Wednesday, April 25, 2018

മരവിച്ച ജഡങ്ങള്‍ കൊണ്ടു നിറഞ്ഞ ഒരു ദ്വീപ്,

മരവിച്ച ജഡങ്ങള്‍ കൊണ്ടു നിറഞ്ഞ ഒരു ദ്വീപ്,                                                                        മരിച്ചു വീഴുന്നവയുടെ ശരീരാവശീഷ്ടങ്ങള്‍ ഉറച്ചു പാറ പേലെയാകുന്നു

ആഫ്രിക്കയിലെ ടാന്‍സാനിയയിലുള്ള നെട്രോണ്‍ തടാകത്തിലെ കാഴ്ചകള്‍ കണ്ടാല്‍ ആരുടെയും മനസ്സ് മരവിക്കും. കാരണം സഞ്ചാരികളെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇവിടെയുള്ളത്. മരിച്ചു മരവിച്ച പക്ഷിമൃഗാദികളുടെ ജഡങ്ങള്‍ കൊണ്ടുള്ള അനേകം ശില്‍പ്പങ്ങളായിരിക്കും നിങ്ങളെ ഇവിടെ കാത്തിരിക്കുന്നത്. നെട്രോണ്‍ തടാകത്തില്‍ ഉയര്‍ന്ന അളവില്‍ സോഡിയം ബൈകാര്‍ബണേറ്റിന്റെ സാന്നിധ്യം ഉള്ളത്തിനാല്‍ ജലത്തില്‍ ചത്തുവീഴുന്ന പക്ഷികളുടെയും മൃഗങ്ങളുടെയും ശരീരഭാഗങ്ങള്‍ ജീര്‍ണ്ണിക്കുകയോ കേടുപാടുകള്‍ ഏല്‍ക്കുകയോ ചെയ്യാതെ ശിലാരൂപങ്ങളായി മാറുകയാണ് ചെയ്യുന്നത്.

സോഡിയം ബൈകാര്‍ബണേറ്റും സോഡിയം കാര്‍ബണേറ്റും ചേര്‍ന്നുണ്ടാകുന്ന നെട്രോണ്‍ എന്ന സംയുക്തത്തിന്റെ പേരില്‍ തന്നെയാണ് തടാകം അറിയപ്പെടുന്നത്. 140 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ തടാകത്തിലെ താപനില ഉയരാറുണ്ട്. ചൂടു നീരുറവകളും ചെറു നദികളുമാണ് നെട്രോണ്‍ തടാകത്തിലേക്കു ജലമെത്തിക്കുന്നത്. ഫൊട്ടോഗ്രാഫറായ നിക്ക് ബ്രാന്‍ഡാണ് തടാകക്കരയിലെ ജഡരൂപങ്ങള്‍ പകര്‍ത്തിയത്. പക്ഷിമൃഗാദികള്‍ക്ക് ജീവഹാനി സംഭവിക്കത്തക്ക വിധം ലവണത്വം നിറഞ്ഞതാണ് തടാകത്തിലെ ജലം.

ജലോപരിതലത്തിലെ പ്രതിബിംബങ്ങള്‍ കണ്ട് ഇവിടെ ചേക്കേറാനെത്തുന്ന പക്ഷികളും മറ്റും ഇത്തരത്തില്‍ ചത്തൊടുങ്ങുകയാണു പതിവ്. അവയുടെ ശവശരീരങ്ങളാകട്ടെ ഉറഞ്ഞു ശില പോലെ ദൃഢമായ രൂപങ്ങളില്‍ തീരത്തടിയുകയും ചെയ്യും. ഇവയുടെ ശരീരത്തിലെ തൂവലുകളും ചെറുരോമങ്ങളും പോലും നഷ്ടപ്പെടാതെ അതേ രൂപത്തില്‍ തന്നെ ഉറഞ്ഞു പോകും. വേനല്‍ക്കാലത്ത് തടാകത്തിലുണ്ടാകുന്ന ചെറു ദ്വീപുകളില്‍ ഫ്‌ലമിങോ പക്ഷികള്‍ പ്രജനനത്തിനായി കൂടുകള്‍ ഒരുക്കാറുണ്ടെന്നതൊഴിച്ചാല്‍ മറ്റു ജീവജാലങ്ങളൊന്നും നെട്രോണ്‍ നദിയെ ഒന്നിനും ആശ്രയിക്കാറില്ല.

Monday, April 23, 2018

ഇങ്ങനേയും ചിലര്‍ ലോകത്തുണ്ടായിരുന്നു!

ഇങ്ങനേയും ചിലര്‍ ലോകത്തുണ്ടായിരുന്നു! 

ഫ്രിക്കന്‍മാരുടെ പിറവി ക്യൂബയില്‍ നിന്നാണെന്ന് ചരിത്രം പറയുന്നു സ്വന്തം ശരീരത്തില്‍ വിവിധതരത്തിലുള്ള ഫാഷനുകള്‍ കാണിച്ച് വൈരുദ്ധ്യം തീര്‍ക്കുന്നവരാണ് ഫ്രീക്കന്മാര്‍. എയ്ഡ്സ് രോഗികളുടെ രക്തം എടുത്ത് സ്വയം ശരീരത്തിലേക്ക് നേരിട്ട് കുത്തിവയ്ച്ച് രോഗികളായി നടന്ന ക്യൂബയിലേ ലോസ് ഫ്രീക്കീസ് എന്ന മനുഷ്യരുടെ ചരിത്രം ആരെയും വിസമയിപ്പിക്കും. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി ആളുകള്‍ ഏറ്റവും ഭയക്കുന്ന അസുഖങ്ങളിലൊന്നാണ് എയ്ഡ്‌സ്. ആളുകളില്‍ ഇത്രയധികം ഭയവും അപമാനവും ജനിപ്പിക്കുന്ന ഒരു അസുഖം ഇല്ലെന്ന് തന്നെ വേണം കരുതാന്‍. കൃത്യമായ ചികിത്സ ഈ അസുഖത്തിനില്ല എന്നത് തന്നെയാണ് പ്രധാന കാരണം. എന്നാല്‍ സ്വയം എച്ച്‌ഐവി വൈറസ് കുത്തി വച്ചിരുന്ന ഒരു വിഭാഗം ലോകത്ത് ജീവിച്ചിരുന്നു എന്ന് പറഞ്ഞാല്‍ അവിശ്വസനീയമായി തോന്നാം. ഇവിടെങ്ങുമല്ല അത്തരത്തിലുള്ള വിചിത്ര മനുഷ്യര്‍ ജീവിച്ചിരുന്നത്. കമ്മ്യൂണിസ്റ്റ് ക്യൂബയില്‍ എണ്‍പതുകളില്‍ ജീവിച്ചിരുന്ന ലോസ് ഫ്രീക്കീസ് എന്ന വിഭാഗമാണ് ഇത്തരത്തില്‍ ഈ ഭീകരമായ അസുഖം സ്വയം ക്ഷണിച്ചുവരുത്തിയിരുന്നത്.
വിചിത്രമായ ഒരു വിഭാഗമാണ് ലോസ് ഫ്രീക്കികള്‍. സംഗീതത്തിനുവേണ്ടി ജീവനും ജീവിതവും ഉഴിഞ്ഞുവച്ചിരുന്നവരാണവര്‍. സംഗീതവും അതിനോടനുബന്ധിച്ചുള്ള കാര്യങ്ങളിലുമാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇന്നത്തെ ഫ്രീക്കന്മാരേപ്പോലെ തന്നെ ടാറ്റൂ, ലോഹക്കഷണങ്ങള്‍ തുടങ്ങിയവ ദേഹത്തും മുഖത്തും തുളച്ച് ഇട്ടിട്ടുണ്ടാവും. ഫ്രീക്കികളെ സാധാരണക്കാരാരും അടുപ്പിച്ചിരുന്നില്ല. കുടുംബക്കാര്‍ പോലും വീട്ടില്‍ കയറ്റിയിരുന്നില്ല. ഇന്നത്തേപോലെ തന്നെ സമൂഹം വെറുപ്പോടെ കണ്ടിരുന്ന ഒരു വിഭാഗം. ഫിദല്‍ കാസ്‌ട്രോയുടെ ഭരണകാലമായിരുന്നു അത്. ഇംഗ്ലീഷിനോടും അമേരിക്കന്‍ യൂറോപ്പ് സമൂഹങ്ങളോടും വെറുപ്പ് പുലര്‍ത്തിയിരുന്ന സമയം. ഫ്രീക്കികള്‍ തങ്ങളുടെ പാട്ടുകള്‍ ഇംഗ്ലീഷില്‍ എഴുതുകയും പാടുകയും ചെയ്ത് ഭരണകൂടത്തിന്റെ കണ്ണിലെ കരടാവുകയും ചെയ്തു. ഹെവി മെറ്റല്‍ മ്യൂസിക് ആണ് ഇവരുടേത്. പലപ്പോഴും ഇവര്‍ പോലീസിന്റെ പിടിയിലകപ്പെട്ടു. ക്രൂര മര്‍ദ്ദനത്തിന് വിധേയരാക്കി, കൂടാതെ അതികഠിനമായ പല ജോലികളും ചെയ്യിച്ചു. രാജ്യദ്രോഹികള്‍ എന്ന നിലയിലാണ് ഇവര്‍ ശിക്ഷിക്കപ്പെട്ടത്. അവര്‍ അങ്ങനെയായിരുന്നില്ല എന്നതാണ് സത്യം.
ഈ സമയത്താണ് എയ്ഡ്‌സ് എന്ന മാഹാരോഗത്തിന്റെ കടന്നുവരവ്. കര്‍ശനവും അതിവിദഗ്ധവുമായ പല പ്രതിരോധ നടപടികളും ഭരണകൂടം സ്വീകരിച്ചു. അതിലൊന്നായിരുന്നു എയ്ഡ്‌സ് രോഗികള്‍ക്കായുള്ള പ്രത്യേക ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍. ഭക്ഷണവും മരുന്നുകളും സൗജന്യമായി നല്‍കി എച്‌ഐവി ബാധിതരെ ശുശ്രൂഷിച്ചു. ഇത് കണ്ടപ്പോള്‍ ഫ്രീക്കികളുടെ തലയില്‍ ഒരാശയം ഉദിച്ചു. സ്വയം എയിഡ്‌സ് രോഗികള്‍ ആവുക. അങ്ങനെയായല്‍ ശിക്ഷകളോ പീഡനങ്ങളോ ഇല്ലാതെ സ്വതന്ത്രമായി ജീവിക്കാം. ഇതിനായി രോഗമുള്ള സുഹൃത്തുക്കളുടെ രക്തമെടുത്ത് സ്വയം കുത്തി വച്ചു. എന്നിട്ട് എയ്ഡ്‌സ് രോഗീപരിപാലന കേന്ദ്രങ്ങളില്‍ പ്രവേശനം നേടി. സ്വന്തം സംഗീതവും മറ്റുമായി ശിക്ഷകളോ പീഡനങ്ങേളോ ഇല്ലാത്ത ആ ലോകത്ത് സ്വതന്ത്രരായി ജീവിച്ച് തുടങ്ങി.
രോഗത്തേക്കാള്‍ അവര്‍ വില നല്‍കിയത് സ്വാതന്ത്ര്യത്തിനായിരുന്നു എന്നത് ഇതിലൂടെ വ്യക്തം. സ്വാതന്ത്രം മാത്രമായിരുന്നില്ല ഈ സാഹസത്തിന് പിന്നിലുള്ള അവരുടെ ലക്ഷ്യം. ഇത്തരം കേന്ദ്രങ്ങളില്‍ ലഭ്യമായിരുന്ന മികച്ച ഭക്ഷണവും എയര്‍ കണ്ടീഷനിംഗ് പോലുള്ള സുഖസൗകര്യങ്ങളും അവരെ ഇതിലേയ്ക്ക് നയിച്ചിരുന്ന ഘടകങ്ങളായുരുന്നു. ആത്മഹത്യയ്ക്ക് സമാനമായിരുന്നു ഇത്. എങ്കിലും, നൂറു കണക്കിന് ഫ്രീക്കികള്‍ ഇത്തരത്തില്‍ സ്വയം രോഗം തിരഞ്ഞെടുത്ത് ഭരണകൂടത്തിന്റെയും പോലീസിന്റെയും ശിക്ഷയില്ലാത്ത ഈ ലോകത്ത് സ്വതന്ത്രരായി ജീവിച്ച് മരിച്ചു. കാലം കടന്നപ്പോള്‍ ഫ്രീക്കികള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചു. ഇഷ്ടമുള്ള വേഷ വിധാനത്തിനും ഇഷ്ടമുള്ള പാട്ടുകള്‍ പാടാനും അവര്‍ക്ക് കഴിയുന്ന അവസ്ഥയായി. ശുശ്രൂഷാ കേന്ദ്രങ്ങള്‍ ഒന്നിനുപുറകേ ഒന്നായി അടച്ചുപൂട്ടുകയും ചെയ്തു.

Sunday, April 22, 2018

വിഡ്ഢികളാക്കിയ ചിത്രം


രണ്ട് കോടിയില്‍പരം ആളുകളെ വിഡ്ഢികളാക്കിയ ചിത്രം;
 

 വെള്ളം തേടിയുള്ള യാത്രയില്‍ ക്ഷീണിച്ചവശനായ സിംഹക്കുട്ടിയെ തുമ്പിക്കൈയില്‍ ഇരുത്തി നടന്നുനീങ്ങുന്ന ആഫ്രിക്കന്‍ ആന. സമീപത്ത് സിംഹക്കുട്ടിയുടെ അമ്മയും. ഇവര്‍ മൂവരും മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചശേഷമാണ് നീര്‍ച്ചാല്‍ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയോദ്യാനത്തില്‍നിന്ന് എന്റെ സുഹൃത്തുക്കളായ വനപാലകരാണ് ഈ അത്യാപൂര്‍വ ചിത്രം കാമറയില്‍ പകര്‍ത്തിയത്”- ഫ്രാന്‍സ്വാ ലോട്ടറിംഗ് എന്ന നമീബിയന്‍ സ്വദേശി ഫേസ്ബുക്കില്‍ ഈ കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രമാണിത്.
ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം വൈറലായി. ഒരു ലക്ഷത്തോളം പേര്‍ ഇത് ഷെയര്‍ ചെയ്തു. ലോകത്തിന്റെ പല കോണുകളില്‍നിന്നുമുള്ള പ്രമുഖര്‍ ചിത്രത്തിനു കമന്റും പാസാക്കി. ഇതോടെ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഉയര്‍ന്നു. മൃഗങ്ങളുടെ സഹജീവികളോടുള്ള സ്‌നേഹം മനുഷ്യര്‍ കണ്ടുപഠിക്കണമെന്നുള്ള ആശയം ചിലര്‍ പങ്കുവച്ചു. ചിത്രത്തിന്റെ ആധികാരികത ചോദ്യംചെയ്തവരും വിരളമല്ല.
കഥകളില്‍ ആനയും സിംഹവും സുഹൃത്തുക്കളായേക്കാം. എന്നാല്‍, വനത്തില്‍ ഇതിന് ഒരു സാധ്യതയുമില്ല. പ്രത്യേകിച്ച് ഒരു സിംഹക്കുട്ടിയെ എന്നല്ല, മറ്റൊരു ഇനത്തില്‍പ്പെട്ട മൃഗങ്ങളെയും ആനകള്‍ ഇതുപോലെ എടുത്തുകൊണ്ടു നടക്കില്ല. ചിത്രം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ചിലര്‍ വാദിച്ചു. ഇതിനു പിന്നാലെ നിരവധി വാദപ്രതിവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ നടന്നു.
എന്നാല്‍, ആരും ശ്രദ്ധിക്കാത്ത ഒന്നുണ്ടായിരുന്നു. ഫ്രാന്‍സ്വാ ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്ത തീയതി, ഏപ്രില്‍ ഒന്ന്. അന്നു വൈകുന്നേരത്തോടെ അദ്ദേഹം ചിത്രം പിന്‍വലിക്കുകയും മറ്റൊരു കുറിപ്പ് പോസ്റ്റ് എഡിറ്റ് ചെയ്ത് ഇങ്ങനെ എഴുതി: എന്റെ ചിത്രം ഷെയര്‍ ചെയ്തവര്‍ക്കും കമന്റ് ചെയ്തവര്‍ക്കും നന്ദി. ഇത് ഒരു യഥാര്‍ഥ ചിത്രമല്ല. ഫോട്ടോഷോപ് വഴി സൃഷ്ടിച്ചതാണ്. ഇന്ന് ഏപ്രില്‍ ഒന്നാണ്. എല്ലാവര്‍ക്കും ഏപ്രില്‍ ഫൂള്‍ ആശംസകള്‍.
സംഗതി ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. ചിത്രം പിന്‍വലിച്ചെങ്കിലും ലോകമെമ്പാടുമുള്ളവര്‍ ചര്‍ച്ച അവസാനിപ്പിച്ചില്ല. ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ് എന്നീ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി രണ്ടു കോടിയില്‍പരം പേരെ വിഡ്ഢികളാക്കാന്‍ ഫ്രാന്‍സ്വായ്ക്കു കഴിഞ്ഞെന്ന് ബിസിനസ് ഇന്‍സൈഡര്‍ സൗത്ത് ആഫ്രിക്ക റിപ്പോര്‍ട്ട് ചെയ്തു.
തുടക്കത്തില്‍ ദക്ഷിണാഫ്രിക്ക, നൈജീരിയ, കെനിയ എന്നീ രാജ്യങ്ങളില്‍ വൈറലായ ചിത്രം പിന്നീട് അമേരിക്ക, കാനഡ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. യുകെ പത്രമായ ദ ടെലിഗ്രാഫ്, മൈക്രോസോഫ്റ്റിന്റെ ന്യൂസ് പ്ലാറ്റ്‌ഫോമായ എംഎസ്എന്‍ തുടങ്ങിയ മീഡിയകള്‍ ഇത് യഥാര്‍ഥ ചിത്രമാണെന്നു കരുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇന്ത്യയിലെ ഒരു മാധ്യമത്തിനും ഇത്തരത്തില്‍ അബദ്ധം പിണഞ്ഞു.