഷയങ്ങളില്‍ സമയവും ഊര്‍ജവും പാഴാക്കുന്ന പണ്ഡിതന്മാര്‍ക്കും നിശ്ചയമായും പഠിക്കാന്‍ പാഠങ്ങളുണ്ട്. അന്യായങ്ങള്‍ക്കും അരുതായ്മകള്‍ക്കും മുമ്പില്‍ മാപ്പുസാക്ഷികളായി നില്‍ക്കുന്ന സമുദായത്തിന്റെ സാധാരണ പൗരന്മാര്‍ക്കും സ്പാനിഷ് മുസ്‌ലിം ചരിത്രങ്ങളില്‍ നിന്ന് പലതും പകര്‍ത്താനും തിരുത്താനുമുണ്ട്.
സെവില്ലിയുടെ തകര്‍ച്ചയുടെ പശ്ചാതലത്തില്‍ അബു അല്‍ബഖല്‍ അല്‍ റുന്‍ദി എന്ന അന്തലൂസിയന്‍ കവി എഴുതിയ വികാര നിര്‍ഭരവും അര്‍ത്ഥസമ്പുഷ്ടവുമായ കവിത മുസ്‌ലിം ലോകത്തിന്റെ സമകാലീന യാഥാര്‍ത്ഥ്യത്തെ ഭംഗിയായി പ്രതിഫലിപ്പിക്കുന്നുണ്ട്. അന്തലൂസ് ശിഥിലമാവുമ്പോള്‍ ഒരു ചെറുത്തുനില്‍പ്പുപോലും സാധിക്കാനാവാത്ത വിധം ദുര്‍ബലമായിപ്പോയ കിരീടവും ചെങ്കോലുമായി നടന്ന യമനിലെ രാജാക്കന്മാരെയും പേര്‍ഷ്യയിലെ സസാനിദുകളെയും ഖഹ്താനുകളെയും ഗദ്ദാറുകളെയും പ്രതിയുള്ള കവിയുടെ വിലാപം സമകാലിക അറബ് ഭരണകൂടങ്ങളെക്കുറിച്ചും അക്ഷരം പ്രതി ശരിയാണ്. ആഗോള സമൂഹത്തിന് ദൈവബോധവും അറിവും നീതിയും നിയമവും പകര്‍ന്നു നല്‍കാന്‍ നിയുക്തമായ സമുദായം ചേരിതിരിഞ്ഞ് തമ്മിലടിക്കാനാണ് ഭാവമെങ്കില്‍ ചരിത്രം നമുക്ക് കരുതി വെച്ചിരിക്കുന്നത് ഇന്‍ക്വിസിഷനേക്കാള്‍ കടുത്ത പീഡനങ്ങളായിരിക്കും. അപ്പോള്‍ നമുക്കൊപ്പം വിലപിക്കാന്‍ മറ്റാരും ഉണ്ടാവില്ല.
Dr.AP Jafar
Sunday, December 17, 2023
ലൈല മുറാദ് ജ ഈജിപ്റ്റിലെ ജൂത നടി
ലൈല മുറാദ് ഈജിപിറ്റിലെ ജൂത നടി 1922ൽ ഈജിപ്തിൽ എൺപതിനായിരത്തോളം ജൂതന്മാരുണ്ടായിരുന്നു. തുർക്കി, മൊറോക്കോ എന്നിവിടങ്ങളിലെന്നപോലെ, സ്‌പെയിനിലെ മുസ്ലിം ഭരണപതനാനന്തരം ഫെർഡിനാന്റ് രാജകുമാരൻ ഭരണത്തിലേറിയതോടെ പുറത്താക്കപ്പെട്ട യഹൂദരാണ് ആദ്യമായി ഈജിപ്തിൽ കുടിയേറിയവർ. അക്കാലത്ത് ക്രൈസ്തവ പീഡനത്തിനിരയായ ജൂതന്മാർക്ക് അഭയം നൽകിയത് മുസ്ലിം രാജ്യങ്ങളായിരുന്നു. അഭയാർഥികളായെത്തിയ സ്പാനിഷ് ജൂതന്മാരെ സൗഹാർദഹസ്തം നീട്ടി സ്വീകരിച്ച മൊറോക്കോയുടെ കഥ ‘വേലി ചാടുന്ന പെൺകിനാക്കളിൽ’ ഫെമിനിസ്റ്റ് എഴുത്തുകാരി ഫാത്തിമ മർനീസി പരാമർശിക്കുന്നുണ്ട്.തുർക്കിയിൽ തങ്ങൾ സ്വാഗതം ചെയ്യപ്പെട്ട ദിനത്തിന്റെ വാർഷിക അനുസ്മരണവും പിൽക്കാലത്ത് ഇസ്രയേലിലടക്കമുള്ള ജൂതന്മാർ നടത്താറുണ്ടായിരുന്നു. അത്തരമൊരു അനുസ്മരണത്തിന്റെ റിപ്പോർട്ട് മുംബൈയിലെ ഇസ്രായേലി കോൺസുലേറ്റ് (ഇന്ത്യ ഇസ്രായേലിനെ അംഗീകരിക്കുന്നതിന് മുമ്പും കോൺസുലേറ്റ് ബന്ധങ്ങളുണ്ടായിരുന്നു) എഴുപതുകളിൽ പ്രസിദ്ധീകരിച്ചിരുന്ന ന്യൂസ് ഫ്രം ഇസ്രായേലിൽ വായിച്ചതോർക്കുന്നു. ഇസ്രായേൽ സ്ഥാപിതമാകുന്നതിന് മുമ്പ് ഗൾഫ് രാജ്യങ്ങളിലടക്കം യഹൂദന്മാർ സമാധാനപൂർവം ജീവിച്ചുപോന്നിരുന്നു. സിനഗോഗും പ്രത്യേക ശ്മശാനവുമൊക്കെ അവർക്ക് അവിടെ ഉണ്ടായിരുന്നു. മനാമയുടെ മധ്യേ സഅ്സഅ റോഡിൽ ശ്മശാനത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം. യഹൂദ കമ്യൂണിറ്റി നേതാവ് ഇബ്രാഹിം നൂനു ബഹ്റൈൻ പാർലമെന്റ് അംഗമായിരുന്നു. യു.എസ് നയതന്ത്ര പ്രതിനിധിയായി നിയമിക്കപ്പെട്ട ഹുദാ എസ്രാ ഇബ്രാഹീമും ഒരു ജൂത വനിതയായിരുന്നു. ഇസ്ലാം ആശ്ലേഷിച്ച മസ്ഊദ ഷാവോലിന്റെ കഥ ബഹ്റൈനിൽ പ്രസിദ്ധമാണ്. അവരെ മാതാപിതാക്കളുടെ സമ്മതത്തോടുകൂടി ബഹ്റൈൻ രാജാവ് ഹമദ്ബ്നു ഈസ സ്വന്തം കുടുംബത്തിലേക്ക് ചേർത്തുപിടിക്കുകയായിരുന്നു.പലരും ഇസ്രായേലിലേക്ക് കുടിയേറിയെങ്കിലും ഇപ്പോഴും മുപ്പതോളം യഹൂദർ ബഹ്റൈനിൽ തന്നെ തുടരുന്നുണ്ട്. ഇതുതന്നെയാണ് ഈജിപ്തിലെയും അവസ്ഥ. 1922ൽ എൺപതിനായിരത്തോളം ഉണ്ടായിരുന്ന ജൂതജനസംഖ്യ 2004ലോടെ നൂറിൽ താഴെയായി ചുരുങ്ങി. ഇസ്രായേലിൽ മന്നായും സൽവായും തേടിപ്പോയവരായിരുന്നു അവരിൽ ഏറെപേരും. എന്നാൽ, ഇസ്രായേലിന്റെ വലിയ പ്രലോഭനങ്ങളും വാഗ്ദാനങ്ങളുമുണ്ടായിട്ടും സ്വന്തം ദേശീയതയോട് പ്രതിബദ്ധത പുലർത്തിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു.
ഇസ്രായേലിലേക്കുള്ള ജൂത കുടിയേറ്റം ത്വരിതമാക്കിയ ഒരു ഘടകമായിരുന്നു 1954ലെ ‘സൂസന്നാ’ ഓപറേഷൻ. സൂയസ് കനാലിൽനിന്ന് ബ്രിട്ടീഷ് സേന പിൻവാങ്ങാൻ തീരുമാനിച്ച സമയമായിരുന്നു അത്. ആ തീരുമാനം പുനഃപരിശോധിപ്പിക്കാനായി ഈജിപ്തിലെ ബ്രിട്ടീഷ്-അമേരിക്കൻ താവളങ്ങളെ ലക്ഷ്യം വെച്ച് അന്നത്തെ ഇസ്രായേലി പ്രതിരോധ മന്ത്രി നഹാസ് ലാവന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യപ്പെട്ട സ്ഫോടന പരമ്പരയാണ് ‘സൂസന്നാ ഓപറേഷൻ’ എന്നറിയപ്പെടുന്നത്. ലാവൻ അപവാദം എന്നപേരിലും ഇതറിയപ്പെടുന്നു. ചില ഈജിപ്ഷ്യൻ ജൂതന്മാരെയായിരുന്നു ഇസ്രായേൽ അതിന് ഉപകരണമാക്കിയത്. സ്ഫോടനം നടക്കുന്നതിന് മുമ്പ് ഇത് കണ്ടുപിടിക്കപ്പെട്ടു. ഭരണകൂടത്തിന്റെ കണ്ണിൽ സംശയിക്കപ്പെടുന്ന സാഹചര്യം ഇസ്രായേലിലേക്ക് കുടിയേറാൻ യഹൂദ സമൂഹത്തിന് പ്രേരണയായി. അതോടൊപ്പം ശ്രദ്ധേയ വ്യക്തിത്വങ്ങളെ വല വീശിപ്പിടിക്കാൻ ഇസ്രായേൽ ഭരണകൂടം വലിയ പ്രലോഭനങ്ങളും വെച്ചുനീട്ടുന്നുണ്ടായിരുന്നു. അങ്ങനെ ഓഫർ ലഭിച്ച താരമായിരുന്നു ഈജിപ്തിലെ ആദ്യകാല സിനിമാ നടിയായ ലൈലാ മുറാദ്.ലില്ലിയാൻ എന്നായിരുന്നു അവരുടെ യഥാർഥ പേര്. സിനിമയിൽ വന്നതോടെ ലൈലാ മുറാദ് എന്ന് പേരു മാറ്റുകയായിരുന്നു. 1918 ഫെബ്രുവരി 18ന് സക്കി മുറാദ് മോർദി ഖായ്-ജമീല സാലോമോൻ ദമ്പതികളുടെ മകളായി കൈറോവിലെ ‘അള്ളാഹിർ’ കോളനിയിലാണ് ലൈലയുടെ ജനനം. കൈറോവിലെ നോത്ര ദാം ഡെസ്പോർട്ട് സ്കൂളിലായിരുന്നു പഠനം. ഗായികയും അഭിനേത്രിയുമായ ലൈല സംഗീതപഠനം നടത്തിയത് സംഗീതജ്ഞൻ തന്നെയായ പിതാവിൽനിന്നും ദാവൂദ് ഹസനിയിൽനിന്നുമാണ്. പതിനാലാം വയസ്സിൽ തന്നെ അവർ പാട്ടിൽ അരങ്ങേറ്റം കുറിച്ചു. സ്വകാര്യ സദസ്സുകളിലും പൊതുവേദികളിലും പാടിത്തുടങ്ങിയ അവർ ഈജിപ്ഷ്യൻ റേഡിയോ നിലയം (ദാറുൽ ഇദാഅ അൽമിസ്രിയ്യ) സ്ഥാപിതമായതോടെ 1934ൽ ആഴ്ചയിൽ ഒരു തവണ എന്ന വ്യവസ്ഥയിൽ റേഡിയോക്ക് വേണ്ടി പാടാൻ കരാർ ചെയ്തു. ആ വർഷം ജൂലൈ ആറിന് ‘യാ ഗസാലൻ സാൻ ഐനുഹുൽ കുഹ്ൽ’ (സുറുമയെഴുതിയ മാൻ കണ്ണാളേ) എന്ന പാട്ടോടെ അതിന് ആരംഭം കുറിച്ചു. പിന്നീട് സിനിമാ രംഗത്തേക്ക് മാറിയതോടെ ആ കരാർ അവസാനിച്ചു. 1947ലാണ് പിന്നീടവർ ‘അനഖൽബീ ദലീലി’ (എൻമനം എൻവഴി കാട്ടി) എന്ന ഗാനത്തോടെ വീണ്ടും പാട്ടരങ്ങിൽ വരുന്നത്. അവരുടെ റെക്കോഡ് ചെയ്യപ്പെട്ട ഗാനങ്ങൾ 1200ഓളം വരും. മുഹമ്മദ് ഫൗസി, മുഹമ്മദ് അബ്ദുൽ വഹാബ്, മുനീർ മുറാദ്, രിയാദ് സൻബാത്തി, സക്കരിയ്യ അഹ്മദ്, ഖസബ്ജി എന്നീ പ്രഗല്ഭ സംഗീതജ്ഞന്മാരാണ് ആ ഗാനങ്ങൾക്ക് സംഗീതം പകർന്നത്.
വെള്ളിത്തിരയിൽ
1935ൽ ‘ദഹായാ’ (ഇരകൾ) എന്ന സിനിമയിലാണ് ആദ്യമായി അവർ മുഖം കാണിക്കുന്നത്. അത് പക്ഷേ, ഒരു ഗാനരംഗത്ത് മാത്രമായിരുന്നു. 1937ൽ സംവിധായകനും സംഗീതജ്ഞനുമായ മുഹമ്മദ് അബ്ദുൽ വഹാബിന്റെ യഹ്യാൽ ഹുബ്ബ് (പ്രേമ വിജയം) എന്ന പടത്തിൽ അഭിനയിച്ചതോടെയാണ് ലൈലയുടെ താരശോഭ തിളങ്ങിത്തുടങ്ങിയത്. 1955ൽ ഹുസൈൻ സിദ്ഖിയോടൊപ്പം അഭിനയിച്ച ‘അൽ ഹബീബുൽ മജ്ഹൂൽ (അജ്ഞാത കാമുകൻ) ആണ് അവരുടെ അവസാന പടം. അതിനുശേഷം റേഡിയോവിൽ കുറച്ചുകാലം ഗാനങ്ങൾ അവതരിപ്പിച്ചതൊഴിച്ച് നിറുത്തി യാൽ വെള്ളിത്തിരയോട് പൂർണമായും വിടവാങ്ങുകയായിരുന്നു അവർ. ഇക്കാലയളവിൽ 27 പടങ്ങളിലാണ് അവർ അഭിനയിച്ചത്. മുഹമ്മദ് അബ്ദുൽ വഹാബ്, ഇബ്രാഹിം ഹമൂദ, അഹ്മദ് സാലിം, മുഹമ്മദ് ഫൗസി തുടങ്ങിയ പ്രശസ്ത നായക നടന്മാരോടൊപ്പമെല്ലാം അവർ അഭിനയിക്കയുണ്ടായെങ്കിലും അൻവർ വജ്ദി, യൂസുഫ് വഹബി, ഹുസൈൻ സിദ്ഖി എന്നിവരുടെ നായികയായാണ് അവർ ഏറ്റവുമധികം അഭിനയിച്ചിട്ടുള്ളത്. 1998ൽ കൈറോ ഫിലിം ഫെസ്റ്റിവൽ അവർക്ക് മരണാനന്തര ആദരവ് നൽകുകയുണ്ടായി. നടി ലൈലാ അലവിയാണ് അത് ഏറ്റുവാങ്ങിയത്. 2018ൽ ഊജിപ്ത് അവരുടെ ശതാബ്ദി ആഘോഷിച്ചത് അനുസ്മരണീയമാണ്.ഇസ്രായേലിലേക്ക് ക്ഷണം
ലൈലാ മുറാദിന്റെ താരശോഭ ഇസ്രായേലിന്റെയും ശ്രദ്ധയാകർഷിച്ചു. ഇസ്രായേലിൽ സ്ഥിരതാമസമാക്കാൻ അവർക്ക് അവിടെനിന്ന് ക്ഷണം വരാൻ തുടങ്ങി. വോയ്സ് ഓഫ് ഇസ്രായേലിന്റെ മ്യൂസിക് ഡയറക്ടർ, തൈസീർ എല്ലീസും ഇസ്രായേലി പ്രക്ഷേപരംഗത്ത് പ്രവർത്തിച്ചിരുന്ന ഈജിപ്ഷ്യൻ യഹൂദ വംശജ ലിതാ അഫീഹാനും ഇസ്രായേലിലേക്ക് കുടിയേറാൻ അവർക്ക് പല മോഹന വാഗ്ദാനങ്ങളും വെച്ചുനീട്ടി. പിൽക്കാലത്ത് ഇസ്രായേലി വിദേശകാര്യ വകുപ്പ് വഴിയും അവർക്ക് ഓഫറുകൾ ലഭിച്ചു. കൈറോവിലെ ഇസ്രായേൽ സ്ഥാനപതി കാര്യാലയത്തിലെ മീഡിയാ അറ്റാഷെ കൂടിക്കാഴ്ചക്ക് അവസരം ചോദിക്കയുണ്ടായെങ്കിലും അവരത് നിരസിക്കയാണുണ്ടായത്. ഇസ്രായേലി പ്രസിഡന്റ് ഷിമോൺ പെരസിൽ നിന്നായിരുന്നു അവസാനത്തെ ഓഫർ. ഇസ്രായേലിന്റെ അംബാസഡർ അറ്റ് ലാർജ് ആയി നിയമിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. താൻ ഈജിപ്തുകാരിയും മുസ്ലിമുമാണെന്ന് പറഞ്ഞാണ് അവർ പെരസിന്റെ ഓഫർ നിരാകരിച്ചത്.
മതംമാറ്റം
ഇതിനകം ലൈലാ മുറാദ് ഇസ്ലാംമതം ആശ്ലേഷിച്ചിരുന്നു. ശാദിയ അൽ വാദി’ എന്ന പടത്തിൽ ഉറച്ച ഫലസ്തീനി അനുകൂലിയായാണ് അവരുടെ അഭിനയം എന്നതും സ്മരണീയമാണ്. അതിൽ റെഡ്ക്രസന്റ് വളണ്ടിയറായി ഫലസ്തീനി ഭടന്മാരെ പരിചരിക്കുന്നതാണ് അവരുടെ റോൾ. 1954ൽ അവർ നിർമിച്ച ‘അൽ ഹയാത്ത് അൽ ഹുബ്ബ്’ (ജീവിതം പ്രണയം തന്നെ) എന്ന ചിത്രം ഫലസ്തീൻ ഭടന്മാർക്ക് സമർപ്പിച്ചതാണ്. അതിൽ ‘യാ റായിഹ് അലാ സഹ്റാ സീനാ/സല്ലിം ലീ അലാ ജയ്ശിനല്ലീ ഹാമീനാ’ (സിനാ മരുഭൂമിയിലേക്ക് പോകുന്ന ധീര ഭടാ, ഞങ്ങളെ സംരക്ഷിക്കുന്ന സേനക്ക് എന്റെ അഭിവാദ്യമറിയിക്കൂ) എന്ന പാട്ട് പ്രസിദ്ധമാണ്. യാറായ്ഹീൻ ലിന്ന ബിയ്യിൽ ഗാലി/ഹനീ അൻലകും വ ഉഖ്ബാലി (മുത്തുനബിയെ കാണാൻ പോണോരേ/ നിങ്ങൾക്ക് ശാന്തി/ എനിക്കും പുണ്യം) എന്ന അവരുടെ സിനിമാഗാനം മക്കാ തീർഥാടകരെ യാത്ര അയക്കുന്ന വേളയിൽ ഇന്നും ആളുകളുടെ ചുണ്ടിൽ തത്തിക്കളിക്കുന്ന പാട്ടാണ്.
ലൈലയുടെ മതപരിവർത്തനത്തെ കുറിച്ച വിശദാംശങ്ങൾ അശ്റഫ് ഗരീബ് എഴുതിയ ജീവചരിത്രത്തിൽ അനാവരണം ചെയ്യുന്നുണ്ട്. ഒരു പുലർക്കാല ബാങ്കുവിളി കേട്ടു ഉണർന്ന അവർ ഭർത്താവ് അൻവർ വിജ്ദിയെ (സംവിധായകനും നടനുമായ അൻവർ പിന്നീട് അവരുമായി വേർപിരിയുകയുണ്ടായി) വിളിച്ചുണർത്തുന്നിടത്താണ് അതിന്റെ തുടക്കം. അമ്പരപ്പോടെ ഉറക്കമുണർന്ന അൻവറിനോട് എന്തുകൊണ്ട് ഇതേവരെ തന്നോട് മുസ്ലിമാകാൻ ആവശ്യപ്പെട്ടില്ല എന്നായിരുന്നു അവരുടെ ചോദ്യം. മതം വ്യക്തിപരമായ കാര്യം മാത്രമായേ താൻ കണ്ടിട്ടുള്ളൂ എന്നും വിവാഹത്തിൽ അതൊരു പരിഗണനയായിരുന്നില്ലെന്നുമായിരുന്നു അപ്പോൾ അൻവറിന്റെ മറുപടി. പക്ഷേ, അപ്പോൾതന്നെ അവർ അംഗശുദ്ധി വരുത്തി ഭർത്താവിനൊപ്പം പ്രഭാത പ്രാർഥന നടത്തി. നേരം പുലർന്നപ്പോൾ ഇരുവരും അസ്ഹർ സർവകലാശാലയിലെ പണ്ഡിതനായ ശൈഖ് മഹ്മൂദ് അബുൽ ഉയൂനിന്റെ സന്നിധിയിൽ ചെന്ന് ഇസ്ലാം ആശ്ലേഷത്തിന്റെ ഔപചാരിക നടപടികൾ പൂർത്തീകരിച്ചു.
പുലർക്കാല ബാങ്കൊലി കേൾക്കുമ്പോഴൊക്കെ താൻ ഈ ആഗ്രഹം മനസ്സിൽ താലോലിച്ചുവരികയായിരുന്നുവെന്ന് ഭർത്താവിനോട് അവർ വെളിപ്പെടുത്തുകയുണ്ടായി. പുലർവേളകളിൽ കൈറോവിലെ മസ്ജിദുകളിൽനിന്ന് ഒഴുകിവരുന്ന സംഗീത സാന്ദ്രമായ ബാങ്കൊലിയുടെ മനോഹര നിമിഷങ്ങളെ കുറിച്ച് എസ്.കെ. പൊറ്റക്കാട് അളാകാപുരി ഹോട്ടലിൽ 'ദേശത്തിന്റെ കഥ'യുടെ പ്രകാശനവേളയിൽ അനുസ്മരിച്ചത് ഓർക്കുന്നു. അത് നമ്മുടെ നാട്ടിലെ വിലാപ ബാങ്ക് പോലെയല്ല. വെളിച്ചം പരന്ന് തുടങ്ങുമ്പോൾ സുബ്ബലക്ഷ്മിയുടെ നവസുപ്രഭാതം കേൾക്കുമ്പോഴും കർണപീയൂഷത്തിന്റെ ആ മധുരാനുഭൂതി ഹൃദയാന്തരാളത്തിൽ അലകളുണ്ടാക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും ലൈലാ മുറാദ് ഇസ്രായേൽ സന്ദർശിച്ചുവെന്നും യഹൂദ മതത്തിലേക്ക് തന്നെ തിരിച്ചുപോയ അവർ ഇസ്രായേൽ സർക്കാറിന് അമ്പതിനായിരം ഈജിപ്ഷ്യൻ പൗണ്ട് സംഭാവന ചെയ്തെന്നും അവർക്കെതിരെ അപവാദ പ്രചാരണങ്ങളുമുണ്ടായി. അന്നവർ പാരീസിലായിരുന്നു. അവരുടെ പാസ്പോർട്ട് രേഖകൾ സാക്ഷ്യപ്പെടുത്തി പാരീസിലെ ഈജിപ്ഷ്യൻ എംബസി തന്നെ ഈ കുപ്രചാരണങ്ങൾക്കെതിരെ രംഗത്തുവന്നു. ലൈലാ മുറാദ് തന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും വെളിപ്പെടുത്തിയതോടെ ആ ദുഷ്പ്രവാദങ്ങൾക്ക് തിരശ്ശീല വീണു. അൽ ‘കവാകിബ്’ (താരങ്ങൾ) മാഗസിനിൽ അവർ എഴുതിയ ലേഖനത്തിലും ഈ കുപ്രചാരണങ്ങൾ നിഷേധിക്കുകയുണ്ടായി.
പിന്നീട് 1995ൽ നിര്യാതയായ ശേഷം ഇസ്രായേലിലെ ഇറാഖി വംശജനായ ഒരു യഹൂദൻ നിർമിച്ച അവരുടെ ഒരു ബയോപിക്കിൽ സമ്മർദങ്ങൾക്ക് വിധേയയായിട്ടാണ് അവർ മതം മാറിയതെന്ന് ആരോപിക്കയുണ്ടായി. തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള ഇസ്രായേലിന്റെ കുത്സിത ശ്രമങ്ങളെ കരുതിയിരിക്കണമെന്ന അവരുടെ ഒസ്യത്ത് രേഖകൾ വെളിപ്പെടുത്തിക്കൊണ്ടു മകൻ ഫത്വീൻ അബ്ദുൽ വഹാബ് തന്നെയാണ് അതിന് മറുപടി പറയാൻ അന്ന് രംഗത്തുവന്നത്.(കടപ്പാട്,വി.എ.കബീർ,മാധ്യമം)
Sunday, March 19, 2023
ഓസ്ട്രേലിയയിലെ ഒട്ടകങ്ങളുടെ ചരിത്രം
ഒട്ടകങ്ങളെന്നു കേൾക്കുമ്പോൾ തന്നെ ഗൾഫ്മേഖലയോ രാജസ്ഥാനിലെ ഥാർ മരുഭൂമിയോ ഒക്കെയാണ് നമ്മുടെ മനസ്സിൽ വരുന്നത്. പല രാജ്യങ്ങളിലും ഒട്ടകങ്ങൾ ധാരാളമുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ അലഞ്ഞുതിരിയുന്ന ഒട്ടകങ്ങൾ ഉള്ള രാജ്യം ഏതെന്നറിയാമോ? തികച്ചും അവിചാരിതമായ ഒരു രാജ്യമാണത്...ഓസ്ട്രേലിയ.ലോക വന്യജീവിദിനത്തിൽ ലോകമെമ്പാടും പടരുന്ന അധിനിവേശ ജന്തുജാലങ്ങളും ഒരു വലിയ ചോദ്യമാണുയർത്തുന്നത്. ഒരു ദേശത്തിന്റെ അല്ലെങ്കിൽ മേഖലയുടെ സ്വാഭാവിക ജൈവഘടനയെ ബാധിക്കുന്നതാണ് അധിനിവേശ ജീവജാലങ്ങൾ. അധിനിവേശ മൃഗങ്ങൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളുടെ ഏറ്റവും മികച്ച ഉദാഹരണങ്ങൾ ഓസ്ട്രേലിയയിൽ കാണാൻ സാധിക്കും.1606ൽ ആണ് ഓസ്ട്രേലിയയിൽ ആദ്യമായി യൂറോപ്യൻമാർ എത്തിയത്. ഡച്ച് പര്യവേക്ഷകനായ വില്യം ജാൻസൂണാണ് ആദ്യമെത്തിയത്. അക്കാലത്ത് ഒറ്റ ഒട്ടകം പോലും ഓസ്ട്രേലിയയിൽ ഉണ്ടായിരുന്നില്ല. രണ്ട് നൂറ്റാണ്ടുകളിൽകൂടി ഈ സ്ഥിതി തുടർന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ബ്രിട്ടൻ ഓസ്ട്രേലിയയിൽ ആധിപത്യം ഉറപ്പിച്ചിരുന്നു. ബൃഹത്തായ ഓസ്ട്രേലിയയെന്ന വൻകര സമഗ്രമായി പര്യവേക്ഷണം ചെയ്യാൻ ബ്രിട്ടൻ ആഗ്രഹിച്ചു. എന്നാൽ അവരുടെ കുതിരകൾക്ക് അതിനുള്ള ശേഷിയുണ്ടായിരുന്നില്ല. തീരദേശ ഓസ്ട്രേലിയ വിട്ടാൽ ചൂടും മരുഭൂമികളും നിറഞ്ഞ കടുത്തമേഖലകൾ ഓസ്ട്രേലിയയിലെമ്പാടും ഉണ്ടായിരുന്നു.1836ൽ ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വെയിൽസിലുള്ള കൊളോണിയൽ സർക്കാർ, ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് ഒട്ടകങ്ങളെ ഓസ്ട്രേലിയയിൽ എത്തിക്കാനൊരു പദ്ധതി രൂപീകരിച്ചു. 1840ൽ ആദ്യമായി ഒരു ഒട്ടകം ഓസ്ട്രേലിയയിൽ നടന്നു. ഹാരി എന്നു പേരിട്ടിരുന്ന ഒട്ടകം ഇന്ത്യയിൽ നിന്നല്ല മറിച്ച് ഇന്നത്തെ സ്പെയിന്റെ അധീനതയിലുള്ള മെഡിറ്ററേനിയൻ ദ്വീപായ കാനറി ഐലൻഡുകളിൽ നിന്നാണ് എത്തിയത്. ആറ് ഒട്ടകങ്ങളെ അവിടെ നിന്ന് കപ്പൽ വഴി അയച്ചിരുന്നു. എന്നാൽ ഹാരി മാത്രമാണ് സമുദ്രയാത്ര തരണം ചെയ്തത്.ജെ.എ.ഹോറോക്സ് എന്ന പര്യവേക്ഷകനായിരുന്നു ഹാരിയുടെ പുറത്ത് യാത്ര ചെയ്തിരുന്നത്. എന്നാൽ യാത്രയ്ക്കിടയിൽ ഹാരി കാട്ടിയ അബദ്ധം കാരണം ഹോറോക്സിന്റെ തോക്ക് കൈയിലിരുന്നു പൊട്ടി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഹോറോക്സ് ആശുപത്രിയിലാകുകയും 23ാം ദിനം മരിക്കുകയും ചെയ്തു. മരിക്കുന്നതിനു മുൻപ് ഹാരിയെ വെടിവച്ചു കൊല്ലാനും ഹോറോക്സ് നിർദേശം നൽകി. ഓസ്ട്രേലിയയിലെ ആദ്യ ഒട്ടകത്തിന്റെ വിധി അങ്ങനെ മരിക്കാനായിരുന്നു.എന്നാൽ പിന്നീട് ഇന്ത്യയിൽ നിന്നും അറബ് രാജ്യങ്ങളിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമായി ധാരാളം ഒട്ടകങ്ങൾ ഓസ്ട്രേലിയയിലെത്തി.1907 ആയപ്പോഴേക്കും ഇരുപതിനായിരത്തോളം ഒട്ടകങ്ങൾ ഓസ്ട്രേലിയയിലുണ്ടായിരുന്നു. ബ്രിട്ടിഷ് പര്യവേക്ഷകർക്ക് വലിയ അനുഗ്രഹമായിരുന്നു ഇവ. ദിവസങ്ങളോളം വെള്ളം കുടിക്കാതെ വരണ്ട മേഖലകളിലൂടെ യാത്രചെയ്യാനുള്ള കഴിവ് ഉൾനാടൻ ഓസ്ട്രേലിയയിലെ പര്യവേക്ഷണത്തിന് ബ്രിട്ടിഷ് ഉദ്യോഗസ്ഥരെ സഹായിച്ചു. എന്നാൽ 1820കൾക്കു ശേഷം മോട്ടർ വാഹനങ്ങൾ ധാരാളമായി ഉപയോഗിക്കപ്പെട്ടതോടെ ഒട്ടകങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു. ഇവയിൽ പലതും ഉപേക്ഷിക്കപ്പെട്ടു. ഓസ്ട്രേലിയയിലെ അലഞ്ഞുതിരിയുന്ന കാട്ട് ഒട്ടകങ്ങളുടെ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. 2008ൽ നടത്തിയ കണക്കെടുപ്പിൽ പത്തുലക്ഷത്തോളം ഇത്തരം ഒട്ടകങ്ങൾ ഇവിടെയുണ്ട്.ഓസ്ട്രേലിയൻ സർക്കാർ താമസിയാതെ ഒട്ടകങ്ങളെ ശല്യജീവികളായി പ്രഖ്യാപിക്കുകയും ഇവയുടെ ജനസംഖ്യ തടയുന്നതിനുള്ള നടപടികൾ തുടങ്ങുകയും ചെയ്തു. ഹെലിക്കോപ്റ്ററിൽ വന്നു സ്നൈപർ റൈഫിളുകളുപയോഗിച്ച് ഇവയെ വെടിവച്ചു കൊല്ലുന്നതായിരുന്നു രീതി. ഇന്ന് ഇവയുടെ ജനസംഖ്യ 3 ലക്ഷമായി കുറയ്ക്കാൻ ഓസ്ട്രേലിയൻ അധികൃതർക്ക് കഴിഞ്ഞിട്ടുണ്ട്. പടിഞ്ഞാറൻ ഓസ്ട്രേലിയ, ക്വീൻസ്‌ലൻഡ്, വടക്കൻ മേഖല എന്നിവ കൂടിച്ചേർന്ന് 33 ലക്ഷം ചതുരശ്ര കിലോമീറ്റർ സ്ഥലത്താണ് ഇവ കൂടുതലും സാന്നിധ്യം ഉറപ്പിച്ചിടുള്ളത്. ഒട്ടകങ്ങൾ മാത്രമല്ല അധിനിവേശ സ്പീഷീസുകളായി ഓസ്ട്രേലിയയിൽ ഉള്ളത്. കേൻ ടോഡ് എന്നയിനം മരത്തവള, റെഡ് ഫോക്സ്, മൈന, യൂറോപ്യൻ മുയൽ, കാട്ടിൽ താമസം തുടങ്ങിയ പൂച്ചകൾ തുടങ്ങിയവയൊക്കെ ഇവിടത്തെ പ്രശ്നക്കാരാണ്.
Tuesday, February 7, 2023
കോട്ടയം താഴത്തങ്ങാടി പള്ളി
പഴയ കോട്ടയം നഗരത്തിലെ താഴത്തങ്ങാടിയിലെ അതിപുരാതനമായ മുസ്ലിം പള്ളി എട്ടാം നൂറ്റാണ്ടില്‍ കേരളത്തില്‍ ഇസ്ലാം മതപ്രചരണത്തിനായി അറേബ്യയില്‍ നിന്നും എത്തിയ മാലിക് ബിന് ദിനാരുടെ കാലത്താണ് കേരളതീരത്തു ആദ്യമായി ഇസ്ലാം ആവിര്‍ഭവിക്കുന്നത്. അദ്ദേഹം അറബി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഇന്നാട്ടുകാരെ മുഹമ്മദ് നബിയുടെ ദര്‍ശനം പഠിപ്പിച്ചു. അതോടൊപ്പം കേരളതീരത്തു പത്തു പള്ളികളും തമിഴ്നാട്ടില്‍ ഒരു പള്ളിയും സ്ഥാപിച്ചു. ആദ്യത്തെ പള്ളി കൊടുങ്ങല്ലൂരെ ചേരമാന്‍ പള്ളിയാണ്.
അദ്ദേഹത്തോടൊപ്പം എത്തിച്ചേര്‍ന്നിരുന്ന പിന്‍ഗാമിയായ മാലിക് ബിന് ഹബീബ് അറേബ്യയില്‍ പോയ ശേഷം തന്‍റെ ഭാര്യയായ ഖുമരിയയോടും മക്കളോടും പത്തോളം സഹാബാക്കളോടും കൂടെ കൊടുങ്ങല്ലൂരില്‍ തിരിച്ചെത്തി. അനന്തരം കൊല്ലം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ പത്തോളം പള്ളികള്‍ സ്ഥാപിച്ച് കൂടെ വന്ന സഹാബാക്കളെ ആരാധനാകര്‍മ്മങ്ങള്‍ നടത്തുന്നതിനായി ചുമതലപ്പെടുത്തി. ആ ശ്രേണിയില്‍പെട്ട പള്ളിയാണ് താഴത്തങ്ങാടി ജുമാ മസ്ജിദ് എന്നാണ് ചരിത്രകാരന്മാരുടെ ഭാഷ്യം. ശൈഖ് അഹമ്മദ് എന്ന കൊച്ചിയിലെ ഖാസിയായിരുന്നു ഇവിടെയും പള്ളിയുടെ ആദ്യകാല ആചാര്യന്‍ എന്നാണ് ചരിത്രം.
ആദ്യകാലത്ത് കോട്ടയം ചേരന്മാരുടെയും പാണ്ട്യന്മാരുടെയും അധീനതയില്‍ മാറിമാറി വന്നിരുന്നു. പള്ളി സ്ഥാപനകാലത്ത് മുഞ്ഞുനാടിന്‍റെ ഭാഗമായിരുന്നു കോട്ടയം എന്ന് കരുതാവുന്നതാണ്. പുരാതനമായ കോടിയൂര്‍ തുറമുഖം ക്ഷയിച്ചതോടെ കൌണാറിന്‍റെ (മീനച്ചിലാര്‍) തീരത്തെ താഴത്തങ്ങാടി അന്തര്‍ദേശീയപ്രാധാന്യമുള്ള ഉള്‍നാടന്‍ വ്യാപാരകേന്ദ്രമായി വളര്‍ന്നു. അറബികളും പേര്‍ഷ്യക്കാരും സുറിയാനികളും പ്രാചീന തുറമുഖമായ പുറക്കാട്ടു നിന്നും പത്തേമാരികളിലും(Barque) മരക്കലങ്ങളിലും(ഒരു തരം പരന്ന ജലയാനം) താഴത്തങ്ങാടിയിലെത്തി കിഴക്കന്‍ മലഞ്ചരക്കുകള്‍ വാങ്ങിയിരുന്നു. ആദ്യകാലത്ത് കൈമാറ്റക്കച്ചവട(Barter system)മാകാം നടന്നിരുന്നത്.
അറബികളായിരുന്നു ഈ കച്ചവടത്തില്‍ മേല്‍ക്കോയ്മ വഹിച്ചിരുന്നത്. പ്രാകൃത ഗോത്രാചാരങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്ന ഇക്കൂട്ടര്‍ നാട്ടുകാരുമായി വൈവാഹികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. തങ്ങളുടെ നാട്ടുകാരായ ഭാര്യമാരെയും കുട്ടികളെയും ക്ഷേമാന്വേഷണങ്ങള്‍ കച്ചവടയാത്രകള്‍ക്കിടെ വന്നെത്തുംപോഴെല്ലാം അവര്‍ ചെയ്തുപോന്നു. അങ്ങിനെ ഒരു അറബിസങ്കരജനത കേരളത്തില്‍ പൊതുവായി ഉദയം ചെയ്തിരുന്നു. ഈ ജനവിഭാഗങ്ങല്‍ക്കിടയിലാണ് പില്‍ക്കാലത്ത് മാലിക് ബിന് ദിനാറും മാലിക് ബിന് ഹബ്ബീബും ഇസ്ലാമിന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. ഇതിനുള്ള തെളിവുകള്‍ തുഹ്ഫതുല്‍ മുജാഹിദീന്‍ എന്ന ചരിത്രഗ്രന്ഥത്തിലും സുലൈമാന്‍, ഇബ്ന് ബത്തൂത്ത തുടങ്ങിയ സഞ്ചാരികളുടെ യാത്രാവിവരണങ്ങളിലും കാണാവുന്നതാണ്. അങ്ങനെ താഴത്തങ്ങാടിയിലെയും അടിസ്ഥാന ജനവിഭാഗങ്ങളാണ് ഇസ്ലാമികവല്‍ക്കരിക്കപ്പെടുന്നത്. പില്‍ക്കാലത്ത് മറ്റു ചില കുടിയേറ്റങ്ങളും ഉണ്ടായിട്ടുണ്ട്.
പതിനഞ്ചാം നൂറ്റാണ്ടില്‍ പ്രബലരായ തെക്കുംകൂര്‍ രാജവംശം മണികണ്‌ഠപുരത്തുനിന്നും(വാകത്താനത്തിനടുത്ത്) തലസ്ഥാനം കോട്ടയത്തേയ്ക്ക് (അന്ന് കോട്ടയം എന്ന പേരില്ല, തളിയന്താനപുരം എന്നായിരുന്നു) മാറ്റി. കൂടാതെ രാജധാനി വെന്നിമലയില്‍നിന്നും മാറ്റി തളിയില്‍ കോട്ട പണിത് അങ്ങോട്ടേയ്ക്കാക്കി. തളിയില്‍ മഹാദേവക്ഷേത്രം പുനരുദ്ധരിച്ചുകഴിഞ്ഞ് ഇരുപതുവര്‍ഷങ്ങള്‍ക്കു ശേഷം ജുമാ മസ്ജിദ് ഇന്ന് കാണുന്ന നിലയില്‍ പുതുക്കിപ്പണിതു. താഴത്തങ്ങാടിയിലെ വ്യാപാരസാധ്യതകള്‍ വികസിപ്പിക്കുന്നതിനു വിവിധ ദേശങ്ങളില്‍നിന്നും കച്ചവടക്കാരായ വിവിധ സമുദായക്കാരെ വരുത്തി കുടിയിരുത്തിയപ്പോള്‍ കൊടുങ്ങല്ലൂര്‍, ചെരാനെല്ലൂര്‍ എന്നീ സ്ഥലങ്ങളില്‍നിന്നും മേത്തര്‍ വിഭാഗത്തിലെ മുസ്ലിങ്ങളെയും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ നാട്ടുകാര്‍ സെമറ്റിക് മതങ്ങളില്‍ ചേരുന്നതിനും അനുവദിച്ചിരുന്നു!
അതിശയിപ്പിക്കുന്ന വാസ്തുവിദ്യാമാതൃകയാണ് ഈ ആരാധനാലയം! തെക്കുംകൂര്‍ രാജാവ് പ്രദേശത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി വരുത്തി താമസിപ്പിച്ചിരുന്ന വിശ്വകര്‍മ്മജരാണ് ഈ പള്ളിയും പണിതത് എന്ന് കരുതാം. തളിയില്‍ ക്ഷേതത്തിന്‍റെ പണികള്‍ ചെയ്ത മഠത്തുങ്കല്‍, തെക്കേടത്ത്,വടക്കേടത്ത്,പെരുമ്പാലയില്‍ എന്നീ ആശാരിമാരും കിഴക്കേടത്ത്,നടുവിലേടത്ത് എന്നെ കല്‍ത്തച്ചന്മാരും ചേര്‍ന്നാണ് പള്ളിയും പണിതത് എന്ന് കരുതാം.
ക്ഷേത്രത്തിന്‍റെ രൂപഘടനയില്‍നിന്നും വ്യത്യസ്തമായി ഒരു മുസ്ലിംപള്ളിക്ക് വേണ്ടുന്നതായ ഘടനാവിശേഷങ്ങള്‍ സൂക്ഷ്മമായി അവര്‍ പഠിച്ചിരുന്നു. കേരളത്തിലെ ആദ്യകാല മുസ്ലിം ആരാധനാലയങ്ങള്‍ക്കു പൊതുവായ ആകാരസാദൃശ്യം കാണാവുന്നതാണ്. വിവിധ ദേശങ്ങളില്‍ സഞ്ചരിച്ച് ഈ ശില്‍പ്പികള്‍ അത് സ്വായത്തമാക്കിയിരിക്കാം. ഏതായാലും കേരളത്തിലെ പുരാതന മുസ്ലിം പള്ളികളില്‍ രൂപഭംഗിയില്‍ മികച്ചത് താഴത്തങ്ങാടി പള്ളി തന്നെയാണ് എന്ന് വാസ്തുവിദ്യാവിശാരദന്മാര്‍ അംഗീകരിച്ചിട്ടുള്ളതാണ്.
കേരളീയ വാസ്തുവിദ്യയുടെ പൊതുനിയമങ്ങള്‍ അനുസരിക്കുന്നതിനോപ്പം അറബിശൈലിയിലുള്ള കൊത്തുപണികളും ഉള്ളില്‍ സമശീതോഷ്ണാവസ്ഥ നിലനില്‍ക്കുന്നതിനുള്ള വായുനിര്‍ഗമന സംവിധാനവും ശ്രദ്ധേയമത്രെ. കിഴക്കന്‍പ്രദേശങ്ങളില്‍നിന്നും എത്തിച്ച തേക്കുതടികളില്‍ ചെയ്ത തൂണുകളും കമാനങ്ങളും മേല്ക്കൂട്ടും തട്ടിന്‍പുറവുമെല്ലാം മൂത്താശാരിയുടെ പ്രതിഭാവിലാസം എടുത്തുകാട്ടുന്നു.വീതുളി വച്ചു മിനുക്കിയ എട്ടു മരത്തൂണുകളുടെ ഉറപ്പിൽ ആയിരം വർഷം പിന്നിട്ട അദ്ഭുതമാണ് രണ്ടു നിലകളുള്ള താഴത്തങ്ങാടി ജുമാ മസ്ജിദ്. കോട്ടയം പട്ടണത്തിന്റെ അതിരിൽ മീനച്ചിലാറിന്റെ കരയിൽ പാർക്കുന്ന മുസ്‌ലിംകൾക്ക് ആരാധന നടത്താൻ തെക്കുംകൂർ രാജാവാണ് പള്ളി നിർമിച്ചു നൽകിയതെന്നു വിശ്വാസം. തിരുവിതാംകൂർ രാജകൊട്ടാരങ്ങളിലേതു പോലെ കൊത്തു പണിയും തച്ചുശാസ്ത്ര തന്ത്രവും തെളിഞ്ഞു നിൽക്കുന്ന പള്ളി വാസ്തുവിദ്യയിൽ കേരളത്തിലെ മറ്റെല്ലാ പുരാതന നിർമിതികളേയും താരതമ്യം ചെയ്യുന്നു. പഴയ കെട്ടിടങ്ങളുടെ ഭംഗിവിശേഷം ആസ്വദിക്കാൻ താൽപര്യമുള്ളവരെ കൗതുകലോകത്ത് എത്തിക്കുന്നു താഴത്തങ്ങാടി പള്ളിയിലെ കാഴ്ചകൾ.
പുത്തൻ കെട്ടിട നിർമാണ രീതിയിൽ അളന്നാൽ ഏകദേശം ആറായിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുണ്ട് താഴത്തങ്ങളാടി പള്ളിക്ക്. കൊട്ടാരങ്ങളുടെ പൂമുഖം ഡിസൈൻ ചെയ്യുന്ന രീതിയിൽ മട്ടുപ്പാവ്, മുഖപ്പ് എന്നിവയാണ് പള്ളിയുടെ മുൻഭാഗത്തെ അലങ്കാരങ്ങൾ. പ്രധാന വാതിലിന് കരിങ്കല്ലിൽ നിർമിച്ച കട്ടിളയാണ്. കേരളത്തിൽ എണ്ണൂറു വർഷം പഴക്കമുള്ള മന്ദിരങ്ങളിലാണ് കരിങ്കല്ലിൽ വാതിലിന്റെ കട്ടിള (ഫ്രെയിം) ഉള്ളത്. പ്രധാനവാതിലിന്റെ ഇടതുഭാഗത്തുള്ള വരാന്തയിലെ തൂണുകൾ ദ്രവിച്ചപ്പോൾ മരത്തിന്റെ അഴിയിട്ട് പുതുക്കി.
കരിങ്കൽ കവാടം സ്ഥാപിച്ച മുറിയിൽ ഒറ്റക്കല്ലിൽ നിർമിച്ച വെള്ളത്തൊട്ടിയുണ്ട് (ഹൗള്). വലിയ കല്ലിന്റെ നടുഭാഗം ചതുരത്തിൽ തുരന്നെടുത്താണ് വെള്ളം നിറയ്ക്കാനുള്ള തൊട്ടി ഉണ്ടാക്കിയിട്ടുള്ളത്. ഒറ്റക്കല്ല് നീളത്തിൽ മുറിച്ചെടുത്തുണ്ടാക്കിയ പാത്തിയിലൂടെയാണ് ഹൗളിൽ വെള്ളം നിറച്ചിരുന്നത്. വെള്ളം കോരാൻ മുളങ്കമ്പിൽ കെട്ടിയ ചിരട്ട ഉപയോഗിച്ചു. കാലം മാറിയപ്പോൾ പാത്തിക്കു പകരം പൈപ്പ് സ്ഥാപിച്ചു, ചിരട്ട മാറ്റി സ്റ്റീൽ കപ്പ്. കാൽ കഴുകി വൃത്തിയാക്കിയ ശേഷം പള്ളിയിൽ പ്രവേശിക്കണമെന്നാണു ചിട്ട.
ഹൗളിന്റെ അരികിൽ നിന്നു മുകളിലേക്കുള്ള ഗോവണി ഉസ്താദ് താമസിക്കുന്ന മുറിയിലേക്കാണ്. മരത്തിൽ നിർമിച്ച മേൽക്കൂരയും താഴെ നിലയിലെ ഹൗളിലെ വെള്ളവും ഉസ്താദിന്റെ കിടപ്പുമുറിയിയെ ശീതീകരിക്കുന്നു.
മുക്കൂറ്റി സാക്ഷ
പള്ളിയുടെ അകത്ത് പ്രാർഥനയ്ക്ക് ഇരിക്കാൻ രണ്ടു ഹാൾ – പുറംപള്ളി, അകംപള്ളി. ഹൗളിൽ നിന്നു വാതിൽ തുറക്കുന്നത് പുറം പള്ളിയിലേക്കാണ്. പള്ളി നിലനിൽക്കുന്ന എട്ടു തൂണുകളിൽ നാലെണ്ണം ഈ മുറിയിലുണ്ട്. തടിയിൽ അലങ്കരിച്ച മൂന്നു ചുമരുകളും പൂർണമായും തടിയിൽ നിർമിച്ച ഒരു ഭിത്തിയുമാണ് പുറംപള്ളിയുടെ ഭംഗി. പുറംപള്ളിയുടെയും അകംപള്ളിയുടെയും ഇടയിലുള്ള മരത്തിന്റെ ഭിത്തിയിൽ ആയത്ത്, ശെഅ്ഹർ, ഹദീസ് എന്നിവ ആലേഖനം ചെയ്തിരിക്കുന്നു. ‘‘നിങ്ങൾ നന്മയിലും ഭക്തിയിലും പരസ്പരം സ്നേഹിക്കുകയും സഹകരിക്കുകയും ചെയ്യുക’’ ചുമരിൽ എഴുതിയ ഖുറാൻ വാക്യം (ആയത്ത്) പറയുന്നു. ആരാധനാലയം പരിപാലിക്കുന്നവർക്കുള്ള നിർദേശമാണ് കവിതയും നബിവചനവും വിവരിക്കുന്നത്. വിദഗ്ധരായ തച്ചന്മാരുടെ കൈത്തഴക്കത്തിൽ വിടർന്ന കൊത്തുവേലയ്ക്കു നടുവിലാണ് അറബിക് അക്ഷരങ്ങളുടെ ആലേഖനം.
പുറംപള്ളിയിൽ നിന്ന് അകംപള്ളിയിലേക്കു കയറാൻ രണ്ടു വാതിൽ. ‘മുക്കൂറ്റി സാക്ഷ’യാണ് ഇതിൽ ഒരു വാതിലിന്റെ പ്രത്യേകത. ഒരുമിച്ച് അടയ്ക്കാനും ഒരോന്നായി വലിച്ചു തുറക്കാനും പറ്റുന്ന മൂന്നു സാക്ഷകൾ (മരപ്പൂട്ട്) തച്ചുശാസ്ത്രത്തിന്റെ തന്ത്രത്തിലാണ് നിർമിച്ചിട്ടുള്ളത്. ഇതിന്റെ അനുകരണമോ, ഇതുപോലെ വേറൊരെണ്ണമോ മറ്റൊരിടത്തും ഇല്ല. എടുത്തുകെട്ടിയും വാചനങ്ങളും ഘടിപ്പിച്ച് അലങ്കരിച്ച രണ്ടാമത്തെ വാതിലിന്റെ പൂട്ടിന് മണിച്ചിത്രത്താഴിന്റെ രൂപമാണ്. പന്തീരടി പൊക്കമുള്ള മേൽക്കൂരയിലെ കഴുക്കോൽ, ഉത്തരം, വളയം തുടങ്ങിയവയ്ക്ക് ഒന്നരയടി വീതിയുണ്ട്. ഇതളിലും വലുപ്പത്തിലും വ്യത്യാസം വരുത്തി എടുത്തുകെട്ടിയിൽ ഘടിപ്പിച്ചിട്ടുള്ള പൂക്കളാണ് മേൽക്കൂരയിലെ കൗതുകക്കാഴ്ച. പള്ളിയെ താങ്ങി നിർത്തുന്ന നാലു തൂണുകൾ അകംപള്ളിയിലാണ്. വിസ്താരമേറിയ അകംപള്ളിയുടെ പടിഞ്ഞാറുഭാഗത്താണ് ഇമാം നിൽക്കുന്ന സ്ഥലം (മിഹറാബ്). കമാനത്തിന്റെ മാതൃകയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള മിഹറാബിന്റെ ഇടതുവശത്ത് മിംബർ. പെരുന്നാളിനും വെള്ളിയാഴ്ച പ്രാർഥനയ്ക്കും (ഖുത്തുബ) ഇമാം പ്രസംഗിക്കാൻ നിൽക്കുന്ന പീഠമാണ് മിംബർ. മിഹറാബിന്റെ ഇരുവശത്തുമുള്ള ജനലുകളുടെ ഫ്രെയിം കരിങ്കല്ലിലാണ് നിർമിച്ചിട്ടുള്ളത്.
നിഴൽ ഘടികാരം .
മാളികയുടെ മുകളിലേക്കുള്ള ഗോവണി പുറംപള്ളിയിലാണ്. അകംപള്ളിയും പുറം പള്ളിയും ചേർന്നത്രയും വലുപ്പമുള്ള ഹാളാണ് ‘മാളികപ്പുറം’. കിഴക്കും വടക്കുമായി പള്ളിയുടെ വശങ്ങളിലേക്ക് നീണ്ടു നിൽക്കുന്ന മുഖാപ്പുകളും അവയുടെ അലങ്കാരങ്ങളും കൊത്തുപണികളാണ്. പുറംപള്ളിയിലും അകംപള്ളിയിലുമായി കാണുന്ന എട്ടു മരത്തൂണുകളുടെ മുകളറ്റം രണ്ടാം നിലയുടെ മേൽക്കൂര വരെ നീണ്ടു നിൽക്കുന്നു. തെക്കു പടിഞ്ഞാറ് കോണിൽ താഴേക്ക് ഒരു കിളിവാതിലുണ്ട്. അകംപള്ളിക്കും മാളികപ്പുറത്തിനുമിടയിലുള്ള രഹസ്യ അറയുടെ പ്രവേശന കവാടമാണിത്. പള്ളി നിർമിച്ച തച്ചന്റെ ബുദ്ധിയും തന്ത്രവും ഇതു വ്യക്തമാക്കുന്നു. കിളിവാതിൽ ചേർത്തടച്ചാൽ രണ്ടു നിലകളുടെ ഇടയിൽ മറ്റൊരു ഹാൾ ഉണ്ടെന്ന് തിരിച്ചറിയില്ല.
അംഗശുദ്ധി വരുത്താൻ പണ്ട് ഉപയോഗിച്ചിരുന്ന കുളമാണ് താഴത്തങ്ങാടി പള്ളിയുടെ മുറ്റത്തിന്റെ ഭംഗി. കുളത്തിന്റെ അടിത്തട്ടു വരെ കൽപ്പടവ് നിർമിച്ചിട്ടുള്ള സ്നാനകേന്ദ്രത്തിൽ കുളപ്പുരയുണ്ട്. പള്ളിയുടെയും കുളപ്പുരയുടെയും മുൻഭാഗത്ത് മുറ്റത്തിന്റെ മധ്യത്തിലുള്ള നിഴൽ ഘടികാരം താഴത്തങ്ങാടി മസ്ജിന്റെ പഴമയ്ക്കു നേർസാക്ഷ്യം. സൂചി ചലിക്കുന്ന ക്ലോക്ക് കണ്ടുപിടിക്കുന്നതിനു മുൻപ് നിഴൽ നോക്കിയാണ് പ്രാർഥനാ സമയം മനസ്സിലാക്കിയിരുന്നത്. ‘‘ഘടികാര സ്തൂപത്തിലെ ദ്വാരത്തിന്റെ മധ്യത്തിൽ നിഴൽ എത്തിയാൽ നട്ടുച്ച, ഇരുവശത്തേക്കും നിഴൽ ചായുന്നതിന്റെ സ്ഥാനം നോക്കി ളുഹർ, അസർ നിസ്കാരത്തിനു സമയം തിരിച്ചറിഞ്ഞ ഇമാമുമാർ ഉണ്ടായിരുന്നു.. (കടപ്പാടുകൾ )
Saturday, December 3, 2022
സാദിയോ മാനേ
സാദിയോ മാനേയുടെ ബൂട്ടിൽ നിന്നൊരു പന്ത് എതിർവല ചുംബിക്കുമ്പോൾ അതിനൊപ്പം മെലിഞ്ഞ് കൊലുന്നനെയുള്ള ഒരു പതിനഞ്ചുകാരൻ പയ്യന്റെ കിതപ്പും കേൾക്കാനാകും. 11 വർഷം മുമ്പ് സെനഗലിന്റെ തെക്കേ അറ്റത്തുള്ള ബൻബാലിയെന്ന ഗ്രാമത്തിൽ നിന്നും 317 കിലോമീറ്റർ അകലെയുള്ള ദാകറിലേക്ക് ഓടിപ്പോയ ഒരു പയ്യന്റെ കിതപ്പ്. കൂട്ടുകാരൻ നൽകിയ പണവുമായുള്ള ആ ഒളിച്ചോട്ടത്തിന് പിന്നിൽ എങ്ങനെയെങ്കിലും ഒരു ഫുട്ബോൾ താരമാകണമെന്ന തീക്ഷ്ണമായ ആഗ്രഹമായിരുന്നു. ഒരാഴ്ച്ചയോളം മകനെ കാണാതെ വിഷമിച്ച അവന്റെ അമ്മയോട് ഒടുവിൽ കൂട്ടുകാരന് സത്യം പറയേണ്ടി വന്നു. അവനെ കൂട്ടിക്കൊണ്ടുവരാനുള്ള ദൗത്യം അമ്മ അവന്റെ ചേട്ടനെ ഏൽപ്പിച്ചു. അങ്ങനെ ഒരാഴ്ച്ചക്കുള്ളിൽ അവൻ ബൻബാലിയിൽ തന്നെ തിരിച്ചെത്തി. പക്ഷേ ആ ഒളിച്ചോട്ടം ഒരു തുടക്കമായിരുന്നു. ലോകമറിയുന്ന സാദിയോ മാനേയെന്ന ഫുട്ബോൾ താരത്തിലേക്കുള്ള ഒരു സെനഗലുകാരന്റെ വളർച്ചയുടെ തുടക്കം. ഒടുവിലിപ്പോൾ ആ യാത്ര ഖത്തർ ലോകകപ്പിന്റെ കളിമുറ്റത്ത് എത്തിയിരിക്കുന്നു.മലപ്പുറത്തെ ഗ്രൗണ്ടിൽ' കളിച്ചുവളർന്നവൻ
സെനഗലിന്റെ തെക്കേ അറ്റത്തുള്ള, കസാമനസ് നദിക്കരയിലുള്ള ബൻബാലിയെന്ന ഗ്രാമത്തിൽ 1992 ഏപ്രിൽ പത്തിനാണ് മാനെ. ജനിച്ചത്. 24213 ആളുകൾ മാത്രം താമസിക്കുന്ന, ലിവർപൂളിലെ ജനസംഖ്യയുടെ 5% മാത്രമുള്ള ഒരു ചെറിയ ഗ്രാമം. യാഥാസ്ഥികരായ കുടുംബത്തിന് മതപരമായ കാര്യങ്ങൾ കഴിഞ്ഞിട്ടേ മറ്റെന്തുമുണ്ടായിരുന്നുള്ളു. പള്ളിയിലെ ഇമാമായ പിതാവിന് ഖുർആൻ ഓതണമെന്നതും അഞ്ച് നേരവും നിസ്കരിക്കണമെന്നതും നിർബന്ധമുള്ള കാര്യമായിരുന്നു. രാവിലെ സുബ്ഹ് നിസ്കാരത്തിന് ശേഷം മാനേ ഗ്രൗണ്ടിലേക്ക് ഓടും. കളിച്ചുതിമിർത്ത ശേഷം സ്കൂളിലേക്ക് പോകുന്ന അവൻ വൈകുന്നേരവും ഗ്രൗണ്ടിൽ തന്നെയാകും. മഗ്രിബ് ബാങ്കോടെ ഗ്രൗണ്ടിലെ ഫൈനൽ വിസിലൂതും. മലപ്പുറത്തെ ഗ്രൗണ്ടുകളിൽ കളിച്ചുവളർന്ന ആഷിഖിന്റെയോ അനസിന്റെയോ കുട്ടിക്കാലവുമായി ഇതിന് സാമ്യം തോന്നിയേക്കാം.മാതാപിതാക്കളും സഹോദരങ്ങളും അമ്മാവനുമടങ്ങുന്ന പത്ത് പേരോളമുള്ള കുടുംബത്തിൽ ജനിച്ച മാനെ, ഒരു ഫുട്ബോൾ താരമാകുമെന്ന് സ്വപ്നത്തിൽ പോലും ആരും കരുതിയിരുന്നില്ല. അവനെ ഒരു അധ്യാപകനാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. എന്നാൽ മാനേയുടെ സ്വപ്നം മുഴുവൻ ഫുട്ബോളായിരുന്നു. വലുതായതോടെ അവൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ കാണാൻ തുടങ്ങി. സെനഗലിൽ നിന്ന് ഓടിപ്പോയി ഫ്രാൻസിലെത്തി തന്റെ ഫുട്ബോൾ കരിയർ തുടങ്ങാനുള്ള അവന്റെ ആഗ്രഹം തീവ്രമായി.
2002 ലോകകപ്പും അൽ ഹാദ്ജി ദിയോഫും2002 ലോകകപ്പിൽ സെനഗലിന്റെ തേരോട്ടം മാനേയുടെ ജീവിതത്തിലും പ്രതിഫലിച്ചു. ഫുട്ബോൾ ലോകത്തെ മുഴുവൻ ഞെട്ടിച്ച് വിശ്വവേദിയിലെ അരങ്ങേറ്റത്തിൽ അവർ ലോകചാമ്പ്യൻമാരായ ഫ്രാൻസിനെ അട്ടിമറിച്ചു. ആ തേരോട്ടം ക്വാർട്ടർ ഫൈനലിൽ വരെയെത്തിയപ്പോൾ സെനഗലിന്റെ തെരുവോരത്ത് വർണക്കടലാസുമായി ആഘോഷിക്കുന്ന കുട്ടികളുടെ കൂട്ടത്തിൽ മാനേയുമുണ്ടായിരുന്നു. പിന്നീട് അൽ ഹാദ്ജി ദിയോഫായി അവന്റെ റോൾ മോഡൽ. അയാൾ പന്തിനോടെന്തൊക്കെ ചെയ്യുന്നുണ്ടോ അതെല്ലാം അതുപോലെ തനിക്കും ചെയ്യണമെന്ന് അവന്റെ കുഞ്ഞുമനസ്സ് ആഗ്രഹിച്ചു.
ആ ലോകകപ്പിന് ശേഷം മാനേയും കൂട്ടുകാരും ഗ്രാമത്തിൽ ടൂർണമെന്റ് സംഘടിപ്പിച്ച് കളിക്കാൻ തുടങ്ങി. എല്ലാ ടൂർണമെന്റിലും വിജയിച്ച് മാനേ കപ്പുമായി വരുമ്പോൾ കൂട്ടുകാരും ഗ്രാമത്തിലുള്ളവരുമെല്ലാം അവൻ നാളെയുടെ താരമാണെന്ന് പ്രവചിച്ചു. എന്നാൽ അവന്റെ വീട്ടുകാർക്ക് മാത്രം അപ്പോഴും അവനിൽ വിശ്വാസമില്ലായിരുന്നു. ഒടുവിൽ അമ്മാവൻ വഴി അവൻ വീട്ടുകാരുടെ സമ്മതം നേടിയെടുത്തു. സ്കൂൾ കാലം കഴിഞ്ഞാൽ ഫുട്ബോൾ കളിക്കാനിറങ്ങാം എന്നതായിരുന്നു വീട്ടുകാർവെച്ച നിബന്ധന. അങ്ങനെ പ്രൊഫഷണൽ താരമാകാനുള്ള പരിശ്രമം തുടങ്ങാൻ മാനേ 15-ാം വയസ്സുവരെ കാത്തിരുന്നു. അതിനിടയിൽ അവൻ ആരോടും പറയാതെ ഒരു തവണ സെനഗലിന്റെ തലസ്ഥാനമായ ദാകറിലേക്ക് ഒളിച്ചോടി. ഇതു കൂടിയായതോടെ അവനെ ഇനി പിന്തിരിപ്പിക്കാനാകില്ലെന്ന് വീട്ടുകാർക്ക് ബോധ്യമായി.
പാടത്ത് വിളഞ്ഞ വിളകളെല്ലാം വിറ്റ് മാനേയുടെ അച്ഛൻ അവന് ദാകറിലെ ഫുട്ബോൾ ക്ലബ്ബിൽ ചേരാനുള്ള പണം കണ്ടെത്തി. പക്ഷേ അവന്റെ ബൂട്ടിനും ജഴ്സിക്കുമൊന്നും അത് തികയുമായിരുന്നില്ല. കീറിപ്പറിഞ്ഞ ബൂട്ടും തുള വീണ ജഴ്സിയുമണിഞ്ഞാണ് അവൻ ദാകറിൽ വന്നിറങ്ങിയത്. ഏറ്റവും മികച്ച ക്ലബ്ബ് ഏതാണെന്നുമുള്ള അന്വേഷണമായിരുന്നു പിന്നീട്. ദാകറിലെത്തിയതിന്റെ തൊട്ടടുത്ത ദിവസം അവൻ ക്ലബ്ബുകളിലേക്കുള്ള സെലക്ഷനിൽ പങ്കെടുത്തു. എന്നാൽ ആ ജഴ്സിയും ബൂട്ടും കണ്ടതോടെ ആർക്കും അവനിൽ താത്പര്യമില്ലാതെയായി. ഇതൊക്കെ ധരിച്ച് എങ്ങനെ കളിക്കാനാകും എന്നാണ് ഒരാൾ ചോദിച്ചത്. ബൂട്ടിലും ജഴ്സിയിലുമല്ല കാര്യമെന്നും ഗ്രൗണ്ടിൽ ഞാൻ കളിക്കുന്നത് കണ്ടുനോക്കിയിട്ട് അഭിപ്രായം പറയൂ എന്നുമായിരുന്നു മാനേയുടെ മറുപടി. ട്രയൽസിന് ശേഷം അയാൾ തന്നെ അവനെ ടീമിലെടുത്തു. അങ്ങനെ ജനറേഷൻ ഫൂട്ട് എന്ന ഫുട്ബോൾ അക്കാദമിയിൽ മാനേ തന്റെ ഫുട്ബോൾ കരിയർ തുടങ്ങി. രണ്ടു സീസണിലായി 90 മത്സരങ്ങളിൽ നിന്ന് 131 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.അമ്മയോട് പോലും പറയാതെ മെറ്റ്സിലേക്ക്
പുതിയ താരങ്ങളെ തേടി സെനഗലിലെത്തിയ ഫ്രഞ്ച് ക്ലബ്ബ് മെറ്റ്സിന്റെ കണ്ണിലുടക്കിയത് സാദിയോ മാനേയുടെ കളിയാണ്. ഇതോടെ 19-ാം വയസ്സിൽ ഫ്രാൻസിൽ പോയി കളിക്കുകയെന്ന അവന്റെ സ്വപ്നം യാഥാർത്ഥ്യമായി. വീട്ടുകാരോട് ആരോടും പറയാതെയാണ് മാനേ ഫ്രാൻസിലേക്ക് വിമാനം കയറിയത്. അവിടെയെത്തി എല്ലാവരേയും വിളിച്ചു പറഞ്ഞ് സർപ്രൈസ് ഒരുക്കാനായിരുന്നു താരത്തിന്റെ പ്ലാൻ. എന്നാൽ ആദ്യ ദിനം തന്നെ ഹോട്ടൽ റൂമിൽ നിന്ന് ഇറങ്ങേണ്ടെന്ന് പരിശീലകൻ പറഞ്ഞതോടെ അമ്മയെ വിളിക്കാൻ രണ്ടാം ദിവസം വരെ കാത്തിരിക്കേണ്ടി വന്നു. മെറ്റ്സിലെ കൂട്ടുകാരോടൊപ്പം പുറത്തുപോയി ഫോൺ കാർഡ് വാങ്ങിവന്ന ശേഷം അവൻ അമ്മയെ വിളിച്ചു പറഞ്ഞു, ഫ്രാൻസിലാണെന്ന കാര്യം. ഏത് ഫ്രാൻസ് എന്നായിരുന്നു അമ്മയുടെ മറുപടി. യൂറോപ്പിലെ ഫ്രാൻസ് എന്നു പറഞ്ഞിട്ടും അമ്മ വിശ്വസിച്ചില്ല. പിന്നീട് ഇതുറപ്പിക്കാനായി എല്ലാ ദിവസവും മാനേയെ അമ്മ വിളിക്കും. അവസാനം ടി.വിയിൽ കളി കണ്ടതോടെയാണ് മകൻ ഫ്രാൻസിലെത്തിയ കാര്യം അമ്മ വിശ്വസിച്ചത്.
മെറ്റ്സിലെ പ്രകടനം മാനേയെ 2012ലെ ലണ്ടൻ ഒളിമ്പിക്സിനുള്ള ദേശീയ ടീമിലെത്തിച്ചു. ദേശീയജഴ്സിയണിഞ്ഞതിന് തൊട്ടുപിന്നാലെ മാനേ ഓസ്ട്രിയൻ ക്ലബ്ബ് എഫ്.സി റെഡ് ബുൾ സാൽസ്ബർഗിലേക്ക് കൂടുമാറി. ഫ്രഞ്ച് ക്ലബ്ബിൽ 22 മത്സരങ്ങൾ കളിച്ചശേഷമായിരുന്നു ഇത്. റെഡ്ബുള്ളിൽ 80 മത്സരങ്ങളിൽ 42 ഗോളടിച്ച താരം 2014-ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തന്റെ വരവറിയിച്ചു. 11.8 മില്ല്യൺ പൗണ്ട് നൽകി സതാംപ്ടൺ താരത്തെ തട്ടകത്തിലെത്തിച്ചു. ആസ്റ്റൺ വില്ലക്കെതിരായ മത്സരത്തിൽ രണ്ട് മിനിറ്റ് 56 സെക്കന്റിനുള്ളിൽ മൂന്നു ഗോളടിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും വേഗതയേറിയ ഹാട്രിക് സെനഗൽ താരം സ്വന്തം പേരിൽ കുറിച്ചു. 1994-ൽ ലിവർപൂളിന്റെ റോബി ഫോവ്ളർ സ്ഥാപിച്ച റെക്കോഡാണ് മാനെ മാറ്റിയെഴുതിയത്.
ആ പെനാൽറ്റിയിൽ ഇപ്പോഴും ദു:ഖിക്കുന്നു
ആഫ്രിക്കൻ നാഷൺസ് കപ്പിലെ ആ പെനാൽറ്റി മാനേ ഒരിക്കലും മറക്കില്ല. കാമറൂണിനെതിരായ ക്വാർട്ടർ ഫൈനലിൽ സെനഗലിനെ പുറത്തേക്കുള്ള വഴിയിലെത്തിച്ചത് മാനേ നഷ്ടപ്പെടുത്തിയ ആ പെനാൽറ്റിയായിരുന്നു. മത്സരശേഷം കരച്ചിലടക്കാനാകാതെയാണ് താരം ഗ്രൗണ്ടിൽ നിന്ന് കയറിപ്പോയത്. എന്നാൽ രോഷാകുലരായ ആരാധകർ വീട്ടുകാരെ വെറുതെ വിട്ടില്ല. മാനേയുടെ വീട് ആക്രമിച്ചാണ് അവർ രോഷമടക്കിയത്. പിന്നീട് രാജ്യത്തെ എല്ലാ ജനങ്ങളോടും മാനേ മാപ്പ് പറഞ്ഞു, ആ നഷ്ടപ്പെടുത്തിയ പെനാൽറ്റിയെ ഓർത്ത് ലിവർപൂൾ താരം ഇപ്പോഴും ദു:ഖിക്കുന്നു.
എന്നാലും നാട്ടുകാരോട് മാനേയ്ക്ക് ഇപ്പോഴും സ്നേഹമാണ്. 2018-ൽ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയപ്പോൾ ആ കളി കാണുമ്പോൾ അണിയാനായി നാട്ടിലെ കൂട്ടുകാർക്ക് 300 ജഴ്സികളാണ് താരം അയച്ചുകൊടുത്തത്. 2005-ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളും എസി മിലാനും ഏറ്റുമുട്ടുമ്പോൾ 12 വയസുകാരനായ മാനെ നാട്ടിലിരുന്ന് കളി കണ്ടതിന്റെ മാധുര്യമേറിയ സ്മരണയും ഈ ജഴ്സി കൊടുത്തയക്കിലിന്റെ പിന്നിലുണ്ട്.
ലിവർപൂളിലെത്തിയ കാര്യം ആദ്യം വിളിച്ചുപറഞ്ഞത് അമ്മയെ
മാനേയുടെ കളി ടിവിയിൽ പോലും കാണാൻ അമ്മയ്ക്ക് മനോബലമില്ല. മകന് പരിക്കെന്തിങ്കിലും പറ്റുമോ എന്ന പേടിയാണ്. 34 മില്ല്യൺ പൗണ്ടിന് അഞ്ചു വർഷത്തെ കരാറിൽ ലിവർപൂളിലെത്തിയപ്പോൾ മാനേ ഇക്കാര്യം ആദ്യം വിളിച്ചുപറഞ്ഞത് അമ്മയേയാണ്. മാനേയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷമായിരുന്നു അത്. 'എന്നെ സ്നേഹിക്കുന്ന, എനിക്ക് പ്രിയപ്പെട്ട ടീമിലേക്കാണ് ഞാൻ വരുന്നതെന്ന ചിന്തയായിരുന്നു അപ്പോൾ. ഒപ്പം എന്നെ നന്നായി അറിയുന്ന, എന്നെ മകനെപ്പോലെ കാണുന്ന ഒരു പരിശീലകനോടൊപ്പം കളിക്കാൻ പോകുന്നുവെന്ന സന്തോഷവും' ലിവർപൂളുമായി കരാറൊപ്പിട്ട സമയത്തുള്ള അനുഭവം മാനേ ഇങ്ങനെ പങ്കുവെയ്ക്കുന്നു.
Subscribe to:
Posts (Atom)