Monday, September 26, 2022

എയിംസ്

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നു പറഞ്ഞാൽ ചിലർക്കെങ്കിലും മനസ്സിലാകണമെന്നില്ല. എയിംസ് എന്നു ചുരുക്കിപ്പറഞ്ഞാൽ ഏതൊരാൾക്കും മനസ്സിലാകും; ഇന്ത്യയ്ക്കകത്തും പുറത്തും. എയിംസ് ഒരു സ്വപ്നമായിരുന്നു. ആദ്യ നെഹ്റു മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്ന രാജ്കുമാരി അമൃത്കൗ‍ർ കണ്ട സ്വപ്നം. ജവഹർലാൽ നെഹ്റുവിന്റെ ഉറച്ച പിന്തുണയും അമൃത്കൗറിന്റെ നിരന്തര ശ്രമവും ഇല്ലായിരുന്നെങ്കിൽ എയിംസ് രൂപംകൊള്ളിലായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യചികിത്സാ, പഠന, ഗവേഷണ സ്ഥാപനമായി എയിംസ് മാറില്ലായിരുന്നു. ആ വലിയ ഉയരത്തിലേക്ക് എത്തിപ്പെട്ട എയിംസിന്റെ കഥ മനസ്സിലാക്കേണ്ടത് അനിവാര്യതയാകുന്നു. വിശേഷിച്ചും ‘എയിംസുകളുടെ’ പേരുമാറ്റാനുള്ള ശ്രമം അണിയറയിൽ പുരോഗമിക്കുമ്പോൾ.
എന്താണ് സംഭവിക്കുന്നത്

ഇന്ത്യയിലെ ആദ്യത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡൽഹിയിലേതാണ്. ഇതിനെ ഡൽഹി എയിംസ് എന്നാണ് അറിയപ്പെടുന്നത്. നെഹ്റുവോ അന്നത്തെ സർക്കാരോ അതിനു സ്വന്തം പേരോ മറ്റാരുടെയെങ്കിലുമോ നൽകാതെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നു തന്നെ വിളിച്ചു. വർഷമിത്ര കഴിയുമ്പോൾ രാജ്യത്തെ എയിംസുകളുടെ എണ്ണം 23 ആയി. ഇവ ഓരോന്നും അതാതു സ്ഥല നാമം ചേർത്ത് എയിംസ് എന്നു തന്നെ തുടർന്നും അറിയപ്പെട്ടു പോന്നു.

ഇതിനു മാറ്റം വരുത്തണമെന്നു കേന്ദ്ര സർക്കാർ തീരുമാനിച്ചിടത്തു നിന്നാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ തുടക്കം. ഇതുപ്രകാരം, ഓരോ എയിംസിനും പ്രാദേശികമായ പ്രത്യേകതകളും സ്വഭാവവും കണക്കിലെടുത്ത് ചരിത്ര, സ്വാതന്ത്ര്യ സമര നായകരുടെ പേരുകൾ, ചരിത്രസ്മാരകങ്ങളുമായി ചേർത്തു പേരു നൽകാനാണ് സർക്കാർ തീരുമാനിച്ചത്. ഇക്കാര്യത്തിൽ എയിംസുകളിൽനിന്നു തന്നെ പേരുകളുടെ പട്ടിക നൽകാനും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം, ഓരോ സ്ഥാപനവും മൂന്നോ നാലോ പേരുകളും അവ നിർദേശിക്കാനുള്ള കാരണവും സഹിതം ആരോഗ്യമന്ത്രാലയത്തിനു മറുപടി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പേരുകൾ അന്തിമമാക്കാനുള്ള നടപടികളിലേക്കു ആരോഗ്യമന്ത്രാലയം കടന്നതിനിടെയാണ് വിവാദം ഉയരുന്നത്.
ആ കത്തിലെ ന്യായങ്ങൾ
എയിംസിന്റെ പേരുമാറ്റാനുള്ള നീക്കത്തിൽ ഒരുവിഭാഗം സംഘടനകളും അക്കാദമിക് വിദഗ്ധരും തുടക്കം മുതലേ എതിർപ്പറിയിച്ചു. ഡൽഹി എയിംസിലെ ഫാക്കൽറ്റി അസോസിയേഷൻ നീക്കത്തിനെതിരെ കത്തും നൽകി. പേരുമാറുന്നതു എയിംസിന്റെ സ്വത്വം തന്നെ നഷ്ടപ്പെടുത്തുമെന്നാണ് അസോസിയേഷൻ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് അയച്ച കത്തിലുള്ളത്.കത്തിൽ പറയുന്നത്: ‘ഒരു സ്ഥാപനത്തിന്റെ പേര് അതിന്റെ പെരുമയുമായി കൂടി ഇഴചേർന്നിരിക്കുന്നു. ഇതു മാറുന്നതു രാജ്യത്തിന് അകത്തും പുറത്തും എയിംസിനുള്ള പെരുമ നഷ്ടപ്പെടുത്തും. കേംബ്രിജ്, ഓക്സ്ഫഡ് എന്നിവയുടെ പേര് നൂറ്റാണ്ടുകളായി നിലനിർത്തുന്നതും ഇതേ കാരണം കൊണ്ടാണ്. ഇന്ത്യയിലും ലോകത്താകെയും പേരെടുത്ത ഐഐടികളും അതാതു സ്ഥലനാമംകൂടി ചേർത്താണ് അറിയപ്പെടുന്നത്. അവയുടെ ഒന്നും പേരുമാറ്റാൻ തീരുമാനമില്ല. ഐഐഎമ്മുകളുടെ കാര്യത്തിലും ഇതു തന്നെ സ്ഥിതി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആകട്ടെ വിജയകരമായ നൂറു വർഷങ്ങൾ പൂർത്തിയാക്കി കഴിഞ്ഞിട്ടും ഇതിന്റെ പേരു മാറിയില്ല. കൽക്കട്ട, ബോംബെ, മദ്രാസ് സർവകലാശാലകളുടെ സ്ഥിതി നോക്കു. ആ നഗരത്തിന്റെ തന്നെ പേരുകൾ കൊൽക്കത്ത, മുംബൈ ചെന്നൈ എന്നിങ്ങനെ മാറിയിട്ടും സർവകലാശാലകൾ പഴയ പേരിൽ തുടരുന്നു.
എയിംസിലെ ‘ത്രിത്വം
1956–ൽ ഇന്ത്യയിൽ എംയിംസ് രൂപീകരിക്കുമ്പോൾ 3 ലക്ഷ്യങ്ങളാണ് മുന്നോട്ടുവച്ചത്. രോഗിപരിചരണം, മെഡിക്കൽ വിദ്യാഭ്യാസം, ചികിത്സാഗവേഷണം. ഇതു മൂന്നും അഭിമാനകരമായി മുന്നോട്ടുകൊണ്ടുപോകുന്നുവെന്നതാണ് എയിംസിന്റെ പ്രത്യേകത. കോവിഡ് തീർത്ത വലിയ പ്രതിസന്ധിയിലും രാജ്യത്തിന് പിടിച്ചുനിൽക്കാൻ ബലമേകിയതു എയിംസ് നൽകിയ ദിശാബോധം കൊണ്ടുകൂടിയാണ്. ഏതെങ്കിലും തരത്തിൽ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതു നിരോധിച്ച് അവരുടെ പൂർണ സമർപ്പണം ഈ സ്ഥാപനത്തിലേക്കു മാത്രമാക്കി തുടക്കമിട്ടതാണ് ഡൽഹിയിലെ എയിംസ്. ഏഷ്യയിൽ തന്നെ ഇതൊരു പുതുമയായിരുന്നു. ഗുരു ശിഷ്യ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്ന രീതിയിൽ അധ്യാപകരും വിദ്യാർഥികളും ഇവിടെ ക്യാംപസിനകത്തു തന്നെ താമസിച്ചു.
എയിംസിന്റെ ‘ജനനരഹസ്യം’

എയിംസ് ഉൾപ്പെടെ ഇന്ത്യയിലെ സകല വികസനവും സമീപകാലത്തുണ്ടായതാണോയെന്ന ചോദ്യം എല്ലായ്പ്പോഴും വലിയ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും തിരികൊളുത്തുന്നതാണ്. ഇപ്പോഴുണ്ടാകുന്ന ഈ വാദങ്ങളെയെല്ലാം മറികടക്കുന്ന വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് ഇന്ത്യയിൽ എയിംസ് രൂപംകൊണ്ടതെന്നതാണ് യാഥാർഥ്യം. സർക്കാർ നടത്തിയ ആരോഗ്യ സർവേയുടെ അടിസ്ഥാനത്തിൽ ജോസഫ് ഭോറെ അധ്യക്ഷനായ വികസന സമിതി, 1946ൽ തന്നെ മെഡിക്കൽ പിജി പഠനത്തിനായി വളരെ പ്രധാനപ്പെട്ടൊരു സ്ഥാപനം രാജ്യത്തു വേണമെന്ന നിർദേശിച്ചിരുന്നു. ഇന്ത്യയുടെ ആദ്യത്തെ ആരോഗ്യമന്ത്രിയായ അമൃത് കൗറിന്റെ മുന്നിൽ എയിംസ് എന്ന വിഷയം എത്തുമ്പോൾ ഇതിനുള്ള ഫണ്ടായിരുന്നു പ്രതിസന്ധി. ഇക്കാര്യത്തിൽ ന്യൂസീലൻഡ് സർക്കാരിൽനിന്നു വലിയ തോതിൽ സാമ്പത്തിക പിന്തുണ നേടിയെടുക്കാൻ അവർക്കു കഴിഞ്ഞു. റോക്ക്ഫെല്ലർ ഫൗണ്ടേഷൻ, ഫോർ ഫൗണ്ടേഷൻ, ഓസ്ട്രേലിയ, വെസ്റ്റ് ജർമനി, ഡച്ച് സർക്കാരുകൾ തുടങ്ങിയവരുടെയും സംഭാവനയും പിന്തുണയും എയിംസിന്റെ രൂപീകരണത്തിൽ പ്രധാനമായി. സ്വയംഭരണ സ്വഭാവം കൊണ്ടുവരികയും രാജ്യാന്തര മുഖം ഇതിനു സൃഷ്ടിക്കുകയും ചെയ്തു കൊണ്ടാണ് സർക്കാർ എയിംസിനു തുടക്കമിട്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റൊരു കൗതുകകരമായ കാര്യം എയിംസ് സ്ഥാപിക്കാൻ ആദ്യം പരിഗണിച്ച സ്ഥലം കൽക്കത്തയായിരുന്നുവെന്നതാണ്. ഇതിന് അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ബി.സി. റോയി അനുമതി നൽകാതെ വന്നതോടെയാണ് എയിംസ് ഡൽഹിയിലായത്.
പെരുമയിലേക്ക് അതിവേഗം
1956 തുടക്കമിട്ട് കേവലം 5 വർഷം കൊണ്ടു തന്നെ അമേരിക്കയിലെയും കാനഡയിലെയും യൂറോപ്പിലെയും മികച്ച സ്ഥാപനങ്ങൾക്കൊപ്പം ഡൽഹി എയിംസും പരിഗണിക്കപ്പെട്ടു. എയിംസിന്റെ രൂപീകരണത്തിൽ മാത്രമല്ല, അമൃത്കൗർ എത്രമാത്രം ആ സ്ഥാപനത്തോട് ഇഴുകിച്ചേർന്നിരുന്നുവെന്നു വ്യക്തമാകാൻ ഒരു കഥ കൂടിയുണ്ട്: ‘1963ൽ എയിംസിന്റെ ഭരണസമിതി യോഗത്തിൽ പങ്കെടുക്കവേ, അവർ ഒരു പ്രഖ്യാപനം നടത്തി. ഷിംലയിലെ തന്റെ വസതി എയിംസിനു നൽകുന്നു. എയിംസിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും വിശ്രമ കേന്ദ്രമായി ഉപയോഗിക്കാനും പിരിമുറുക്കം കുറയ്ക്കാനും ഇതു സഹായിക്കും.
എയിംസ് ‘പടർന്നപ്പോൾ
സവിശേഷ സ്വഭാവത്തോടെ സ്ഥാപിക്കപ്പെട്ട എയിംസിന് രാജ്യത്തിനു പകർപ്പുണ്ടാക്കാ‍ൻ പിന്നീടു വന്ന സർക്കാരുകൾ ധൈര്യപ്പെട്ടില്ല. ഇത് ഇന്ത്യയുടെ ആരോഗ്യ ചികിത്സാരംഗത്ത് എയിംസിന് വേറിട്ട സ്ഥാനം നൽകിയപ്പോൾ തന്നെ, എയിംസ് പോലെ തലപ്പൊക്കമുള്ളൊരു കേന്ദ്രമില്ലാതെ രാജ്യത്തിന്റെ മറ്റുഭാഗങ്ങൾ വിഷമിച്ചു. 2003ൽ വാജ്‍പേയ് സർക്കാരാണ് ഈ പ്രതിസന്ധിക്കുള്ള പരിഹാരത്തിനു തുടക്കമിട്ടത്. 6 പിന്നാക്ക സംസ്ഥാനങ്ങളിൽ കൂടി എയിംസ് സ്ഥാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചെങ്കിലും വൈകാതെ അധികാരത്തിൽ നിന്നിറങ്ങി. പിന്നീട്, 2006ൽ യുപിഎ സർക്കാരാണ് പദ്ധതിക്ക് പുനരുജ്ജീവനം നൽകിയത്. രണ്ടു യുപിഎ സർക്കാരുകളുടെ കാലത്തായി 6 എയിംസുകൾ കൂടി ഏറെക്കുറെ പൂർത്തിയായതോടെ രാജ്യത്ത് ആകെ 7 എയിംസുകളായി. പിന്നീടു മോദി സർക്കാരിനു കീഴിൽ കൂടുതൽ എയിംസുകൾ പ്രഖ്യാപിക്കപ്പെട്ടു. 2015–2022 വരെ 16 എയിംസുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. ഇതിൽ 10 ഇടങ്ങളിൽ മാത്രമാണ് എയിംസിന്റേതായ പ്രവർത്തനം ഭാഗികമായെങ്കിലും തുടങ്ങിയതെന്നതു മറ്റൊരു കാര്യം. പ്രവർത്തനം തുടങ്ങിയതും നിർമാണത്തിലിരിക്കുന്നതും പ്രഖ്യാപിച്ചതും അടക്കം ആകെ 23 എയിംസുകളായി രാജ്യത്ത്. അടുത്ത ഘട്ടത്തിൽ കേരളവും എയിംസ് ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.
ചികിത്സയും പ്രസിദ്ധം
മെഡിക്കൽ പഠനത്തിന്റെ ക്ഷേത്രമെന്നു വിളിക്കാവുന്ന എയിംസിലെ ചികിത്സ പ്രസിദ്ധമാണ്. അതിൽ തന്നെ ഡൽഹി എയിംസ് മെഡിക്കൽ കോളജുകളുടെ റാങ്കിങ്ങിൽ ഒന്നാമതുള്ള സ്ഥാപനമാണ്. പൊതുവേ റഫറൽ ആശുപത്രിയെന്ന നിലയിലാണ് എയിംസ് പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ റഫറലായി എത്തുന്നവർക്കും നേരിട്ട് ഒപി ചികിത്സ തേടി വരുന്നവർക്കും മു‍ൻകൂർ റജിസ്ട്രേഷൻ നിർബന്ധമാണ്. ഓഫ്‍ലൈൻ റജിസ്ട്രേഷനുള്ള ക്യൂവിൽ ആയിരങ്ങളുണ്ടാകുമെന്നതാണ് പല ദിവസങ്ങളിലെയും അനുഭവം. ors.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ അപ്പോയിൻമെന്റും എയിംസ് ഒപിയിലുണ്ട്. ഒപിഡി സമയം, ഡോക്ടർമാരുടെ സമയപരിമിതി എന്നിവ ആശ്രയിച്ചിരിക്കും ഫലം. ഡോക്ടറെ കാണാനാകാതെ നിരാശരായി എയിംസിന്റെ പരിസരത്തു ചുറ്റിത്തിരിയുന്ന നൂറുകണക്കിനു രോഗികളെയും അവരുടെ ബന്ധുക്കളെയും ഇവിടെ കാണാനാകും. അപൂർവമായ പല രോഗാവസ്ഥകളിലും ഇന്ത്യയിൽ അവസാന അഭയമായാണ് എയിംസ് കരുതപ്പെടുന്നത്. ഇന്ത്യയുടെ നാനാഭാഗങ്ങളി‍ൽ നിന്നു മാത്രമല്ല, ലോകത്തിന്റെ പല കോണുകളിൽ നിന്നും ഇവിടേക്ക് രോഗികൾ എത്തുന്നു. ഇന്ദിര ഗാന്ധിക്ക് അംഗരക്ഷകരുടെ വെടിയേറ്റപ്പോൾ അംബാസിഡർ കാറിൽ എത്തിച്ചതു ഡൽഹി എയിംസിലേക്കായിരുന്നു. സ്ഥാപനകാലം മുതൽ പ്രധാനമന്ത്രിമാർ തുടങ്ങി പ്രമുഖരുടെ ചികിത്സ ആവശ്യങ്ങളിൽ എയിംസ് ഡൽഹിയുണ്ട്.
പേരുമാറ്റം ‘പടരുമ്പോൾ’

ബിജെപി സർക്കാരുകൾക്കു കീഴിൽ സ്ഥലനാമങ്ങളിൽ തുടങ്ങിയ പേരുമാറ്റമാണ് ഇപ്പോൾ സ്ഥാപനങ്ങളിലേക്കു പടർന്നിരിക്കുന്നത്. ബിജെപി സർക്കാരുകൾ പേരുമാറ്റം പതിവാക്കിയതോടെ, കിട്ടിയ സ്ഥലങ്ങളിൽ കോൺഗ്രസും മോശമാക്കിയില്ല. കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കുന്ന ഛത്തീസ്ഗഡ് തന്നെ ഉദാഹരണം. ഇവിടെ, ജനസംഘം നേതാവായിരുന്ന പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ പേരിൽ മുൻ സർക്കാർ ആരംഭിച്ച 5 പദ്ധതികളുടെ പേരുകൾ കോൺഗ്രസ് സർക്കാർ പരിഷ്കരിച്ചു. രാജീവ് ഗാന്ധി, ഡോ. ബി. ആർ. അംബേദ്കർ, ഇന്ദിരാ പ്രിയദർശിനി എന്നീ പേരുകൾ നൽകിയായിരുന്നു മാറ്റം.
കേന്ദ്രം ‘കേരളത്തിൽ’ മാറ്റുമ്പോൾ
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ (ആർജിസിബി) തിരുവനന്തപുരത്തെ പുതിയ ക്യാംപസിന് ആർഎസ്എസ് താത്വികാചാര്യൻ എം.എസ്. ഗോൾവാൾക്കറുടെ പേരിടുമെന്ന് 2020ൽ അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ നടത്തിയ പ്രഖ്യാപനം വലിയ വിവാദമായിരുന്നു. ആക്കുളത്തുള്ള ഉദ്ഘാടനം ചെയ്യുന്ന ക്യാംപസിന് ‘ശ്രീ ഗുരുജി മാധവ സദാശിവ ഗോൾവാൾക്കർ നാഷനൽ സെന്റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ കാൻസർ ആൻഡ് വൈറൽ ഇൻഫെക്‌ഷൻ’ എന്നാകും പേരെന്നായിരുന്നു മന്ത്രിയുടെ പരാമർശം. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രധാനമന്ത്രിക്ക് കത്തെഴുതി.
നെഹ്റു തുഴഞ്ഞ വള്ളം
ഹർഷ് വർധന്റെ പ്രസ്താവന ഏറ്റുപിടിച്ച ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ വി. മുരളീധരൻ നടത്തിയ പ്രസ്താവന കൂടുതൽ വിവാദങ്ങളും സൃഷ്ടിച്ചു. നെഹ്റു ഏതു വള്ളം തുഴഞ്ഞിട്ടാണു വള്ളംകളിക്കു നെഹ്റു ട്രോഫി എന്നു പേരിട്ടത് എന്നായിരുന്നു മുരളീധരന്റെ ചോദ്യം. വള്ളംകളി കണ്ട് ആവേശഭരിതനായ നെഹ്റു ചുണ്ടൻ വള്ളത്തിൽ കയറിയതും നെഹ്റുവിന്റെ ഒപ്പോടു കൂടിയ കപ്പാണു വള്ളംകളിയിൽ വിജയിക്കുന്നവർക്കു നൽകുന്നതെന്ന ചരിത്രം അറിയാത്തതിന്റെയും കുഴപ്പമാണിതെന്നായിരുന്നു കോൺഗ്രസിന്റെ തിരിച്ചടി.
ജെഎൻയുവും മാറുമോ
എയിംസ് പോലെ പാർലമെന്റ് പാസാക്കിയ പ്രത്യേക നിയമം വഴി ഉന്നത വിദ്യാഭ്യാസ രംഗത്തു സ്ഥാപിക്കപ്പെട്ട ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയ്ക്കു (ജെഎൻയു) പേരുമാറ്റം വേണമെന്ന് ബിജെപി കേന്ദ്രങ്ങൾ ശക്തമായി വാദിക്കുന്നുണ്ട്. സ്വാമി വിവേകാനന്ദന്റെ പേരു നൽകുന്നതിനെക്കുറിച്ചു ചർച്ച നടക്കുകയാണെന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി.രവി പറഞ്ഞെങ്കിലും പിന്നീട് ഈ ദിശയിൽ വലിയ ചർച്ചകൾ വന്നില്ല. ഇതിനിടെ, ജെഎൻയുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിടണമെന്നു ബിജെപി എംപിയും പഞ്ചാബി ഗായകനുമായ ഹൻസ്‍ രാജ് ഹൻസ് പറഞ്ഞതു വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ജെഎൻയു ക്യാംപസിൽ നടന്ന ചടങ്ങിലായിരുന്നു പരാമർശം.

Sunday, September 25, 2022

ഓപ്പറേഷന്‍ പോളോ: മറച്ചുവെക്കപ്പെട്ട ഒരു ചരിത്രാനുഭവം.

ഹൈദരാബാദിനെ ഇന്ത്യന്‍ യൂനിയനോട് ചേര്‍ക്കാനായി 1948 സെപ്റ്റംബര്‍ 13 മുതല്‍ 17 വരെ നടത്തപ്പെട്ട 'ഓപ്പറേഷന്‍ പോളോ' എന്ന പട്ടാള നടപടിയുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശാനാണ് ഈ പഠനത്തിലൂടെ ശ്രമിക്കുന്നത്.
മുഗളന്മാരുടെ പതനത്തെ തുടര്‍ന്ന് 1724ല്‍ ദക്ഷിണേന്ത്യയിലെ ഡക്കാന്‍ പീഠഭൂമിയില്‍, മിര്‍ കമറുദ്ദീന്‍ സിദ്ദീഖിയാണ് ആസിഫ് ജാഹി ഭരണകൂടം എന്ന പേരില്‍ ഒരു രാഷ്ട്രം (ഹൈദരാബാദ്) സ്ഥാപിച്ചത്. 1798ല്‍ ആര്‍തര്‍ വെല്ലസ്ലി ബ്രിട്ടനോട് കൂട്ടിച്ചേര്‍ത്ത ആദ്യത്തെ ഇന്ത്യന്‍ സ്‌റ്റേറ്റ് ഹൈദരാബാദ് ആയിരുന്നു. ആസിഫ് ജാഹി ഭരണകൂടത്തിലെ ഏഴാമത്തെയും ഒടുവിലത്തെയും നൈസാം മീര്‍ ഉസ്മാന്‍ അലിയുടെ ഭരണകാലത്ത് മൊത്തം 214190 കി.മീ വലുപ്പമുള്ളതും 1941 ലെ കണക്ക് പ്രകാരം 16.34 ദശലക്ഷം ജനസംഖ്യയുള്ളതുമായ സമ്പന്ന രാജ്യമായിരുന്നു ഹൈദരാബാദ്. പൗരന്‍മാരില്‍ 85% വും ഹിന്ദുക്കളായിരുന്നു. എന്നാല്‍ ഹൈദരാബാദ് ഭരണകൂടത്തില്‍ ഹിന്ദുക്കളുടെ സാന്നിധ്യം വളരെ കുറവായിരുന്നു.
സംസ്ഥാനത്തെ 1765 ആര്‍മി ഓഫിസര്‍മാരില്‍ 1268 ഉം മുസ്‌ലിംകളായിരുന്നു. 421 പേര്‍ മാത്രമായിരുന്നു ഹിന്ദുക്കള്‍. 121 പേര്‍ ക്രിസ്ത്യാനികളും പാഴ്‌സികളും സിഖുകാരുമായിരുന്നു. സംസ്ഥാനത്തിന്റെ 40% ഭൂമിയും മുസ്‌ലിംകളുടെ നിയന്ത്രണത്തിലായിരുന്നു.
ബ്രിട്ടീഷ് വാഴ്ചക്കാലത്ത് പോലും ഹൈദരാബാദിന് സ്വന്തം സൈന്യവും റെയില്‍വെയും പോസ്‌റ്റേജുമുണ്ടായിരുന്നു.
1947 ആഗസ്റ്റ് 15ന് ബ്രിട്ടീഷ് രാജ് അവസാനിക്കുമ്പോള്‍ ഇന്ത്യയില്‍ 562 നാട്ടുരാജ്യങ്ങളുണ്ടായിരുന്നു. അവയില്‍ തിരുവിതാംകൂര്‍, മൈസൂര്‍, ജോഡ്പൂര്‍, ജൈസാല്‍മെര്‍, ഭോപ്പാല്‍, ജൂനഗഡ്, ഹൈദരാബാദ്, കാശ്മീര്‍ എന്നിവയാണ് സ്വതന്ത്രമായി നിലകൊള്ളാനുള്ള അഭിവാജ്ഞ പുലര്‍ത്തിയത്. എന്നാല്‍ വി.പി മേനോന്റെ നയതന്ത്രജ്ഞതയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഉരുക്കുമുഷ്ടിയും എല്ലാറ്റിനേയും നിലംപരിശാക്കി.
ഹൈദരാബാദ്: 1947-നുശേഷം
         ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ തുടര്‍ന്ന് നൈസാം ബ്രിട്ടീഷ് കോമണ്‍വെല്‍ത്തില്‍ അംഗമാകാനും യു.എന്‍ അംഗത്വത്തിനും ശ്രമിച്ചു. രണ്ടും നിഷ്പ്രഭമായി. നൈസാമിനെ നേതൃത്വത്തില്‍ തുടരാന്‍ അനുവദിച്ചുകൊണ്ട് ഹിതപരിശോധന (പ്ലെബിസൈറ്റ്) നടത്തുക, പ്രത്യേക അധികാരങ്ങളോടെ ഇന്ത്യന്‍യൂനിയനില്‍ ചേരുക എന്നീ നിര്‍ദേശങ്ങള്‍ ജവഹര്‍ലാല്‍ നെഹ്‌റുവും പട്ടേലും മൗണ്ട് ബാറ്റനും മുന്നോട്ടുവെച്ചു. പൂര്‍വാവസ്ഥ(സ്റ്റാന്റ് സ്റ്റില്‍) തുടരാന്‍ അനുവദിക്കുന്ന കരാറിനു പോലും നെഹ്‌റു സന്നദ്ധത പ്രകടിപ്പിച്ചു.(1) 13% മുസ്‌ലിംകള്‍ക്ക് അസംബ്ലിയില്‍ 40% പ്രാതിനിധ്യം നല്‍കാമെന്ന വാഗ്ദാനം പോലും നൈസാം നിരസിച്ചു. കെ.എം മുന്‍ഷിയുടെ വാക്കുകളില്‍ നൈസാം, ഹൈദരാബാദിനെ ഒരു സ്വതന്ത്ര ഇസ്‌ലാമിക രാഷ്ട്രമാക്കാന്‍ ശ്രമിച്ചു.(2)
1948 ജൂലൈ 26-ന് ഇന്ത്യാ ഗവണ്‍മെന്റ് പുറത്തിറക്കിയ ധവളപത്രത്തില്‍ ഇന്ത്യന്‍ ഹൃദയത്തിലെ അള്‍സര്‍ ആയാണ് ഹൈദരാബാദിനെ വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യക്ക് ഇടപെടാതിരിക്കാനാവില്ലെന്ന് ധവളപത്രം അവിതര്‍ക്കിതമായി വ്യക്തമാക്കിയിരുന്നു.(3) അതേ തുടര്‍ന്ന് ഹൈദരാബാദിന്റെ പ്രധാനമന്ത്രി മീര്‍ ലൈക്ക് അലിയും സര്‍ദാര്‍ പട്ടേലും പലവുരു പരസ്പര ഭീഷണിമുഴക്കി. ഈ വാക്കുമത്സരത്തിന്റെ പാരമ്യത്തിലും സര്‍ദാര്‍പട്ടേലിന്റെ പ്രത്യേകമായ ആവേശത്തിലുമാണ് ഹൈദരാബാദില്‍ പട്ടാള നടപടിയുണ്ടാകുന്നത്.
ഇന്ത്യയിലേറ്റവുമധികം പോളോഗ്രൗണ്ട് (17 എണ്ണം) ഹൈദരാബാദിലായതുകൊണ്ടാണ് ഈ പട്ടാളനടപടിക്ക് 'ഓപ്പറേഷന്‍ പോളോ' എന്ന പേര്‍ നല്‍കപ്പെട്ടത്.

റസ്സാക്കന്‍മാരും പ്രചാരണങ്ങളും
         1944 ജൂണില്‍ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ പ്രസിഡന്റ് ബഹാദൂര്‍ യാര്‍ ജംഗ് മരിച്ചപ്പോള്‍ എം.ഐ.എം നേതൃനിരയില്‍ വലിയൊരു വിടവ് സൃഷ്ടിക്കപ്പെട്ടു. അതിനു ശേഷം അബ്ദുല്‍ ഹസ്സന്‍ സയ്യിദ്അലിയും പിന്നീട് മസ്‌വീര്‍ അലി കാമിലും പ്രസ്ഥാനത്തിന്റെ പ്രസിഡന്റുമാരായി. രണ്ടു വര്‍ഷത്തിനുശേഷം 1946ല്‍ മൗലവി സയ്യിദ് കാസിം റിസ്‌വി മജ്‌ലിസ് പ്രസിഡന്റായി. 1900ല്‍ ജനിക്കുകയും അലിഗര്‍ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദമെടുക്കുകയും ചെയ്ത പ്രഭാഷണ വീരനായിരുന്നു റിസ്‌വി.
ബഹാദൂര്‍ യാര്‍ ജംഗ് ഫണ്ട് ശേഖരണാഹ്വാനം പ്രഖ്യാപിച്ചപ്പോള്‍ തന്റെ മുഴുവന്‍ സമ്പത്തും പാര്‍ട്ടിക്കെഴുതിക്കൊടുത്തു കാസിം റിസ്‌വി. ധീരവീര പരാക്രമിയും സത്യസന്ധനുമായ കാസിം റിസ്‌വി വിവേകമതിയായിരുന്നില്ല. എളുപ്പം വികാരവിക്ഷുബ്ധമാകുന്ന പ്രകൃതക്കാരനായിരുന്നു. തന്റെ പ്രസംഗത്തിലുടനീളം ഇന്ത്യന്‍ യൂനിയനെ പ്രകോപിപ്പിച്ചുകൊണ്ടു ജനങ്ങളെ സംഘടിപ്പിക്കാനാണ് റിസ്‌വി ഉദ്യമിച്ചത്. തനിക്കെതിരായ ഒരു ഹിന്ദു ഉയിര്‍ത്തെഴുന്നേല്‍പ് ഭയന്ന നൈസാം, മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീനെ 'റസ്സാക്കേഴ്‌സ്' (വളണ്ടിയര്‍മാര്‍) എന്ന സന്നദ്ധ സംഘടന രൂപീകരിച്ച് ഇന്ത്യാ ലയനത്തെ ചെറുക്കാന്‍ അനുവദിക്കുകയായിരുന്നു. ആയിരങ്ങള്‍ ഈ സംഘടനയില്‍ അംഗങ്ങളായി.
റസ്സാക്കന്‍മാരുമായുണ്ടായ നിരന്തരകലാപം, ഹൈദരാബാദിനെയും തൊട്ടുകിടക്കുന്ന ഭാഗങ്ങളെയും നിരന്തരം അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. മുഴുവന്‍ ഹൈദരാബാദി മുസ്‌ലിംകളും റസ്സാക്കന്‍മാരാണ് എന്ന പ്രതീതിയാണ് കാസിം റിസ്‌വി സൃഷ്ടിച്ചത്.
എന്നാല്‍ ഒരു ഹിന്ദുവിരോധസ്വഭാവം കാസിമിനുണ്ടായിരുന്നില്ല. നിരവധി അമുസ്‌ലിംകളും റസ്സാക്കര്‍ പ്രസ്ഥാനത്തിലണിനിരന്നിരുന്നു. എന്നാല്‍ നാവിന്റെ ദുരുപയോഗം മൂലം ഹൈദരാബാദിന് പിന്നീട് വന്നുഭവിച്ച ദുര്‍വിധിയില്‍ മറ്റാരെക്കാളും ഉത്തരവാദിയായി മാറി കാസിം റിസ്‌വി!
അതേസമയം ഹൈദരാബാദ് സ്റ്റേറ്റ് കോണ്‍ഗ്രസ്സ്, നൈസാമിനെതിരായ സമരത്തില്‍ അണിചേര്‍ന്നു. 1947 ഡിസംബര്‍ 4ന് ഹിന്ദുത്വ പ്രസ്ഥാനമായ ആര്യസമാജത്തിന്റെ നേതാവ് നാരായണ റാവു പവാര്‍, കൊട്ടാരത്തിന് പുറത്തുവെച്ച് നൈസാമിനെ വധിക്കാനുള്ള ശ്രമം വരെ നടത്തി.ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന് 1947-'48കാലത്തുണ്ടായ സംഭവവികാസങ്ങള്‍ ഹൈദരാബാദിനെ ഒരു നെരിപ്പോടിലേക്ക് തള്ളിവിട്ടു. 10 ലക്ഷത്തോളം മുസ്‌ലിം അഭയാര്‍ത്ഥികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹൈദരാബാദിലെത്തി. വികാരവിക്ഷുബ്ധതയോടെ താന്‍, നൈസാമിന്റെ വെന്നിക്കൊടി ചെങ്കോട്ടയിലുയര്‍ത്തുമെന്ന് വീരസ്യം മുഴക്കുവാനും കാസിം റിസ്‌വി തയ്യാറായി.
യാഥാര്‍ത്ഥ്യബോധം ലവലേശമില്ലാത്ത കാസിം റിസ്‌വി, ഇന്ത്യന്‍ യൂനിയന്റെ അക്രമണത്തെ തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ഹൈദരാബാദിനെ പ്രതിരോധിക്കാനാഹ്വാനം ചെയ്തുകൊണ്ടു ഇങ്ങനെ പറഞ്ഞു: 'നമ്മുടെ രാജ്യത്തെ (ഹൈദരാബാദിലെ) ഒരമുസ്‌ലിമിനെയും നാം നോവിക്കരുത്. ഓര്‍ക്കുക, നമ്മുടെ യുദ്ധം ഇന്ത്യന്‍ യൂനിയനെതിരെയാണ്, ഹിന്ദുക്കള്‍ക്കെതിരായല്ല. നിങ്ങള്‍ സ്ത്രീകളേയും കുട്ടികളേയും വൃദ്ധരേയും ആക്രമിക്കരുത്. നിരായുധരായ ശത്രുക്കളെപ്പോലും ആക്രമിക്കരുത്. അക്രമികളെ അല്ലാഹു സഹായിക്കുകയില്ല.'
റസ്സാക്കന്‍മാര്‍ ചില അന്യായങ്ങളും അതിക്രമങ്ങളും കാണിച്ചിട്ടുണ്ടെങ്കിലും മിക്കതും പലമടങ്ങ് ഊതിവീര്‍പ്പിച്ചതും യുദ്ധാവശ്യാര്‍ത്ഥം പര്‍വതീകരിക്കപ്പെട്ടതുമായിരുന്നു. തന്റെ ഭരണകൂടം നിലനിര്‍ത്താന്‍ റസ്സാക്കന്‍മാരെ ഉപയോഗിച്ച നൈസാമും ഇക്കാര്യത്തില്‍ നൈസാമിനെ അന്ധമായി സഹായിച്ച കാസിം റിസ്‌വിയും മുസ്‌ലിംകളുടെയോ ഹൈദരാബാദ് സമൂഹത്തിന്റെയോ മൊത്തക്കുത്തക അവകാശപ്പെടാനാകാത്തവരായിരുന്നു. യാഥാര്‍ത്ഥ്യബോധം അവരെ തൊട്ടുതെറിച്ചിരുന്നില്ല. തങ്ങളുടെ ശക്തിയെക്കുറിച്ച അതീവഗുരുതരമായ മിഥ്യാഭിമാനവും വിഭ്രാന്തിയും അവരെ പിടികൂടിയിരുന്നു.
1948 സെപ്റ്റംബര്‍ 13ന് ഇന്ത്യന്‍ പട്ടാള അധിനിവേശം നടന്നപ്പോള്‍ കാര്യമായ ഒരു ചെറുത്തുനില്‍പ്പും നേരിട്ടില്ല. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സൈനിക നേതൃത്വത്തിന് തന്നെ അമ്പരപ്പുണ്ടായിരുന്നു.

ഭീകരതയുടെ ദുര്‍ദിനങ്ങള്‍
         ഹൈദരാബാദ് കൂട്ടിച്ചേര്‍ക്കലിന് വേണ്ടി ഇന്ത്യയുടെ ഏജന്റ് ജനറലായി പ്രവര്‍ത്തിച്ചത് അല്‍പം വര്‍ഗീയ സ്വഭാവമുള്ള കെ.എം മുന്‍ഷിയായിരുന്നു. 1957ല്‍ പ്രസിദ്ധീകൃതമായ തന്റെ 'എന്റ് ഓഫ് ആന്‍ എറാ' എന്ന തന്റെ ഓര്‍മക്കുറിപ്പുകളില്‍ ഹൈദരാബാദില്‍ 1948ല്‍ നടന്ന മുസ്‌ലിംകുരുതികളെകുറിച്ച് നിശ്ശബ്ദത പാലിക്കുകയായിരുന്നു.(4)
ഔദ്യോഗികമായി ഉപയോഗിച്ചിരുന്ന 'പോലിസ് നടപടി' എന്ന പദത്തിന്റെ അപര്യാപ്തത ബോംബെയില്‍ നിന്നുള്ള പത്രപ്രവര്‍ത്തകന്‍ ഡി.എഫ് കാരാക നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.(5)
മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് പി.സുന്ദരയ്യ തന്റെ കൃതിയില്‍ 'പറയപ്പെടാത്ത അനേകം ക്രൂരതകള്‍ക്ക് സാധാരണ മുസ്‌ലിം ജനത ഇരയായി' എന്ന് രേഖപ്പെടുത്തുന്നുണ്ട്.(6)റസ്സാക്കന്‍മാര്‍ കാറ്റ് വിതച്ച് കൊയ്തത് കൊടുങ്കാറ്റല്ല, ചുഴലിക്കാറ്റായിരുന്നുവെന്നും അതില്‍പെട്ട് ഹൈദരാബാദിലെ പത്തിലൊന്നു മുതല്‍ അഞ്ചിലൊന്നു വരെ മുസ്‌ലിം പുരുഷന്മാര്‍ അറുകൊലചെയ്യപ്പെട്ടുവെന്നും ഇതേകുറിച്ച് പഠിച്ച ജര്‍മ്മന്‍ ഗവേഷക രേഖപ്പെടുത്തുന്നു.(7)
മുഹമ്മദലി ജിന്നയുടെ കടുത്ത വിമര്‍ശകനും പ്രമുഖ ഓറിയന്റലിസ്റ്റ് പണ്ഡിതനുമായിരുന്ന വില്‍ഫ്രഡ് കാന്റ് വെല്‍സ്മിത്ത് മിഡില്‍ ഈസ്റ്റ് ജേര്‍ണലില്‍ എഴുതിയ പ്രബന്ധത്തില്‍ കൊലചെയ്യപ്പെട്ടവരുടെ സംഖ്യ 50,000 ആണെന്ന്, മറ്റുചില കണക്കുകള്‍ പ്രകാരം രണ്ടു ലക്ഷമോ അതിലധികമോ വരുമെന്നും കുറിക്കുന്നു.(8)
ഇതിലേറ്റവും ചെറിയ കണക്കുപോലും റസ്സാക്കന്‍മാരുടെ ദുഷ് ചെയ്തിമൂലം ജീവന്‍ നഷ്ടപ്പെട്ടതായി ഔദ്യോഗികമായി കുറ്റപ്പെടുത്തുന്നതിന്റെ 10 ഇരട്ടിയിലധികം വരുമെന്നും സ്മിത്ത് കൂട്ടിച്ചേര്‍ക്കുന്നു: 'ചിലയിടങ്ങളില്‍ പുരുഷന്‍മാരെ മുഴുവന്‍ നിരത്തിനിര്‍ത്തി വധിക്കുകയായിരുന്നു.' 'മുസ്‌ലിംകള്‍ ആയിരക്കണക്കായി അരുംകൊലചെയ്യപ്പെട്ടു. ആയിരങ്ങള്‍ വേരറുത്തു മാറ്റപ്പെട്ടു. ഇതൊരു പ്രതികാരമായിരുന്നു.'(9)
അതിഭീകരമായ കൊലകളും ബലാത്സംഗങ്ങളും 1948ല്‍ ഹൈദരാബാദിലെ ഇന്ത്യന്‍ പട്ടാള ഇടപെടലില്‍ അരങ്ങേറി.(10) നെഹ്‌റുവിന്റെ നിര്‍ദേശാനുസരണം പണ്ഡിറ്റ് സുന്ദര്‍ലാലിന്റെ നേതൃത്വത്തില്‍ നിയോഗിതമായ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടില്ല. എന്നാല്‍ അവയില്‍ നിന്ന് ചോര്‍ന്നുകിട്ടിയ വിവരങ്ങള്‍ 1988ല്‍ തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു.
അക്രമത്തില്‍ പങ്കെടുത്തത് പട്ടാളവും ഹിന്ദുത്വരും പോലിസും ചേര്‍ന്നാണ്. അതിക്രമങ്ങള്‍ക്ക് മുമ്പ് മുസ്‌ലിം ജനതയെ നിരായുധരാക്കിയിരുന്നു. റിപ്പോര്‍ട്ടില്‍ നിന്നുള്ള ഒരു സാമ്പിള്‍ കാണുക:
'ഒസ്മാനാബാദ് ജില്ലയിലെ ഗന്‍ജോദി പൈഗാ: ഇവിടെ മുസ്‌ലിംകളുടേതായി 500 വീടുകളുണ്ടായിരുന്നു. ഇതില്‍ 200 പേരെ ഗുണ്ടകള്‍ കൊന്നു. സൈന്യം മുസ്‌ലിംകളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. പ്രത്യാക്രമണത്തിനു ശേഷിയില്ലാത്തവരെയാണ് ഗുണ്ടകള്‍ കൊന്നത്. മുസ്‌ലിം സ്ത്രീകളെ സൈന്യം ബലാത്സംഗം ചെയ്തു. ഗന്‍ജോദിയിലെ പാഷാബി എന്ന താമസക്കാരന്റെ മൊഴി: സൈന്യത്തിന്റെ വരവോടെ ഗന്‍ജോദിയില്‍ കുഴപ്പങ്ങള്‍ ആരംഭിച്ചു. എന്നാല്‍ യുവ മുസ്‌ലിം സ്ത്രീകളും ബലാത്സംഗത്തിനിരയായി. ഒസ്മാന്‍ സാഹിബിന്റെ അഞ്ചു പെണ്‍മക്കളും കാസിയുടെ ആറ് പെണ്‍മക്കളും ബലാത്സംഗം ചെയ്യപ്പെട്ടു. ഇസ്മായില്‍ സാഹിബ് സൗദാഗറുടെ മകള്‍ സൈബാ ചാമറെ വീട്ടില്‍ വെച്ച് ഒരാഴ്ചയോളം തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു. ഉമര്‍ഗയില്‍ നിന്നുള്ള സൈന്യം രാത്രിമുഴുവന്‍ ലൈംഗിക ദാഹം തീര്‍ത്തു. നേരം പുലരുമ്പോള്‍ മുസ്‌ലിംസ്ത്രീകളെ വീടുകളിലേക്കയച്ചിരുന്നു. മഹ്താബ് തമ്പോലിയുടെ പെണ്‍മക്കളെ ഹിന്ദുത്വര്‍ വീതിച്ചെടുക്കുകയായിരുന്നു.'(11) ഇത്തരം വിവരങ്ങളുടെ ഒരു ശേഖരമാണ് റിപ്പോര്‍ട്ട്.
കുരുതികള്‍ കണ്ടു നില്‍ക്കാന്‍ കുട്ടികള്‍ നിര്‍ബന്ധിതരായി. അപമാനത്തെ തുടര്‍ന്ന് നിരവധി സ്ത്രീകള്‍ ആത്മഹത്യ ചെയ്തു. നൂറുകണക്കിനു കുരുന്നുകളെയും അക്രമിക്കൂട്ടം കൊന്നുതള്ളി. ഷുവാര്‍പൂരിലെ ഒരു കിണറ്റില്‍ നിന്ന് മാത്രം 40 കുട്ടികളുടെ മൃതദേഹങ്ങളാണ് കിട്ടിയത്.
യു.പി ഗവര്‍ണറായിരു സരോജിനിനായിഡു, ഹൈദരാബാദിലെ വ്യാപകമായ കൂട്ടക്കുരുതികളെയും ലൈംഗികാതിക്രമങ്ങളെയും കുറിച്ചറിഞ്ഞ് കരഞ്ഞുപോയി.(12) സൈനിക നടപടിയുടെ വര്‍ഗീയ സ്വഭാവത്തില്‍ മനംമടുത്ത് 700 മുസ്‌ലിം പട്ടാളക്കാര്‍ സൈന്യം വിട്ടതായുള്ള സ്ഥിരീകരിക്കാത്ത ഒരു റിപോര്‍ട്ടും ഖലീദി ഉദ്ധരിക്കുന്നു.(13)
പട്ടാള നടപടിക്ക് ശേഷം നിരവധി മുസ്‌ലിം ഉദ്യോഗസ്ഥര്‍ പിരിച്ചുവിടപ്പെട്ടു. അനവധി പേര്‍ നിര്‍ബന്ധിത റിട്ടയര്‍മെന്റിന് വിധേയരായി; ചിലരെ തരം താഴ്ത്തി; ചിലരോട് നിര്‍ബന്ധിത ലീവ് എഴുതിവാങ്ങി. മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് മറ്റു ചില ഉദ്യോഗസ്ഥര്‍ സ്വയം പിരിഞ്ഞുപോവുകയും ചെയ്തു.(14) ഔദ്യോഗിക ഭാഷ ഉറുദുവില്‍ നിന്ന് ഇംഗ്ലീഷിലേക്ക് ഒറ്റയടിക്ക് മാറ്റിയത്, ഇതിനൊക്കെയുള്ള ന്യായീകരണമായി ഉന്നയിക്കപ്പെട്ടു.ഹൈദരാബാദ് പ്രധാനമന്ത്രി മീര്‍ ലൈക് അലിയും റസ്സാക്കന്‍ തലവന്‍ കാസിം റിസ്‌വിയും അറസ്റ്റു ചെയ്യപ്പെട്ടു. മേജര്‍ ജനറല്‍ ചൗധുരി ഹൈദരാബാദിന്റെ മിലിട്ടറി ഗവര്‍ണറായി ചാര്‍ജെടുത്തുകൊണ്ട് പ്രസ്തുത തസ്തികയില്‍ 1949 വരെ തുടര്‍ന്നു. 1950 ജനുവരിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ എം.കെ. വെങ്ങോടിയെ ഹൈദരാബാദ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായും നിയോഗിക്കപ്പെട്ടു. നൈസാം മിര്‍ ഒസ്മാന്‍ അലി ഖാന്‍ 'രാജ് പ്രമുഖ്' എന്ന തസ്തികയില്‍ അവരോധിതമായി. 1952 ലെ പൊതു തിരഞ്ഞെടുപ്പുനിശേഷം ബി. രാമകൃഷ്ണറാവുവിന്റെ നേതൃത്വത്തിലുള്ള ജനകീയ മന്ത്രിസഭ അധികാരാരോഹണം നടത്തി. 1956 ലാണ് ഹൈദരാബാദ്, ആന്ധ്രാപ്രദേശ് സംസ്ഥാനത്തോട് കൂട്ടിച്ചേര്‍ക്കപ്പെട്ടത്.

പണ്ഡിറ്റ് സുന്ദര്‍ലാല്‍ റിപോര്‍ട്ട്
         ഹൈദരാബാദില്‍ നടന്ന അതിക്രമങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ കിട്ടിയ നെഹ്‌റു കോണ്‍ഗ്രസുകാരനായ പണ്ഡിറ്റ് സുന്ദര്‍ലാലിന്റെ (1886-1980) നേതൃത്വത്തിലുള്ള ഒരു സംഘത്തെ നിയോഗിച്ചു. കാസി മുഹമ്മദ് അബ്ദുല്‍ഗഫാര്‍(1889-1956), മൗലാനാ അബ്ദുല്‍ മിസ്‌റി എന്നിവരടങ്ങിയ അന്വേഷണസംഘം 1948 നവംബര്‍-ഡിസംബര്‍ കാലഘട്ടത്തില്‍ ഏഴ് ജില്ലാ തലസ്ഥാനങ്ങളിലും 21 പട്ടണങ്ങളിലും സന്ദര്‍ശനം നടത്തി. 109 വില്ലേജുകളില്‍ നിന്നുള്ള 500 പേരെ ഇന്റര്‍വ്യൂ ചെയ്തു. നെഹ്‌റുവിന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ 27,000ത്തിനും 40,000ത്തിനുമിടക്ക് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായും ഇന്ത്യന്‍ പട്ടാളവും പോലിസും ഹിന്ദുത്വവര്‍ഗീയവാദികളോട് ചേര്‍ന്ന് അതിക്രമത്തില്‍ പങ്കെടുത്തതായും റിപോര്‍ട്ട് നല്‍കി.(15) ഈ റിപോര്‍ട്ടിന്റെ ഒറിജിനല്‍ ന്യൂദല്‍ഹിയിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ലൈബ്രറിയില്‍ 2013 മുതല്‍ ലഭ്യമാണ്. 2013 സെപ്തംബര്‍ മുതല്‍ ഇന്റര്‍നെറ്റില്‍ നമുക്കത് വായിക്കാം. റിപോര്‍ട്ടിന്റെ പ്രസക്ത ഭാഗം 1988ല്‍ തന്നെ പുറത്തുവന്നിരുന്നു.(16)
സുന്ദര്‍ലാല്‍ റിപോര്‍ട്ടില്‍ നിന്നൊരുഭാഗം: 'മുസ്‌ലിം പുരുഷന്മാരുടെ കൊലകള്‍ മാത്രമല്ല നടന്നത്. സ്ത്രീകളെയും കുരുന്നുകളെപോലും വര്‍ഗീയവാദികള്‍ വെറുതെ വിട്ടില്ല. നാഗ്പൂര്‍, ഷോലാപൂര്‍ എന്നിവിടങ്ങളിലേക്ക് പോലും കുറേ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. നിരവധി മസ്ജിദുകള്‍ തകര്‍ക്കപ്പെടുകയും മുസ്‌ലിംകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനിരയാവുകയും ചെയ്തു. വീടുകള്‍ കൊള്ളയടിക്കപ്പെടുകയും ദശകോടികളുടെ സ്വത്തുക്കള്‍ കത്തിക്കപ്പെടുകയുംചെയ്തു. ഷോലാപൂര്‍ പോലുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള വര്‍ഗീയവാദികള്‍ ആസൂത്രിതമായി തന്നെ ഇന്ത്യന്‍ സേനയോടൊപ്പം അക്രമങ്ങളില്‍ പങ്കെടുത്തു. ചിലയിടങ്ങളില്‍ ഇന്ത്യന്‍ പട്ടാളം ഹിന്ദു ജനക്കൂട്ടങ്ങളെ മുസ്‌ലിം കടകളും വീടുകളും കൊള്ളയടിക്കാന്‍ പ്രേരിപ്പിക്കുന്ന അനുഭവങ്ങളുമുണ്ടായി. നിര്‍ഭാഗ്യവശാല്‍ വര്‍ഗീയഭ്രാന്തില്‍ നിന്ന് മുക്തരാകാന്‍ ചില സൈനികര്‍ക്കായില്ല.'
1948 നവംബര്‍ 14ന് നെഹ്‌റു, സര്‍ദാര്‍ പട്ടേലിന്റെ ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ച കുറിപ്പില്‍ പറയുന്നു: 'ഹൈദരാബാദില്‍നിന്ന് ഈയിടെ തിരിച്ചുവന്ന അബ്ദുല്‍ ഗഫാര്‍, മിസ്സ് പത്മനാഭനായിഡു എന്നിവരുമായി ഞാന്‍ സംസാരിച്ചു.(അവരിരുവരും അവലംബിക്കാവുന്ന നിരീക്ഷകരാണ്). അവരില്‍ നിന്ന് എനിക്ക് കിട്ടിയ വിവരം നിരവധി പേരെ കുരുതിക്കിരയാക്കിയെന്നാണ്. ഇതേ പറ്റി കൃത്യമായ വിവരങ്ങള്‍ നമുക്കറിയേണ്ടതുണ്ട്.'(17)ചോദ്യങ്ങളും പാഠങ്ങളും
         1948 സപ്തംബര്‍ 18ന് മേജര്‍ ജനറല്‍ എല്‍ എന്‍ഡ്രൂസും സംഘവും ഇന്ത്യന്‍ സേനാതലവന്‍ ജനറല്‍ ജെ.എന്‍ ചൗധരിയുടെ മുമ്പാകെ കാര്യമായ യാതൊരു ചെറുത്തുനില്‍പ്പുമില്ലാതെ കീഴടങ്ങി. 1948 സെപ്തംബര്‍ 23ന് നടത്തിയ റേഡിയോ സംപ്രേഷണത്തില്‍ നൈസാം ഉസ്മാന്‍അലി റസ്സാക്കന്‍മാരെ തള്ളിപ്പറയുകയും അവര്‍ മൂലമാണ് നാട്ടില്‍ കുഴപ്പങ്ങളുണ്ടായതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
ഇത്രയെളുപ്പത്തിന് കീഴടങ്ങിയ നൈസാമും റസ്സാക്കന്‍ നേതാവ് കാസിം റിസ്‌വിയും ഒരു വന്‍ സാഹസത്തിനു മുതിര്‍ന്നതെന്തുകൊണ്ട്? സ്വന്തം സുരക്ഷക്ക് വേണ്ടി നൈസാം ഹൈദരാബാദ് ജനതയെ ഒറ്റുകൊടുക്കുകയായിരുന്നു എന്ന സംശയം ബലപ്പെടുന്നു. കൊട്ടാരങ്ങള്‍, വസ്തുവഹകള്‍, ആഭരണങ്ങള്‍, ജീവിതശൈലി എന്നീ ആവശ്യങ്ങളൊക്കെ നൈസാമിന് വകവെച്ചു നല്‍കപ്പെട്ടു. ഇന്ത്യന്‍ യൂനിയനോട് ചേരാന്‍ വിസമ്മതിച്ച വ്യക്തിയെ ഈ വിധം ആദരിച്ചതെന്തുകൊണ്ട്? അതേസമയം പ്രധാനമന്ത്രി ലൈക്ക് അലിയും ഖാസിം റിസ്‌വിയും അറസ്റ്റു ചെയ്തു ജയിലിലടക്കപ്പെടുകയായിരുന്നുവെന്നും നാം കണ്ടു.
റസ്സാക്കന്‍മാരുടെ സംഖ്യയും അവരുടെ പ്രവര്‍ത്തനവും വല്ലാതെ ഊതിവീര്‍പ്പിക്കപ്പെട്ടതായിരുന്നുവെന്ന വസ്തുത, ഓപ്പറേഷന്‍ പോളോവില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു. 10,000 ത്തോളം റസ്സാക്കന്‍മാരെ രണ്ടു ലക്ഷം വരെയായി പെരുപ്പിച്ചു പറയുകയായിരുന്നു. വെറും രണ്ടു കൊല്ലത്തെ പ്രവര്‍ത്തനം മാത്രമുള്ള റസ്സാക്കന്‍മാരുടെ പേരില്‍ ഏതാനും ദുഷ്‌ചെയ്തികള്‍ മാത്രമേ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ. അവയിലധികവും സാമൂഹ്യവിരുദ്ധ ശക്തികള്‍ നടത്തി റസ്സാക്കന്‍മാരുടെ തലയില്‍ കെട്ടിവെച്ചതായിരുന്നു.
ദലിത്-പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് വ്യക്തമായ പ്രാതിനിധ്യം നല്‍കാന്‍ ഹൈദരാബാദ് ഭരണകൂടം കാണിച്ച ആര്‍ജ്ജവം രാജ്യത്തിനാകെ മാതൃകയാണെന്നത് മറച്ചുവെക്കപ്പെട്ടു. അവിടെ ദേവദാസി സമ്പ്രദായം നിരോധിച്ചുവെന്നത് വിസ്മരിക്കപ്പെട്ടു. രണ്ടു നൂറ്റാണ്ടിലധികം നിലനിന്ന മതസൗഹാര്‍ദവും അവഗണിക്കപ്പെട്ടു. കുറച്ചുകൂടി സാവകാശം നല്‍കിയാല്‍ ഇന്ത്യന്‍ യൂനിയനോട് ചേരാനുള്ള നൈസാമിന്റെ സന്നദ്ധത പോലും പരിഗണിക്കപ്പെട്ടില്ല. ധൃതിപിടിച്ച് അതിനീചമായ ഒരു കൊടുംകൂര്രതക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ദുഃശക്തികള്‍ ആരൊക്കെയാണ്?
ആരാണ് സുന്ദര്‍ലാല്‍ റിപോര്‍ട്ടിന്റെ പ്രസിദ്ധീകരണത്തെ എതിര്‍ത്തതും തടഞ്ഞതും? റസ്സാക്കന്‍മാരുടെ ചെയ്തികള്‍ക്ക് മറുപടിയായി മുസ്‌ലിം നിരപരാധികളെ കുരുതികഴിക്കാനും സ്ത്രീകളെ അപമാനിക്കാനുമുള്ള നിര്‍ദേശം നല്‍കിയതാരാക്കെ? കേന്ദ്ര ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേല്‍ ഇക്കാര്യത്തില്‍ കാണിച്ച ആവേശത്തിന്റെ നിദാനമെന്ത്? 1948ല്‍ പോലും സൈന്യത്തെ വര്‍ഗീയവല്‍ക്കരിക്കാനായതെങ്ങനെ? ഹിന്ദു ജാഗിര്‍ദാറുകളും ദേശ്മുഖുകളും നൈസാമിന്റെ പിന്തുണക്കാരായുണ്ടായിരുന്നുവെന്നത് അവഗണിച്ചതെന്തുകൊണ്ട്? നൈസാം വിരുദ്ധ സമരങ്ങളില്‍ മുസ്‌ലിംകള്‍ വ്യാപകമായി പങ്കെടുത്തിരുന്നുവെന്നതും റസ്സാക്കന്‍മാരില്‍ അമുസ്‌ലിംകള്‍ ഉള്ളതും വിസ്മൃതമായതെന്തുകൊണ്ട്?
സെക്കുലറിസം തെളിയിക്കാനായി തെറ്റുകള്‍ക്ക് മാപ്പ് ചോദിക്കുകയും പണ്ഡിറ്റ് സുന്ദര്‍ലാല്‍ റിപോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും ചെയ്യാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് തയ്യാറാകണം.
1948ല്‍ പോലും ഇന്ത്യയില്‍ രൂപപ്പെട്ടുവന്ന തീവ്രമായ മുസ്‌ലിംവിരുദ്ധ വര്‍ഗീയ ധാര, 1-ാം സ്വാതന്ത്ര്യസമരത്തിനുശേഷം കൊളോണിയല്‍ അജണ്ട നടപ്പാക്കാനായി പ്രചരിപ്പിച്ചവര്‍ഗീയ പരിപ്രേഷ്യത്തിന്റെ ഉല്‍പ്പന്നമായിരുന്നു.(വി.എ മുഹമ്മദ് അശ്‌റഫ്‌‌)

കുറിപ്പുകള്‍

1. S. Gopal (ed), Selected Works of Jawaharlal Nehru, volvi Delhi: Orient Longman, 1972, P. 214

2. K M Munshi, End of an Era, Bombay: Bharatiya Vidya Bhavans, 1957 P. XXIII

3. V H Desai, Vandemataram to Janaganamana: Saga of Hyderabad's Freedom Struggle, Bombay: Bharatiya Vidya Bhavans, 1990, P. 67

4. K.M Munshi, Op Cit.

5. Omar Khalidi, The 1948 Military Operations and its Aftermath, in Omar Khalidi (ed), Hyderbad After the Fall, Witchita, Kansas: Hyderabad Historical Society, 1988, P. 200

6. P Sundarayya, Telengana People's Struggle and its Lessons, Calcutta: D P Sraj Chadha, 1972, P.88-89

7. Margrit Pernau, The Passing of Patrimonialism, New Delhi, Marohar, 2000, P.336

8. Wifred Cantwell Smith, Hyderabad: Muslim Tragedy, Middilee East Journal, Vol: 4, No. 1(January 1950), P. 27-50

9. Ibid, P. 46

10. William Darlymple, The Age of Kali, Landon: Flamingo, 1999, P. 209-210

11. Omar Khalidi, Op Cit, P.101-109

12. M.O Faruqi, Deccan Chronicle, 15 August, 1997, P. 6

13. Omar Khalidi, Op. Cit, P.201

14. Op cit, p. 209

15. Mike Thomson, Hyderabad 1948: India's Hidden Masscre, BBC, September 24, 2013

16. Omar Khalidi, Op Cit, P. 95-97

17. Jawaharlal Nehru, Selected Works (second series.), Vol 8, Delhi: Orient Longman;, 1990, P.102-103

ഹൈരാബാദ് ആക്ഷൻ

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സൈനിക നീക്കമായ ഓപ്പറേഷന്‍ പോളോ എന്ന ഹൈദരാബാദ് ആക്ഷൻ.
ഉപഭൂഖണ്ഡത്തില്‍ രണ്ട് സ്വതന്ത്ര്യ രാജ്യങ്ങളായാണ് 1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. ചരിത്രകാരന്‍ എം.സി വടകര എഴുതിയപോലെ, ഭാരതാംബ പ്രസവിച്ച രണ്ട് ഇരട്ടക്കുട്ടിക്കള്‍; ഒന്ന് നമ്മുടെ ഇന്ത്യയും മറ്റൊന്ന് പാക്കിസ്ഥാനും. ഇന്ത്യയില്‍ അന്ന് 565 നാട്ടു രാജ്യങ്ങളുണ്ട്. ഇവക്ക് ഒന്നുകില്‍ ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേരാം, അല്ലെങ്കില്‍ സ്വതന്ത്രമായി നില്‍ക്കാം എന്നാണ് നിര്‍ദേശം നല്‍കപ്പെട്ടത്. ഇന്ത്യയുടെ ആദ്യത്തെ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന് കീഴില്‍ സെക്രട്ടറിയായിരുന്ന മലയാളിയായ വി.പി മേനോന്‍, സ്റ്റോറി ഓഫ് ഇന്റഗ്രേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റേറ്റ് എന്ന പുസ്തകത്തില്‍ അക്കാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

അതില്‍ അദ്ദേഹം രേഖപ്പെടുത്തിയത് പ്രകാരം, പല നാട്ടുരാജ്യങ്ങളും ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേര്‍ന്നു. ഗോളിയോര്‍, പാട്യാല, ബിഗനീര്‍ തുടങ്ങിയവ വേഗത്തില്‍ ഇന്ത്യയില്‍ ചേര്‍ന്നവയാണ്. എന്നാല്‍, ചിലര്‍ സ്വതന്ത്രമായി നില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. അതില്‍പ്പെട്ട നാട്ടുരാജ്യങ്ങളാണ് തിരുവിതാംകൂര്‍, ചിനഗഡ്, ഭോപ്പാല്‍, കാശ്മീര്‍, ഹൈദരാബാദ് തുടങ്ങിയവ. തിരുവിതാംകൂറില്‍ ദിവാനായിരുന്ന സര്‍ സി.പി രാമസ്വാമി അയ്യര്‍ അമേരിക്കന്‍ മോഡല്‍ എന്നാണ് പറഞ്ഞത്. പിന്നീട് അദ്ദേഹം പാക്കിസ്ഥാനില്‍ ചേരാനുളള ശ്രമം നടത്തി. പാക്കിസ്ഥാനില്‍ ചേര്‍ന്നാല്‍ തിരുവിതാംകൂറിന്റെ കയര്‍ ഉല്‍പന്നങ്ങള്‍ക്കും കശുവണ്ടിക്കുമൊക്കെ ലോക പ്രശസ്ത തുറമുഖമായ കറാച്ചി വലിയ മാര്‍ക്കറ്റാവും വികസനക്കുതിപ്പിന് കാരണമാവും എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്.
കാശ്മീരിലെ രാജാവ് ഹൈന്ദവനായ ഹരിസിംഗ് സ്വതന്ത്രമായി നില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അവിടുത്തെ അക്കാലത്തെ ഭൂരിപക്ഷ മുസ്്ലിംകള്‍ പാക്കിസ്ഥാനൊപ്പം നില്‍ക്കാന്‍ ആഗ്രഹിച്ചു. പാക്കിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറ്റക്കാര്‍ വന്ന് കാശ്മീരില്‍ വലിയ പ്രശ്നമുണ്ടായപ്പോള്‍ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന ഘട്ടത്തില്‍ രാജാ ഹരിസിംഗ് സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന് കമ്പിയടിച്ചു. വലിയ പ്രശ്നങ്ങളും കലാപങ്ങളുമൊക്കെ നടക്കുന്ന ഒരു അര്‍ധരാത്രിയാണ് സര്‍ദ്ദാല്‍ പട്ടേലിന്റെ ദൂതുമായി മലയാളിയായ വി.പി മേനോന്‍ അവിടെയെത്തുന്നത്. തുടര്‍ന്ന് രാജാവുമായുണ്ടാക്കിയ കരാറിന്റെ ഭാഗമായി കാശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചു. സര്‍ദാര്‍ പട്ടേല്‍ പറഞ്ഞു, ഒരു രാജ്യത്തിന്റെ ഭാഗഥേയം ആ രാജ്യത്തിന്റെ ഭരണാധികാരി പറയുന്നതാണ്; അവിടുത്തെ ജനങ്ങള്‍ പറയുന്നതല്ല. 
ഹൈദരാബാദില്‍ സ്ഥിതി മറിച്ചായിരുന്നു. പഴയ ഗോല്‍ഗുണ്ട ഡൈനാസ്റ്റിയുടെ കാലത്ത് മൂസാ നദിക്ക് ഇപ്പുറത്ത് പുതുതായി സൃഷ്ടിക്കപ്പെട്ട ഒരു നഗരമാണ് ഹൈദരാബാദ്. 1562ല്‍ ഇബ്രാഹീം കുത്തുബ് ഷാ എന്ന ഗോല്‍ഗുണ്ടയിലെ രാജാവിന്റെ കാലത്താണ് ഹുസൈന്‍ സാഗര്‍ ഉണ്ടാക്കിയത്. മനുഷ്യനിര്‍മ്മിതമായ വലിയൊരു തടാകമാണ് ഹുസൈന്‍ സാഗര്‍. ഗോല്‍ഗുണ്ട ചക്രവര്‍ത്തിമാര്‍ ഷിയാ വിശ്വാസികളായിരുന്നു. അതുകൊണ്ടു കൂടിയാണ് തടാകം നിര്‍മ്മിച്ചപ്പോള്‍ ഇമാം ഹുസൈന്‍ (റ) വിന്റെ ഓര്‍മ്മയില്‍ അതിന് ഹുസൈന്‍ സാഗര്‍ എന്ന് പേരിട്ടത്.
കുലി കുത്ത്ബ് ഷാ ചക്രവര്‍ത്തിയാണ് മൂസ റിവറിന്റെ ഇരുകരകളിലും ഹൈദരാബാദും സെക്കന്തരാബാദും നിര്‍മ്മിക്കുന്നത്. രത്നങ്ങളുടെയും പവിഴങ്ങളുടെയുമൊക്കെ വലിയ ശേഖരം ഈ രാജാക്കന്മാരുടെ കൈവശം ഉണ്ടായിരുന്നു. എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലെ കോഹിനൂര്‍ രത്നം പോലും ഹെദരാബാദിലെ കുലി കുത്തുബ് ഷായുടെ ശേഖരത്തിലുണ്ടായിരുന്നതാണെന്നാണ് ഒരു വിഭാഗം ചരിത്ര പണ്ഡിതര്‍ പറയുന്നത്.
ഔറംഗസീബ് മുകള്‍ ചക്രവര്‍ത്തി ആയിരുന്ന കാലത്താണ് ഹൈദരാബാദ് ആക്രമിച്ച് കീഴടക്കിയത്. തുടര്‍ന്നു മുകളര്‍ അവിടെ ഭരിക്കാനായി പ്രതിനിധികളായി നിയമിച്ചവരെയാണ് നൈസാമുമാര്‍ എന്നു പറയുന്നത്. പിന്നീട് മുകള്‍ സാമ്രാജ്യം ദുര്‍ബലമായപ്പോള്‍ നൈസാം ഹൈദരാബാദില്‍ സ്വന്തമായി ഭരണം തുടങ്ങി. 214190 ചതുരശ്ര കിലോമീറ്ററുള്ള വലിയ പ്രദേശമായിരുന്ന ഹൈദരാബാദിന്റെ പകുതിയും നിസാമിന്റെ സ്വന്തം ഉടമസ്ഥതയിലുള്ള സ്വത്തായാണ് കണക്കാക്കിയിരുന്നത്. ഏഴു നൈസാമുമാര്‍ അവിടെ ഭരിച്ചതില്‍ ഏഴാമനായ ഉസ്മാനിയുടെ കാലത്താണ് വലിയ പുരോഗതിയിലെത്തിയത്.

ഹൈദരാബാദിന് സ്വന്തമായി കറന്‍സിയും സൈന്യവും ഗതാഗത സൗകര്യവുമുണ്ടായിരുന്നു. നൈസാമിന്റെ പട്ടാളത്തെ റസാക്കര്‍മാര്‍ എന്നാണ് പറഞ്ഞിരുന്നത്.. സി.പി.എം നേതാവും തദ്ദേശ വകുപ്പ് മന്ത്രിയുമായിരുന്ന പാലോളി മുഹമ്മദ്കുട്ടി നൈസാമിന്റെ പട്ടാളത്തിലെ ഒരു അംഗമായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഹൈദരാബാദ് സ്വതന്ത്രമായി നില്‍ക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. പല ചര്‍ച്ചകളും ഇന്ത്യയുടെ പ്രതിനിധികള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. അങ്ങിനെ ഏതെങ്കിലും രാജ്യത്തിനൊപ്പം ചേരുകയാണെങ്കില്‍ പാക്കിസ്ഥാന് ഒപ്പമായിരിക്കുമെന്നും നൈസാം പ്രഖ്യാപിച്ചു.

എന്നാല്‍, ഭൂരിപക്ഷം ജനങ്ങളുടെയും താല്‍പര്യം ഇന്ത്യയില്‍ ചേരുക എന്നതായിരുന്നു. പട്ടേല്‍ പറഞ്ഞു; ഒരു രാജ്യത്തിന്റെ ഭാഗഥേയം അവിടുത്തെ ജനങ്ങള്‍ പറയുന്നതാണ്. കാശ്മീരില്‍ അതിന്റെ നേര്‍വിപരീതമായിരുന്നു പറഞ്ഞിരുന്നത് എന്നത് കൗതുകകരമാണ്. തുടര്‍ന്ന്, 1948 സെപ്റ്റംബര്‍ 13 മുതല്‍ 17 വരെ നടന്ന പട്ടാള നടപടികളിലൂടെയാണ് ഹൈദരാബാദിനെ ഇന്ത്യയില്‍ ലയിപ്പിക്കുന്നത്. സെപ്റ്റംബര്‍ 17ന് ഇന്ത്യയില്‍ ലയിപ്പിച്ചപ്പോള്‍ അവരുടെ സൈന്യമായ റസാക്കര്‍മാര്‍ക്ക് ഇന്ത്യന്‍ സേനയില്‍ ചേരാന്‍ അവസരം നല്‍കി. (അന്ന് ഇന്ത്യന്‍ പട്ടാളത്തില്‍ ചേരാതെയാണ് പാലോളി മുഹമ്മദ്കുട്ടി കേരളത്തിലേക്ക് മടങ്ങിയതും രാഷ്ട്രീയത്തില്‍ സജീവമായതും.)

ജനറല്‍ ജയന്ത് ചൗധരിയാണ് 40,000 പട്ടാളക്കാരുമായി തുംഗഭഗ്രാ നദി മുറിച്ചു കടന്ന് ഹൈദരാബാദ് ആക്രമിച്ചത്. വലിയ സമ്പത്തും അളവറ്റ സൗകര്യങ്ങളും നൈസാമില്‍ നിന്ന് പിടിച്ചുവാങ്ങി 1956ല്‍ ഭാഷാ അടിസ്ഥാനത്തില്‍ (ആന്ധ്ര) സംസ്ഥാനം വരുന്നതു വരെ നൈസാമിന് അധികാരത്തില്‍ തുടരാന്‍ അനുമതി നല്‍കിയെങ്കിലും ഹൈദരാബാദ് ആക്ഷന്‍ സ്വതന്ത്ര ഇന്ത്യയിലെ രക്തപങ്കിലമായ കറുത്ത അധ്യായമാണ്. ക്രൂരരായ വേട്ടക്കാരെപോലെയാണ് ഇന്ത്യന്‍ സൈന്യം അന്ന് പെരുമാറിയത്. സ്വതന്ത്ര്യ ഇന്ത്യ കണ്ട ആദ്യ സൈനിക നീക്കമായിരുന്നു അത്. രണ്ടര ലക്ഷത്തോളം മുസ്്ലിംകള്‍ കൊല്ലപ്പെട്ടു എന്നാണ് അനൗദ്യോഗിക കണക്ക്. നാല്‍പതിനായിരത്തോളം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അന്നു പുറത്തുവിട്ടത്. ആയിരക്കണക്കിന് സ്ത്രീകള്‍ മാനഭംഗത്തിന് ഇരയായി. വലിയ ക്രൂരതയാണ് അന്നവിടെ അരങ്ങേറിയതെന്ന് പല ഏജന്‍സികളും പിന്നീട് രേഖകള്‍ സഹിതം വിവരം പുറത്തുവിട്ടു. പ്രധാനമന്ത്രി നെഹ്റു ഈ വലിയ കൂട്ടക്കുരുതിയെ കുറിച്ച് അന്വേഷിക്കാന്‍ സുന്ദര്‍രാജ് കമ്മീഷനെ നിയമിച്ചു. എന്നാല്‍, കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടെങ്കിലും വെളിച്ചം കണ്ടില്ല.
യഥാര്‍ത്ഥത്തില്‍ ഹൈദ്രബാദ് നൈസാമിനെ ഇന്ത്യന്‍ യൂണിയനോട് ചേരാതെ മാറ്റി നിര്‍ത്തിയതില്‍ മുഖ്യ പങ്ക് വഹിച്ചത് മജ്ലിസെ ഇത്തിഹാദുല്‍ മുസ്്ലിമീന്റെ നേതൃത്വത്തിലുളള ചിലരായിരുന്നു; ഖാസിം റിസ്വിയും കൂട്ടുകാരും. അവര്‍ ഇന്ത്യാ വിരുദ്ധ വിപ്ലവ ശ്രമങ്ങള്‍ അഴിച്ചുവിടുകയും ഇതേ തുടര്‍ന്ന് ഇന്ത്യാഗവണ്‍മെന്റും നൈസാമും തമ്മില്‍ നടന്ന ചര്‍ച്ചകളെല്ലാം തകരുകയുമായിരുന്നു. നൈസാമിന്റെ സമാധാന മോഹങ്ങളെ പ്രസ്തുത സംഘം ഹൈജാക്ക് ചെയ്യുകയുമായിരുന്നു എന്നു വേണം കരുതാന്‍.ചരിത്രമെന്നത് അവ്യക്തത നിറഞ്ഞ ഭൂതകാലത്തിന്റെ നേര്‍ രേഖയും ആവര്‍ത്തനം അതിന്റെ നിയോഗവുമാണ് , നായകനും പ്രതിനായകനും എന്നിങ്ങനെ രണ്ട് ചേരിയായി വിഭജിക്കപ്പെടാതെ ചരിത്രത്തില്‍ വ്യക്തികള്‍ നില നില്‍ക്കുന്നില്ല , അത് ചരിത്രത്തിന്റെ നിയതമായ ബാധ്യതയുമാണ് .പല ചരിത്രങ്ങളും കൂട്ടിവായിച്ചാല്‍ വില്ലന്മാര്‍ നായകരാകുകയും നായകര്‍ വില്ലന്മാരാകുകയും ചെയ്യും
1947-ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിന് ഹൈദരബാദ് നാട്ടുരാജ്യം തയ്യാറായില്ല. ഇന്ത്യാ രാജ്യത്തോട് തന്റെ രാജ്യം ചേർക്കുവാൻ ഹൈദരാബാദ് ഭരണാധികാരിയായിരുന്ന നൈസാം ഉസ്മാൻ അലി വിസമ്മതിച്ചു. പലതവണ ഇന്ത്യാ രാജ്യത്തോട് ലയിക്കുവാൻ ഗവർണ്മെൻറ് സമ്മർദ്ദം ചെലുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടർന്ന് നൈസാം ഇന്ത്യാ ഗവൺമെന്റുമായി തർക്കത്തിലായി.
ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് മോചിതരായ തെക്കും വടക്കുമുള്ള സംസ്ഥാനങ്ങള്‍ക്ക് നടുവിലായിരുന്നത് കൊണ്ട് ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുകയല്ലാതെ ഹൈദരാബാദിനു നിവൃത്തി ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ യൂണിയന്റെ ലയിക്കാനുള്ള നിര്‍ദ്ദേശം സ്വതന്ത്ര സ്റ്റേറ്റ് എന്ന നിലയില്‍ നൈസാം തള്ളുകയായിരുന്നു. തുടര്‍ന്ന് ബ്രിട്ടണ്‍ 3 നിര്‍ദ്ദേശങ്ങള്‍ അവര്‍ക്കു മുന്നില്‍ വെച്ചു. ഒന്നുകില്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുക, സ്വതന്ത്ര്യ സ്റ്റേറ്റ് ആയി തുടരുക, അല്ലെങ്കില്‍ പുതുതായി രൂപീകരിക്കപ്പെട്ട പാക്കിസ്ഥാനിലേക്ക് ലയിക്കുക എന്നതായിരുന്നു അവ. ആലോചിക്കാന്‍ അല്‍പം സമയമാവശ്യപ്പെട്ട നൈസാമിനെതിരെ ബലം പ്രയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു ഇന്ത്യന്‍ യൂണിയന്‍
ഹൈദരാബാദിനെ ഇന്ത്യയോട് കൂട്ടിച്ചേർക്കാനുള്ള ഗവൺമെന്റിന്റെ എല്ലാ ശ്രമങ്ങളും വിഫലമായപ്പോൾ 1948 സെപ്റ്റംബർ 13-ന് ഇന്ത്യൻ സൈന്യം ഹൈദരാബാദിലേക്ക് പ്രവേശിച്ചു. സെപ്റ്റംബർ 17-ന് തന്നെ നൈസാം ഇന്ത്യ ഗവൺമെന്റിന് കീഴടങ്ങാൻ തയ്യാറായി . ഏകദേളം. 200,000 വരുന്ന റസാക്കേഴ്സ് എന്നറിയപ്പെടുന്ന കാലാൾപ്പട. ഹൈദരബാധിലേക്ക് ഇരച്ചു കയറുകയും നിരവധി നാശ നഷ്ട്ടങ്ങള്‍ വരുത്തിയും ഒരുപാട് പേരെ കൊലക്ക് കൊടുത്തും നടത്തിയ ഒരു കിരാത നടപടിയായിരുന്നു സ്വതന്ത്ര ലബ്ധിക്കു ശേഷം ഹൈദരാബാദ്‌ സാക്ഷിയായത് . അനൗദ്യോഗിക കണക്കു പ്രകാരം രണ്ടു ലക്ഷത്തോളം സാധാരണ ജനങ്ങൾ കൂട്ടക്കൊലക്കിരയായി എന്നും അംഗവൈകല്ല്യം ഉണ്ടായവര്‍ നിരവധി. നിരന്തര സമ്മര്‍ദ്ദം കാരണം ആ കൂട്ടക്കൊല അന്വേഷിക്കാന്‍ കമ്മീഷന്‍ നിയോഗിക്കപ്പെട്ടു. പ്രൊഫസര്‍ കൂടിയായ സുന്ദര്‍രാജ് ആണ് കമ്മീഷനെ നയിക്കാന്‍ നിയോഗിക്കപ്പെട്ടത്. ഹൈദരാബാദിലെ ഭൂരിപക്ഷ സമുദായമായിരുന്ന മുസ്‍ലിംകളില്‍ നിന്ന് ഒരു ലക്ഷം പേര്‍ ക്രൂരമായി വധിക്കപ്പെട്ടു എന്നായിരുന്നു സുന്ദര്‍രാജ് കമ്മീഷന്‍ കണ്ടു പിടിച്ചത്. എന്നാല്‍ ചില അനൌദ്യോഗിക കണക്കുകള്‍ പ്രകാരം 2 ലക്ഷത്തിനു മേലെ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ പതിനായിരക്കണക്കിന് സ്ത്രീകള്‍ കൂട്ട ബലാല്‍സംഗത്തിനിരയായി. 1950 ല്‍ പ്രശസ്തമായ മിഡില്‍ ഈസ്റ്റേണ്‍ ജേര്‍ണലില്‍ സിവില്‍ റൈറ്റ് ആക്ടിവിസ്റ്റായിരുന്ന ഏ.ജീ നൂറാനി എഴുതുന്ന ലേഖനത്തില്‍ ഇതു വിശദമാക്കിയിട്ടുണ്ട്. യു.സി.എല്‍.എ പ്രൊഫസര്‍ പെറി ആന്‍ഡേഴ്സണ്‍ എഴുതുന്നത് ഇപ്രകാരം, ഹൈദരാബാദിലേക്ക് കടന്നു വന്ന മിലിട്ടറിക്ക് തീവ്ര വലതുപക്ഷ സംഘടനകളുടെ സഹായം വേണ്ടുവോളം ലഭിച്ചു. ഔദ്യോഗിക കണക്കില്‍ നിന്നും ഇരട്ടി മുസ്‍ലിംകള്‍ കൊല്ലപ്പെട്ടു. സംഭവത്തെക്കുറിച്ച് നെഹ്റു അന്വേഷണ കമ്മീഷനെ നിയമിക്കുന്നത് മൌലാനാ ആസാദിന്റെ സമ്മര്‍ദ്ദം കൊണ്ടായിരുന്നു. ഏതാനും ആഴ്ചകള്‍ കൊണ്ട് ലക്ഷങ്ങള്‍ കൊല്ലപ്പെട്ട സംഭവം ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല ആയിരുന്നു. ദേശതാല്‍പര്യത്തിന് ഭംഗം വരുത്തുമെന്ന് പറഞ്ഞു കൊണ്ട് സര്‍ദാര്‍ പട്ടേലിന്റെ നിര്‍ബന്ധ പ്രകാരം നെഹ്റു റിപ്പോര്‍ട്ട് മൂടി വെക്കുകയായിരുന്നു.hyderabad after the fall എന്ന ഗ്രന്ഥത്തില്‍ ഉമര്‍ ഖാലിദി മൂടി വെക്കപ്പെട്ട റിപ്പോര്‍ട്ടില്‍ നിന്ന് ചോര്‍ത്തിയ വിവരങ്ങള്‍ പങ്കു വെക്കുന്നുണ്ട്. 60 വര്‍ഷത്തോളം ഈ റിപ്പോര്‍ട്ട് ഒഫീഷ്യല്‍ സീക്രട്ട് ആയിരുന്നു. എന്നാല്‍ അമേരിക്കയില്‍ വെച്ച് ചോരുകയായിരുന്നു എന്ന് വില്യം ഡാര്‍ലിമ്പിള്‍ പറയുന്നു. അദ്ദേഹത്തിന്റെ the age of kali എന്ന ഗ്രന്ഥത്തില്‍ ഇക്കാര്യം വിശദമായി പറയുന്നുണ്ട്. ‘On the Post-Operation Polo Massacres, Rape and Destruction or Seizure of Property in Hyderabad State, എന്നു പേരിട്ട റിപ്പോര്‍ട്ട് കരളലിയിക്കുന്ന സംഭവങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. തീവ്ര ഹൈന്ദവ ഗ്രൂപ്പുകളുടെ പിന്തുണയോടെ ഇന്ത്യന്‍ പട്ടാളം നടത്തിയ നരനായാട്ടില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ കൂട്ട ബലാല്‍സംഘം ചെയ്യപ്പെട്ടു. രാത്രി ഉറങ്ങുന്ന നേരത്ത് ഗ്രാമങ്ങളിലെ വീടുകളില്‍ കയറി നടത്തിയ അരുംകൊലക്കും കൂട്ട ബലാല്‍സംഘത്തിനും മാനവ ചരിത്രത്തില്‍ തുല്ല്യത കണ്ടെത്താനാവില്ല. ഉസ്മാനാബാദിലെ ഗന്ദോജി പായ്ഗയില്‍ നടന്ന സംഭവത്തെക്കുറിച്ച് അവശേഷിച്ച ഗ്രാമീണരില്‍ ഒരാളായ പാഷാ ബീ പറയുന്നത് ഇപ്രകാരം ,ഗുണ്ടകളോടൊപ്പം കടന്നു വന്ന പട്ടാളം മുസ്‍ലിം ചെറുപ്പക്കാരെ നിരത്തി നിര്‍ത്തി കൊല്ലുകയായിരുന്നു.തുടര്‍ന്ന് കൂട്ട ബലാല്‍സംഘം തന്നെ അരങ്ങേറി
വിഭജന കാലത്തെ ദയനീയമായ മുരിവുകള്‍ക്കും പലായനങ്ങള്‍ക്കും ക്രൂരമായ ആട്ടിപ്പായിക്കലുകള്‍ക്കും മുന്നില്‍ നിന്ന് നോക്കുകയാണ് എങ്കില്‍ ഇത് വളരെ ചെറുതായി
ഇന്ത്യയില്‍ ഏറ്റവും വിജയകരമായി മൂടി വെക്കപ്പെട്ട വാര്‍ത്തയായിരുന്നു ഇത് . സാധാരണ ഹത്യയെക്കാളും ഒട്ടേറെ ആഴവും ക്രൂരതയും അവകാശപ്പെടാനുള്ള ഈ നരഹത്യ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നടത്തിയ വാര്‍ത്താ തമസ്കരണം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. സര്‍ദാര്‍ വല്ലഭായി പട്ടേലിന് സംഭവത്തില്‍ പങ്കുണ്ടെന്ന് പല ഗവേഷകരും അഭിപ്രായപ്പെടുന്നുണ്ട്. ഈ സംഭവം റിപ്പോര്‍ട്ട് സഹിതം പുറത്തു വരുന്നത് ദേശീയ പ്രസ്ഥാനത്തിലെ പല പ്രമുഖരെയും പ്രതിപ്പട്ടികയില്‍ കയറ്റുമെന്നും പറയപ്പെടുന്നു. ഇത്രയും വലിയ വംശഹത്യയുടെ ഇരകള്‍ക്ക് ഇന്നു വരെ സ്വതന്ത്ര ഭാരതത്തില്‍ നീതി കിട്ടിയിട്ടില്ല എന്നതാണ് ഇതിന്റെ ബാക്കി പത്രം.


Saturday, September 24, 2022

നേതാജിയുടെ സ്വന്തം ആബിദ് സഫ്‌റാനി.



നേതാജിയുടെ സ്വന്തം ആബിദ് സഫ്‌റാനി.
ജയ്ഹിന്ദ് എന്ന വിഖ്യാതമായ മുദ്രാവാക്യം ആരാണ് രൂപപ്പെടുത്തിയത് എന്ന് നിങ്ങള്‍ക്ക് അറിയുമോ? വിശ്വപ്രശസ്തമായ ഈ മുദ്രാവാക്യത്തിന് രൂപം നല്‍കിയത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സന്തത സഹചാരിയായിരുന്ന ആബിദ് ഹസന്‍ സഫ്‌റാനിയാണ്. കൊല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നേതാജി പഠന ഗവേഷണ കേന്ദ്രം സമീപകാലത്തായി അദ്ദേഹത്തിന് മരണാനന്തര ബഹുമതികള്‍ നല്‍കി ആദരിക്കുകയുണ്ടായി. സുഭാഷ് ചന്ദ്രബോസിനെ പോലെ തന്നെ ചടുലമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു സഫ്‌റാനി. അഞ്ചുവര്‍ഷക്കാലം നീണ്ടുനിന്ന സുഭാഷ് ചന്ദ്രബോസുമായുള്ള സഹവാസത്തിനിടയില്‍ അദ്ദേഹത്തിന്റെ സഹായിയായും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ കമാന്റര്‍ ഇന്‍ ചീഫായും സഫ്‌റാനി സേവനം അനുഷ്ഠിച്ചു.
ജയ്ഹിന്ദ് എന്ന വിഖ്യാതമായ മുദ്രാവാക്യം എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ച് ഗ്രന്ഥകാരനായ നരേന്ദ്ര ലൂതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ നാഷനല്‍ ആര്‍മിയുടെ ആസ്ഥാനത്തു നിന്ന് ബഹുജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ ആമുഖമായി അവരെ അഭിവാദ്യം ചെയ്യാന്‍ തനിക്കൊരു വാക്യം പറഞ്ഞുതരണമെന്ന് സുഭാഷ് ചന്ദ്രബോസ് സഫ്‌റാനിയോട് ആവശ്യപ്പെടുകയുണ്ടായി. പതിവായി ഉപയോഗിക്കുന്ന ഹലോ എന്ന് തന്നെ ഉപയോഗിക്കണം എന്ന് അദ്ദേഹം മറുപടി പറഞ്ഞെങ്കിലും ബോസ് അത് നിരാകരിച്ചു. തദവസരത്തിലാണ് ആവേശം ജ്വലിക്കുന്ന ‘ജയ്ഹിന്ദ്’ എന്ന മുദ്രാവാക്യവുമായി സഫ്‌റാനി മുമ്പോട്ടു വന്നത്.
ചൗധരി ആചാര്യ അദ്ദേഹത്തിന്റെ ‘സ്വാതന്ത്ര്യ സമര സേനാനികള്‍’ എന്ന പുസ്‌കത്തില്‍ ഈ സംഭവത്തെ സ്ഥിരീകരിക്കുന്നുണ്ട്. 1941-ല്‍ ഷി ബര്‍ലിനില്‍ നടന്ന യോഗത്തിലാണ് സഫ്‌റാനി ആദ്യമായി ജയ്ഹിന്ദ് എന്ന മുദ്രാവാക്യം ഉപയോഗിക്കുന്നത്. ആവേശകരമായ ഈ മുദ്രാവാക്യം കേട്ട ഉടനെ സുഭാഷ് ചന്ദ്രബോസ് ഇത് ഇഷ്ടപ്പെടുകയും തന്റെ പ്രഭാഷണങ്ങളുടെ ആരംഭത്തിലും അവസാനത്തിലും ഇത് ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണി പോരാളികളായിരുന്ന മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കിടയില്‍ ‘ജയ്ഹിന്ദ്’ എന്ന മുദ്രാവാക്യം പ്രചുര പ്രചാരം നേടുകയും അവരെല്ലാം പ്രഭാഷണങ്ങളിലും പൊതുയോഗങ്ങളിലും ഈ മുദ്രാവാക്യം വ്യാപകമായി ഉപയോഗിക്കുകയും ചെയ്തു. ഭാരതീയതയുടെ പ്രതീകമായ ഈ മുദ്രാവാക്യം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയ ധമനികളില്‍ ആവേശത്തിന്റെ രക്തസംക്രമത്തെ സാധ്യമാക്കുന്നു. ഇന്ത്യയുടെ എല്ലാ സായുധ വിഭാഗത്തിന്റെയും ഔദ്യോഗിക അഭിവാദ്യ വചനവും ‘ജയ്ഹിന്ദ്’ തന്നെയാണ്.

സുഭാഷ് ചന്ദ്രബോസ് എങ്ങനെ നേതാവായി
ചരിത്രകാരനായ പണ്ഡിതന്‍ സയ്യിദ് നസീര്‍ അഹ്മദ് അദ്ദേഹത്തിന്റെ ‘അമരന്‍’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയത് സഫ്‌റാനിയാണ് സുഭാഷ് ചന്ദ്രബോസിനെ ആദ്യമായി നേതാജി എന്ന് അഭിസംബോധന ചെയ്തത് എന്നാണ്. അതിനുശേഷം എല്ലാവരും അദ്ദേഹത്തെ നേതാജി എന്ന് സംബോധന ചെയ്യുകയും അദ്ദേഹത്തിന്റെ മരണാനന്തരവും വിഖ്യാതമായ ഈ വിളിപ്പേര് തുടരുകയും ചെയ്തു. നേതാജിയുടെ ജര്‍മന്‍ യാത്രയില്‍ ഉടനീളം സഫ്‌റാനി അദ്ദേഹത്തെ അനുഗമിച്ചു. സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവന്‍ കുമാര്‍ ബോസ് അദ്ദേഹത്തിന്റെ ഐ എന്‍ എ ഇന്ത്യയില്‍ എന്ന പുസ്തകത്തില്‍ സഫ്‌റാനിയും നേതാജിയും തമ്മിലുള്ള അഗാധമായ ബന്ധത്തെ സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്.
സ്വാതന്ത്ര്യസമര സേനാനി കുടുംബത്തില്‍ 1912-ല്‍ ഹൈദരാബാദിലാണ് ആബിദ് ഹസന്‍ പിറന്നത്. എഞ്ചിനീയറിംഗില്‍ ബിരുദം സമ്പാദിച്ചതിന് ശേഷം ഉപരിപഠനത്തിനായി അദ്ദേഹം ജര്‍മനിയിലേക്ക് തിരിക്കുകയും ഇത് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ അംഗമാകുന്നതിന് നിമിത്തമാവുകയും ചെയ്തു. അദ്ദേഹത്തിന്റെ അസാമാന്യമായ നേതൃപാടവത്തെ നേരത്തെ മനസ്സിലാക്കിയ സുഭാഷ് ചന്ദ്രബോസ് സംഘാടന ചുമതല അദ്ദേഹത്തെ ഏല്പിക്കുകയുണ്ടായി. ഐ എന്‍ എയില്‍ മേജര്‍ എന്ന പ്രത്യേക പദവിയാണ് അദ്ദേഹം വഹിച്ചത്. ബഹുഭാഷാ പണ്ഡിതനായിരുന്ന സഫ്‌റാനിക്ക് ഇംഗ്ലീഷ്, ജര്‍മന്‍, ഫ്രഞ്ച്, തെലുങ്ക്, അറബിക്, പഞ്ചാബി എന്നീ ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു.
1995-ല്‍ ഐ എന്‍ എ ഇംഫാലില്‍ വച്ച് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിക്ക് കീഴടങ്ങിയതിനെ തുടര്‍ന്ന് സഫ്‌റാനിയെ ഇരുണ്ടതും ഇടുങ്ങിയതുമായ ബ്രിട്ടീഷ് കാരാഗൃഹത്തിലടയ്ക്കുകയുണ്ടായി. തന്റെ പ്രിയ മാതാവ് ആമിര്‍ ബീഗത്തിന് എഴുതിയ കത്തില്‍ കാരാഗൃഹത്തിലെ നരകയാതനകളെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. രാജ്യദ്രോഹ കുറ്റം ചുമത്തി അദ്ദേഹത്തെ ആറ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. തന്റെ മകന് വധശിക്ഷ വിധിക്കുമോ എന്ന് ആശങ്കപ്പെട്ട് മാതാവ് ആമിര്‍ ബീഗം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്‍മാരെ സമീപിക്കുകയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും മൗണ്ട് ബാറ്റന്റെയും ഇടപെടലിന്റെ ഫലമായി അദ്ദേഹം ജയില്‍ മോചിതനാവുകയും ചെയ്തു.

സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബം
സഫ്‌റാനിയുടെ പിതാവ് സഫര്‍ ഹസന്‍ ഉസ്മാനിയ സര്‍വകലാശാലയിലെ വകുപ്പു തലവനായിരുന്നു. മാതാവ് ബീഗം ആമിര്‍ ഗാന്ധിയന്‍ തത്വങ്ങളെ പിന്‍തുടരുന്നവരായിരുന്നു. ആബിദ് ഹസനെയും അദ്ദേഹത്തിന്റെ സഹോദരന്‍ ബദറുല്‍ ഹസനെയും ദേശീയ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നവരായാണ് അവര്‍ വളര്‍ത്തിയത്. മഹാത്മാ ഗാന്ധിയുമായി ഹൃദയബന്ധം കാത്തുസൂക്ഷിക്കുന്നവരായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. ഗാന്ധിയുടെ ‘യംഗ് ഇന്ത്യ’യുടെ എഡിറ്റര്‍ കൂടിയായിരുന്ന ബദറുല്‍ ഹസന്‍ അദ്ദേഹത്തിന്റെ പുസ്‌കത്തില്‍ പറയുന്നു: ”എപ്പോഴൊക്കെ ഹസന്‍ കുടുംബം ഗാന്ധിജിയെ സന്ദര്‍ശിക്കാന്‍ സബര്‍മതി ആശ്രമത്തില്‍ എത്തിയിട്ടുണ്ടോ അപ്പോഴെല്ലാം ഗാന്ധിയുടെ സഹചാരി പര്യാലാല്‍ അവരെ സ്വീകരിക്കാനായി റയില്‍വെ സ്റ്റേഷനില്‍ എത്താറുണ്ടായിരുന്നു.”
ഗാന്ധിയന്‍ തത്വങ്ങളുടെ പ്രണേതാവായിരുന്ന സഫ്‌റാനിയുടെ മാതാവ് ബീഗം ആമിര്‍ ഹസന്‍ മരണം വരെ ഖാദിവസ്ത്രം ഉപയോഗിക്കുന്നവരും ജീവിതത്തില്‍ ലാളിത്യത്തെ മുറുകെ പിടിക്കുന്നവരുമായിരുന്നു. സബര്‍മതിയില്‍ ഗാന്ധി പിന്തുടര്‍ന്ന ജീവിതരീതിയെ അനുകരിച്ച് ജീവിച്ച ബീഗം ലളിതമായ ഒരു മുറിയിലാണ് കഴിഞ്ഞുകൂടിയത്. സരോജിനി നായിഡുവിന്റെ സുഹൃത്ത് കൂടിയായിരുന്ന ബീഗം ആമിര്‍ ഹസന്‍ തന്റെ പാരമ്പര്യ സ്വത്തുക്കള്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന് വേണ്ടി ദാനം ചെയ്യുകയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം അവരെ ആദരപൂര്‍വം ആമിര്‍ ജാന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഹസന്‍ കുടുംബത്തിന്റെ കേന്ദ്രമായിരുന്ന ‘ആബിദ് മന്‍സില്‍’ ഇന്നും ഹൈദരാബാദില്‍ തല ഉയര്‍ത്തി നിലകൊള്ളുന്നുണ്ട്. ഗാന്ധിയുടെ ആഹ്വാന പ്രകാരം 1920 ല്‍ ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ അഗ്നിക്ക് ഇരയാക്കാന്‍ ആരംഭിച്ചത് ഇവിടെ വച്ചാണ്.
ഐ എന്‍ എ തടവുകാരെ താമസിപ്പിച്ചിരുന്ന സിംഗപ്പൂരിലെ ജയിലില്‍ ഒരിക്കല്‍ ജവഹര്‍ലാല്‍ നെഹ്‌റു സന്ദര്‍ശനം നടത്തുകയുണ്ടായി. ഇന്ത്യന്‍ തടവുകാരുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണത്തിനിടയില്‍ ചുമര്‍ ചാരി ഇരിക്കുന്ന ഒരു മനുഷ്യനെ അദ്ദേഹം ശ്രദ്ധിക്കുകയുണ്ടായി. നിങ്ങളാരാണ് എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം നല്‍കിയ മറുപടി ‘ജയ്ഹിന്ദ്’ എന്നായിരുന്നു. നിങ്ങള്‍ അഹ്മദാബാദില്‍ നിന്നാണോ എന്ന ചോദ്യത്തിനും അദ്ദേഹം അതേ മറുപടിയായിരുന്നു നല്‍കിയത്.
ജയില്‍ മോചിതനായ ശേഷം സഫ്‌റാനിയുടെ ആരോഗ്യം നന്നേ ക്ഷയിച്ചുവരികയും എലിസബത്ത്, ബട്ടക് ചന്ദ്ര തുടങ്ങിയ പ്രഗത്ഭ വ്യക്തികള്‍ അദ്ദേഹത്തെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും ചെയ്തു.

നിസ്വാര്‍ഥനായ രാഷ്ട്ര സേവകന്‍
ആരോഗ്യാവസ്ഥ വീണ്ടെടുത്ത അദ്ദേഹം കച്ചവടരംഗത്ത് പ്രവേശിച്ചങ്കിലും വേണ്ടത്ര വിജയം വരിക്കാന്‍ സാധിച്ചില്ല. അതിനുശേഷം സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയ സഫ്‌റാനി ആദ്യ അവസരത്തില്‍ തന്നെ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. പരീക്ഷക്കിടയില്‍ അദ്ദേഹത്തെ അഭിമുഖം നടത്തിയത് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. അങ്ങനെ അദ്ദേഹത്തോട് വിദേശകാര്യ വകുപ്പില്‍ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചു എന്നാണ് പറയപ്പെടുന്നത്.
ഈജിപ്ത്, ഇറാഖ്, തുര്‍ക്കി, സെനഗല്‍, ഗാംബിയ, ഐവറി കോസ്റ്റ് തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ സഫ്‌റാനി ഔദ്യോഗിക സേവനം അനുഷ്ഠിക്കുകയുണ്ടായി. ജോര്‍ദാന്‍ രാജാവ് ഷാ ഹാഷിം ഫൈസല്‍ ബാഗ്ദാദില്‍ സായുധ സംഘത്താല്‍ കൊല ചെയ്യപ്പെട്ട അവസരത്തില്‍ ഇറാഖിലെ ഔദ്യോഗിക പ്രതിനിധിയായിരുന്ന സഫ്‌റാനിയുടെ അസാന്നിധ്യം വ്യാപകമായ വിമര്‍ശങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
അത്യുല്‍സാഹിയായിരുന്ന ആബിദ് ഹസന്‍ സഫ്‌റാനി ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചതിന് ശേഷം ഗോല്‍ക്കണ്ടയില്‍ വിശാലമായ കൃഷിത്തോട്ടം ആരംഭിക്കുകയും ഇവിടെ നിന്ന് ലഭിക്കുന്ന വിളകള്‍ നേതാജിയുടെ കുടുംബത്തിന് നല്കാനായി കൊല്‍ക്കത്തയിലേക്ക് വരികയും ചെയ്യാറുണ്ടായിരുന്നു. നേതാജിയുടെ ഓര്‍മകളെ മനസ്സില്‍ നിലനിര്‍ത്താനായിരുന്നു ഇപ്രകാരം ചെയ്തിരുന്നത്. 1984 ല്‍ ആബിദ് ഹസന്‍ സഫ്‌റാനി എന്ന സാത്വികനായ രാഷ്ട്രസേവകന്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ ദീപ്തമായ ഓര്‍മകള്‍ നിലനിര്‍ത്താന്‍ അനന്തിരവള്‍ സുരയ്യ ഹസന്‍ ഗോല്‍ക്കണ്ടയില്‍ ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി.
സഫ്‌റാനി എന്ന അദ്ദേഹത്തിന്റെ സ്ഥാന പേരിന് പിന്നില്‍ ശ്രദ്ധേയമായ ഒരു സംഭവമുണ്ട്. ഐ എന്‍ എയുടെ പതാകയുടെ നിറം തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയില്‍ ഒരു തര്‍ക്കം രൂപപ്പെട്ടു. ഹിന്ദുക്കള്‍ കാവി നിറം വേണമെന്നും മുസ്‌ലിംകള്‍ പച്ചനിറം വേണമെന്നും ആവശ്യപ്പെട്ടു. ഹിന്ദുക്കള്‍ അവരുടെ ആവശ്യത്തില്‍ നിന്ന് പിന്‍വാങ്ങിയ ശേഷവും മുസ്‌ലിംകള്‍ പിടിവാശി ഉപേക്ഷിക്കാന്‍ തയ്യാറാവാതിരുന്ന അവസരത്തില്‍ ആബിദ് ഹസന്‍ അദ്ദേഹത്തിന്റെ പേരിന്റെ കൂടെ സഫ്‌റാനി (കുങ്കുമം) എന്ന് കൂടി ചേര്‍ക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ യഥാര്‍ഥ പേര് സൈനുല്‍ ആബിദ് എന്നായിരുന്നു.(മലിക് അസ്ഗര്‍ ഹാശ്മി
വിവ.ഷാകിര്‍ എടച്ചേരി.)

Sunday, September 18, 2022

ചീറ്റ പുലിയും അക്ബറും



ഫത്തേബാസ്...അക്ബർ ചക്രവർത്തിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ചീറ്റപ്പുലിയുടെ പേര്....അന്ന് ജലാലുദ്ദീൻ മുഹമ്മദ് അക്ബറിന് പതിമൂന്ന് വയസ്സാണ് പ്രായം. ചീറ്റപ്പുലിയുമായി ഡൽഹി ദർബാറിലെത്തിയത് മുഗൾ പടനായകരിലൊരാളായ വാലി ബെഗ് ആയിരുന്നു. പഞ്ചാബിലെ മച്ചിവാരയിൽ 1555ൽ സൂരികളുമായുണ്ടായ യുദ്ധത്തിൽ മുഗൾ സാമ്രാജ്യത്തിനായിരുന്നു ജയം. അന്ന് സൂരികളിൽ നിന്നും വാലി ബെഗ് പിടിച്ചെടുത്തതായിരുന്നു ഫത്തേബാസ് എന്ന ചീറ്റപ്പുലിയെ. മുഗൾ സാമ്രാജ്യത്തിന്റെ ഭാവി ചക്രവർത്തിക്കു മുന്നിൽ കാഴ്ച വസ്തുവായിട്ടാണ് ഫത്തേബാസിനെ വാലിബെഗ് സമർപ്പിച്ചത്. അത്രനാൾ അക്ബർ ഒരു ചീറ്റപ്പുലിയെ അത്രയും അരികിൽ കണ്ടിട്ടില്ലായിരുന്നു. ചീറ്റപ്പുലിയുമായി വേട്ടയ്ക്കിറങ്ങുന്ന മുഗളരുടെ കഥകൾ മാത്രമായിരുന്നു ആ പതിമൂന്നുകാരൻ കേട്ടിരുന്നത്.

ഫത്തേബാസിനെ കണ്ട അക്ബർ ആവേശഭരിതനായി. ആ ചീറ്റപ്പുലിയെ കോട്ടയ്ക്കുള്ളിൽ താമസിപ്പിക്കാൻ തീരുമാനിച്ചു. ചീറ്റപ്പുലിയുടെ സൂക്ഷിപ്പുകാർ അക്കാലത്ത് 'ദുൻദു' എന്നാണ് അറിയപ്പെട്ടിരുന്നത്. ഫത്തേബാസിനെ നോക്കാൻ ഏൽപ്പിച്ചയാൾ മിടുക്കനാണെന്ന് കണ്ട് അയാൾക്ക് അക്ബർ ഫത്തേഖാൻ എന്ന സ്ഥാനപ്പേരും നൽകി. ഫത്തേബാസിനെ കണ്ട അന്നു മുതൽക്കാണ് അക്ബറൊരു ചീറ്റപ്രാന്തനാകുന്നത്. പോകെ പോകെ അക്ബറിന്റെ കോട്ടയ്ക്കുളിൽ ആയിരത്തോളം ചീറ്റപ്പുലികളെത്തി. അത്രയ്ക്കായിരുന്നു ചക്രവർത്തിയുടെ കമ്പം.

ചീറ്റപ്പുലിയെ മുഗളർ വിളിച്ചിരുന്നത് 'യൂസ്' എന്നായിരുന്നു. പേർഷ്യൻ വാക്കായിരുന്നു അത്. ഇന്ത്യയിലേയും പേർഷ്യയിലേയും (ഇറാൻ) അറബ്യേയിലേയും കൊട്ടരാങ്ങളിൽ ചീറ്റപ്പുലികളെ വളർത്തിയിരുന്നു. ചീറ്റപ്പുലിയെ ഉപയോഗിച്ചുള്ള വേട്ടയാടൽ മാത്രമല്ല ചീറ്റയെത്തന്നെ വേട്ടയാടുന്നതും അക്കാലത്തെ രാജക്കൻമാർക്കും പടനായകർക്കും ഒരു ഹരമായിരുന്നു.കാടിന്റെ കനപ്പിനുള്ളിലല്ല ചീറ്റകളുടെ ഇടം. അവ പുൽമേടുകളിലും കുറ്റിച്ചെടികൾ നിറഞ്ഞ കണ്ണെത്താത്ത നിരപ്പുകളിലും പാറപ്രേദേശങ്ങളിലും കുന്നിൻപുറങ്ങളിലുമാണുണ്ടാവുക മണിക്കൂറിൽ 70 മൈൽ വേഗത്തിൽ കുതിക്കുന്ന കരയിലെ അതിവേഗക്കാരന് ഇരയെ ഓടിച്ചിട്ടു പിടിക്കാൻ തുറസ്സായ ഇടങ്ങളാണ് വേണ്ടത്. ഏതാനും നൂറ്റാണ്ടുകൾക്ക് മുൻപ് വരെ ഉപേക്ഷിക്കപ്പെട്ട് കിടന്ന ഇന്ത്യയിലെ പുൽമേടുകൾ ചീറ്റകളുടെ വാസകേന്ദ്രമായിരുന്നു. രാജാക്കൻമാരുടെ വേട്ടയാടലിനൊപ്പം ഇത്തരം തുറസ്സായഭൂമി കൃഷിയിടങ്ങളായി മാറ്റിയപ്പോൾ ചീറ്റയുടെ ആവാസവ്യവസ്ഥയാണ് തകർക്കപ്പെട്ടത്.

ഇന്ത്യയുടെ ചരിത്രത്തിൽ ചീറ്റപ്പുലിയെക്കുറിച്ചുള്ള വിവരങ്ങൾ ശുഷ്കമാണ്. ചീറ്റയെ നായാട്ടിന് ഉപയോഗിച്ചിരുന്നു എന്നതിന് ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള എഴുത്ത് പന്ത്രണ്ടാം നൂറ്റാണ്ടിലെ 'മാനസോല്ലാസ'യിലാണ്. ചാലൂക്യ രാജാവായിരുന്ന സോമേശ്വര മൂന്നാമന്റേതാണ് ഈ സംസ്കൃത ഗദ്യം. അക്കാലത്തെ എല്ലാ വിഷയങ്ങളും പരാമർശിക്കുന്ന 'എൻസൈക്ലോപീഡിയ' ആണ് മാനസോല്ലാസ. ഇതിനുശേഷം മുഗളരാണ് ഇന്ത്യയുടെ ചരിത്രത്താളുകളിൽ ചീറ്റയെ കുറിച്ച് ഏറ്റവുമധികം കുറിച്ചിട്ടത്. പടിഞ്ഞാറൻ പഞ്ചാബിലെ 'ലഖി' കാട് ചീറ്റപ്പുലികളുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്നെന്ന് മുഗൾ ചരിത്രരേഖകൾ പറയുന്നു. സത്ലജ് നദിയുടെ വടക്കൻതീരമായിരുന്നു ഇത്. മുഗളർ ഇവിടെ നിന്നും ചീറ്റയെ പിടികൂടിയിരുന്നു. ഭട്ടീൻഡ, പത്താൻ, സിമാവാലി, അലാപൂർ, ജോധ്പൂർ, ജെയ്സാൽമീർ തുടങ്ങിയ ഇടങ്ങളിൽ നിന്നും ചീറ്റയെ വേട്ടയാടിയിരുന്നു.ചീറ്റവേട്ടകൾ

കാട്ടാനകളെ വാരിക്കുഴിയിൽ വീഴ്ത്തി പിടികൂടിയിരുന്നത് പോലെയായിരുന്നു ചീറ്റകളെ പിടികൂടിയിരുന്നത്. ചീറ്റകൾ പതിവായി വരുന്നയിടം മനസ്സിലാക്കി അവിടെ അധികം താഴ്ചയില്ലാത്ത കുഴികൾ തീർക്കും. ഏതിലെങ്കിലും ഒന്നിൽ ചീറ്റ വീഴാതിരിക്കില്ല എന്ന ഉറപ്പ് മുഗളർക്കുണ്ടായിരുന്നു. ചീറ്റ വീണാൽ ആ കുഴിക്ക് മീതെ വന്നടയുന്ന പ്രത്യകതരം വാതിലുള്ള കെണിയുമുണ്ടായിരുന്നു. വീഴുന്ന ചീറ്റപ്പുലിക്ക് പരിക്കു പറ്റാതിരിക്കാനുള്ള മുൻകരുതലും എടുത്തിരുന്നു.

ചില സമയങ്ങളിൽ ഒന്നിലധികം ചീറ്റകൾ ഒരു കുഴിയിൽ തന്നെ വീഴാറുണ്ടായിരുന്നു. ഒരിക്കൽ ഒരു കുഴിയിൽ നിന്നും ഏഴ് ചീറ്റകളെ കിട്ടി. ഒരു മഞ്ഞു കാലമായിരുന്നു അത്. ചീറ്റകൾ ഇണചേരുന്ന സമയം. ഒരു പെൺചീറ്റയ്ക്ക് പിന്നാലെ ഏഴ് ആൺ ചീറ്റകൾ നടക്കുകയായിരന്നു. പെൺചീറ്റ കുഴിയിൽ വീണതിന് പിന്നാലെ ആറു ആണുങ്ങളും എടുത്തു ചാടി.

'ഒടി' എന്നാണ് ഇത്തരം കുഴികളെ വിളിച്ചിരുന്നത്. ആദ്യകാലത്ത് ആഴത്തിൽ കുഴികുത്തി ചീറ്റകളെ വീഴ്ത്തലായിരുന്നു. ആ വീഴ്ചയിൽ തന്നെ ചീറ്റകളുടെ കാലുകൾ ഒടിയും. ഇല്ലെങ്കിൽ കുഴിയിൽ നിന്നും പുറത്തേക്ക് ചാടാനുള്ള വെപ്രാളത്തിൽ പരിക്കുപറ്റുമായിരുന്നു. അക്ബറിന്റെ കാലത്താണ് ആഴംകുറച്ച് കുഴികുത്തി പരിക്കേൽക്കാതെ ചീറ്റയെ പിടിക്കാനുള്ള സംവിധാനം 'ഒടി' യിൽ ഒരുക്കിയത്. ചീറ്റകളെ ഓടിച്ചു തളർത്തി പിടികൂടുന്ന ഏർപ്പാടും മരത്തിൽ നിന്നും കഴുത്തിൽ കുടുങ്ങുന്ന കുരുക്ക് ഞാത്തിയിട്ട് പിടികൂടുന്ന രീതിയുമുണ്ടായിരുന്നു.

അക്ബറും സംഘവും 1560ൽ പഞ്ചാബിൽ നിന്നും ആഗ്രയിലേക്കുള്ള യാത്രാമധ്യേ ഇപ്പോഴത്തെ ഹരിയാണയിലെ ഹിസാർ ഫിറോസയിലെത്തിയപ്പോൾ കൂട്ടത്തിലൊരു വേട്ടക്കാരൻ ചക്രവർത്തിയെ ഓർമപ്പെടുത്തി...'ഇവിടെയടുത്ത് യൂസുകൾ ഒരുപാടുള്ള കാടുണ്ട്. അക്ബർ ഒട്ടും അമാന്തിച്ചില്ല, അവിടെ നങ്കൂരമിട്ടു. ചീറ്റയെ വീഴ്ത്താനുള്ള ഒടി കുഴികൾ ആ കാടുകളിൽ നിറഞ്ഞു. അന്ന് അക്ബറിന് ഒരുപാട് ചീറ്റകളെ കിട്ടിയത്രേ...

ചീറ്റകളുമൊത്തുള്ള നായാട്ടിൽ അക്ബറിന് ഹരംപിടിച്ചു. ഒടികൾ നിറഞ്ഞു. ചീറ്റ കെണിയിൽ വീണാൽ ചക്രവർത്തിയെ അറിയിക്കണം എന്നായി. അറിഞ്ഞയുടൻ കുതിരപ്പുറത്തേറി ആ സ്ഥലത്തേക്ക് അക്ബർ പാഞ്ഞെത്തുമായിരുന്നു. കുഴിയിൽ നിന്നും ചീറ്റയെ കയറ്റുന്നത് നോക്കി നിന്ന് നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഒരിക്കൽ ഗ്വാളിയാറിന് സമീപം ക്രൗര്യമേറെയുള്ളൊരു ചീറ്റ വീണു. അക്ബർ നേരിട്ടെത്തിയാണതിനെ കുഴിയിൽ നിന്നും വലിച്ചു കയറ്റിയത്.

പിടികൂടുന്ന ചീറ്റകളെ വേട്ടയ്ക്കായി ഇണക്കിയെടുക്കുന്നതായിരുന്നു രീതി. ഒരു ചീറ്റ നന്നായൊന്ന് ഇണങ്ങി കിട്ടാൻ മൂന്നു മാസം വരെ സമയമെടുത്തിരുന്നു. പക്ഷെ അക്ബർ ഇതിന് മാറ്റം കൊണ്ടുവന്നു പതിനെട്ട് ദിവസം കൊണ്ടാണ് ചീറ്റയെ വേട്ടയ്ക്കായി തയ്യാറാക്കിയിരുന്നത്. പരിശീലനം നൽകാൻ പലപ്പോഴും അക്ബർ നേരിട്ടു തന്നെ ഇറങ്ങുമായിരുന്നു. അക്ബറിന്റെ കാലത്തിന് മുമ്പ് വരെ ഒരു ചീറ്റ വേട്ടയിൽ പരമാവധി മൂന്നു കൃഷ്ണമൃഗങ്ങളെ മാത്രമേ കൊല്ലുമായിരുന്നുള്ളു. എന്നാൽ അക്ബറും സംഘവും പരിശീലനത്തിലൂടെ 12 കൃഷ്ണമൃഗങ്ങളെ വരെ ഒറ്റവേട്ടയിൽ ഒരു ചീറ്റ പിടികൂടുന്ന രീതി കൊണ്ടുവന്നു.

അക്ബറിന്റെ കാലത്തിന് മുന്നേ ചീറ്റകളുടെ കണ്ണുകൾ കെട്ടിയാണ് കോട്ടയ്ക്കുള്ളിൽ വിട്ടിരുന്നത്. എന്നാൽ അക്ബർ പരിശീലനം നൽകിയവയ്ക്ക് കൺകെട്ടുകൾ ഒഴിവാക്കി. ഒരിക്കൽ ഒരു കൃഷ്ണമൃഗവും മുഗളരുടെ കൈയിലുള്ള ഒരു ചീറ്റയും തമ്മിൽ വലിയ ചങ്ങാത്തത്തിലായി. അവരെ ഒരു കൂട്ടിലിട്ടാണ് പിന്നെ വളർത്തിയത്. കൗതുകകരമായ കാര്യമെന്തന്നാൽ വേട്ടയുടെ സമയത്ത് മറ്റ് കൃഷ്ണമൃഗങ്ങൾക്ക് മേൽ ചാടിവീഴാൻ ആ ചീറ്റ മടികാണിച്ചിരുന്നില്ലെന്നതാണ്.

അക്ബറിന്റെ കോട്ടയിൽ ചീറ്റകളെ പരിപാലിക്കാൻ മാത്രം ഇരുന്നൂറോളം പരിശീലകരുണ്ടായിരുന്നു. വേട്ടസംഘത്തിലെ മികച്ച ചീറ്റകളെ ഖാസ എന്നാണ് വിളിച്ചിരുന്നത്. ഇത്തരം ചീറ്റകളെ നോക്കിവളർത്താൻ മാത്രം മൂന്നും നാലുംപേരെ നിയമച്ചിരുന്നു. അവർ കൊട്ടാരത്തിലെ ഉയർന്ന ശമ്പളക്കാരുമായിരുന്നു. പത്തു ചീറ്റകൾ ചേർന്നതായിരുന്നു ഒരു തരാഫ്. അവയെ മിടുക്കും തൂക്കവുമനുസരിച്ച് തിരിച്ചിരുന്നു. അതിൽ ഏറ്റവും മികച്ചവയായിരുന്നു ഖാസസംഘത്തിൽ.

വേട്ടയ്ക്കായി ചീറ്റകളെ കൊണ്ടുപോയിരുന്നത് ആനപ്പുറത്തായിരുന്നു..! ആനയുടെ ഇരുവശവും തൂങ്ങിക്കിടക്കുന്ന രണ്ട് കൂടുകൾ അതിൽ രണ്ടു ചീറ്റകൾ ഇരയെ കാത്ത് നിന്നു. ഇരയുടെ കൺവെട്ടം കാണുമ്പോൾ തുറന്നുവിടും. ആനകൾക്ക് പുറമേ ഭടൻമാരും ചീറ്റക്കൂടും ചുമന്ന് നടന്നിരുന്നു. തൂക്കമനുസരിച്ച് എട്ടുവിഭാഗങ്ങളായാണ് അക്കാലത്ത് ചീറ്റകളെ തരംതിരിച്ചിരുന്നത്.മദൻകലിയും ചിത്തരഞ്ജനും

ആയിരത്തോളം ചീറ്റകളുണ്ടായിരുന്ന അക്ബറിന് പ്രിയം മദൻകലിയോടായിരുന്നു. 1571ൽ പാക്പട്ടാനിൽ (പാകിസ്താനിലെ ലാഹോറിനു സമീപം) ധാരാളം ചീറ്റകളുണ്ടെന്നറിഞ്ഞ് അക്ബറും സംഘവും വേട്ടയ്ക്കിങ്ങി. ആറു ചീറ്റകളുമായാണ് തിരിച്ചെത്തിയത്. അഴകും വേഗവും കൊണ്ട് വിസ്മയിപ്പിച്ച അതിലെ മിടുക്കന് അക്ബർ പേരിട്ടു മദൻ കലി...അവനായിരുന്നു അകബ്റിന്റെ ചീറ്റത്തലവൻ. മദൻകലിക്ക് സ്വന്തം കൈകൾ കൊണ്ടായിരുന്നു അക്ബർ തീറ്റ കൊടുത്തിരുന്നത്. ഒരിക്കൽ മന്ത്രിമാർ ചോദിച്ചു; 'അങ്ങേക്ക് ഭയമാകുന്നില്ലേ ഓമന മൃഗത്തെ പോലെ ഈ ജീവിയെ കാണാൻ..?' അക്ബർ മദൻകലിയുടെ തലയിലും കഴുത്തിലും തലോടിക്കൊണ്ടു പറഞ്ഞതിങ്ങനെ: 'മൃഗങ്ങളെ ഭയപ്പെടുത്താതിരിക്കുക...ഏതൊരു മൃഗത്തിനും നമ്മൾ അവയെ ഒന്നും ചെയ്യില്ലെന്ന് മനസ്സിലാകണം. അതിനൊപ്പം അവയെ സ്നേഹത്തോടെ പരിലാളിക്കുകയും ചെയ്താൽ അത് നമ്മളെയും ഒന്നും ചെയ്യില്ല...'

അക്ബറിനെ അത്ഭുപ്പെടുത്തിയ ചീറ്റയായിരുന്നു ചിത്തരഞ്ജൻ..1572ൽ രാജസ്ഥാനിലെ സാംഗനീറിൽ വേട്ടയ്ക്കായി ചക്രവർത്തിയിറങ്ങി. ഒരു കൃഷ്ണമൃഗത്തിന് പിന്നാലെ ഖാസ ചീറ്റകളിലൊന്നായ ചിത്തരഞ്ജൻ പാഞ്ഞു. പ്രാണരക്ഷാർഥം കുതിച്ച കൃഷ്ണമൃഗം വഴിയിലെ വലിയൊരു ഗർത്തം ചാടിക്കടന്നു. ഏതാണ്ട് 25 അടി അപ്പുറമായിരുന്നു അങ്ങേക്കര...ഒന്നരക്കുന്തത്തിന്റെ ഉയരത്തിൽ പൊങ്ങിയ കൃഷ്ണമൃഗത്തിനൊപ്പം ചിത്തരഞ്ജനും ഉയർന്നു ചാടി. അങ്ങേക്കരയിലെത്തി അതിനെ പിടികൂടി. ഇതുകണ്ട് അന്തംവിട്ടു നിന്ന അക്ബർ ചിത്തരഞ്ജനെ ചീറ്റക്കൂട്ടത്തിന്റെ രാജാവായി പ്രഖ്യാപിച്ചു. ചിത്തരഞ്ജൻ കടന്നു പോകുമ്പോൾ അകമ്പടിയായി വലിയ ചെണ്ട കൊട്ടണമെന്നും കൽപ്പിച്ചു.

അക്ബറിനെ ദുഃഖത്തിലാഴ്ത്തിയ ചീറ്റസംഭവങ്ങളുമുണ്ട്. ബീഹാറിലേക്കുള്ള ചക്രവർത്തിയുടെ 1574ലെ യാത്രയിൽ ലോധിപ്പൂരിന് സമീപം ഗംഗാനദി മുറിച്ചു കടക്കവേ ചീറ്റകളെ കയറ്റിയ ഒരു ബോട്ട് മുങ്ങി. കൂട്ടത്തിലെ മികച്ച ചീറ്റകളായ ദൗളത്ത് ഖാനും ദിൽറാങ്ങും മുങ്ങി ചത്തു.

ജഹാംഗീർ കണ്ട ചീറ്റകൾ

അക്ബറിന്റെ മരണശേഷം ചക്രവർത്തി പദമേറ്റ ജഹാംഹീർ 1608ൽ അജമീർ സന്ദർശിച്ചപ്പോൾ. രാജാ വീർസിങ് ദേവ് അവിടെ വെള്ള ചീറ്റപ്പുലിയുമായി എത്തി. യൂസ്-ഇ-സഫേദ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബുന്ദേൽഖണ്ഡ് മേഖലയിലെ (ഇപ്പോഴത്തെ മധ്യപ്രദേശ്) ഓർച്ച രാജ്യം ഭരിച്ചിരുന്ന മുഗൾ സാമന്ത രാജാക്കൻമാരിൽ ഒരാളായിരുന്നു വീർസിങ് ദേവ്. ഇന്ത്യയിൽ ഏറ്റവും അധികം ചീറ്റപ്പുലികൾ ഉണ്ടായിരുന്ന ഇടമാണ് ബുന്ദേൽഖണ്ഡ് മേഖല. കാരണം ചീറ്റയുടെ ഇഷ്ട ഇരയായ കൃഷ്ണമൃഗം കൂടുതലായുണ്ടായിരുന്ന സ്ഥലം കൂടിയാണിത്. ജഹാംഗീറിന്റെ കാലത്ത് ഇവിടെ നിന്നും ഒരുപാട് ചീറ്റകളെ പിടികൂടിയിരുന്നതായും കൊന്നതായും രേഖകളുണ്ട്.

ഇണക്കി വളർത്തുന്ന ചീറ്റകൾ ഇണചേരുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. അവയുടെ സ്വാഭാവിക ആവാസമേഖലയിൽ മാത്രമേ ചീറ്റ ഇണ ചേരൂ.

ജഹാംഗീർ രേഖപ്പെടുത്തിയിരിക്കുന്നതിങ്ങനെ; 'പിതാവിന്റെ കാലത്ത് ആയിരത്തോളം ചീറ്റകളെ വളർത്തിയിരുന്നെങ്കിലും ഒന്നും ഇണചേർന്നിരുന്നില്ല. ആൺ-പെൺ ചീറ്റകളെ തോട്ടങ്ങളിൽ സ്വതന്ത്രരായി വിട്ടിട്ടുപോലും ഇണചേരലുണ്ടായിട്ടില്ല. എന്നാൽ അത്ഭുതമെന്ന് പറയട്ടെ അബദ്ധത്തിൽ കഴുത്തിലെ ചങ്ങലയഴിഞ്ഞു പോയ ഒരു ആൺ ചീറ്റ, പെൺചീറ്റയെ സമീപിക്കുകയും ഇണചേരുകയും ചെയ്തു. അതിൽ മൂന്ന് കൂഞ്ഞുങ്ങളുമുണ്ടായി...' ചരിത്രത്തിൽ ചീറ്റപ്പുലിയുടെ ഇണചേരലിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഇതുമാത്രമാണ്.

ചീറ്റവരയും വാലും

മുഗൾഭരണകാലത്തെ തൊണ്ണൂറോളം പെയ്ന്റിങ്ങുകളിൽ ചീറ്റപ്പുലികൾ ചരിത്രകാരൻമാർ കണ്ടെത്തി. ഇതിൽ എഴുപതോളം പെയ്ന്റിങ്ങുകളിൽ ചീറ്റയുടെ വാലിന്റെ അറ്റം കാണാം. വാലിന്റെ അറ്റം കറുപ്പായാണ് വരച്ചിരിക്കുന്നത്. ആഫ്രിക്കൻ ചീറ്റകളുടെ വാലിന്റെ അറ്റത്ത് വെളുപ്പാണ്.ടിപ്പുവിന്റെ ചീറ്റകൾ

ടിപ്പുസുൽത്താൻ 16 ചീറ്റകളെ വളർത്തിയിരുന്നതായി രേഖകളുണ്ട്. ടിപ്പുവിന്റെ പതനത്തിന് ശേഷം ഇതിൽ മൂന്നെണ്ണത്തിനെ ഇംഗ്ലണ്ടിലേക്ക് കയറ്റി അയച്ചു. കിങ് ജോർജ്ജ് മൂന്നാമന്റെ കൊട്ടാരത്തിലേക്കായി. കർണാടകയിലെ ബെല്ലാരിയിലും മൈസൂരിലും ചാമരാജനഗറിലും ചീറ്റകളുണ്ടായിരുന്നതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1882ൽ ബ്രിട്ടീഷ് ഓഫീസറായിരുന്ന റസൽ ബീരംബാടിയിൽ അഞ്ചു ചീറ്റകളെ കണ്ടതായി എഴുതിയിട്ടുണ്ട്. ബന്ദിപ്പൂർ കാടുകളുടെ വടക്കൻ അതിർത്തിയാണ് ബീരമ്പാടി. ഇതിലൊന്നിനെ വേട്ടസംഘം വെടിവെച്ച് വീഴ്ത്തുകയും ചെയ്തു. ശിവാംഗി എന്നാണ് ചീറ്റപ്പുലിയെ അന്ന് കർണാടകയിൽ വിളിച്ചിരുന്നത്.

ബ്രിട്ടീഷുകാരുടെ ഭരണകാലത്തും ചീറ്റകൾ വ്യാപകമായി വേട്ടയാടപ്പെട്ടു. ചീറ്റകളെ കൊല്ലുന്നവർക്ക് പണം കൊടുക്കുന്ന ഏർപ്പാട് ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്നിരുന്നു. 1870 മുതൽ 1925 വരെ 70 ചീറ്റകളെ കൊന്നതിന് പണം നൽകിയതായി ബ്രിട്ടീഷ് രേഖകൾ പറയുന്നു.അവസാന ഫോട്ടോ
ഇപ്പോഴത്തെ ഛത്തീസ്ഗഢിലെ കൊറിയ എന്ന ചെറുരാജ്യത്തെ രാജാവായിരുന്ന രാമാനുജ് പ്രതാപ് സിങ് ദേവാണ് 1947-ൽ ഇന്ത്യയിൽ അവശേഷിച്ചിരുന്ന മൂന്ന് ചീറ്റപ്പുലികളെ വെടിവെച്ചുവീഴ്ത്തിയതെന്നാണ് ചരിത്രം. വന്യജീവി ഗവേഷണ സംഘടനയായ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിക്ക് രാമാനുജിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ പക്കൽനിന്നാണ് മൂന്നുചീറ്റകളെ വെടിവെച്ചിട്ടശേഷം തോക്കുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന രാജാവിന്റെ ചിത്രം ലഭിക്കുന്നത്. എന്നാൽ, ഇതിനുശേഷവും ഝാർഖണ്ഡ് പോലുള്ള ഇടങ്ങളിൽ ചീറ്റയെ കണ്ടതായി പറയപ്പെടുന്നു. പക്ഷേ, ചരിത്രരേഖയിലേക്ക് വന്നില്ല. കേന്ദ്രസർക്കാർ 1952-ലാണ് ഇന്ത്യൻ ചീറ്റയ്ക്ക് വംശനാശം സംഭവിച്ചെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയത്.
ആഫ്രിക്കൻ ചീറ്റയുടെ ഇന്ത്യൻ വെല്ലുവിളികൾ

ഇന്ത്യയിലേക്ക് ചീറ്റകളുടെ തിരിച്ചുവരവ് എന്ന് സമ്പൂർണ അർഥത്തിൽ പറയാനാകില്ല. കാരണം ഏഷ്യൻ ചീറ്റയല്ല ആഫ്രിക്കൻ ചീറ്റയാണ് മധ്യപ്രദേശിലെ കുനോ വന്യജീവി സങ്കേതത്തിൽ എത്തുന്നത്. ലോകത്ത് ആകെ ഏഴായിരം ചീറ്റകളേ വന്യജീവികളായി കഴിയുന്നുള്ളു. ഇതിൽ ഏഷ്യൻ ചീറ്റ എന്ന വംശം നിലവിൽ ഇറാനിൽ മാത്രമാണ് ഉള്ളത്. ആകെ ഇരുപതിൽ താഴെ മാത്രമേ ചീറ്റകളുള്ളു എന്നതിനാൽ ചീറ്റയെ ഇന്ത്യക്ക് കൈമാറാൻ ഇറാൻ തയ്യാറായില്ല. ഏഷ്യൻ ചീറ്റയും ആഫ്രിക്കൻ ചീറ്റയും തമ്മിൽ നേരിയ വ്യത്യാസങ്ങളേയുള്ളു. ഇതാണ് നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും ചീറ്റയെ എത്തിക്കാൻ തീരുമാനിച്ചത്.

ദക്ഷിണാഫ്രിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പ്രിറ്റോറിയയിലെ ജന്തുശാസ്ത്ര വിദഗ്ധരടങ്ങിയ ടീമാണ് ഇന്ത്യയിലേക്ക് ചീറ്റയെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. ഈ സംഘത്തിലെ വന്യജീവി സ്പെഷ്യലിസ്റ്റ് ആയ അഡ്രിയൻ ട്രോഡിഫ് പറയുന്നതിങ്ങനെ, 'ദക്ഷിണാഫ്രിക്കയിൽ ഇനി ചീറ്റകളെ പാർപ്പിക്കാനുള്ള കാടുകൾ കുറവാണ്. ലോകത്ത് ചീറ്റകളെ എത്തിക്കാവുന്നിടത്തെല്ലാം എത്തിക്കാനാണ് ശ്രമം. അല്ലെങ്കിൽ ചീറ്റ എന്നത് അമ്പത് കൊല്ലത്തിനുള്ളിൽ വംശനാശം വന്നു പോകും...' ദക്ഷിണാഫ്രിക്കയിൽനിന്നും മൊസാംബിക്കിലേക്കും മലാവിയിലേക്കും അടുത്തിടെ ചീറ്റകളെ എത്തിച്ചിരുന്നു.

അഡ്രിയാന്റെ അഭിപ്രായപ്രകാരം കുനോയിലെ പ്രകൃതിയുമായി ചീറ്റ പെട്ടെന്ന് ഇണങ്ങാനാണ് സാധ്യത. ആഫ്രിക്കൻ ഭൂപ്രദേശത്തിന് ഏതാണ്ട് സമാനമായ കാലാവസ്ഥയാണ് മധ്യപ്രദേശിലെ കുനോയിൽ. മഴയുടെ അളവ് കൂടുതലാണെന്നത് പ്രശ്നമാകുമോ എന്ന് കണ്ടറിയണം. പുള്ളിമാനുകൾ, ഇന്ത്യൻ ആന്റ്ലോപ്പ് എന്നറിയപ്പെടന്ന കൃഷ്ണ മൃഗം (ബ്ലാക്ക്ബക്ക് ), ചിൻകാര എന്നിവയായിരിക്കും ഇന്ത്യയിൽ ആഫ്രിക്കൻ ചീറ്റയുടെ ഇരകൾ...കുനോയിലെ പുള്ളിപ്പുലികളും കാട്ടുപന്നികളും ചീറ്റയെ ആക്രമിക്കാനിടയുണ്ടെന്നത് ആശങ്കകളിൽ ഒന്നാണ്.

സഹേരിയക്കാർ ചീറ്റയുടെ കൂട്ടുകാരാകുമോ

കുനോ ദേശീയ ഉദ്യാനത്തിന് ചുറ്റുമായി സഹേരിയ എന്ന ആദിവാസി സമൂഹത്തിന്റെ 54 ഗ്രാമങ്ങളാണ്. കൃഷിയും കന്നുകാലി വളർത്തലും കൂലിപ്പണിയുമായി കഴിയുന്നവരാണിവർ. ചീറ്റയെത്തുന്നതോടെ വന്യജീവി ടൂറിസത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാകും കുനോ. സഹേരിയക്കാർക്ക് ഉപജീവനമാർഗ്ഗമാകും ടൂറിസം.

റഫറൻസ്:
*അക്ബർനാമ, ഐൻ-ഇ-അക്ബരി - അബുൾഫസൽ
*തുസുക്ക്-ഇ-ജഹാംഗീരി - ജഹാംഗീർ
*ദി എൻഡ് ഓഫ് എ ട്രെയിൽ - ദിവ്യഭാനുസിങ്
*ചീറ്റ കൺസർവേഷൻ രേഖകൾ - യൂണിവേഴ്സിറ്റി ഓഫ് പ്രിടോറിയ, ദക്ഷിണാഫ്രിക്ക
*പ്രൊജക്ട് ചീറ്റ - എൻ.ടി.സി.എ.
*ആക്ഷൻ പ്ലാൻ ഫോർ ഇൻട്രൊഡക്ഷൻ ഓഫ് ചീറ്റ ഇൻ ഇന്ത്യ - വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

Wednesday, September 14, 2022

ഔറംഗസീബ്; ഇസ്‌ലാമിക ചരിത്രത്തിലെ ആറാം ഖലീഫ


ഭൂമിയില്‍ മനുഷ്യ പ്രതിനിധാനത്തിന്റെ സന്ദേശമറിയിച്ചും സ്രഷ്ടാവിന്റെ കല്‍പനകള്‍ക്ക് വഴങ്ങിയും ഭരണം നടത്തിയവരായിരുന്നു ഖുലഫാഉ റാശിദ (സച്ചരിതരായ ഭരണാധികാരികള്‍). അല്ലാഹുവിന്റെ കല്‍പനകള്‍ ആവും വിധം നടപ്പിലാക്കി നീതിനിഷ്ഠവും സംസ്‌കാരസമ്പന്നവും ഉജ്ജ്വലവുമായൊരു സാമൂഹികക്രമം ആ മഹാരഥന്മാര്‍ പടുത്തുയര്‍ത്തി. സാമൂഹിക നീതിയും സദാചാര മൂല്യങ്ങളും പൂത്തുലഞ്ഞ ആ കാലഘട്ടത്തില്‍, അയല്‍നാടുകളില്‍ പോലും അതിന്റെ ശോഭനമായ മുഖം തെളിഞ്ഞ് നിന്നു. ഖലീഫമാരുടെ കാലശേഷം വന്ന ഭരണാധികാരികളില്‍ അധികവും തങ്ങളുടെ മുന്‍ഗാമികള്‍ വരച്ചിട്ട ഭരണമാര്‍ഗ്ഗത്തില്‍ നിന്ന് അകന്ന് സഞ്ചരിച്ചപ്പോഴും ഉമറുബ്‌നു അബ്ദില്‍ അസീസ്, നൂറുദ്ദീന്‍ മഹ്മൂദ് സങ്കി, സലാഹുദ്ദീന്‍ അയ്യൂബി പോലുള്ള ചുരുക്കം ചിലര്‍ ചരിത്രത്തിന്റെ ഇടനാഴികകളില്‍ ഖുലഫാഉ റാശിദയെ അനുസ്മരിപ്പിച്ചിട്ടുണ്ട് (നിര്‍ഭാഗ്യവശാല്‍, അതിന്റെ ഉദാത്തമായൊരു തുടര്‍ച്ച ഇസ്‌ലാമിക സമൂഹത്തില്‍ പിന്നീട് ഉയിരെടുത്തിട്ടില്ല) അക്കൂട്ടത്തില്‍ ഖലീഫമാരുടെ മികവാര്‍ന്ന ചര്യകളും കരുത്തുറ്റ ഭരണ സംവിധാനങ്ങളുമായി പില്‍ക്കാലത്ത് ഇന്ത്യ ഭരിച്ച മുഗള്‍ ഭരണാധികാരിയായിരുന്നു അബുല്‍ മുളഫര്‍ മുഹ്‌യുദ്ദീന്‍ ഔറംഗസീബ്. ഹിജ്റ പത്താം നൂറ്റാണ്ടിലും പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി 52 വര്‍ഷം ഇന്ത്യാ ഉപഭൂഖണ്ഡം അദ്ദേഹം ഭരിച്ചു (AD 1658 – 1707). ആ കാലയളവില്‍ ഇന്ത്യയെ വളരെ കൂടുതല്‍ വിപുലീകരിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. രാജ്യദ്രോഹികളയും ശത്രുക്കളെയും നിഷ്‌കാസനം ചെയ്തും, സമത്വവും സാമൂഹിക നീതിയും ഉറപ്പുവരുത്തിയ ഔറംഗസീബിന്റെ ഇന്ത്യ, നൂറ്റാണ്ടുകള്‍ക്ക് മുമ്പത്തെ അബൂബക്കറിന്റെയും ഉമറിന്റെയും ഭരണകാലത്തെ ദിനരാത്രികളെ ഓര്‍മ്മിപ്പിച്ചുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ‘ഖുലഫാഉ റാശിദയുടെ ശേഷിപ്പ്’, ‘ഖലീഫമാരില്‍ ആറാമന്‍’എന്നിങ്ങനെയാണ് ഔറംഗസീബിനെ പ്രശസ്ത ഇസ്‌ലാമിക ചിന്തകന്‍ അലി തന്‍ത്വാവി വിശേഷിപ്പിക്കുന്നത്. അധികാരത്തിന്റെ എല്ലാ അലങ്കാരങ്ങളോടും കൂടി രാജ്യം വാഴുമ്പോഴും സ്വജീവിതത്തെ ധാര്‍മ്മിക സനാതന മൂല്യങ്ങള്‍കൊണ്ട് സമ്പന്നമാക്കിയിരുന്നു ഔറംഗസീബ്. 1618 ഒക്‌ടോബര്‍ 24 ന് ഗുജറാത്തിലെ ദൗഹത് എന്ന സ്ഥലത്താണ് ഔറംഗസീബ് ജനിച്ചത്. ഔറംഗസീബ് എന്ന പേര്‍ഷ്യന്‍ നാമത്തിന് ‘അധികാരത്തിന്റെ അലങ്കാരം’എന്നാണര്‍ഥം. സര്‍വ്വമാന സൗഭാഗ്യങ്ങളും സുഖലോലുപതയും മേളിച്ചിരുന്ന ബാല്യകാലമായിരുന്നു അദ്ദേഹത്തിന്റേത്. മുഗള്‍ സാമ്രാജ്യത്വത്തിലെ കേളികേട്ട സുല്‍ത്താനായിരുന്ന ഷാജഹാനും ‘മുംതാസ് മഹല്‍’ എന്ന നാമധേയത്താല്‍ അറിയപ്പെടുന്ന അര്‍ജുമന്ദ് ബാനുവും ആയിരുന്നു ഔറംഗസീബിന്റെ മാതാപിതാക്കള്‍. കുട്ടിക്കാലം മുതല്‍ക്കേ അദ്ദേഹം ദീനീനിഷ്ഠ മുറുകെ പിടിച്ചിരുന്നു. ആയോധനകലയിലും കായികക്ഷമതയിലും മറ്റുള്ളവരേക്കാള്‍ മുന്‍പന്തിയിലായിരുന്നു ഔറംഗസീബ്. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് നടന്ന ഒരു സംഭവം വളരെ വിശ്രുതമാണ്. ഒരിക്കല്‍ പിതാവ് ഷാജഹാനും സഹോദരങ്ങളുമൊത്ത് കുട്ടിയായ ഔറംഗസീബ് ഒരു ഉത്സവത്തിന് പോയി. ഉത്സവത്തിലെ മുഖ്യയിനം ആനയോട്ട മത്സരമായിരുന്നു. പെട്ടന്ന്, ഒരാന ഗോദയില്‍ നിന്നും ഔറംഗസീബിന്റെ നേര്‍ക്ക് പാഞ്ഞടുത്തു. അദ്ദേഹം ഇരുന്ന കുതിരയെ ആന അക്രമിക്കുകയും ഔറംഗസീബ് നിലംപതിക്കുകയും ചെയ്തു. ഉടനെ ചാടിയെണീറ്റ് ഉറയില്‍ നിന്നും ഉടവാള്‍ ഊരിയെടുത്ത് ആ ‘കൊച്ചുരാജാവ്’ മദയാനയുടെ നേരെ വാളോങ്ങി. അപ്പോഴേക്കും സുരക്ഷാഭടന്മാര്‍ വന്ന് ആനയെ വിരട്ടിയോടിച്ചു. ഔറംഗസീബിന്റെ പിതാമഹനായിരുന്നു അക്ബര്‍. അദ്ദേഹം തന്റെ ഭരണകാലത്ത് ഇസ്‌ലാമിക ഹൈന്ദവ മതസങ്കല്‍പ്പങ്ങളെ കൂട്ടിച്ചേര്‍ത്ത് ഒരു പുതിയ തത്വസംഹിത അവതരിപ്പിച്ചു. ‘ദീനെ ഇലാഹി’യെന്ന പുത്തന്‍ മതത്തിലേക്ക് ധാരാളമാളുകള്‍ ഇസ്‌ലാമില്‍ നിന്നും മതപരിത്യാഗികളായി. ഇത്തരത്തിലുള്ള പരിഷ്‌കരണ പ്രഹസനങ്ങള്‍ നടത്തിയ അക്ബര്‍ വിവാദങ്ങളുടെ തോഴനായിട്ടാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. കാലഘട്ടത്തിന്റെ അനിവാര്യതയെന്നോണം പണ്ഡിതനും സൂഫിവര്യനുമായിരുന്ന മൗലാനാ അഹ്മദ് സര്‍ഹിന്ദി കടന്നുവരികയും ദൈവപ്രോക്തമായ സത്യദീനിന്റെ വെള്ളിവെളിച്ചത്തിലേക്ക് ആളുകളെ ആട്ടിത്തെളിക്കുകയും ചെയ്തു. അക്ബറിന്റെ കാലശേഷം, കുട്ടിയായിരുന്ന ഔറംഗസീബിന്റെ മതപഠനം ഏറ്റെടുത്തത് മൗലാനാ മുഹമ്മദ് മഅ്‌സൂം സര്‍ഹിന്ദി ആയിരുന്നു. പഠനത്തില്‍ മിടുക്കനായിരുന്ന ഔറംഗസീബ്, വിശുദ്ധ ഖുര്‍ആന്‍ അക്ഷരശുദ്ധിയോടെ പാരായണം ചെയ്യുകയും ഒട്ടനവധി ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടുകയും ചെയ്തു. പിതാവ് ഷാജഹാനോടൊപ്പം ധാരാളം യുദ്ധങ്ങളില്‍ പങ്കെടുത്തതിനാല്‍ യുദ്ധതന്ത്രവും സൈനികമികവും അദ്ദേഹം സ്വായത്തമാക്കി. ഷാജഹാന്റെ മക്കളില്‍ മൂന്നാമനായിരുന്നു ഔറംഗസീബ്. ശുദാഅ്, മുറാദ് ബ്‌നു ബഹ്ശ്, എന്നിവരായിരുന്നു മുതിര്‍ന്ന സഹോദരങ്ങള്‍. ശുജാഅ് ബംഗാളിന്റെയും മുറാദ് ഗുജറാത്തിന്റെയും അധികാരം ഏറ്റെടുത്തപ്പോള്‍ ഔറംഗസീബ് ഇന്ത്യയുടെ മധ്യഭാഗത്തുള്ള ദുക്ന്‍ എന്ന സ്ഥലത്തെ അധികാരിയായി. ഷാജഹാന്റെ കാലത്ത

മാതൃത്വത്തിന്റെ മഹനീയത (റസീന മുഹ്‌യിദ്ദീന്‍)

അക്ഷരമാലതന്‍ 

ആദ്യാക്ഷരത്തോട്

ദുത്വമകാരവും ചേര്‍ത്തുവെച്ചു

അമ്മയെന്നുള്ള ലഘുപഥശീലിന്റെ

അന്വര്‍ഥ വ്യാപ്തി അവര്‍ണനീയം

പൊക്കിള്‍ കൊടിയില്‍ തുടങ്ങീടും ബന്ധങ്ങള്‍ അറ്റുപോകാതങ്ങ് 

കാക്കും അമ്മ. 

 

എത്ര ആലോചനാമൃതമായ വരികള്‍! അമ്മയെ കുറിച്ചായതുകൊണ്ടാവാം വായിച്ചപ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. അമ്മ അഥവാ മാതാവ്-ഭാഷയിലെ ഏറ്റവും വിശിഷ്ടമായ പദം, ഏറ്റവും മനോഹാരിതവും മാധുര്യവുമുള്ള പദം. അതിനപ്പുറം ഒരു വാക്കില്ല. 

 

അമ്മയുണ്ടമ്മയുണ്ട് തുണക്കുവാന്‍ 

അമ്മയുണ്ടമ്മയുണ്ട്

സുഗതകുമാരി ടീച്ചറുടെ വരികള്‍ എത്ര അര്‍ഥസമ്പുഷ്ടം! മാതൃത്വമെന്ന പവിത്ര യാഥാര്‍ഥ്യത്തെ നിഷേധിക്കുന്ന ഒരു സംസ്‌കാരവും പ്രത്യയശാസ്ത്രവും ലോകത്തില്ല. മാനവ സംസ്‌കൃതിയുടെ അടിസ്ഥാനം മാതൃത്വമാണ്. മാതാവിന്റെ മടിത്തട്ടാണ് ആദ്യവിദ്യാലയം. അതുതന്നെയാണ് സംസ്‌കാരത്തിന്റെ പ്രഭവകേന്ദ്രവും വിശ്വവിദ്യാലയവുമെല്ലാം. മാതാവിനു നമ്മെ അറിയുന്നതുപോലെ മറ്റൊരാള്‍ക്കും നമ്മെ അറിയില്ല. മറ്റാരേക്കാളും ഏറെ മാതാവ് നമ്മുടെ കൂടെ ഉണ്ട്. ഉള്ളുനൊന്ത പ്രാര്‍ഥനയായും ഉള്ളറിഞ്ഞ ശ്രദ്ധയായും ശിക്ഷണമായും ആ കരുത്ത് നമ്മോടൊപ്പമുണ്ട്. വേദനയുടെയും യാതനയുടെയും നീര്‍ച്ചുഴിയിലൂടെ ഒമ്പതു മാസകാലത്തെ ഗര്‍ഭധാരണം, അസഹ്യാനുഭവങ്ങള്‍ക്കൊടുവില്‍ പ്രസവം, ബദ്ധശ്രദ്ധമായ പരിചരണം, കുഞ്ഞിന്റെ മലമൂത്രങ്ങളോടൊപ്പം സ്‌നേഹപൂര്‍വമായ കൂട്ടിരിക്കല്‍, ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാനാവാത്ത അടുപ്പം. ജീവിതകാലം മുഴുവന്‍ മക്കളെ ഓര്‍ത്തുകൊണ്ടുള്ള നെടുവീര്‍പ്പുകള്‍, പട്ടിണിയുടെ വേദനയിലാകുമ്പോഴും കുഞ്ഞിന്റെ കരച്ചില്‍ സഹിക്കാനാവാത്ത ദുര്‍ബല മനസ്സ്. നമുക്ക് ജ•ം നല്‍കിയവര്‍, നമുക്ക് പേരിട്ടവര്‍, നമ്മെ പോറ്റി വളര്‍ത്തിയവര്‍, നാം വളരുന്നതിലും ഉയരുന്നതിലും പ്രശസ്തരാകുന്നതിലും നമ്മേക്കാളും ആനന്ദിച്ചവര്‍, നമ്മുടെ വേദനകളില്‍ ഏറ്റവുമധികം ദുഃഖിച്ചവര്‍, ഒരുവിധ കരാറുകളുമില്ലാതെ നമ്മോട് ബന്ധം പുലര്‍ത്തിയവര്‍. അവരാണ് മാതാപിതാക്കള്‍. മാതൃത്വത്തിന്റെ മഹനീയത വിശദീകരിക്കാനാവാത്ത, പ്രകടിപ്പിക്കാനാവാത്ത വികാരമാണ്.

പ്രശസ്ത കവി ഒ.എന്‍.വി കുറുപ്പിന്റെ 'അമ്മ' എന്ന കവിത എത്ര ചിന്തോദ്ദീപകമാണ്. രാജാവിന്റെ ആജ്ഞപ്രകാരം 9 സഹോദരങ്ങള്‍ ഗോപുരമുണ്ടാക്കാന്‍ ശ്രമിക്കുന്നു. എത്രതന്നെ ശ്രമിച്ചിട്ടും ശരിയാവാത്ത പടവുകള്‍ ശരിയാവണമെങ്കില്‍ ഒരാളുടെ ഭാര്യയെ കൂട്ടിച്ചേര്‍ത്ത് പണിയണമെന്ന് നാട്ടിലെ അറിവുള്ള ഒരാള്‍ പറയുന്നു. എന്റെ പ്രിയതമന്റെയും സഹോദരങ്ങളുടെയും അഭിമാനം സംരക്ഷിക്കാന്‍ എനിക്ക് സന്തോഷമുണ്ട്, അതിനാല്‍ എന്നെ ചേര്‍ത്ത് പണിതുകൊള്ളുക; കൈക്കുഞ്ഞുള്ള ഒരുവള്‍ പറയുന്നു. പക്ഷേ എനിക്കൊരപേക്ഷയുണ്ട്. പണിയുമ്പോള്‍ എന്റെ മാറിടം പുറത്തു കാണത്തക്ക രീതിയില്‍ പണിയണം. എന്നിട്ട് വിശക്കുന്ന കുഞ്ഞിനെ കൊണ്ടുവന്നു പാലൂട്ടണം. സ്വന്തം ജീവനേക്കാള്‍ മാതാവിന് തന്റെ കുഞ്ഞിനോടുള്ള സ്‌നേഹവായ്പാണ് ഇവിടെ വരച്ചുകാണിക്കുന്നത്.

ആധുനിക മനുഷ്യന്‍ പല മൂല്യങ്ങളും തിരസ്‌കരിച്ചപ്പോള്‍ ചില വീടുകളില്‍നിന്നെങ്കിലും അമ്മക്ക് പടിയിറങ്ങേണ്ട ദുരവസ്ഥയാണ്. വാര്‍ധക്യം ഒരനിവാര്യതയാണ്. ജീവിതചക്രത്തിലെ ഒരു ഘട്ടം. വൃദ്ധരടങ്ങുന്ന മൂന്ന് തലമുറകളെ ഉള്‍ക്കൊള്ളുന്ന സംയുക്ത കുടുംബം ഇന്ന് അപൂര്‍വ കാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. അണുകുടുംബങ്ങള്‍ക്ക് അഛനമ്മമാരെ കൂടെ പാര്‍പ്പിക്കാന്‍ വയ്യ. വിദേശങ്ങളിലേക്ക് തൊഴിലാവശ്യാര്‍ഥം പോകുന്നവര്‍ക്ക് മാതാപിതാക്കളെ കൂടെ നിര്‍ത്തുന്നതും പ്രായോഗികമല്ല. ഇങ്ങനെ കുടുംബ ബന്ധങ്ങളിലെ പുതുകാല മാറ്റങ്ങളില്‍ ഏറെ പരിക്കു പറ്റിയത് വൃദ്ധര്‍ക്കാണ്. അതുകൊണ്ടുതന്നെ പാശ്ചാത്യ നാടുകളിലെ പോലെ നമ്മുടെ നാട്ടിലും വൃദ്ധസദനങ്ങള്‍ ഏറിവരുന്നു. ബാധ്യതകളെ ഏതാനും നോട്ടുകെട്ടുകളിലൊതുക്കി, വന്ന വഴി മറക്കാന്‍ പുതിയ തലമുറ ശീലിച്ചിരിക്കുന്നു. പലരും തങ്ങളെ താരാട്ടു പാടിയ, സ്‌നേഹത്താലും വത്സല്യത്താലും ഊട്ടിയ പഴയ തലമുറയെ അവശതയുടെയും നിസ്സഹായതയുടെയും പ്രായത്തില്‍ ആശയറ്റ തെരുവിലെ 'ആശാ'ഭവനങ്ങളിലേക്ക് ആട്ടിയകറ്റുകയാണ്. ബസ് സ്റ്റാന്‍ഡിലും റെയില്‍വേസ്റ്റേഷനിലും തെരുവിലും മറ്റും മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം കേരളത്തില്‍ കുറവല്ല. വരുമാനമില്ലാത്തതെന്തും തെരുവിലേക്ക് വലിച്ചെറിയാന്‍ ശീലിപ്പിച്ച അധമ സംസ്‌കാരം സ്വാംശീകരിക്കപ്പെടുകയാണ്. കച്ചവടക്കണ്ണിലൂടെ എല്ലാം നോക്കിക്കാണുന്ന മുതലാളിത്ത സംസ്‌കാരത്തിന്റെയും വാണിജ്യവത്കരണത്തിന്റെയും സംഭാവനകളാണ് വൃദ്ധസദനങ്ങളും ഡേ കെയര്‍ സെന്ററുകളും. 

മുതിര്‍ന്ന പൗര•ാരുടെ സുരക്ഷക്ക് കേരള സര്‍ക്കാര്‍ രൂപം നല്‍കിയ നിയമം സ്വഗൃഹത്തില്‍ വാര്‍ധക്യകാലം എന്ന സന്ദേശമാണ് മുന്നോട്ടുവെക്കുന്നത്. മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലാതെ വരുമ്പോഴേ ഒരാളെ വൃദ്ധസദനത്തിലേക്ക് അയക്കാവൂ എന്നും അത് നിഷ്‌കര്‍ഷിക്കുന്നു. ഓരോ ജില്ലയിലും പരാതിപ്പെടാന്‍ പ്രത്യേക സംവിധാനങ്ങളുണ്ട്. പരാതി ശരിയാണെന്നറിഞ്ഞാല്‍ ജീവനാംശ തുക നല്‍കുന്നതുവരെ ബന്ധപ്പെട്ടവര്‍ക്

Tuesday, September 13, 2022

വിതയ്ക്കാത്ത വിത്തിന്റെ ഫലം ആഗ്രഹിച്ചിട്ട് കാര്യമില്ല.


അച്ഛന് പ്രായമേറെയായി. കിടപ്പിലുമാണിപ്പോള്‍. മക്കള്‍ക്ക് ഭാരവും തോന്നിത്തുടങ്ങി. അക്കാര്യം പിതാവിനും അറിയാം. പക്ഷേ എന്തുചെയ്യാനാണ്? അദ്ദേഹം മൗനം പൂണ്ടു കിടന്നു. രണ്ട് ആണ്‍മക്കളാണുള്ളത്. അവര്‍ അച്ഛന്റെ കാര്യത്തെക്കുറിച്ച് കൂലങ്കഷമായി ചിന്തിച്ചു. ഒടുവില്‍ മക്കള്‍ രണ്ടും ഒരു തീരുമാനത്തിലെത്തി. ഗംഗാസ്നാനത്തിനെന്നും പറഞ്ഞ് അച്ഛനെ കെണ്ടുപോകുക. നല്ല ഒഴുക്കുള്ള ദിക്കില്‍ മുക്കുക, എന്നിട്ട് പിടിവിടുക. അങ്ങനെ പുണ്യമായ ഗംഗയില്‍ അച്ഛന്‍ ലയിച്ചു ചേര്‍ന്നു കൊള്ളും. ശുഭമായ അന്ത്യം.

മൂത്തമകന്‍ പിതാവിനോട് ചോദിച്ചു: “അച്ഛാ, നമുക്ക് ഗംഗാസ്നാനത്തിന് പോയാലോ?” രണ്ടാമത്തെ മകന്‍ ഗംഗാസ്നത്തിന്റെ മേന്മകള്‍ വര്‍ണിച്ചു. അദ്ദേഹത്തിന് മക്കളുടെ ഉദ്ദേശ്യം മനസ്സിലായി. പക്ഷേ ഒന്നും മിണ്ടിയില്ല. ഗംഗാസ്നാനത്തിന് പോകാമെന്ന് സമ്മതിച്ചു. പിറ്റേ ദിവസം മക്കള്‍ പിതാവിനേയും എടുത്തു കൊണ്ട് ഗംഗാതീരത്തെത്തി.

നല്ല ഒഴുക്കുള്ള ഭാഗത്ത് അവര്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ പിതാവ് പറഞ്ഞു. “മക്കളെ കുറിച്ചു കൂടി മുകളിലേക്ക് പോയാല്‍ നല്ലതായിരിക്കും.അവിടെ ഇതിനേക്കള്‍ നല്ല ഒഴുക്കുണ്ട്.” അച്ഛന് തങ്ങളുടെ പദ്ധതി മനസ്സിലായോ എന്ന അന്ധാളിപ്പോടെ അവര്‍ അച്ഛന്റെ മുഖത്തോക്ക് നോക്കി. അപ്പോള്‍ അദ്ദേഹം നിര്‍വികാരത്തോടെ പറഞ്ഞു, “അവിടെയാ ഞാന്‍ എന്റെ അച്ഛനെ വയസ്സുകാലത്ത് ഗംഗാസ്നാനത്തിന് കൊണ്ടുവന്നത്.”

നാം നമുടെ മാതാപിതാക്കള്‍ക്ക് കൊടുക്കുന്നതേ, നമ്മുടെ മക്കളും നമുക്ക് നല്കൂ. നാം വിതയ്ക്കാത്ത വിത്തിന്റെ ഫലം ആഗ്രഹിച്ചിട്ട് എന്ത് കാര്യം ? നമ്മുടെ മക്കള്‍ നമ്മെ അനുസരിക്കണമെങ്കില്‍, പരിചരിക്കണമെങ്കില്‍ അതിന് നാം അര്‍ഹതനേടണം. ആ അര്‍ഹത നാം നമ്മുടെ പിതാക്കളെ സ്നേഹിക്കുന്നതിലൂടെ, പരിചരിക്കുന്നതിലൂടെ മാത്രമേ നേടാനാകൂ.

പുസ്തകത്തിരിക്കുന്ന അറിവും, മറ്റുള്ളവന്റെ കയ്യിലിരിക്കുന്ന പണവും ഒരുപോലെയാണ്‌

പുസ്തകത്തിരിക്കുന്ന അറിവും, മറ്റുള്ളവന്റെ കയ്യിലിരിക്കുന്ന പണവും ഒരുപോലെയാണ്‌

പുസ്തകേഷു ച യാ വിദ്യാ പരഹസ്തഗതം ധനം
ഉല്‍പന്നേഷു തു കാര്യേഷു ന സാ വിദ്യാ ന തദ്ധനം

പുസ്തകത്തിരിക്കുന്ന അറിവും, മറ്റുള്ളവന്റെ കയ്യിലിരിക്കുന്ന പണവും ഒരുപോലെയാണ്‌ - നമുക്കൊരാവശ്യം വരുമ്പോള്‍ ഒന്നു വിദ്യയുമല്ല, മറ്റേതു ധനവുമല്ല


"പുസ്തകേ പ്രത്യയാധീതം നാധീതം ഗുരുസന്നിധൗ സഭാമദ്ധ്യേ ന ശോഭന്തേ"
ഗുരുവിങ്കല്‍ നിന്നല്ലാതെ പുസ്തകത്തില്‍ നിന്നു പഠിച്ച വിദ്യ സഭയി ശോഭിക്കുകയില്ല- കാരണം ഗുരുവില്‍ നിന്നഭ്യസിക്കുന്ന വിദ്യക്ക്‌ നിശ്ചയാത്മികതയുണ്ട്‌. ഇത്‌ ഇതാണ്‌ എന്ന്‌ തീര്‍ച്ചയുണ്ട്‌ മറ്റേതില്‍ സംശയത്തിനവകാശമുണ്ട്‌.


പ്രായോഗിക ജീവിതത്തിൽ എപ്പോഴും ഓർത്തിരിക്കേണ്ട കാര്യമാണിത്. വിജ്ഞാനത്തിന്റെ ധർമ്മം പ്രയോഗത്തിൽ ഉപയോഗപ്പെടുകയെന്നതാണ്. അറിവ് എത്രയധികം ഉണ്ടെങ്കിലും ആവശ്യമുള്ള സമയത്ത് ഓർമ്മയിൽ വന്നില്ലെങ്കിൽ അത് പ്രയോജനപ്പെടുകയില്ലല്ലോ. അതുപോലെ തന്നെയാണ് കൂട്ടിവച്ചിരിക്കുന്ന ധനവും അന്യന്റെ കൈയിലിരിക്കുന്ന ധനവും. 

അർത്ഥശാസ്ത്രത്തിന്റെയും നീതിശാസ്ത്രത്തിന്റെയും രചയിതാവായ മഹാനായ ചാണക്യന്റെതാണ് ഈ വരികൾ. ക്രിസ്തുവിനു മുൻപ് 370-283 കാലഘട്ടത്തിൽ ജീവിച്ചിരുന്ന അദ്ദേഹം, ചന്ദ്രഗുപ്തമൗര്യന്റെ സഭയിലെ പണ്ഡിതനായിരുന്നു. കൗഡില്യനെന്നും വിഷ്ണുഗുപ്തനെന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു.

ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ .

നമ്പൂതിരി സമുദായത്തിലെ ആത്മീയ അധ്യക്ഷസ്‌ഥാനത്തുള്ള കുടുംബമായ ആഴ്വാഞ്ചേരി മനയുടെ കാരണവരാണ് ആഴ്‍‍വാഞ്ചേരി തമ്പ്രാക്കള്‍ അഥവാ ആഴ്‌വാഞ്ചേരി സമ്രാട്ട്‌. ബ്രാഹ്‌മണരുടെ ആചാരാനുഷ്‌ഠാനങ്ങളില്‍ തര്‍ക്കമുണ്ടായാല്‍ അവസാനതീര്‍പ്പ്‌ തമ്പ്രാക്കളുടേതായിരുന്നു. മതപരമായ കാര്യങ്ങളില്‍ പരമാധികാരിയുമായിരുന്നു.

 കേരളത്തില്‍ ഭരണം നടത്തിയിരുന്ന നാടുവാഴികളെയെല്ലാം അരിയിട്ടു വാഴിച്ചിരുന്നതും ആഴ്‌വാഞ്ചേരി തമ്പ്രാക്കളായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി മഹാരാജാക്കന്മാരുടെ കിരീടധാരണംനടത്താനും കോഴിക്കോട് സാമൂതിരിയെയും അരിയിട്ടു വാഴിക്കാനും ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ സാന്നിധ്യം വേണമെന്ന് നിര്‍ബന്ധവുമുണ്ടായിരുന്നു.

 അധികാരകേന്ദ്രങ്ങളെയും ബ്രാഹ്‌മണരെയും തമ്മില്‍ കൂട്ടിയിണക്കുന്ന കണ്ണിയായിരുന്നു ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍. രാജശാസനകളെ ധിക്കരിക്കുന്നവരും തെറ്റു ചെയ്യുന്നവരുമായ നമ്പൂതിരിമാരെ ശാസിയ്ക്കാനും ശിക്ഷിക്കാനുള്ള അധികാരവും തമ്പ്രാക്കള്‍ക്കുണ്ടായിരുന്നു. ബ്രാഹ്മണരെ ശിക്ഷിക്കാന്‍ രാജാക്കന്മാര്‍ക്ക് അധികാരമുണ്ടായിരുന്നില്ല.

തമ്പ്രാക്കളെ ക്ഷണിക്കാത്ത വിശേഷ ചടങ്ങുകള്‍ കേരളത്തിലെ രാജകൊട്ടാരങ്ങളിലോ ബ്രാഹ്‌മണഗൃഹങ്ങളിലോ മുന്‍പ്‌ ഉണ്ടായിരുന്നില്ല.

ആഴ്‌വാഞ്ചേരി സമ്രാട്ടിന്റെ ഉയര്‍‍ച്ച

ക്രിസ്ത്വബ്ദം 6-8 നൂറ്റാണ്ടുകളില്‍‍ കേരളത്തിലേയ്ക്കു് കുടിയറിയ നമ്പൂതിരിമാര്‍‍ 32 ഗ്രാമങ്ങളില്‍‍ കുടിയിരുന്നു് പരശുരാമന്റെ പേരില്‍ കേരളത്തില്‍‍ ആര്യ മതാധിപത്യവും ജാതി വ്യവസ്ഥയും സ്ഥാപിച്ചു. ‍ഈ 32 നമ്പൂതിരി ഗ്രാമങ്ങളില്‍ കുടിയിരുന്ന നമ്പൂതിരിമാരെ ശങ്കരാചാര്യരുടേതെന്നു് പറയുന്ന‍ ജാതി നിര്‍‍ണയം എന്ന ഗ്രന്ഥത്തില്‍‍ പറയുന്നതു്പോലെ എട്ടു് ജാതികളായി ഉപജാതികളായി വിഭജിച്ചപ്പോള്‍ ആഢ്യബ്രാഹ്‌മണനും മുകളില്‍ ആത്മീയാചാര്യസ്ഥാനം നല്‍കിയാണു് തമ്പ്രാക്കളെ അവരോധിച്ചതു്. തമ്പ്രാക്കള്‍ ‍(സമ്രാട്ട്), ആഢ്യന്‍, വിശിഷ്ട ബ്രാഹ്മണന്‍, സാമാന്യ ബ്രാഹ്മണന്‍, ജാതിമത്രേയന്‍, സാങ്കേതികന്‍, ശാപഗ്രസ്തന്‍, പാപിഷ്ഠന്‍ എന്നിങ്ങനെയാണു് നമ്പൂതിരിമാരെ ആഭിജാത്യക്രമത്തില്‍ പരശുരാമന്റെ പേരില്‍ ഉപജാതികളായി തിരിച്ചിട്ടുള്ളതു്. ബ്രാഹ്മണര്‍ക്കിടയിലെ തര്‍ക്കത്തില്‍ അവസാന വാക്കായിരുന്നു തമ്പ്രാക്കള്‍.

ഭദ്രാസനം (ഭദ്രസ്‌ഥാനം), സര്‍വ്വമാന്യം, ബ്രഹ്‌മസാമ്രാജ്യം, ബ്രഹ്മവര്‍ച്ചസ് എന്നീ നാല്‌ അധികാരസ്‌ഥാനങ്ങള്‍ തമ്പ്രാക്കള്‍ക്കു് മാത്രമുള്ളതായിരുന്നു. ഈ നാല് പൗരോഹിത്യ പ്രവൃത്തികള്‍ എല്ലാം പരമ്പരയാ വഹിക്കേണ്ടതും അവ യഥാവിധി അനുഷി്ഠക്കേണ്ടതും തമ്പ്രാക്കളുടെ കര്‍ത്തവ്യമാകുന്നു. ബ്രാഹ്മണരുടെ ആചാരാനുഷ്ഠാനകാര്യങ്ങളില്‍ തര്‍ക്കമുണ്ടായാല്‍ അവസാന തീര്‍പ്പ് കല്പിക്കാനും തമ്പ്രാക്കള്‍‍ക്കാണധികാരം. മത, സാമുദായിക പ്രശ്‌നങ്ങളില്‍ തീരുമാനം കൈക്കൊള്ളാന്‍ പ്രത്യേക വിവേചനാധികാരവുമുണ്ടായിരുന്നു കേരള ചരിത്രത്തിലെ ഒരു നിര്‍ണായകഘട്ടം തുടങ്ങുന്നതു് തമ്പ്രാക്കളുടെ പ്രതിഷ്‌ഠാപനത്തിലൂടെയാണ്‌.

തമ്പ്രാക്കള്‍ സ്ഥാനം സ്ഥിരമായി നിലനിന്ന ഏക കുടുംബം ആഴ്‌വാഞ്ചേരി മനയുടെയാണ്. കേരളത്തിലെ 32 ബ്രാഹ്മണ ഗ്രാമങ്ങള്‍ക്കും അക്കാലത്ത് ഓരോ തമ്പ്രാക്കള്‍ ഉണ്ടായിരുന്നിരിക്കാം. ആഴ്‌വാഞ്ചേരിക്ക് പുറമെ കല്പകഞ്ചേരി തമ്പ്രാക്കള്‍, കുറുമാത്തൂര്‍ തമ്പ്രാക്കള്‍, അകവൂര്‍ തമ്പ്രാക്കള്‍ എന്നിങ്ങനെ തമ്പ്രാക്കള്‍ സ്ഥാനമുള്ള വേറെയും ബ്രാഹ്മണഗൃഹങ്ങള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. പന്നിയൂര്‍‍ ഗ്രാമത്തിന്റെ അധ്യക്ഷനായിരുന്ന കല്പകഞ്ചേരി തമ്പ്രാക്കള്‍ക്കു് ഒരുകാലത്തു് ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍‍ക്കുള്ള പ്രാധാന്യം ഉണ്ടായിരുന്നെന്നു് നിരീക്ഷിയ്ക്കപ്പെട്ടിട്ടുണ്ടു്.അന്തഃച്ഛിദ്രങ്ങളെത്തുടര്‍ന്നു് പന്നിയൂര്‍അപ്രസക്തമായതോടെ കല്പകഞ്ചേരിയുടെ ഇതിഹാസം കടങ്കഥയായി.അംഗസംഖ്യകൊണ്ടു് ഏറ്റവും പ്രബലമായിരുന്ന പെരുവനം ഗ്രാമത്തിലെ തമ്പ്രാക്കളായിരുന്ന കിരാങ്ങാട്ടു് നമ്പൂതിരിപ്പാടിനു് കാലം പകര്‍‍ന്നാടിയപ്പോള്‍‍ പ്രാധാന്യം നഷ്ടപ്പെടുകയായിരുന്നു. (ഡോ എംജി ശശിഭൂഷണ്‍‍,ഭൂതകാലത്തെ വിചാരണചെയ്തതമ്പ്രാക്കള്‍‍,കലാകൗമുദി, 2011മാര്‍‍ച്ച് 6‍)

 നമ്പൂതിരി ഗ്രാമങ്ങളില്‍ വച്ച്‌ ഏറ്റവും മുഖ്യമായി ശുകപുരം മാറിയതോടെയാണു് അവിടത്തെ വൈദീകാചാര്യന്‍‍ പ്രധാനപ്പെട്ട തമ്പ്രാക്കള്‍‍ ആയതെന്നാണു് ഒരുവിലയിരുത്തല്‍. ശുകപുരം ഗ്രാമത്തിന്റെ ഐക്യത്തിനു് ആഴ്‌വാഞ്ചേരി തമ്പ്രാക്കളായിരുന്നു കാരണം. രാഗദ്വേഷാദിദോഷങ്ങള്‍‍ തീണ്ടാത്ത സമദൃഷ്ടികളായാണു് ആഴ്‌വാഞ്ചേരി തമ്പ്രാക്കന്മാര്‍‍ അറിയപ്പെട്ടിരുന്നതും. യാഗത്തിനു് പ്രാധാന്യം കൊടുത്തിരുന്ന മേഴത്തോള്‍ അഗ്നിഹോത്രിയുടെ പിന്‍‍മുറക്കാരുംക്ഷേത്രാരാധനയെ അംഗീകരിച്ചിരുന്ന ഇതരനമ്പൂതിരിമാരും തമ്മിലുള്ളമല്‍‍സരങ്ങള്‍‍ക്കു് വിരാമമിടാനും ആഴ്‌വാഞ്ചേരിമാര്‍‍ക്കു് സാധിച്ചിരിയ്ക്കാം. (ഡോ എംജി ശശിഭൂഷണ്‍‍,ഭൂതകാലത്തെ വിചാരണചെയ്ത തമ്പ്രാക്കള്‍‍, കലാകൗമുദി, 2011മാര്‍‍ച്ച് 6‍) ഇന്ന് തമ്പ്രാക്കള്‍ സ്ഥാനം നിലനില്‍ക്കുന്ന ഏക കുടുംബം ആഴ്‌വാഞ്ചേരി മനഎല്ലാ തമ്പ്രാക്കളും തമ്പ്രാക്കളല്ല, ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണു തമ്പ്രാക്കൾ എന്ന പാക്കനാർ മൊഴി കേൾക്കാത്ത മലയാളികളുണ്ടാകില്ല. മുറജപത്തിന് പോയ ഒരു നമ്പൂതിരിക്കു സർണ്ണം കൊണ്ട് നിർമ്മിച്ച ഒരു ആനക്കുട്ടിയെ ദക്ഷിണയായി ലഭിച്ചു. ഇതും കൊണ്ട് വീട്ടിലേക്ക് പോകുകയായ ബ്രാഹ്മണനോട് ചത്ത ജന്തുവായ ആനയെ പറയ സമുദായത്തിൽ പെട്ട തനിക്ക് അവകാശപ്പെട്ടതാണെന്ന് പാക്കനാർ പറഞ്ഞു. ഇതു കേട്ട നമ്പൂതിരിക്ക് വളരെയധികം വ്യസനമുണ്ടായി. അദ്ദേഹം കരച്ചിലാരംഭിച്ചു. നമ്പൂതിരി കൂട്ടത്തിന്റെ തലപ്പത്ത് ഉണ്ടായിരുന്ന ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ ആനയെ നിലത്ത് വച്ച് കല്പിച്ചു ഉം നടക്ക് . പിറകേ നടന്നുവെന്നാണ് ഐതിഹ്യം. അപ്പോൾ പാക്കനാർ എല്ലാ തമ്പ്രാക്കളും തമ്പ്രാക്കളല്ല, ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണ് തമ്പ്രാക്കൾ.എന്ന് പാടിയത്രേ.
സ്വർണ്ണ മൃഗം, ആനക്കുട്ടിയല്ല പശുവാണെനും തമ്പ്രാക്കൾ തന്നെയായിരുന്നു ആ പശുവിനെ കെട്ടിയെടുപ്പിച്ചു കൊണ്ടുപോയിരുന്നതെന്നും ഒരു പാഠം ഐതിഹ്യമാലയിൽ കാണാം.സ്വർണ്ണപ്പശു പുല്ലു തിന്നുക മാത്രമല്ല ചാണകം ഇടുകയും ചെയ്തു എന്നും ഒരു പാഠഭേദം നിലവിലുണ്ട്. ഇത് ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ മേൽ ദിവ്യത്വമാരോപിക്കാൻ കെട്ടിയുണ്ടാക്കിയ കഥയാണെന്നും ദിവ്യത്തത്തിന്റെ മറവിൽ ബ്രാഹ്മണാധിനിവേശത്തിന്റെ പിടിമുറുക്കാനുള്ള ശ്രമമായി കാണപ്പെടാറുണ്ട്. എന്നാൻ ഇത് വെറും കെട്ടുകഥയല്ലെന്നും സത്യമാണെന്നും വിശ്വസിക്കുന്നവരും ഉള്ളതായി പറയപ്പെടുന്നു. മലപ്പുറം ജില്ലയിലെ ആതവനാട് എന്ന പ്രദേശത്തിന് ആ പേരുവന്നത് ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ വാഴുംനാട്എന്നഅർഥത്തിലാണ്.പരശുരാമൻ സ്ഥാപിച്ച 64 ബ്രാഹ്മണ കുടുംബങ്ങളിലൊന്നായിരുന്നു ആഴ്‌വാഞ്ചേരി. അതിൽ 32 എണ്ണം ഇപ്പോൾ കർണാടകയിലാണ്. ശുകപുരം ഗ്രാമത്തിലെ തമ്പ്രാക്കളായിരുന്നു ആഴ്‌വാഞ്ചേരിക്കാർ. മാറഞ്ചേരിയിൽ നിന്നാണു വർഷങ്ങൾക്കു മുൻമ്പ് ആതവനാട് എത്തുന്നത്. ഇവിടെ വന്നിട്ട് ഏഴു നൂറ്റാണ്ടെങ്കിലും ആയിട്ടുണ്ടാകുമെന്നാണു പറയപ്പെടുന്നത്. ആഴ്‌വാഞ്ചേരി മനയ്ക്കൽ രാമൻ തമ്പ്രാക്കൾ എന്ന എ.ആർ. തമ്പ്രാക്കൾ ഈ പരമ്പരയിൽ ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ പദവി അലങ്കരിച്ചു വന്നിരുന്ന വ്യക്തിയാണ്. ഇദ്ദേഹം 2011 ഫെബ്രുവരി 18-ന് തന്റെ 85-ആം വയസ്സിൽ അന്തരിച്ചു.
എ. ആർ. തമ്പ്രാക്കളുടെ ഏകമകനായ കൃഷ്ണൻ തമ്പ്രാക്കൾ ആണ് ഇപ്പോഴത്തെ തമ്പ്രാക്കൾ. ഇദ്ദേഹം ജനിച്ചത് 1962-ലാണ്. ഒരു സംഗീതജ്ഞൻ കൂടിയായ ഇദ്ദേഹത്തിന് മഞ്ജിമ എന്ന ഒരു പെൺകുട്ടിയാണ്ള്ളത്. ആൺമക്കളില്ലാത്തതിനാൽ തമ്പ്രാക്കൾ എന്ന സ്ഥാനം ഇദ്ദേഹത്തിന്റെ കാലശേഷം നിന്നു പോയേക്കാം.ആഴ്‌വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കളോട് പലരും ചോദിക്കാൻ തുടങ്ങി താങ്കളോടു കൂടി ആഴ്‍വാഞ്ചേരി തമ്പ്രാക്കളുടെ പരമ്പര അവസാനിക്കുമോ? അതോ പുറത്തുനിന്നൊരാളെ ദത്തെടുക്കുമോ?

ചോദിക്കുന്നവരോടെല്ലാം അദ്ദേഹം ശാന്തനായി മറുപടി നൽകും .ഈ തറവാട് നിലനിൽക്കണം എന്നു കാലം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ പരമ്പര അവസാനിക്കില്ല. വേണമെന്നാണു നിശ്ചയമെങ്കിൽ എങ്ങനെയെങ്കിലും കാലം നിലനിർത്തും. വേണ്ട എന്നാണെങ്കിൽ എന്നിൽ അവസാനിക്കും.
ഭാരതീയ ബ്രാഹ്മണവർഗ്ഗങ്ങളിൽ മറ്റേതിനേക്കാളും മേൽ ആഭിജാത്യം തങ്ങൾക്കാണെന്ന് നമ്പൂതിരിമാർ വിശ്വസിച്ചുപോന്നു. നമ്പൂതിരിമാരിൽ വേദാധികാരം ഇല്ലാത്ത വരും ഉള്ളവരും എന്ന് തരംതിരിവ് ഉണ്ടായിരുന്നു. വേദാധികാരമുള്ളവർ വേദങ്ങൾ ഹൃദിസ്ഥമാക്കുകയും ഒരു വിഭാഗം അതുപ്രകാരം വൈദികവൃത്തി തൊഴിലായി സ്വീകരിക്കുകയും ചെയ്തവരായിരുന്നു. കേരള ചരിത്രത്തിൽ സുപ്രധാന പങ്ക് വഹിച്ചവരാണ് നമ്പൂതിരിമാർ. ചാതുർവർണ്ണ്യംഎന്ന സാമൂഹിക വ്യവസ്ഥയുടെ വക്താക്കളായിരുന്ന അവർ സമൂഹത്തിലെ നിരന്തരമായ ഇടപെടലുകളിലൂടെയും പൗരോഹിത്യപ്രാമുഖ്യത്തിലൂടെ നേടിയെടുത്ത മേൽക്കോയ്മയിലൂടെയും സാമാന്യജനതയെ പല തട്ടുകളിലാക്കി തിരിക്കുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ചു. ബൗദ്ധർ, ജൈനർ, ആദിദ്രാവിഡമതക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ സാന്നിദ്ധ്യവും ശക്തിയും ക്ഷയിപ്പിക്കുന്നതിലോ നിശ്ശേഷം ഇല്ലാതാക്കുന്നതിലോ നമ്പൂതിരിമാരുടെ പ്രകടമായ സ്വാധീനമുണ്ടായി. രാജാക്കന്മാര്‍ക്കും ബ്രാഹ്മണര്‍ക്കും മേല്‍ആചാരം, ധര്‍മം, അനുഷ്ഠാനം എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ അധികാരമുള്ളത് തമ്പ്രാക്കള്‍ക്ക് മാത്രമായിരുന്നു. കേരള ചരിത്രത്തിന്റെ ഗതിവിഗതികള്‍ തിരിച്ചുവിട്ട എത്രയെത്ര സംഭവങ്ങളുടെ നിര്‍ണായക തീരുമാനമെടുത്തിട്ടുള്ള മലപ്പുറത്തെ ആഴ്‌വാഞ്ചേരി മനയ്ക്കലിലെ അവസാന കണ്ണി രാമന്‍ തമ്പ്രാക്കള്‍ (എ. ആര്‍. തമ്പ്രാക്കള്‍-85) ഫിബ്രവരി 18ന് ലോകത്തോട് വിടപറഞ്ഞു. പൗരാണിക കാലത്ത് ആരംഭിച്ച് ആധുനികതയിലേക്ക് നീളുന്ന കേരള ചരിത്രത്തിന്റെ അവസാനത്തെ കണ്ണിയായിരുന്നു രാമന്‍ തമ്പ്രാക്കള്‍. കാലത്തിന്റെ മാറ്റങ്ങള്‍ മനസ്സിലാക്കി അതനുസരിച്ച് ജീവിതരീതി സമന്വയിച്ച് ജീവിച്ച മഹാപണ്ഡിതനും വിശ്വമാനവികതയുടെ പ്രചാരകനും മനുഷ്യ സ്‌നേഹിയുമായ അദ്ദേഹത്തിന്റെ മരണം കേരളത്തിന് തീരാനഷ്ടമാണ്.

രണ്ടു നൂറ്റാണ്ട് മുമ്പ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി സര്‍വേ നടത്തിയ ഡോ. ഫ്രാന്‍സിസ് ബുക്കാനനും മലബാറിന്റെ ആത്മാവ് കണ്ടെത്തിയ വില്യം ലോഗനുമെല്ലാം അവരുടെ ഗ്രന്ഥങ്ങളില്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കളെപ്പറ്റി പറയുന്നുണ്ട്. ഒരുപക്ഷേ മധ്യകാലത്ത് യൂറോപ്യന്‍ രാജാക്കന്മാരെ നിയന്ത്രിച്ചിരുന്ന പോപ്പിന് തുല്യമായിരുന്നു കേരളത്തിലെ ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍. ഇവിടത്തെ രാജാക്കന്മാരുടെയും അവരെ നിയന്ത്രിച്ചിരുന്ന ബ്രാഹ്മണ സമൂഹത്തിന്റെയുമെല്ലാം അവസാന വാക്ക് ആഴ്‌വാഞ്ചേരിതമ്പ്രാക്കളായിരുന്നു. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ തിരുനാവായ്ക്കടുത്തുള്ള ആതവനാട് ഗ്രാമത്തിലാണ് ആഴ്‌വാഞ്ചേരി മന. അവിടത്തെ മൂത്ത ആളാണ് തമ്പ്രാക്കള്‍. രാജാക്കന്മാര്‍ക്ക് നമ്പൂതിരിമാരെ ശിക്ഷിക്കാന്‍ അനുവാദമില്ലായിരുന്നു. എന്നാല്‍, അവരെ ശിക്ഷിക്കാന്‍ തമ്പ്രാക്കള്‍ക്ക് അധികാരമുണ്ടായിരുന്നതിനാല്‍ ഭയഭക്തിയോടെയാണ് അദ്ദേഹത്തെ കരുതിയിരുന്നത്. തമ്പ്രാക്കള്‍ക്ക് ആ സ്ഥാനം നല്‍കിയത് പരശുരാമന്‍ ആണെന്നാണ് വിശ്വാസം. തലമുറകളായി ജ്യോതിഷം, തന്ത്രം, സാഹിത്യം എന്നിവയ്ക്ക് നേതൃത്വം കൊടുത്തിരുന്നത് ആഴ്‌വാഞ്ചേരി തമ്പ്രാക്കളായിരുന്നു. ഒറ്റമുണ്ട് ഉടുത്ത് ഓലക്കുട പിടിച്ചുനില്‍ക്കുന്ന ആഴ്‌വാഞ്ചേരി തമ്പ്രാക്കളെ കേരള ബ്രാഹ്മണ സമൂഹത്തിന്റെ പ്രതീകമായി പല വിദേശികളും വരച്ചുകാട്ടിയിട്ടുണ്ട്.സാമൂതിരി, കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം നടത്തിയിരുന്നത് ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ ആയിരുന്നു. തിരുവിതാംകൂറിന്റെ സ്രഷ്ടാവ് അവിട്ടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ രാജ്യം ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിച്ച് ശ്രീപദ്മനാഭദാസന്‍ ആയതോടെ കിരീടധാരണം ഇല്ലാതായി. എന്നാല്‍, തിരുവിതാംകൂറിലെ മുറജപം, തുലാപുരുഷദാനം, ഹിരണ്യഗര്‍ഭദാനം തുടങ്ങിയ എല്ലാ ചടങ്ങുകള്‍ക്കും ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ അനുഗ്രഹാശംസകള്‍ ആവശ്യമായിരുന്നു. മഹാരാജാവിന്റെ തൂക്കത്തിലുള്ള സ്വര്‍ണം എടുത്ത് അതുകൊണ്ട് വലുതും ചെറുതുമായ നാണയങ്ങള്‍ ഉണ്ടാക്കി ദാനം ചെയ്യുന്ന ചടങ്ങാണ് തുലാപുരുഷദാനം. 'ഹിരണ്യഗര്‍ഭദാനം' അഥവാ പദ്മഗര്‍ഭദാനം എന്ന ചടങ്ങ് രാജാക്കന്മാരുടെ കിരീടധാരണത്തോടനുബന്ധിച്ചാണ് നടത്തുന്നത്. ഹിരണ്യം എന്നാല്‍ സ്വര്‍ണം എന്നാണ് അര്‍ഥം. താമരയുടെ ആകൃതിയില്‍ പത്തടി ഉയരവും എട്ടടി ചുറ്റളവുമുള്ള ഒരു സ്വര്‍ണപാത്രം നിര്‍മിച്ച് അതില്‍ പാല്, വെള്ളം കലര്‍ത്തിയ നെയ്യ് ഇവ അടങ്ങിയ പഞ്ചഗവ്യം പകുതിയോളം നിറയ്ക്കുന്നു. അതിനുശേഷം പൂജാവിധികളോടെ രാജാവ് അതിനകത്ത് ഇറങ്ങി അഞ്ചുപ്രാവശ്യം മുങ്ങുന്നു. പിന്നീട് പുറത്തുവരുന്ന രാജാവിനെ പുരോഹിതന്മാര്‍ 'കുലശേഖരപെരുമാള്‍' എന്ന് വിശേഷിപ്പിക്കുന്നു. ആറുമാസത്തിലൊരിക്കല്‍ ഭദ്രദീപം കത്തിക്കലും പന്ത്രണ്ടാം ഭദ്രദീപത്തില്‍ മുറജപവും (മുറയ്ക്കുള്ള ജപം) അതിന്റെ അന്‍പത്തിയാറാം ദിവസം ലക്ഷദീപം കത്തിക്കലും തിരുവിതാംകൂറിന്റെ പ്രധാന ചടങ്ങായിരുന്നു. മുറജപത്തിന് മറ്റ് നമ്പൂതിരിമാര്‍ വേദജപത്തിന് വരുമ്പോള്‍, ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ എത്തുന്നത് വിശിഷ്ടാതിഥിയായിട്ടാണ്. മുറജപത്തില്‍ എന്ത് അഭിപ്രായമുണ്ടായാലും തമ്പ്രാക്കളുടെ വാക്ക് അവസാന തീരുമാനമായിരുന്നു. ആഴ്‌വാഞ്ചേരിയെ മഹാരാജാവ് അങ്ങോട്ട് പോയിക്കണ്ട് ബഹുമാനിക്കുകയായിരുന്നു പതിവ്. രാജാവിന്റെ മുമ്പില്‍ തമ്പ്രാക്കള്‍ എണീക്കാറില്ലായിരുന്നു. തമ്പ്രാക്കളെ പ്രദക്ഷിണം വെച്ച് നമസ്‌കരിച്ചാണ് മഹാരാജാവ് മടങ്ങുന്നത്.(ഇതൊന്നും എന്റെ രചനയല്ല കടപ്പാടുകൾ)

Thursday, September 1, 2022

ഉമ്മ എന്റെ നഷ്ടപെട്ട വാത്സല്യം

കാലത്തിന് സുഖപ്പെടുത്താൻ കഴിയാത്ത ചില സങ്കടങ്ങളുണ്ട്.കാലം വലിയ മുറിവുണക്കുന്ന തൈലമാണ്..പക്ഷെ വർഷങ്ങൾ കഴിഞ്ഞിട്ടും ഹൃദയത്തിൽ ഉണങ്ങാതെ മായാതെ നിൽക്കുന്നു. വർഷങ്ങൾക്കുമുമ്പ് ഞങ്ങളെ വിട്ടുപിരിഞ്ഞ പ്രിയപെട്ട ഉമ്മയുടെ വേർപാടാണ് ഈ ദു:ഖത്തിന് കാരണം. ഉമ്മയുടെ വേർപാടിന്റെ പിടച്ചിൽ ഇപ്പോഴും ഹൃദയത്തിൽ ഉണങ്ങാതെ കിടക്കുന്നു.അവരുടെ മരണശേഷം ഞാൻ അവരെക്കുറിച്ച് ചിന്തിക്കാത്ത ഒരു നിമിഷം പോലും കടന്നുപോയില്ല. നിശ്ചലമായ ഉമ്മയുടെ ശരീരം ഒരിക്കലും മറക്കാൻ കഴിയുന്നില്ല. ഉമ്മയുടെ കൈകളിൽ പിടിച്ചപ്പോൾ ഒരിക്കൽ ഈ കൈകൾ എന്നെ വിരൽ പിടിച്ച് നടക്കാൻ പഠിപ്പിച്ചതും ഈ കൈകൾ കൊണ്ട് എന്നെ ഊട്ടിയതും ഞാൻ ഓർത്തു പോകുന്നു.എന്നാൽ ആ ദിവസം കൈകൾ നിർജീവവും തണുത്തതുമായിന്നു. ഉമ്മമാർ ജീവിച്ചിരിപ്പുള്ള അവരുടെ മാതാപിതാക്കളെ പ്രത്യേകിച്ച് അവരുടെ ഉമ്മമാരെ.അവരുടെ ജീവിതകാലത്ത് വിലമതിക്കാൻ അവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുക. ഉമ്മമാർ വാത്സല്യങ്ങളുടെ ഒരു ശേഖരമാണ് എന്നത് വസ്തുതയാണ്.അവർക്ക് ഒരു ദോഷവും വരാതിരിക്കാൻ ശ്രദ്ധിക്കുക.അതിലാണ് നമ്മുടെ ഈലോകത്തിന്റെയും പരലോകത്തിന്റെയും നന്മ. 
 അള്ളാഹു മനുഷ്യനെ സ്നേഹിക്കുന്നു എന്ന് പറയുമ്പോൾ അവന്റെ സ്നേഹത്തെ ഒരു മാതാവിനോട് ഉപമിച്ച് ഞാൻ ഒരു മനുഷ്യനെ 70 ഉമ്മമാരിൽ കൂടുതൽ സ്നേഹിക്കുന്നു എന്ന് പറയുന്നതിലും വലിയ ഒരു മാതാവിന്റെ മഹത്വത്തിന് എന്ത് തെളിവാണ് വേണ്ടത്. ഞങ്ങളുടെ ഉമ്മയുടെ ആണ്ട് ദിനമാണ് സഫർ മാസം 6. അവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. അല്ലാഹു
നമ്മളിൽ നിന്ന് മരിച്ച് പോയ എല്ലാവർക്കും മഗ്ഫിറത്തും മറ്ഹമത്തും നൽകിഅനുഗ്രഹിക്കട്ടെ. നാളെ അവരെയും നമ്മെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ..ആമീൻ..