Tuesday, February 7, 2023

കോട്ടയം താഴത്തങ്ങാടി പള്ളി

പഴയ കോട്ടയം നഗരത്തിലെ താഴത്തങ്ങാടിയിലെ അതിപുരാതനമായ മുസ്ലിം പള്ളി എട്ടാം നൂറ്റാണ്ടില്‍ കേരളത്തില്‍ ഇസ്ലാം മതപ്രചരണത്തിനായി അറേബ്യയില്‍ നിന്നും എത്തിയ മാലിക് ബിന് ദിനാരുടെ കാലത്താണ് കേരളതീരത്തു ആദ്യമായി ഇസ്ലാം ആവിര്‍ഭവിക്കുന്നത്. അദ്ദേഹം അറബി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഇന്നാട്ടുകാരെ മുഹമ്മദ്‌ നബിയുടെ ദര്‍ശനം പഠിപ്പിച്ചു. അതോടൊപ്പം കേരളതീരത്തു പത്തു പള്ളികളും തമിഴ്നാട്ടില്‍ ഒരു പള്ളിയും സ്ഥാപിച്ചു. ആദ്യത്തെ പള്ളി കൊടുങ്ങല്ലൂരെ ചേരമാന്‍ പള്ളിയാണ്. 

അദ്ദേഹത്തോടൊപ്പം എത്തിച്ചേര്‍ന്നിരുന്ന പിന്‍ഗാമിയായ മാലിക് ബിന് ഹബീബ് അറേബ്യയില്‍ പോയ ശേഷം തന്‍റെ ഭാര്യയായ ഖുമരിയയോടും മക്കളോടും പത്തോളം സഹാബാക്കളോടും കൂടെ കൊടുങ്ങല്ലൂരില്‍ തിരിച്ചെത്തി. അനന്തരം കൊല്ലം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ പത്തോളം പള്ളികള്‍ സ്ഥാപിച്ച് കൂടെ വന്ന സഹാബാക്കളെ ആരാധനാകര്‍മ്മങ്ങള്‍ നടത്തുന്നതിനായി ചുമതലപ്പെടുത്തി. ആ ശ്രേണിയില്‍പെട്ട പള്ളിയാണ് താഴത്തങ്ങാടി ജുമാ മസ്ജിദ് എന്നാണ് ചരിത്രകാരന്മാരുടെ ഭാഷ്യം. ശൈഖ് അഹമ്മദ് എന്ന കൊച്ചിയിലെ ഖാസിയായിരുന്നു ഇവിടെയും പള്ളിയുടെ ആദ്യകാല ആചാര്യന്‍ എന്നാണ് ചരിത്രം.

ആദ്യകാലത്ത് കോട്ടയം ചേരന്മാരുടെയും പാണ്ട്യന്മാരുടെയും അധീനതയില്‍ മാറിമാറി വന്നിരുന്നു. പള്ളി സ്ഥാപനകാലത്ത് മുഞ്ഞുനാടിന്‍റെ ഭാഗമായിരുന്നു കോട്ടയം എന്ന് കരുതാവുന്നതാണ്. പുരാതനമായ കോടിയൂര്‍ തുറമുഖം ക്ഷയിച്ചതോടെ കൌണാറിന്‍റെ (മീനച്ചിലാര്‍) തീരത്തെ താഴത്തങ്ങാടി അന്തര്‍ദേശീയപ്രാധാന്യമുള്ള ഉള്‍നാടന്‍ വ്യാപാരകേന്ദ്രമായി വളര്‍ന്നു. അറബികളും പേര്‍ഷ്യക്കാരും സുറിയാനികളും പ്രാചീന തുറമുഖമായ പുറക്കാട്ടു നിന്നും പത്തേമാരികളിലും(Barque) മരക്കലങ്ങളിലും(ഒരു തരം പരന്ന ജലയാനം) താഴത്തങ്ങാടിയിലെത്തി കിഴക്കന്‍ മലഞ്ചരക്കുകള്‍ വാങ്ങിയിരുന്നു. ആദ്യകാലത്ത് കൈമാറ്റക്കച്ചവട(Barter system)മാകാം നടന്നിരുന്നത്.

അറബികളായിരുന്നു ഈ കച്ചവടത്തില്‍ മേല്‍ക്കോയ്മ വഹിച്ചിരുന്നത്. പ്രാകൃത ഗോത്രാചാരങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്ന ഇക്കൂട്ടര്‍ നാട്ടുകാരുമായി വൈവാഹികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. തങ്ങളുടെ നാട്ടുകാരായ ഭാര്യമാരെയും കുട്ടികളെയും ക്ഷേമാന്വേഷണങ്ങള്‍ കച്ചവടയാത്രകള്‍ക്കിടെ വന്നെത്തുംപോഴെല്ലാം അവര്‍ ചെയ്തുപോന്നു. അങ്ങിനെ ഒരു അറബിസങ്കരജനത കേരളത്തില്‍ പൊതുവായി ഉദയം ചെയ്തിരുന്നു. ഈ ജനവിഭാഗങ്ങല്‍ക്കിടയിലാണ് പില്‍ക്കാലത്ത് മാലിക് ബിന് ദിനാറും മാലിക് ബിന് ഹബ്ബീബും ഇസ്ലാമിന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. ഇതിനുള്ള തെളിവുകള്‍ തുഹ്ഫതുല്‍ മുജാഹിദീന്‍ എന്ന ചരിത്രഗ്രന്ഥത്തിലും സുലൈമാന്‍, ഇബ്ന് ബത്തൂത്ത തുടങ്ങിയ സഞ്ചാരികളുടെ യാത്രാവിവരണങ്ങളിലും കാണാവുന്നതാണ്. അങ്ങനെ താഴത്തങ്ങാടിയിലെയും അടിസ്ഥാന ജനവിഭാഗങ്ങളാണ് ഇസ്ലാമികവല്‍ക്കരിക്കപ്പെടുന്നത്. പില്‍ക്കാലത്ത് മറ്റു ചില കുടിയേറ്റങ്ങളും ഉണ്ടായിട്ടുണ്ട്.

പതിനഞ്ചാം നൂറ്റാണ്ടില്‍ പ്രബലരായ തെക്കുംകൂര്‍ രാജവംശം മണികണ്‌ഠപുരത്തുനിന്നും(വാകത്താനത്തിനടുത്ത്) തലസ്ഥാനം കോട്ടയത്തേയ്ക്ക് (അന്ന് കോട്ടയം എന്ന പേരില്ല, തളിയന്താനപുരം എന്നായിരുന്നു) മാറ്റി. കൂടാതെ രാജധാനി വെന്നിമലയില്‍നിന്നും മാറ്റി തളിയില്‍ കോട്ട പണിത് അങ്ങോട്ടേയ്ക്കാക്കി. തളിയില്‍ മഹാദേവക്ഷേത്രം പുനരുദ്ധരിച്ചുകഴിഞ്ഞ് ഇരുപതുവര്‍ഷങ്ങള്‍ക്കു ശേഷം ജുമാ മസ്ജിദ് ഇന്ന് കാണുന്ന നിലയില്‍ പുതുക്കിപ്പണിതു. താഴത്തങ്ങാടിയിലെ വ്യാപാരസാധ്യതകള്‍ വികസിപ്പിക്കുന്നതിനു വിവിധ ദേശങ്ങളില്‍നിന്നും കച്ചവടക്കാരായ വിവിധ സമുദായക്കാരെ വരുത്തി കുടിയിരുത്തിയപ്പോള്‍ കൊടുങ്ങല്ലൂര്‍, ചെരാനെല്ലൂര്‍ എന്നീ സ്ഥലങ്ങളില്‍നിന്നും മേത്തര്‍ വിഭാഗത്തിലെ മുസ്ലിങ്ങളെയും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ നാട്ടുകാര്‍ സെമറ്റിക് മതങ്ങളില്‍ ചേരുന്നതിനും അനുവദിച്ചിരുന്നു!

അതിശയിപ്പിക്കുന്ന വാസ്തുവിദ്യാമാതൃകയാണ് ഈ ആരാധനാലയം! തെക്കുംകൂര്‍ രാജാവ് പ്രദേശത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി വരുത്തി താമസിപ്പിച്ചിരുന്ന വിശ്വകര്‍മ്മജരാണ് ഈ പള്ളിയും പണിതത് എന്ന് കരുതാം. തളിയില്‍ ക്ഷേതത്തിന്‍റെ പണികള്‍ ചെയ്ത മഠത്തുങ്കല്‍, തെക്കേടത്ത്,വടക്കേടത്ത്,പെരുമ്പാലയില്‍ എന്നീ ആശാരിമാരും കിഴക്കേടത്ത്,നടുവിലേടത്ത് എന്നെ കല്‍ത്തച്ചന്മാരും ചേര്‍ന്നാണ് പള്ളിയും പണിതത് എന്ന് കരുതാം. 

ക്ഷേത്രത്തിന്‍റെ രൂപഘടനയില്‍നിന്നും വ്യത്യസ്തമായി ഒരു മുസ്ലിംപള്ളിക്ക് വേണ്ടുന്നതായ ഘടനാവിശേഷങ്ങള്‍ സൂക്ഷ്മമായി അവര്‍ പഠിച്ചിരുന്നു. കേരളത്തിലെ ആദ്യകാല മുസ്ലിം ആരാധനാലയങ്ങള്‍ക്കു പൊതുവായ ആകാരസാദൃശ്യം കാണാവുന്നതാണ്. വിവിധ ദേശങ്ങളില്‍ സഞ്ചരിച്ച് ഈ ശില്‍പ്പികള്‍ അത് സ്വായത്തമാക്കിയിരിക്കാം. ഏതായാലും കേരളത്തിലെ പുരാതന മുസ്ലിം പള്ളികളില്‍ രൂപഭംഗിയില്‍ മികച്ചത് താഴത്തങ്ങാടി പള്ളി തന്നെയാണ് എന്ന് വാസ്തുവിദ്യാവിശാരദന്മാര്‍ അംഗീകരിച്ചിട്ടുള്ളതാണ്. 

കേരളീയ വാസ്തുവിദ്യയുടെ പൊതുനിയമങ്ങള്‍ അനുസരിക്കുന്നതിനോപ്പം അറബിശൈലിയിലുള്ള കൊത്തുപണികളും ഉള്ളില്‍ സമശീതോഷ്ണാവസ്ഥ നിലനില്‍ക്കുന്നതിനുള്ള വായുനിര്‍ഗമന സംവിധാനവും ശ്രദ്ധേയമത്രെ. കിഴക്കന്‍പ്രദേശങ്ങളില്‍നിന്നും എത്തിച്ച തേക്കുതടികളില്‍ ചെയ്ത തൂണുകളും കമാനങ്ങളും മേല്ക്കൂട്ടും തട്ടിന്‍പുറവുമെല്ലാം മൂത്താശാരിയുടെ പ്രതിഭാവിലാസം എടുത്തുകാട്ടുന്നു.വീതുളി വച്ചു മിനുക്കിയ എട്ടു മരത്തൂണുകളുടെ ഉറപ്പിൽ ആയിരം വർഷം പിന്നിട്ട അദ്ഭുതമാണ് രണ്ടു നിലകളുള്ള താഴത്തങ്ങാടി ജുമാ മസ്ജിദ്. കോട്ടയം പട്ടണത്തിന്റെ അതിരിൽ മീനച്ചിലാറിന്റെ കരയിൽ പാർക്കുന്ന മുസ്‌ലിംകൾക്ക് ആരാധന നടത്താൻ തെക്കുംകൂർ രാജാവാണ് പള്ളി നിർമിച്ചു നൽകിയതെന്നു വിശ്വാസം. തിരുവിതാംകൂർ രാജകൊട്ടാരങ്ങളിലേതു പോലെ കൊത്തു പണിയും തച്ചുശാസ്ത്ര തന്ത്രവും തെളിഞ്ഞു നിൽക്കുന്ന പള്ളി വാസ്തുവിദ്യയിൽ കേരളത്തിലെ മറ്റെല്ലാ പുരാതന നിർമിതികളേയും താരതമ്യം ചെയ്യുന്നു. പഴയ കെട്ടിടങ്ങളുടെ ഭംഗിവിശേഷം ആസ്വദിക്കാൻ താൽപര്യമുള്ളവരെ കൗതുകലോകത്ത് എത്തിക്കുന്നു താഴത്തങ്ങാടി പള്ളിയിലെ കാഴ്ചകൾ.

പുത്തൻ കെട്ടിട നിർമാണ രീതിയിൽ അളന്നാൽ ഏകദേശം ആറായിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുണ്ട് താഴത്തങ്ങളാടി പള്ളിക്ക്. കൊട്ടാരങ്ങളുടെ പൂമുഖം ഡിസൈൻ ചെയ്യുന്ന രീതിയിൽ മട്ടുപ്പാവ്, മുഖപ്പ് എന്നിവയാണ് പള്ളിയുടെ മുൻഭാഗത്തെ അലങ്കാരങ്ങൾ. പ്രധാന വാതിലിന് കരിങ്കല്ലിൽ നിർമിച്ച കട്ടിളയാണ്. കേരളത്തിൽ എണ്ണൂറു വർഷം പഴക്കമുള്ള മന്ദിരങ്ങളിലാണ് കരിങ്കല്ലിൽ വാതിലിന്റെ കട്ടിള (ഫ്രെയിം) ഉള്ളത്. പ്രധാനവാതിലിന്റെ ഇടതുഭാഗത്തുള്ള വരാന്തയിലെ തൂണുകൾ ദ്രവിച്ചപ്പോൾ മരത്തിന്റെ അഴിയിട്ട് പുതുക്കി.

കരിങ്കൽ കവാടം സ്ഥാപിച്ച മുറിയിൽ ഒറ്റക്കല്ലിൽ നിർമിച്ച വെള്ളത്തൊട്ടിയുണ്ട് (ഹൗള്). വലിയ കല്ലിന്റെ നടുഭാഗം ചതുരത്തിൽ തുരന്നെടുത്താണ് വെള്ളം നിറയ്ക്കാനുള്ള തൊട്ടി ഉണ്ടാക്കിയിട്ടുള്ളത്. ഒറ്റക്കല്ല് നീളത്തിൽ മുറിച്ചെടുത്തുണ്ടാക്കിയ പാത്തിയിലൂടെയാണ് ഹൗളിൽ വെള്ളം നിറച്ചിരുന്നത്. വെള്ളം കോരാൻ മുളങ്കമ്പിൽ കെട്ടിയ ചിരട്ട ഉപയോഗിച്ചു. കാലം മാറിയപ്പോൾ പാത്തിക്കു പകരം പൈപ്പ് സ്ഥാപിച്ചു, ചിരട്ട മാറ്റി സ്റ്റീൽ കപ്പ്. കാൽ കഴുകി വൃത്തിയാക്കിയ ശേഷം പള്ളിയിൽ പ്രവേശിക്കണമെന്നാണു ചിട്ട.
ഹൗളിന്റെ അരികിൽ നിന്നു മുകളിലേക്കുള്ള ഗോവണി ഉസ്താദ് താമസിക്കുന്ന മുറിയിലേക്കാണ്. മരത്തിൽ നിർമിച്ച മേൽക്കൂരയും താഴെ നിലയിലെ ഹൗളിലെ വെള്ളവും ഉസ്താദിന്റെ കിടപ്പുമുറിയിയെ ശീതീകരിക്കുന്നു.

മുക്കൂറ്റി സാക്ഷ

പള്ളിയുടെ അകത്ത് പ്രാർഥനയ്ക്ക് ഇരിക്കാൻ രണ്ടു ഹാൾ – പുറംപള്ളി, അകംപള്ളി. ഹൗളിൽ നിന്നു വാതിൽ തുറക്കുന്നത് പുറം പള്ളിയിലേക്കാണ്. പള്ളി നിലനിൽക്കുന്ന എട്ടു തൂണുകളിൽ നാലെണ്ണം ഈ മുറിയിലുണ്ട്. തടിയിൽ അലങ്കരിച്ച മൂന്നു ചുമരുകളും പൂർണമായും തടിയിൽ നിർമിച്ച ഒരു ഭിത്തിയുമാണ് പുറംപള്ളിയുടെ ഭംഗി. പുറംപള്ളിയുടെയും അകംപള്ളിയുടെയും ഇടയിലുള്ള മരത്തിന്റെ ഭിത്തിയിൽ ആയത്ത്, ശെഅ്ഹർ, ഹദീസ് എന്നിവ ആലേഖനം ചെയ്തിരിക്കുന്നു. ‘‘നിങ്ങൾ നന്മയിലും ഭക്തിയിലും പരസ്പരം സ്നേഹിക്കുകയും സഹകരിക്കുകയും ചെയ്യുക’’ ചുമരിൽ എഴുതിയ ഖുറാൻ വാക്യം (ആയത്ത്) പറയുന്നു. ആരാധനാലയം പരിപാലിക്കുന്നവർക്കുള്ള നിർദേശമാണ് കവിതയും നബിവചനവും വിവരിക്കുന്നത്. വിദഗ്ധരായ തച്ചന്മാരുടെ കൈത്തഴക്കത്തിൽ വിടർന്ന കൊത്തുവേലയ്ക്കു നടുവിലാണ് അറബിക് അക്ഷരങ്ങളുടെ ആലേഖനം.

പുറംപള്ളിയിൽ നിന്ന് അകംപള്ളിയിലേക്കു കയറാൻ രണ്ടു വാതിൽ. ‘മുക്കൂറ്റി സാക്ഷ’യാണ് ഇതിൽ ഒരു വാതിലിന്റെ പ്രത്യേകത. ഒരുമിച്ച് അടയ്ക്കാനും ഒരോന്നായി വലിച്ചു തുറക്കാനും പറ്റുന്ന മൂന്നു സാക്ഷകൾ (മരപ്പൂട്ട്) തച്ചുശാസ്ത്രത്തിന്റെ തന്ത്രത്തിലാണ് നിർമിച്ചിട്ടുള്ളത്. ഇതിന്റെ അനുകരണമോ, ഇതുപോലെ വേറൊരെണ്ണമോ മറ്റൊരിടത്തും ഇല്ല. എടുത്തുകെട്ടിയും വാചനങ്ങളും ഘടിപ്പിച്ച് അലങ്കരിച്ച രണ്ടാമത്തെ വാതിലിന്റെ പൂട്ടിന് മണിച്ചിത്രത്താഴിന്റെ രൂപമാണ്. പന്തീരടി പൊക്കമുള്ള മേൽക്കൂരയിലെ കഴുക്കോൽ, ഉത്തരം, വളയം തുടങ്ങിയവയ്ക്ക് ഒന്നരയടി വീതിയുണ്ട്. ഇതളിലും വലുപ്പത്തിലും വ്യത്യാസം വരുത്തി എടുത്തുകെട്ടിയിൽ ഘടിപ്പിച്ചിട്ടുള്ള പൂക്കളാണ് മേൽക്കൂരയിലെ കൗതുകക്കാഴ്ച. പള്ളിയെ താങ്ങി നിർത്തുന്ന നാലു തൂണുകൾ അകംപള്ളിയിലാണ്. വിസ്താരമേറിയ അകംപള്ളിയുടെ പടിഞ്ഞാറുഭാഗത്താണ് ഇമാം നിൽക്കുന്ന സ്ഥലം (മിഹറാബ്). കമാനത്തിന്റെ മാതൃകയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള മിഹറാബിന്റെ ഇടതുവശത്ത് മിംബർ. പെരുന്നാളിനും വെള്ളിയാഴ്ച പ്രാർഥനയ്ക്കും (ഖുത്തുബ) ഇമാം പ്രസംഗിക്കാൻ നിൽക്കുന്ന പീഠമാണ് മിംബർ. മിഹറാബിന്റെ ഇരുവശത്തുമുള്ള ജനലുകളുടെ ഫ്രെയിം കരിങ്കല്ലിലാണ് നിർമിച്ചിട്ടുള്ളത്.

നിഴൽ ഘടികാരം .

മാളികയുടെ മുകളിലേക്കുള്ള ഗോവണി പുറംപള്ളിയിലാണ്. അകംപള്ളിയും പുറം പള്ളിയും ചേർന്നത്രയും വലുപ്പമുള്ള ഹാളാണ് ‘മാളികപ്പുറം’. കിഴക്കും വടക്കുമായി പള്ളിയുടെ വശങ്ങളിലേക്ക് നീണ്ടു നിൽക്കുന്ന മുഖാപ്പുകളും അവയുടെ അലങ്കാരങ്ങളും കൊത്തുപണികളാണ്. പുറംപള്ളിയിലും അകംപള്ളിയിലുമായി കാണുന്ന എട്ടു മരത്തൂണുകളുടെ മുകളറ്റം രണ്ടാം നിലയുടെ മേൽക്കൂര വരെ നീണ്ടു നിൽക്കുന്നു. തെക്കു പടിഞ്ഞാറ് കോണിൽ താഴേക്ക് ഒരു കിളിവാതിലുണ്ട്. അകംപള്ളിക്കും മാളികപ്പുറത്തിനുമിടയിലുള്ള രഹസ്യ അറയുടെ പ്രവേശന കവാടമാണിത്. പള്ളി നിർമിച്ച തച്ചന്റെ ബുദ്ധിയും തന്ത്രവും ഇതു വ്യക്തമാക്കുന്നു. കിളിവാതിൽ ചേർത്തടച്ചാൽ രണ്ടു നിലകളുടെ ഇടയിൽ മറ്റൊരു ഹാൾ ഉണ്ടെന്ന് തിരിച്ചറിയില്ല.

അംഗശുദ്ധി വരുത്താൻ പണ്ട് ഉപയോഗിച്ചിരുന്ന കുളമാണ് താഴത്തങ്ങാടി പള്ളിയുടെ മുറ്റത്തിന്റെ ഭംഗി. കുളത്തിന്റെ അടിത്തട്ടു വരെ കൽപ്പടവ് നിർമിച്ചിട്ടുള്ള സ്നാനകേന്ദ്രത്തിൽ കുളപ്പുരയുണ്ട്. പള്ളിയുടെയും കുളപ്പുരയുടെയും മുൻഭാഗത്ത് മുറ്റത്തിന്റെ മധ്യത്തിലുള്ള നിഴൽ ഘടികാരം താഴത്തങ്ങാടി മസ്ജിന്റെ പഴമയ്ക്കു നേർസാക്ഷ്യം. സൂചി ചലിക്കുന്ന ക്ലോക്ക് കണ്ടുപിടിക്കുന്നതിനു മുൻപ് നിഴൽ നോക്കിയാണ് പ്രാർഥനാ സമയം മനസ്സിലാക്കിയിരുന്നത്. ‘‘ഘടികാര സ്തൂപത്തിലെ ദ്വാരത്തിന്റെ മധ്യത്തിൽ നിഴൽ എത്തിയാൽ നട്ടുച്ച, ഇരുവശത്തേക്കും നിഴൽ ചായുന്നതിന്റെ സ്ഥാനം നോക്കി ളുഹർ, അസർ നിസ്കാരത്തിനു സമയം തിരിച്ചറിഞ്ഞ ഇമാമുമാർ ഉണ്ടായിരുന്നു.. (കടപ്പാടുകൾ )