Saturday, December 3, 2022

സാദിയോ മാനേ

സാദിയോ മാനേയുടെ ബൂട്ടിൽ നിന്നൊരു പന്ത് എതിർവല ചുംബിക്കുമ്പോൾ അതിനൊപ്പം മെലിഞ്ഞ് കൊലുന്നനെയുള്ള ഒരു പതിനഞ്ചുകാരൻ പയ്യന്റെ കിതപ്പും കേൾക്കാനാകും. 11 വർഷം മുമ്പ് സെനഗലിന്റെ തെക്കേ അറ്റത്തുള്ള ബൻബാലിയെന്ന ഗ്രാമത്തിൽ നിന്നും 317 കിലോമീറ്റർ അകലെയുള്ള ദാകറിലേക്ക് ഓടിപ്പോയ ഒരു പയ്യന്റെ കിതപ്പ്. കൂട്ടുകാരൻ നൽകിയ പണവുമായുള്ള ആ ഒളിച്ചോട്ടത്തിന് പിന്നിൽ എങ്ങനെയെങ്കിലും ഒരു ഫുട്ബോൾ താരമാകണമെന്ന തീക്ഷ്ണമായ ആഗ്രഹമായിരുന്നു. ഒരാഴ്ച്ചയോളം മകനെ കാണാതെ വിഷമിച്ച അവന്റെ അമ്മയോട് ഒടുവിൽ കൂട്ടുകാരന് സത്യം പറയേണ്ടി വന്നു. അവനെ കൂട്ടിക്കൊണ്ടുവരാനുള്ള ദൗത്യം അമ്മ അവന്റെ ചേട്ടനെ ഏൽപ്പിച്ചു. അങ്ങനെ ഒരാഴ്ച്ചക്കുള്ളിൽ അവൻ ബൻബാലിയിൽ തന്നെ തിരിച്ചെത്തി. പക്ഷേ ആ ഒളിച്ചോട്ടം ഒരു തുടക്കമായിരുന്നു. ലോകമറിയുന്ന സാദിയോ മാനേയെന്ന ഫുട്ബോൾ താരത്തിലേക്കുള്ള ഒരു സെനഗലുകാരന്റെ വളർച്ചയുടെ തുടക്കം. ഒടുവിലിപ്പോൾ ആ യാത്ര ഖത്തർ ലോകകപ്പിന്റെ കളിമുറ്റത്ത് എത്തിയിരിക്കുന്നു.മലപ്പുറത്തെ ഗ്രൗണ്ടിൽ' കളിച്ചുവളർന്നവൻ

സെനഗലിന്റെ തെക്കേ അറ്റത്തുള്ള, കസാമനസ് നദിക്കരയിലുള്ള ബൻബാലിയെന്ന ഗ്രാമത്തിൽ 1992 ഏപ്രിൽ പത്തിനാണ് മാനെ. ജനിച്ചത്. 24213 ആളുകൾ മാത്രം താമസിക്കുന്ന, ലിവർപൂളിലെ ജനസംഖ്യയുടെ 5% മാത്രമുള്ള ഒരു ചെറിയ ഗ്രാമം. യാഥാസ്ഥികരായ കുടുംബത്തിന് മതപരമായ കാര്യങ്ങൾ കഴിഞ്ഞിട്ടേ മറ്റെന്തുമുണ്ടായിരുന്നുള്ളു. പള്ളിയിലെ ഇമാമായ പിതാവിന് ഖുർആൻ ഓതണമെന്നതും അഞ്ച് നേരവും നിസ്കരിക്കണമെന്നതും നിർബന്ധമുള്ള കാര്യമായിരുന്നു. രാവിലെ സുബ്ഹ് നിസ്കാരത്തിന് ശേഷം മാനേ ഗ്രൗണ്ടിലേക്ക് ഓടും. കളിച്ചുതിമിർത്ത ശേഷം സ്കൂളിലേക്ക് പോകുന്ന അവൻ വൈകുന്നേരവും ഗ്രൗണ്ടിൽ തന്നെയാകും. മഗ്രിബ് ബാങ്കോടെ ഗ്രൗണ്ടിലെ ഫൈനൽ വിസിലൂതും. മലപ്പുറത്തെ ഗ്രൗണ്ടുകളിൽ കളിച്ചുവളർന്ന ആഷിഖിന്റെയോ അനസിന്റെയോ കുട്ടിക്കാലവുമായി ഇതിന് സാമ്യം തോന്നിയേക്കാം.മാതാപിതാക്കളും സഹോദരങ്ങളും അമ്മാവനുമടങ്ങുന്ന പത്ത് പേരോളമുള്ള കുടുംബത്തിൽ ജനിച്ച മാനെ, ഒരു ഫുട്ബോൾ താരമാകുമെന്ന് സ്വപ്നത്തിൽ പോലും ആരും കരുതിയിരുന്നില്ല. അവനെ ഒരു അധ്യാപകനാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. എന്നാൽ മാനേയുടെ സ്വപ്നം മുഴുവൻ ഫുട്ബോളായിരുന്നു. വലുതായതോടെ അവൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ കാണാൻ തുടങ്ങി. സെനഗലിൽ നിന്ന് ഓടിപ്പോയി ഫ്രാൻസിലെത്തി തന്റെ ഫുട്ബോൾ കരിയർ തുടങ്ങാനുള്ള അവന്റെ ആഗ്രഹം തീവ്രമായി.

2002 ലോകകപ്പും അൽ ഹാദ്ജി ദിയോഫും2002 ലോകകപ്പിൽ സെനഗലിന്റെ തേരോട്ടം മാനേയുടെ ജീവിതത്തിലും പ്രതിഫലിച്ചു. ഫുട്ബോൾ ലോകത്തെ മുഴുവൻ ഞെട്ടിച്ച് വിശ്വവേദിയിലെ അരങ്ങേറ്റത്തിൽ അവർ ലോകചാമ്പ്യൻമാരായ ഫ്രാൻസിനെ അട്ടിമറിച്ചു. ആ തേരോട്ടം ക്വാർട്ടർ ഫൈനലിൽ വരെയെത്തിയപ്പോൾ സെനഗലിന്റെ തെരുവോരത്ത് വർണക്കടലാസുമായി ആഘോഷിക്കുന്ന കുട്ടികളുടെ കൂട്ടത്തിൽ മാനേയുമുണ്ടായിരുന്നു. പിന്നീട് അൽ ഹാദ്ജി ദിയോഫായി അവന്റെ റോൾ മോഡൽ. അയാൾ പന്തിനോടെന്തൊക്കെ ചെയ്യുന്നുണ്ടോ അതെല്ലാം അതുപോലെ തനിക്കും ചെയ്യണമെന്ന് അവന്റെ കുഞ്ഞുമനസ്സ് ആഗ്രഹിച്ചു.

ആ ലോകകപ്പിന് ശേഷം മാനേയും കൂട്ടുകാരും ഗ്രാമത്തിൽ ടൂർണമെന്റ് സംഘടിപ്പിച്ച് കളിക്കാൻ തുടങ്ങി. എല്ലാ ടൂർണമെന്റിലും വിജയിച്ച് മാനേ കപ്പുമായി വരുമ്പോൾ കൂട്ടുകാരും ഗ്രാമത്തിലുള്ളവരുമെല്ലാം അവൻ നാളെയുടെ താരമാണെന്ന് പ്രവചിച്ചു. എന്നാൽ അവന്റെ വീട്ടുകാർക്ക് മാത്രം അപ്പോഴും അവനിൽ വിശ്വാസമില്ലായിരുന്നു. ഒടുവിൽ അമ്മാവൻ വഴി അവൻ വീട്ടുകാരുടെ സമ്മതം നേടിയെടുത്തു. സ്കൂൾ കാലം കഴിഞ്ഞാൽ ഫുട്ബോൾ കളിക്കാനിറങ്ങാം എന്നതായിരുന്നു വീട്ടുകാർവെച്ച നിബന്ധന. അങ്ങനെ പ്രൊഫഷണൽ താരമാകാനുള്ള പരിശ്രമം തുടങ്ങാൻ മാനേ 15-ാം വയസ്സുവരെ കാത്തിരുന്നു. അതിനിടയിൽ അവൻ ആരോടും പറയാതെ ഒരു തവണ സെനഗലിന്റെ തലസ്ഥാനമായ ദാകറിലേക്ക് ഒളിച്ചോടി. ഇതു കൂടിയായതോടെ അവനെ ഇനി പിന്തിരിപ്പിക്കാനാകില്ലെന്ന് വീട്ടുകാർക്ക് ബോധ്യമായി.

പാടത്ത് വിളഞ്ഞ വിളകളെല്ലാം വിറ്റ് മാനേയുടെ അച്ഛൻ അവന് ദാകറിലെ ഫുട്ബോൾ ക്ലബ്ബിൽ ചേരാനുള്ള പണം കണ്ടെത്തി. പക്ഷേ അവന്റെ ബൂട്ടിനും ജഴ്സിക്കുമൊന്നും അത് തികയുമായിരുന്നില്ല. കീറിപ്പറിഞ്ഞ ബൂട്ടും തുള വീണ ജഴ്സിയുമണിഞ്ഞാണ് അവൻ ദാകറിൽ വന്നിറങ്ങിയത്. ഏറ്റവും മികച്ച ക്ലബ്ബ് ഏതാണെന്നുമുള്ള അന്വേഷണമായിരുന്നു പിന്നീട്. ദാകറിലെത്തിയതിന്റെ തൊട്ടടുത്ത ദിവസം അവൻ ക്ലബ്ബുകളിലേക്കുള്ള സെലക്ഷനിൽ പങ്കെടുത്തു. എന്നാൽ ആ ജഴ്സിയും ബൂട്ടും കണ്ടതോടെ ആർക്കും അവനിൽ താത്പര്യമില്ലാതെയായി. ഇതൊക്കെ ധരിച്ച് എങ്ങനെ കളിക്കാനാകും എന്നാണ് ഒരാൾ ചോദിച്ചത്. ബൂട്ടിലും ജഴ്സിയിലുമല്ല കാര്യമെന്നും ഗ്രൗണ്ടിൽ ഞാൻ കളിക്കുന്നത് കണ്ടുനോക്കിയിട്ട് അഭിപ്രായം പറയൂ എന്നുമായിരുന്നു മാനേയുടെ മറുപടി. ട്രയൽസിന് ശേഷം അയാൾ തന്നെ അവനെ ടീമിലെടുത്തു. അങ്ങനെ ജനറേഷൻ ഫൂട്ട് എന്ന ഫുട്ബോൾ അക്കാദമിയിൽ മാനേ തന്റെ ഫുട്ബോൾ കരിയർ തുടങ്ങി. രണ്ടു സീസണിലായി 90 മത്സരങ്ങളിൽ നിന്ന് 131 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.അമ്മയോട് പോലും പറയാതെ മെറ്റ്സിലേക്ക്

പുതിയ താരങ്ങളെ തേടി സെനഗലിലെത്തിയ ഫ്രഞ്ച് ക്ലബ്ബ് മെറ്റ്സിന്റെ കണ്ണിലുടക്കിയത് സാദിയോ മാനേയുടെ കളിയാണ്. ഇതോടെ 19-ാം വയസ്സിൽ ഫ്രാൻസിൽ പോയി കളിക്കുകയെന്ന അവന്റെ സ്വപ്നം യാഥാർത്ഥ്യമായി. വീട്ടുകാരോട് ആരോടും പറയാതെയാണ് മാനേ ഫ്രാൻസിലേക്ക് വിമാനം കയറിയത്. അവിടെയെത്തി എല്ലാവരേയും വിളിച്ചു പറഞ്ഞ് സർപ്രൈസ് ഒരുക്കാനായിരുന്നു താരത്തിന്റെ പ്ലാൻ. എന്നാൽ ആദ്യ ദിനം തന്നെ ഹോട്ടൽ റൂമിൽ നിന്ന് ഇറങ്ങേണ്ടെന്ന് പരിശീലകൻ പറഞ്ഞതോടെ അമ്മയെ വിളിക്കാൻ രണ്ടാം ദിവസം വരെ കാത്തിരിക്കേണ്ടി വന്നു. മെറ്റ്സിലെ കൂട്ടുകാരോടൊപ്പം പുറത്തുപോയി ഫോൺ കാർഡ് വാങ്ങിവന്ന ശേഷം അവൻ അമ്മയെ വിളിച്ചു പറഞ്ഞു, ഫ്രാൻസിലാണെന്ന കാര്യം. ഏത് ഫ്രാൻസ് എന്നായിരുന്നു അമ്മയുടെ മറുപടി. യൂറോപ്പിലെ ഫ്രാൻസ് എന്നു പറഞ്ഞിട്ടും അമ്മ വിശ്വസിച്ചില്ല. പിന്നീട് ഇതുറപ്പിക്കാനായി എല്ലാ ദിവസവും മാനേയെ അമ്മ വിളിക്കും. അവസാനം ടി.വിയിൽ കളി കണ്ടതോടെയാണ് മകൻ ഫ്രാൻസിലെത്തിയ കാര്യം അമ്മ വിശ്വസിച്ചത്.

മെറ്റ്സിലെ പ്രകടനം മാനേയെ 2012ലെ ലണ്ടൻ ഒളിമ്പിക്സിനുള്ള ദേശീയ ടീമിലെത്തിച്ചു. ദേശീയജഴ്സിയണിഞ്ഞതിന് തൊട്ടുപിന്നാലെ മാനേ ഓസ്ട്രിയൻ ക്ലബ്ബ് എഫ്.സി റെഡ് ബുൾ സാൽസ്ബർഗിലേക്ക് കൂടുമാറി. ഫ്രഞ്ച് ക്ലബ്ബിൽ 22 മത്സരങ്ങൾ കളിച്ചശേഷമായിരുന്നു ഇത്. റെഡ്ബുള്ളിൽ 80 മത്സരങ്ങളിൽ 42 ഗോളടിച്ച താരം 2014-ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തന്റെ വരവറിയിച്ചു. 11.8 മില്ല്യൺ പൗണ്ട് നൽകി സതാംപ്ടൺ താരത്തെ തട്ടകത്തിലെത്തിച്ചു. ആസ്റ്റൺ വില്ലക്കെതിരായ മത്സരത്തിൽ രണ്ട് മിനിറ്റ് 56 സെക്കന്റിനുള്ളിൽ മൂന്നു ഗോളടിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും വേഗതയേറിയ ഹാട്രിക് സെനഗൽ താരം സ്വന്തം പേരിൽ കുറിച്ചു. 1994-ൽ ലിവർപൂളിന്റെ റോബി ഫോവ്ളർ സ്ഥാപിച്ച റെക്കോഡാണ് മാനെ മാറ്റിയെഴുതിയത്.
ആ പെനാൽറ്റിയിൽ ഇപ്പോഴും ദു:ഖിക്കുന്നു

ആഫ്രിക്കൻ നാഷൺസ് കപ്പിലെ ആ പെനാൽറ്റി മാനേ ഒരിക്കലും മറക്കില്ല. കാമറൂണിനെതിരായ ക്വാർട്ടർ ഫൈനലിൽ സെനഗലിനെ പുറത്തേക്കുള്ള വഴിയിലെത്തിച്ചത് മാനേ നഷ്ടപ്പെടുത്തിയ ആ പെനാൽറ്റിയായിരുന്നു. മത്സരശേഷം കരച്ചിലടക്കാനാകാതെയാണ് താരം ഗ്രൗണ്ടിൽ നിന്ന് കയറിപ്പോയത്. എന്നാൽ രോഷാകുലരായ ആരാധകർ വീട്ടുകാരെ വെറുതെ വിട്ടില്ല. മാനേയുടെ വീട് ആക്രമിച്ചാണ് അവർ രോഷമടക്കിയത്. പിന്നീട് രാജ്യത്തെ എല്ലാ ജനങ്ങളോടും മാനേ മാപ്പ് പറഞ്ഞു, ആ നഷ്ടപ്പെടുത്തിയ പെനാൽറ്റിയെ ഓർത്ത് ലിവർപൂൾ താരം ഇപ്പോഴും ദു:ഖിക്കുന്നു.

എന്നാലും നാട്ടുകാരോട് മാനേയ്ക്ക് ഇപ്പോഴും സ്നേഹമാണ്. 2018-ൽ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയപ്പോൾ ആ കളി കാണുമ്പോൾ അണിയാനായി നാട്ടിലെ കൂട്ടുകാർക്ക് 300 ജഴ്സികളാണ് താരം അയച്ചുകൊടുത്തത്. 2005-ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളും എസി മിലാനും ഏറ്റുമുട്ടുമ്പോൾ 12 വയസുകാരനായ മാനെ നാട്ടിലിരുന്ന് കളി കണ്ടതിന്റെ മാധുര്യമേറിയ സ്മരണയും ഈ ജഴ്സി കൊടുത്തയക്കിലിന്റെ പിന്നിലുണ്ട്.

ലിവർപൂളിലെത്തിയ കാര്യം ആദ്യം വിളിച്ചുപറഞ്ഞത് അമ്മയെ

മാനേയുടെ കളി ടിവിയിൽ പോലും കാണാൻ അമ്മയ്ക്ക് മനോബലമില്ല. മകന് പരിക്കെന്തിങ്കിലും പറ്റുമോ എന്ന പേടിയാണ്. 34 മില്ല്യൺ പൗണ്ടിന് അഞ്ചു വർഷത്തെ കരാറിൽ ലിവർപൂളിലെത്തിയപ്പോൾ മാനേ ഇക്കാര്യം ആദ്യം വിളിച്ചുപറഞ്ഞത് അമ്മയേയാണ്. മാനേയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷമായിരുന്നു അത്. 'എന്നെ സ്നേഹിക്കുന്ന, എനിക്ക് പ്രിയപ്പെട്ട ടീമിലേക്കാണ് ഞാൻ വരുന്നതെന്ന ചിന്തയായിരുന്നു അപ്പോൾ. ഒപ്പം എന്നെ നന്നായി അറിയുന്ന, എന്നെ മകനെപ്പോലെ കാണുന്ന ഒരു പരിശീലകനോടൊപ്പം കളിക്കാൻ പോകുന്നുവെന്ന സന്തോഷവും' ലിവർപൂളുമായി കരാറൊപ്പിട്ട സമയത്തുള്ള അനുഭവം മാനേ ഇങ്ങനെ പങ്കുവെയ്ക്കുന്നു.