Sunday, September 18, 2022

ചീറ്റ പുലിയും അക്ബറും



ഫത്തേബാസ്...അക്ബർ ചക്രവർത്തിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ചീറ്റപ്പുലിയുടെ പേര്....അന്ന് ജലാലുദ്ദീൻ മുഹമ്മദ് അക്ബറിന് പതിമൂന്ന് വയസ്സാണ് പ്രായം. ചീറ്റപ്പുലിയുമായി ഡൽഹി ദർബാറിലെത്തിയത് മുഗൾ പടനായകരിലൊരാളായ വാലി ബെഗ് ആയിരുന്നു. പഞ്ചാബിലെ മച്ചിവാരയിൽ 1555ൽ സൂരികളുമായുണ്ടായ യുദ്ധത്തിൽ മുഗൾ സാമ്രാജ്യത്തിനായിരുന്നു ജയം. അന്ന് സൂരികളിൽ നിന്നും വാലി ബെഗ് പിടിച്ചെടുത്തതായിരുന്നു ഫത്തേബാസ് എന്ന ചീറ്റപ്പുലിയെ. മുഗൾ സാമ്രാജ്യത്തിന്റെ ഭാവി ചക്രവർത്തിക്കു മുന്നിൽ കാഴ്ച വസ്തുവായിട്ടാണ് ഫത്തേബാസിനെ വാലിബെഗ് സമർപ്പിച്ചത്. അത്രനാൾ അക്ബർ ഒരു ചീറ്റപ്പുലിയെ അത്രയും അരികിൽ കണ്ടിട്ടില്ലായിരുന്നു. ചീറ്റപ്പുലിയുമായി വേട്ടയ്ക്കിറങ്ങുന്ന മുഗളരുടെ കഥകൾ മാത്രമായിരുന്നു ആ പതിമൂന്നുകാരൻ കേട്ടിരുന്നത്.

ഫത്തേബാസിനെ കണ്ട അക്ബർ ആവേശഭരിതനായി. ആ ചീറ്റപ്പുലിയെ കോട്ടയ്ക്കുള്ളിൽ താമസിപ്പിക്കാൻ തീരുമാനിച്ചു. ചീറ്റപ്പുലിയുടെ സൂക്ഷിപ്പുകാർ അക്കാലത്ത് 'ദുൻദു' എന്നാണ് അറിയപ്പെട്ടിരുന്നത്. ഫത്തേബാസിനെ നോക്കാൻ ഏൽപ്പിച്ചയാൾ മിടുക്കനാണെന്ന് കണ്ട് അയാൾക്ക് അക്ബർ ഫത്തേഖാൻ എന്ന സ്ഥാനപ്പേരും നൽകി. ഫത്തേബാസിനെ കണ്ട അന്നു മുതൽക്കാണ് അക്ബറൊരു ചീറ്റപ്രാന്തനാകുന്നത്. പോകെ പോകെ അക്ബറിന്റെ കോട്ടയ്ക്കുളിൽ ആയിരത്തോളം ചീറ്റപ്പുലികളെത്തി. അത്രയ്ക്കായിരുന്നു ചക്രവർത്തിയുടെ കമ്പം.

ചീറ്റപ്പുലിയെ മുഗളർ വിളിച്ചിരുന്നത് 'യൂസ്' എന്നായിരുന്നു. പേർഷ്യൻ വാക്കായിരുന്നു അത്. ഇന്ത്യയിലേയും പേർഷ്യയിലേയും (ഇറാൻ) അറബ്യേയിലേയും കൊട്ടരാങ്ങളിൽ ചീറ്റപ്പുലികളെ വളർത്തിയിരുന്നു. ചീറ്റപ്പുലിയെ ഉപയോഗിച്ചുള്ള വേട്ടയാടൽ മാത്രമല്ല ചീറ്റയെത്തന്നെ വേട്ടയാടുന്നതും അക്കാലത്തെ രാജക്കൻമാർക്കും പടനായകർക്കും ഒരു ഹരമായിരുന്നു.കാടിന്റെ കനപ്പിനുള്ളിലല്ല ചീറ്റകളുടെ ഇടം. അവ പുൽമേടുകളിലും കുറ്റിച്ചെടികൾ നിറഞ്ഞ കണ്ണെത്താത്ത നിരപ്പുകളിലും പാറപ്രേദേശങ്ങളിലും കുന്നിൻപുറങ്ങളിലുമാണുണ്ടാവുക മണിക്കൂറിൽ 70 മൈൽ വേഗത്തിൽ കുതിക്കുന്ന കരയിലെ അതിവേഗക്കാരന് ഇരയെ ഓടിച്ചിട്ടു പിടിക്കാൻ തുറസ്സായ ഇടങ്ങളാണ് വേണ്ടത്. ഏതാനും നൂറ്റാണ്ടുകൾക്ക് മുൻപ് വരെ ഉപേക്ഷിക്കപ്പെട്ട് കിടന്ന ഇന്ത്യയിലെ പുൽമേടുകൾ ചീറ്റകളുടെ വാസകേന്ദ്രമായിരുന്നു. രാജാക്കൻമാരുടെ വേട്ടയാടലിനൊപ്പം ഇത്തരം തുറസ്സായഭൂമി കൃഷിയിടങ്ങളായി മാറ്റിയപ്പോൾ ചീറ്റയുടെ ആവാസവ്യവസ്ഥയാണ് തകർക്കപ്പെട്ടത്.

ഇന്ത്യയുടെ ചരിത്രത്തിൽ ചീറ്റപ്പുലിയെക്കുറിച്ചുള്ള വിവരങ്ങൾ ശുഷ്കമാണ്. ചീറ്റയെ നായാട്ടിന് ഉപയോഗിച്ചിരുന്നു എന്നതിന് ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള എഴുത്ത് പന്ത്രണ്ടാം നൂറ്റാണ്ടിലെ 'മാനസോല്ലാസ'യിലാണ്. ചാലൂക്യ രാജാവായിരുന്ന സോമേശ്വര മൂന്നാമന്റേതാണ് ഈ സംസ്കൃത ഗദ്യം. അക്കാലത്തെ എല്ലാ വിഷയങ്ങളും പരാമർശിക്കുന്ന 'എൻസൈക്ലോപീഡിയ' ആണ് മാനസോല്ലാസ. ഇതിനുശേഷം മുഗളരാണ് ഇന്ത്യയുടെ ചരിത്രത്താളുകളിൽ ചീറ്റയെ കുറിച്ച് ഏറ്റവുമധികം കുറിച്ചിട്ടത്. പടിഞ്ഞാറൻ പഞ്ചാബിലെ 'ലഖി' കാട് ചീറ്റപ്പുലികളുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്നെന്ന് മുഗൾ ചരിത്രരേഖകൾ പറയുന്നു. സത്ലജ് നദിയുടെ വടക്കൻതീരമായിരുന്നു ഇത്. മുഗളർ ഇവിടെ നിന്നും ചീറ്റയെ പിടികൂടിയിരുന്നു. ഭട്ടീൻഡ, പത്താൻ, സിമാവാലി, അലാപൂർ, ജോധ്പൂർ, ജെയ്സാൽമീർ തുടങ്ങിയ ഇടങ്ങളിൽ നിന്നും ചീറ്റയെ വേട്ടയാടിയിരുന്നു.ചീറ്റവേട്ടകൾ

കാട്ടാനകളെ വാരിക്കുഴിയിൽ വീഴ്ത്തി പിടികൂടിയിരുന്നത് പോലെയായിരുന്നു ചീറ്റകളെ പിടികൂടിയിരുന്നത്. ചീറ്റകൾ പതിവായി വരുന്നയിടം മനസ്സിലാക്കി അവിടെ അധികം താഴ്ചയില്ലാത്ത കുഴികൾ തീർക്കും. ഏതിലെങ്കിലും ഒന്നിൽ ചീറ്റ വീഴാതിരിക്കില്ല എന്ന ഉറപ്പ് മുഗളർക്കുണ്ടായിരുന്നു. ചീറ്റ വീണാൽ ആ കുഴിക്ക് മീതെ വന്നടയുന്ന പ്രത്യകതരം വാതിലുള്ള കെണിയുമുണ്ടായിരുന്നു. വീഴുന്ന ചീറ്റപ്പുലിക്ക് പരിക്കു പറ്റാതിരിക്കാനുള്ള മുൻകരുതലും എടുത്തിരുന്നു.

ചില സമയങ്ങളിൽ ഒന്നിലധികം ചീറ്റകൾ ഒരു കുഴിയിൽ തന്നെ വീഴാറുണ്ടായിരുന്നു. ഒരിക്കൽ ഒരു കുഴിയിൽ നിന്നും ഏഴ് ചീറ്റകളെ കിട്ടി. ഒരു മഞ്ഞു കാലമായിരുന്നു അത്. ചീറ്റകൾ ഇണചേരുന്ന സമയം. ഒരു പെൺചീറ്റയ്ക്ക് പിന്നാലെ ഏഴ് ആൺ ചീറ്റകൾ നടക്കുകയായിരന്നു. പെൺചീറ്റ കുഴിയിൽ വീണതിന് പിന്നാലെ ആറു ആണുങ്ങളും എടുത്തു ചാടി.

'ഒടി' എന്നാണ് ഇത്തരം കുഴികളെ വിളിച്ചിരുന്നത്. ആദ്യകാലത്ത് ആഴത്തിൽ കുഴികുത്തി ചീറ്റകളെ വീഴ്ത്തലായിരുന്നു. ആ വീഴ്ചയിൽ തന്നെ ചീറ്റകളുടെ കാലുകൾ ഒടിയും. ഇല്ലെങ്കിൽ കുഴിയിൽ നിന്നും പുറത്തേക്ക് ചാടാനുള്ള വെപ്രാളത്തിൽ പരിക്കുപറ്റുമായിരുന്നു. അക്ബറിന്റെ കാലത്താണ് ആഴംകുറച്ച് കുഴികുത്തി പരിക്കേൽക്കാതെ ചീറ്റയെ പിടിക്കാനുള്ള സംവിധാനം 'ഒടി' യിൽ ഒരുക്കിയത്. ചീറ്റകളെ ഓടിച്ചു തളർത്തി പിടികൂടുന്ന ഏർപ്പാടും മരത്തിൽ നിന്നും കഴുത്തിൽ കുടുങ്ങുന്ന കുരുക്ക് ഞാത്തിയിട്ട് പിടികൂടുന്ന രീതിയുമുണ്ടായിരുന്നു.

അക്ബറും സംഘവും 1560ൽ പഞ്ചാബിൽ നിന്നും ആഗ്രയിലേക്കുള്ള യാത്രാമധ്യേ ഇപ്പോഴത്തെ ഹരിയാണയിലെ ഹിസാർ ഫിറോസയിലെത്തിയപ്പോൾ കൂട്ടത്തിലൊരു വേട്ടക്കാരൻ ചക്രവർത്തിയെ ഓർമപ്പെടുത്തി...'ഇവിടെയടുത്ത് യൂസുകൾ ഒരുപാടുള്ള കാടുണ്ട്. അക്ബർ ഒട്ടും അമാന്തിച്ചില്ല, അവിടെ നങ്കൂരമിട്ടു. ചീറ്റയെ വീഴ്ത്താനുള്ള ഒടി കുഴികൾ ആ കാടുകളിൽ നിറഞ്ഞു. അന്ന് അക്ബറിന് ഒരുപാട് ചീറ്റകളെ കിട്ടിയത്രേ...

ചീറ്റകളുമൊത്തുള്ള നായാട്ടിൽ അക്ബറിന് ഹരംപിടിച്ചു. ഒടികൾ നിറഞ്ഞു. ചീറ്റ കെണിയിൽ വീണാൽ ചക്രവർത്തിയെ അറിയിക്കണം എന്നായി. അറിഞ്ഞയുടൻ കുതിരപ്പുറത്തേറി ആ സ്ഥലത്തേക്ക് അക്ബർ പാഞ്ഞെത്തുമായിരുന്നു. കുഴിയിൽ നിന്നും ചീറ്റയെ കയറ്റുന്നത് നോക്കി നിന്ന് നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഒരിക്കൽ ഗ്വാളിയാറിന് സമീപം ക്രൗര്യമേറെയുള്ളൊരു ചീറ്റ വീണു. അക്ബർ നേരിട്ടെത്തിയാണതിനെ കുഴിയിൽ നിന്നും വലിച്ചു കയറ്റിയത്.

പിടികൂടുന്ന ചീറ്റകളെ വേട്ടയ്ക്കായി ഇണക്കിയെടുക്കുന്നതായിരുന്നു രീതി. ഒരു ചീറ്റ നന്നായൊന്ന് ഇണങ്ങി കിട്ടാൻ മൂന്നു മാസം വരെ സമയമെടുത്തിരുന്നു. പക്ഷെ അക്ബർ ഇതിന് മാറ്റം കൊണ്ടുവന്നു പതിനെട്ട് ദിവസം കൊണ്ടാണ് ചീറ്റയെ വേട്ടയ്ക്കായി തയ്യാറാക്കിയിരുന്നത്. പരിശീലനം നൽകാൻ പലപ്പോഴും അക്ബർ നേരിട്ടു തന്നെ ഇറങ്ങുമായിരുന്നു. അക്ബറിന്റെ കാലത്തിന് മുമ്പ് വരെ ഒരു ചീറ്റ വേട്ടയിൽ പരമാവധി മൂന്നു കൃഷ്ണമൃഗങ്ങളെ മാത്രമേ കൊല്ലുമായിരുന്നുള്ളു. എന്നാൽ അക്ബറും സംഘവും പരിശീലനത്തിലൂടെ 12 കൃഷ്ണമൃഗങ്ങളെ വരെ ഒറ്റവേട്ടയിൽ ഒരു ചീറ്റ പിടികൂടുന്ന രീതി കൊണ്ടുവന്നു.

അക്ബറിന്റെ കാലത്തിന് മുന്നേ ചീറ്റകളുടെ കണ്ണുകൾ കെട്ടിയാണ് കോട്ടയ്ക്കുള്ളിൽ വിട്ടിരുന്നത്. എന്നാൽ അക്ബർ പരിശീലനം നൽകിയവയ്ക്ക് കൺകെട്ടുകൾ ഒഴിവാക്കി. ഒരിക്കൽ ഒരു കൃഷ്ണമൃഗവും മുഗളരുടെ കൈയിലുള്ള ഒരു ചീറ്റയും തമ്മിൽ വലിയ ചങ്ങാത്തത്തിലായി. അവരെ ഒരു കൂട്ടിലിട്ടാണ് പിന്നെ വളർത്തിയത്. കൗതുകകരമായ കാര്യമെന്തന്നാൽ വേട്ടയുടെ സമയത്ത് മറ്റ് കൃഷ്ണമൃഗങ്ങൾക്ക് മേൽ ചാടിവീഴാൻ ആ ചീറ്റ മടികാണിച്ചിരുന്നില്ലെന്നതാണ്.

അക്ബറിന്റെ കോട്ടയിൽ ചീറ്റകളെ പരിപാലിക്കാൻ മാത്രം ഇരുന്നൂറോളം പരിശീലകരുണ്ടായിരുന്നു. വേട്ടസംഘത്തിലെ മികച്ച ചീറ്റകളെ ഖാസ എന്നാണ് വിളിച്ചിരുന്നത്. ഇത്തരം ചീറ്റകളെ നോക്കിവളർത്താൻ മാത്രം മൂന്നും നാലുംപേരെ നിയമച്ചിരുന്നു. അവർ കൊട്ടാരത്തിലെ ഉയർന്ന ശമ്പളക്കാരുമായിരുന്നു. പത്തു ചീറ്റകൾ ചേർന്നതായിരുന്നു ഒരു തരാഫ്. അവയെ മിടുക്കും തൂക്കവുമനുസരിച്ച് തിരിച്ചിരുന്നു. അതിൽ ഏറ്റവും മികച്ചവയായിരുന്നു ഖാസസംഘത്തിൽ.

വേട്ടയ്ക്കായി ചീറ്റകളെ കൊണ്ടുപോയിരുന്നത് ആനപ്പുറത്തായിരുന്നു..! ആനയുടെ ഇരുവശവും തൂങ്ങിക്കിടക്കുന്ന രണ്ട് കൂടുകൾ അതിൽ രണ്ടു ചീറ്റകൾ ഇരയെ കാത്ത് നിന്നു. ഇരയുടെ കൺവെട്ടം കാണുമ്പോൾ തുറന്നുവിടും. ആനകൾക്ക് പുറമേ ഭടൻമാരും ചീറ്റക്കൂടും ചുമന്ന് നടന്നിരുന്നു. തൂക്കമനുസരിച്ച് എട്ടുവിഭാഗങ്ങളായാണ് അക്കാലത്ത് ചീറ്റകളെ തരംതിരിച്ചിരുന്നത്.മദൻകലിയും ചിത്തരഞ്ജനും

ആയിരത്തോളം ചീറ്റകളുണ്ടായിരുന്ന അക്ബറിന് പ്രിയം മദൻകലിയോടായിരുന്നു. 1571ൽ പാക്പട്ടാനിൽ (പാകിസ്താനിലെ ലാഹോറിനു സമീപം) ധാരാളം ചീറ്റകളുണ്ടെന്നറിഞ്ഞ് അക്ബറും സംഘവും വേട്ടയ്ക്കിങ്ങി. ആറു ചീറ്റകളുമായാണ് തിരിച്ചെത്തിയത്. അഴകും വേഗവും കൊണ്ട് വിസ്മയിപ്പിച്ച അതിലെ മിടുക്കന് അക്ബർ പേരിട്ടു മദൻ കലി...അവനായിരുന്നു അകബ്റിന്റെ ചീറ്റത്തലവൻ. മദൻകലിക്ക് സ്വന്തം കൈകൾ കൊണ്ടായിരുന്നു അക്ബർ തീറ്റ കൊടുത്തിരുന്നത്. ഒരിക്കൽ മന്ത്രിമാർ ചോദിച്ചു; 'അങ്ങേക്ക് ഭയമാകുന്നില്ലേ ഓമന മൃഗത്തെ പോലെ ഈ ജീവിയെ കാണാൻ..?' അക്ബർ മദൻകലിയുടെ തലയിലും കഴുത്തിലും തലോടിക്കൊണ്ടു പറഞ്ഞതിങ്ങനെ: 'മൃഗങ്ങളെ ഭയപ്പെടുത്താതിരിക്കുക...ഏതൊരു മൃഗത്തിനും നമ്മൾ അവയെ ഒന്നും ചെയ്യില്ലെന്ന് മനസ്സിലാകണം. അതിനൊപ്പം അവയെ സ്നേഹത്തോടെ പരിലാളിക്കുകയും ചെയ്താൽ അത് നമ്മളെയും ഒന്നും ചെയ്യില്ല...'

അക്ബറിനെ അത്ഭുപ്പെടുത്തിയ ചീറ്റയായിരുന്നു ചിത്തരഞ്ജൻ..1572ൽ രാജസ്ഥാനിലെ സാംഗനീറിൽ വേട്ടയ്ക്കായി ചക്രവർത്തിയിറങ്ങി. ഒരു കൃഷ്ണമൃഗത്തിന് പിന്നാലെ ഖാസ ചീറ്റകളിലൊന്നായ ചിത്തരഞ്ജൻ പാഞ്ഞു. പ്രാണരക്ഷാർഥം കുതിച്ച കൃഷ്ണമൃഗം വഴിയിലെ വലിയൊരു ഗർത്തം ചാടിക്കടന്നു. ഏതാണ്ട് 25 അടി അപ്പുറമായിരുന്നു അങ്ങേക്കര...ഒന്നരക്കുന്തത്തിന്റെ ഉയരത്തിൽ പൊങ്ങിയ കൃഷ്ണമൃഗത്തിനൊപ്പം ചിത്തരഞ്ജനും ഉയർന്നു ചാടി. അങ്ങേക്കരയിലെത്തി അതിനെ പിടികൂടി. ഇതുകണ്ട് അന്തംവിട്ടു നിന്ന അക്ബർ ചിത്തരഞ്ജനെ ചീറ്റക്കൂട്ടത്തിന്റെ രാജാവായി പ്രഖ്യാപിച്ചു. ചിത്തരഞ്ജൻ കടന്നു പോകുമ്പോൾ അകമ്പടിയായി വലിയ ചെണ്ട കൊട്ടണമെന്നും കൽപ്പിച്ചു.

അക്ബറിനെ ദുഃഖത്തിലാഴ്ത്തിയ ചീറ്റസംഭവങ്ങളുമുണ്ട്. ബീഹാറിലേക്കുള്ള ചക്രവർത്തിയുടെ 1574ലെ യാത്രയിൽ ലോധിപ്പൂരിന് സമീപം ഗംഗാനദി മുറിച്ചു കടക്കവേ ചീറ്റകളെ കയറ്റിയ ഒരു ബോട്ട് മുങ്ങി. കൂട്ടത്തിലെ മികച്ച ചീറ്റകളായ ദൗളത്ത് ഖാനും ദിൽറാങ്ങും മുങ്ങി ചത്തു.

ജഹാംഗീർ കണ്ട ചീറ്റകൾ

അക്ബറിന്റെ മരണശേഷം ചക്രവർത്തി പദമേറ്റ ജഹാംഹീർ 1608ൽ അജമീർ സന്ദർശിച്ചപ്പോൾ. രാജാ വീർസിങ് ദേവ് അവിടെ വെള്ള ചീറ്റപ്പുലിയുമായി എത്തി. യൂസ്-ഇ-സഫേദ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബുന്ദേൽഖണ്ഡ് മേഖലയിലെ (ഇപ്പോഴത്തെ മധ്യപ്രദേശ്) ഓർച്ച രാജ്യം ഭരിച്ചിരുന്ന മുഗൾ സാമന്ത രാജാക്കൻമാരിൽ ഒരാളായിരുന്നു വീർസിങ് ദേവ്. ഇന്ത്യയിൽ ഏറ്റവും അധികം ചീറ്റപ്പുലികൾ ഉണ്ടായിരുന്ന ഇടമാണ് ബുന്ദേൽഖണ്ഡ് മേഖല. കാരണം ചീറ്റയുടെ ഇഷ്ട ഇരയായ കൃഷ്ണമൃഗം കൂടുതലായുണ്ടായിരുന്ന സ്ഥലം കൂടിയാണിത്. ജഹാംഗീറിന്റെ കാലത്ത് ഇവിടെ നിന്നും ഒരുപാട് ചീറ്റകളെ പിടികൂടിയിരുന്നതായും കൊന്നതായും രേഖകളുണ്ട്.

ഇണക്കി വളർത്തുന്ന ചീറ്റകൾ ഇണചേരുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. അവയുടെ സ്വാഭാവിക ആവാസമേഖലയിൽ മാത്രമേ ചീറ്റ ഇണ ചേരൂ.

ജഹാംഗീർ രേഖപ്പെടുത്തിയിരിക്കുന്നതിങ്ങനെ; 'പിതാവിന്റെ കാലത്ത് ആയിരത്തോളം ചീറ്റകളെ വളർത്തിയിരുന്നെങ്കിലും ഒന്നും ഇണചേർന്നിരുന്നില്ല. ആൺ-പെൺ ചീറ്റകളെ തോട്ടങ്ങളിൽ സ്വതന്ത്രരായി വിട്ടിട്ടുപോലും ഇണചേരലുണ്ടായിട്ടില്ല. എന്നാൽ അത്ഭുതമെന്ന് പറയട്ടെ അബദ്ധത്തിൽ കഴുത്തിലെ ചങ്ങലയഴിഞ്ഞു പോയ ഒരു ആൺ ചീറ്റ, പെൺചീറ്റയെ സമീപിക്കുകയും ഇണചേരുകയും ചെയ്തു. അതിൽ മൂന്ന് കൂഞ്ഞുങ്ങളുമുണ്ടായി...' ചരിത്രത്തിൽ ചീറ്റപ്പുലിയുടെ ഇണചേരലിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഇതുമാത്രമാണ്.

ചീറ്റവരയും വാലും

മുഗൾഭരണകാലത്തെ തൊണ്ണൂറോളം പെയ്ന്റിങ്ങുകളിൽ ചീറ്റപ്പുലികൾ ചരിത്രകാരൻമാർ കണ്ടെത്തി. ഇതിൽ എഴുപതോളം പെയ്ന്റിങ്ങുകളിൽ ചീറ്റയുടെ വാലിന്റെ അറ്റം കാണാം. വാലിന്റെ അറ്റം കറുപ്പായാണ് വരച്ചിരിക്കുന്നത്. ആഫ്രിക്കൻ ചീറ്റകളുടെ വാലിന്റെ അറ്റത്ത് വെളുപ്പാണ്.ടിപ്പുവിന്റെ ചീറ്റകൾ

ടിപ്പുസുൽത്താൻ 16 ചീറ്റകളെ വളർത്തിയിരുന്നതായി രേഖകളുണ്ട്. ടിപ്പുവിന്റെ പതനത്തിന് ശേഷം ഇതിൽ മൂന്നെണ്ണത്തിനെ ഇംഗ്ലണ്ടിലേക്ക് കയറ്റി അയച്ചു. കിങ് ജോർജ്ജ് മൂന്നാമന്റെ കൊട്ടാരത്തിലേക്കായി. കർണാടകയിലെ ബെല്ലാരിയിലും മൈസൂരിലും ചാമരാജനഗറിലും ചീറ്റകളുണ്ടായിരുന്നതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1882ൽ ബ്രിട്ടീഷ് ഓഫീസറായിരുന്ന റസൽ ബീരംബാടിയിൽ അഞ്ചു ചീറ്റകളെ കണ്ടതായി എഴുതിയിട്ടുണ്ട്. ബന്ദിപ്പൂർ കാടുകളുടെ വടക്കൻ അതിർത്തിയാണ് ബീരമ്പാടി. ഇതിലൊന്നിനെ വേട്ടസംഘം വെടിവെച്ച് വീഴ്ത്തുകയും ചെയ്തു. ശിവാംഗി എന്നാണ് ചീറ്റപ്പുലിയെ അന്ന് കർണാടകയിൽ വിളിച്ചിരുന്നത്.

ബ്രിട്ടീഷുകാരുടെ ഭരണകാലത്തും ചീറ്റകൾ വ്യാപകമായി വേട്ടയാടപ്പെട്ടു. ചീറ്റകളെ കൊല്ലുന്നവർക്ക് പണം കൊടുക്കുന്ന ഏർപ്പാട് ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്നിരുന്നു. 1870 മുതൽ 1925 വരെ 70 ചീറ്റകളെ കൊന്നതിന് പണം നൽകിയതായി ബ്രിട്ടീഷ് രേഖകൾ പറയുന്നു.അവസാന ഫോട്ടോ
ഇപ്പോഴത്തെ ഛത്തീസ്ഗഢിലെ കൊറിയ എന്ന ചെറുരാജ്യത്തെ രാജാവായിരുന്ന രാമാനുജ് പ്രതാപ് സിങ് ദേവാണ് 1947-ൽ ഇന്ത്യയിൽ അവശേഷിച്ചിരുന്ന മൂന്ന് ചീറ്റപ്പുലികളെ വെടിവെച്ചുവീഴ്ത്തിയതെന്നാണ് ചരിത്രം. വന്യജീവി ഗവേഷണ സംഘടനയായ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിക്ക് രാമാനുജിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ പക്കൽനിന്നാണ് മൂന്നുചീറ്റകളെ വെടിവെച്ചിട്ടശേഷം തോക്കുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന രാജാവിന്റെ ചിത്രം ലഭിക്കുന്നത്. എന്നാൽ, ഇതിനുശേഷവും ഝാർഖണ്ഡ് പോലുള്ള ഇടങ്ങളിൽ ചീറ്റയെ കണ്ടതായി പറയപ്പെടുന്നു. പക്ഷേ, ചരിത്രരേഖയിലേക്ക് വന്നില്ല. കേന്ദ്രസർക്കാർ 1952-ലാണ് ഇന്ത്യൻ ചീറ്റയ്ക്ക് വംശനാശം സംഭവിച്ചെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയത്.
ആഫ്രിക്കൻ ചീറ്റയുടെ ഇന്ത്യൻ വെല്ലുവിളികൾ

ഇന്ത്യയിലേക്ക് ചീറ്റകളുടെ തിരിച്ചുവരവ് എന്ന് സമ്പൂർണ അർഥത്തിൽ പറയാനാകില്ല. കാരണം ഏഷ്യൻ ചീറ്റയല്ല ആഫ്രിക്കൻ ചീറ്റയാണ് മധ്യപ്രദേശിലെ കുനോ വന്യജീവി സങ്കേതത്തിൽ എത്തുന്നത്. ലോകത്ത് ആകെ ഏഴായിരം ചീറ്റകളേ വന്യജീവികളായി കഴിയുന്നുള്ളു. ഇതിൽ ഏഷ്യൻ ചീറ്റ എന്ന വംശം നിലവിൽ ഇറാനിൽ മാത്രമാണ് ഉള്ളത്. ആകെ ഇരുപതിൽ താഴെ മാത്രമേ ചീറ്റകളുള്ളു എന്നതിനാൽ ചീറ്റയെ ഇന്ത്യക്ക് കൈമാറാൻ ഇറാൻ തയ്യാറായില്ല. ഏഷ്യൻ ചീറ്റയും ആഫ്രിക്കൻ ചീറ്റയും തമ്മിൽ നേരിയ വ്യത്യാസങ്ങളേയുള്ളു. ഇതാണ് നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും ചീറ്റയെ എത്തിക്കാൻ തീരുമാനിച്ചത്.

ദക്ഷിണാഫ്രിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പ്രിറ്റോറിയയിലെ ജന്തുശാസ്ത്ര വിദഗ്ധരടങ്ങിയ ടീമാണ് ഇന്ത്യയിലേക്ക് ചീറ്റയെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. ഈ സംഘത്തിലെ വന്യജീവി സ്പെഷ്യലിസ്റ്റ് ആയ അഡ്രിയൻ ട്രോഡിഫ് പറയുന്നതിങ്ങനെ, 'ദക്ഷിണാഫ്രിക്കയിൽ ഇനി ചീറ്റകളെ പാർപ്പിക്കാനുള്ള കാടുകൾ കുറവാണ്. ലോകത്ത് ചീറ്റകളെ എത്തിക്കാവുന്നിടത്തെല്ലാം എത്തിക്കാനാണ് ശ്രമം. അല്ലെങ്കിൽ ചീറ്റ എന്നത് അമ്പത് കൊല്ലത്തിനുള്ളിൽ വംശനാശം വന്നു പോകും...' ദക്ഷിണാഫ്രിക്കയിൽനിന്നും മൊസാംബിക്കിലേക്കും മലാവിയിലേക്കും അടുത്തിടെ ചീറ്റകളെ എത്തിച്ചിരുന്നു.

അഡ്രിയാന്റെ അഭിപ്രായപ്രകാരം കുനോയിലെ പ്രകൃതിയുമായി ചീറ്റ പെട്ടെന്ന് ഇണങ്ങാനാണ് സാധ്യത. ആഫ്രിക്കൻ ഭൂപ്രദേശത്തിന് ഏതാണ്ട് സമാനമായ കാലാവസ്ഥയാണ് മധ്യപ്രദേശിലെ കുനോയിൽ. മഴയുടെ അളവ് കൂടുതലാണെന്നത് പ്രശ്നമാകുമോ എന്ന് കണ്ടറിയണം. പുള്ളിമാനുകൾ, ഇന്ത്യൻ ആന്റ്ലോപ്പ് എന്നറിയപ്പെടന്ന കൃഷ്ണ മൃഗം (ബ്ലാക്ക്ബക്ക് ), ചിൻകാര എന്നിവയായിരിക്കും ഇന്ത്യയിൽ ആഫ്രിക്കൻ ചീറ്റയുടെ ഇരകൾ...കുനോയിലെ പുള്ളിപ്പുലികളും കാട്ടുപന്നികളും ചീറ്റയെ ആക്രമിക്കാനിടയുണ്ടെന്നത് ആശങ്കകളിൽ ഒന്നാണ്.

സഹേരിയക്കാർ ചീറ്റയുടെ കൂട്ടുകാരാകുമോ

കുനോ ദേശീയ ഉദ്യാനത്തിന് ചുറ്റുമായി സഹേരിയ എന്ന ആദിവാസി സമൂഹത്തിന്റെ 54 ഗ്രാമങ്ങളാണ്. കൃഷിയും കന്നുകാലി വളർത്തലും കൂലിപ്പണിയുമായി കഴിയുന്നവരാണിവർ. ചീറ്റയെത്തുന്നതോടെ വന്യജീവി ടൂറിസത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാകും കുനോ. സഹേരിയക്കാർക്ക് ഉപജീവനമാർഗ്ഗമാകും ടൂറിസം.

റഫറൻസ്:
*അക്ബർനാമ, ഐൻ-ഇ-അക്ബരി - അബുൾഫസൽ
*തുസുക്ക്-ഇ-ജഹാംഗീരി - ജഹാംഗീർ
*ദി എൻഡ് ഓഫ് എ ട്രെയിൽ - ദിവ്യഭാനുസിങ്
*ചീറ്റ കൺസർവേഷൻ രേഖകൾ - യൂണിവേഴ്സിറ്റി ഓഫ് പ്രിടോറിയ, ദക്ഷിണാഫ്രിക്ക
*പ്രൊജക്ട് ചീറ്റ - എൻ.ടി.സി.എ.
*ആക്ഷൻ പ്ലാൻ ഫോർ ഇൻട്രൊഡക്ഷൻ ഓഫ് ചീറ്റ ഇൻ ഇന്ത്യ - വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

No comments:

Post a Comment