Sunday, September 25, 2022

ഹൈരാബാദ് ആക്ഷൻ

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സൈനിക നീക്കമായ ഓപ്പറേഷന്‍ പോളോ എന്ന ഹൈദരാബാദ് ആക്ഷൻ.
ഉപഭൂഖണ്ഡത്തില്‍ രണ്ട് സ്വതന്ത്ര്യ രാജ്യങ്ങളായാണ് 1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. ചരിത്രകാരന്‍ എം.സി വടകര എഴുതിയപോലെ, ഭാരതാംബ പ്രസവിച്ച രണ്ട് ഇരട്ടക്കുട്ടിക്കള്‍; ഒന്ന് നമ്മുടെ ഇന്ത്യയും മറ്റൊന്ന് പാക്കിസ്ഥാനും. ഇന്ത്യയില്‍ അന്ന് 565 നാട്ടു രാജ്യങ്ങളുണ്ട്. ഇവക്ക് ഒന്നുകില്‍ ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേരാം, അല്ലെങ്കില്‍ സ്വതന്ത്രമായി നില്‍ക്കാം എന്നാണ് നിര്‍ദേശം നല്‍കപ്പെട്ടത്. ഇന്ത്യയുടെ ആദ്യത്തെ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന് കീഴില്‍ സെക്രട്ടറിയായിരുന്ന മലയാളിയായ വി.പി മേനോന്‍, സ്റ്റോറി ഓഫ് ഇന്റഗ്രേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റേറ്റ് എന്ന പുസ്തകത്തില്‍ അക്കാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

അതില്‍ അദ്ദേഹം രേഖപ്പെടുത്തിയത് പ്രകാരം, പല നാട്ടുരാജ്യങ്ങളും ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേര്‍ന്നു. ഗോളിയോര്‍, പാട്യാല, ബിഗനീര്‍ തുടങ്ങിയവ വേഗത്തില്‍ ഇന്ത്യയില്‍ ചേര്‍ന്നവയാണ്. എന്നാല്‍, ചിലര്‍ സ്വതന്ത്രമായി നില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. അതില്‍പ്പെട്ട നാട്ടുരാജ്യങ്ങളാണ് തിരുവിതാംകൂര്‍, ചിനഗഡ്, ഭോപ്പാല്‍, കാശ്മീര്‍, ഹൈദരാബാദ് തുടങ്ങിയവ. തിരുവിതാംകൂറില്‍ ദിവാനായിരുന്ന സര്‍ സി.പി രാമസ്വാമി അയ്യര്‍ അമേരിക്കന്‍ മോഡല്‍ എന്നാണ് പറഞ്ഞത്. പിന്നീട് അദ്ദേഹം പാക്കിസ്ഥാനില്‍ ചേരാനുളള ശ്രമം നടത്തി. പാക്കിസ്ഥാനില്‍ ചേര്‍ന്നാല്‍ തിരുവിതാംകൂറിന്റെ കയര്‍ ഉല്‍പന്നങ്ങള്‍ക്കും കശുവണ്ടിക്കുമൊക്കെ ലോക പ്രശസ്ത തുറമുഖമായ കറാച്ചി വലിയ മാര്‍ക്കറ്റാവും വികസനക്കുതിപ്പിന് കാരണമാവും എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്.
കാശ്മീരിലെ രാജാവ് ഹൈന്ദവനായ ഹരിസിംഗ് സ്വതന്ത്രമായി നില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അവിടുത്തെ അക്കാലത്തെ ഭൂരിപക്ഷ മുസ്്ലിംകള്‍ പാക്കിസ്ഥാനൊപ്പം നില്‍ക്കാന്‍ ആഗ്രഹിച്ചു. പാക്കിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറ്റക്കാര്‍ വന്ന് കാശ്മീരില്‍ വലിയ പ്രശ്നമുണ്ടായപ്പോള്‍ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന ഘട്ടത്തില്‍ രാജാ ഹരിസിംഗ് സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന് കമ്പിയടിച്ചു. വലിയ പ്രശ്നങ്ങളും കലാപങ്ങളുമൊക്കെ നടക്കുന്ന ഒരു അര്‍ധരാത്രിയാണ് സര്‍ദ്ദാല്‍ പട്ടേലിന്റെ ദൂതുമായി മലയാളിയായ വി.പി മേനോന്‍ അവിടെയെത്തുന്നത്. തുടര്‍ന്ന് രാജാവുമായുണ്ടാക്കിയ കരാറിന്റെ ഭാഗമായി കാശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചു. സര്‍ദാര്‍ പട്ടേല്‍ പറഞ്ഞു, ഒരു രാജ്യത്തിന്റെ ഭാഗഥേയം ആ രാജ്യത്തിന്റെ ഭരണാധികാരി പറയുന്നതാണ്; അവിടുത്തെ ജനങ്ങള്‍ പറയുന്നതല്ല. 
ഹൈദരാബാദില്‍ സ്ഥിതി മറിച്ചായിരുന്നു. പഴയ ഗോല്‍ഗുണ്ട ഡൈനാസ്റ്റിയുടെ കാലത്ത് മൂസാ നദിക്ക് ഇപ്പുറത്ത് പുതുതായി സൃഷ്ടിക്കപ്പെട്ട ഒരു നഗരമാണ് ഹൈദരാബാദ്. 1562ല്‍ ഇബ്രാഹീം കുത്തുബ് ഷാ എന്ന ഗോല്‍ഗുണ്ടയിലെ രാജാവിന്റെ കാലത്താണ് ഹുസൈന്‍ സാഗര്‍ ഉണ്ടാക്കിയത്. മനുഷ്യനിര്‍മ്മിതമായ വലിയൊരു തടാകമാണ് ഹുസൈന്‍ സാഗര്‍. ഗോല്‍ഗുണ്ട ചക്രവര്‍ത്തിമാര്‍ ഷിയാ വിശ്വാസികളായിരുന്നു. അതുകൊണ്ടു കൂടിയാണ് തടാകം നിര്‍മ്മിച്ചപ്പോള്‍ ഇമാം ഹുസൈന്‍ (റ) വിന്റെ ഓര്‍മ്മയില്‍ അതിന് ഹുസൈന്‍ സാഗര്‍ എന്ന് പേരിട്ടത്.
കുലി കുത്ത്ബ് ഷാ ചക്രവര്‍ത്തിയാണ് മൂസ റിവറിന്റെ ഇരുകരകളിലും ഹൈദരാബാദും സെക്കന്തരാബാദും നിര്‍മ്മിക്കുന്നത്. രത്നങ്ങളുടെയും പവിഴങ്ങളുടെയുമൊക്കെ വലിയ ശേഖരം ഈ രാജാക്കന്മാരുടെ കൈവശം ഉണ്ടായിരുന്നു. എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലെ കോഹിനൂര്‍ രത്നം പോലും ഹെദരാബാദിലെ കുലി കുത്തുബ് ഷായുടെ ശേഖരത്തിലുണ്ടായിരുന്നതാണെന്നാണ് ഒരു വിഭാഗം ചരിത്ര പണ്ഡിതര്‍ പറയുന്നത്.
ഔറംഗസീബ് മുകള്‍ ചക്രവര്‍ത്തി ആയിരുന്ന കാലത്താണ് ഹൈദരാബാദ് ആക്രമിച്ച് കീഴടക്കിയത്. തുടര്‍ന്നു മുകളര്‍ അവിടെ ഭരിക്കാനായി പ്രതിനിധികളായി നിയമിച്ചവരെയാണ് നൈസാമുമാര്‍ എന്നു പറയുന്നത്. പിന്നീട് മുകള്‍ സാമ്രാജ്യം ദുര്‍ബലമായപ്പോള്‍ നൈസാം ഹൈദരാബാദില്‍ സ്വന്തമായി ഭരണം തുടങ്ങി. 214190 ചതുരശ്ര കിലോമീറ്ററുള്ള വലിയ പ്രദേശമായിരുന്ന ഹൈദരാബാദിന്റെ പകുതിയും നിസാമിന്റെ സ്വന്തം ഉടമസ്ഥതയിലുള്ള സ്വത്തായാണ് കണക്കാക്കിയിരുന്നത്. ഏഴു നൈസാമുമാര്‍ അവിടെ ഭരിച്ചതില്‍ ഏഴാമനായ ഉസ്മാനിയുടെ കാലത്താണ് വലിയ പുരോഗതിയിലെത്തിയത്.

ഹൈദരാബാദിന് സ്വന്തമായി കറന്‍സിയും സൈന്യവും ഗതാഗത സൗകര്യവുമുണ്ടായിരുന്നു. നൈസാമിന്റെ പട്ടാളത്തെ റസാക്കര്‍മാര്‍ എന്നാണ് പറഞ്ഞിരുന്നത്.. സി.പി.എം നേതാവും തദ്ദേശ വകുപ്പ് മന്ത്രിയുമായിരുന്ന പാലോളി മുഹമ്മദ്കുട്ടി നൈസാമിന്റെ പട്ടാളത്തിലെ ഒരു അംഗമായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഹൈദരാബാദ് സ്വതന്ത്രമായി നില്‍ക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. പല ചര്‍ച്ചകളും ഇന്ത്യയുടെ പ്രതിനിധികള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. അങ്ങിനെ ഏതെങ്കിലും രാജ്യത്തിനൊപ്പം ചേരുകയാണെങ്കില്‍ പാക്കിസ്ഥാന് ഒപ്പമായിരിക്കുമെന്നും നൈസാം പ്രഖ്യാപിച്ചു.

എന്നാല്‍, ഭൂരിപക്ഷം ജനങ്ങളുടെയും താല്‍പര്യം ഇന്ത്യയില്‍ ചേരുക എന്നതായിരുന്നു. പട്ടേല്‍ പറഞ്ഞു; ഒരു രാജ്യത്തിന്റെ ഭാഗഥേയം അവിടുത്തെ ജനങ്ങള്‍ പറയുന്നതാണ്. കാശ്മീരില്‍ അതിന്റെ നേര്‍വിപരീതമായിരുന്നു പറഞ്ഞിരുന്നത് എന്നത് കൗതുകകരമാണ്. തുടര്‍ന്ന്, 1948 സെപ്റ്റംബര്‍ 13 മുതല്‍ 17 വരെ നടന്ന പട്ടാള നടപടികളിലൂടെയാണ് ഹൈദരാബാദിനെ ഇന്ത്യയില്‍ ലയിപ്പിക്കുന്നത്. സെപ്റ്റംബര്‍ 17ന് ഇന്ത്യയില്‍ ലയിപ്പിച്ചപ്പോള്‍ അവരുടെ സൈന്യമായ റസാക്കര്‍മാര്‍ക്ക് ഇന്ത്യന്‍ സേനയില്‍ ചേരാന്‍ അവസരം നല്‍കി. (അന്ന് ഇന്ത്യന്‍ പട്ടാളത്തില്‍ ചേരാതെയാണ് പാലോളി മുഹമ്മദ്കുട്ടി കേരളത്തിലേക്ക് മടങ്ങിയതും രാഷ്ട്രീയത്തില്‍ സജീവമായതും.)

ജനറല്‍ ജയന്ത് ചൗധരിയാണ് 40,000 പട്ടാളക്കാരുമായി തുംഗഭഗ്രാ നദി മുറിച്ചു കടന്ന് ഹൈദരാബാദ് ആക്രമിച്ചത്. വലിയ സമ്പത്തും അളവറ്റ സൗകര്യങ്ങളും നൈസാമില്‍ നിന്ന് പിടിച്ചുവാങ്ങി 1956ല്‍ ഭാഷാ അടിസ്ഥാനത്തില്‍ (ആന്ധ്ര) സംസ്ഥാനം വരുന്നതു വരെ നൈസാമിന് അധികാരത്തില്‍ തുടരാന്‍ അനുമതി നല്‍കിയെങ്കിലും ഹൈദരാബാദ് ആക്ഷന്‍ സ്വതന്ത്ര ഇന്ത്യയിലെ രക്തപങ്കിലമായ കറുത്ത അധ്യായമാണ്. ക്രൂരരായ വേട്ടക്കാരെപോലെയാണ് ഇന്ത്യന്‍ സൈന്യം അന്ന് പെരുമാറിയത്. സ്വതന്ത്ര്യ ഇന്ത്യ കണ്ട ആദ്യ സൈനിക നീക്കമായിരുന്നു അത്. രണ്ടര ലക്ഷത്തോളം മുസ്്ലിംകള്‍ കൊല്ലപ്പെട്ടു എന്നാണ് അനൗദ്യോഗിക കണക്ക്. നാല്‍പതിനായിരത്തോളം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അന്നു പുറത്തുവിട്ടത്. ആയിരക്കണക്കിന് സ്ത്രീകള്‍ മാനഭംഗത്തിന് ഇരയായി. വലിയ ക്രൂരതയാണ് അന്നവിടെ അരങ്ങേറിയതെന്ന് പല ഏജന്‍സികളും പിന്നീട് രേഖകള്‍ സഹിതം വിവരം പുറത്തുവിട്ടു. പ്രധാനമന്ത്രി നെഹ്റു ഈ വലിയ കൂട്ടക്കുരുതിയെ കുറിച്ച് അന്വേഷിക്കാന്‍ സുന്ദര്‍രാജ് കമ്മീഷനെ നിയമിച്ചു. എന്നാല്‍, കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടെങ്കിലും വെളിച്ചം കണ്ടില്ല.
യഥാര്‍ത്ഥത്തില്‍ ഹൈദ്രബാദ് നൈസാമിനെ ഇന്ത്യന്‍ യൂണിയനോട് ചേരാതെ മാറ്റി നിര്‍ത്തിയതില്‍ മുഖ്യ പങ്ക് വഹിച്ചത് മജ്ലിസെ ഇത്തിഹാദുല്‍ മുസ്്ലിമീന്റെ നേതൃത്വത്തിലുളള ചിലരായിരുന്നു; ഖാസിം റിസ്വിയും കൂട്ടുകാരും. അവര്‍ ഇന്ത്യാ വിരുദ്ധ വിപ്ലവ ശ്രമങ്ങള്‍ അഴിച്ചുവിടുകയും ഇതേ തുടര്‍ന്ന് ഇന്ത്യാഗവണ്‍മെന്റും നൈസാമും തമ്മില്‍ നടന്ന ചര്‍ച്ചകളെല്ലാം തകരുകയുമായിരുന്നു. നൈസാമിന്റെ സമാധാന മോഹങ്ങളെ പ്രസ്തുത സംഘം ഹൈജാക്ക് ചെയ്യുകയുമായിരുന്നു എന്നു വേണം കരുതാന്‍.ചരിത്രമെന്നത് അവ്യക്തത നിറഞ്ഞ ഭൂതകാലത്തിന്റെ നേര്‍ രേഖയും ആവര്‍ത്തനം അതിന്റെ നിയോഗവുമാണ് , നായകനും പ്രതിനായകനും എന്നിങ്ങനെ രണ്ട് ചേരിയായി വിഭജിക്കപ്പെടാതെ ചരിത്രത്തില്‍ വ്യക്തികള്‍ നില നില്‍ക്കുന്നില്ല , അത് ചരിത്രത്തിന്റെ നിയതമായ ബാധ്യതയുമാണ് .പല ചരിത്രങ്ങളും കൂട്ടിവായിച്ചാല്‍ വില്ലന്മാര്‍ നായകരാകുകയും നായകര്‍ വില്ലന്മാരാകുകയും ചെയ്യും
1947-ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിന് ഹൈദരബാദ് നാട്ടുരാജ്യം തയ്യാറായില്ല. ഇന്ത്യാ രാജ്യത്തോട് തന്റെ രാജ്യം ചേർക്കുവാൻ ഹൈദരാബാദ് ഭരണാധികാരിയായിരുന്ന നൈസാം ഉസ്മാൻ അലി വിസമ്മതിച്ചു. പലതവണ ഇന്ത്യാ രാജ്യത്തോട് ലയിക്കുവാൻ ഗവർണ്മെൻറ് സമ്മർദ്ദം ചെലുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടർന്ന് നൈസാം ഇന്ത്യാ ഗവൺമെന്റുമായി തർക്കത്തിലായി.
ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് മോചിതരായ തെക്കും വടക്കുമുള്ള സംസ്ഥാനങ്ങള്‍ക്ക് നടുവിലായിരുന്നത് കൊണ്ട് ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുകയല്ലാതെ ഹൈദരാബാദിനു നിവൃത്തി ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ യൂണിയന്റെ ലയിക്കാനുള്ള നിര്‍ദ്ദേശം സ്വതന്ത്ര സ്റ്റേറ്റ് എന്ന നിലയില്‍ നൈസാം തള്ളുകയായിരുന്നു. തുടര്‍ന്ന് ബ്രിട്ടണ്‍ 3 നിര്‍ദ്ദേശങ്ങള്‍ അവര്‍ക്കു മുന്നില്‍ വെച്ചു. ഒന്നുകില്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുക, സ്വതന്ത്ര്യ സ്റ്റേറ്റ് ആയി തുടരുക, അല്ലെങ്കില്‍ പുതുതായി രൂപീകരിക്കപ്പെട്ട പാക്കിസ്ഥാനിലേക്ക് ലയിക്കുക എന്നതായിരുന്നു അവ. ആലോചിക്കാന്‍ അല്‍പം സമയമാവശ്യപ്പെട്ട നൈസാമിനെതിരെ ബലം പ്രയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു ഇന്ത്യന്‍ യൂണിയന്‍
ഹൈദരാബാദിനെ ഇന്ത്യയോട് കൂട്ടിച്ചേർക്കാനുള്ള ഗവൺമെന്റിന്റെ എല്ലാ ശ്രമങ്ങളും വിഫലമായപ്പോൾ 1948 സെപ്റ്റംബർ 13-ന് ഇന്ത്യൻ സൈന്യം ഹൈദരാബാദിലേക്ക് പ്രവേശിച്ചു. സെപ്റ്റംബർ 17-ന് തന്നെ നൈസാം ഇന്ത്യ ഗവൺമെന്റിന് കീഴടങ്ങാൻ തയ്യാറായി . ഏകദേളം. 200,000 വരുന്ന റസാക്കേഴ്സ് എന്നറിയപ്പെടുന്ന കാലാൾപ്പട. ഹൈദരബാധിലേക്ക് ഇരച്ചു കയറുകയും നിരവധി നാശ നഷ്ട്ടങ്ങള്‍ വരുത്തിയും ഒരുപാട് പേരെ കൊലക്ക് കൊടുത്തും നടത്തിയ ഒരു കിരാത നടപടിയായിരുന്നു സ്വതന്ത്ര ലബ്ധിക്കു ശേഷം ഹൈദരാബാദ്‌ സാക്ഷിയായത് . അനൗദ്യോഗിക കണക്കു പ്രകാരം രണ്ടു ലക്ഷത്തോളം സാധാരണ ജനങ്ങൾ കൂട്ടക്കൊലക്കിരയായി എന്നും അംഗവൈകല്ല്യം ഉണ്ടായവര്‍ നിരവധി. നിരന്തര സമ്മര്‍ദ്ദം കാരണം ആ കൂട്ടക്കൊല അന്വേഷിക്കാന്‍ കമ്മീഷന്‍ നിയോഗിക്കപ്പെട്ടു. പ്രൊഫസര്‍ കൂടിയായ സുന്ദര്‍രാജ് ആണ് കമ്മീഷനെ നയിക്കാന്‍ നിയോഗിക്കപ്പെട്ടത്. ഹൈദരാബാദിലെ ഭൂരിപക്ഷ സമുദായമായിരുന്ന മുസ്‍ലിംകളില്‍ നിന്ന് ഒരു ലക്ഷം പേര്‍ ക്രൂരമായി വധിക്കപ്പെട്ടു എന്നായിരുന്നു സുന്ദര്‍രാജ് കമ്മീഷന്‍ കണ്ടു പിടിച്ചത്. എന്നാല്‍ ചില അനൌദ്യോഗിക കണക്കുകള്‍ പ്രകാരം 2 ലക്ഷത്തിനു മേലെ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ പതിനായിരക്കണക്കിന് സ്ത്രീകള്‍ കൂട്ട ബലാല്‍സംഗത്തിനിരയായി. 1950 ല്‍ പ്രശസ്തമായ മിഡില്‍ ഈസ്റ്റേണ്‍ ജേര്‍ണലില്‍ സിവില്‍ റൈറ്റ് ആക്ടിവിസ്റ്റായിരുന്ന ഏ.ജീ നൂറാനി എഴുതുന്ന ലേഖനത്തില്‍ ഇതു വിശദമാക്കിയിട്ടുണ്ട്. യു.സി.എല്‍.എ പ്രൊഫസര്‍ പെറി ആന്‍ഡേഴ്സണ്‍ എഴുതുന്നത് ഇപ്രകാരം, ഹൈദരാബാദിലേക്ക് കടന്നു വന്ന മിലിട്ടറിക്ക് തീവ്ര വലതുപക്ഷ സംഘടനകളുടെ സഹായം വേണ്ടുവോളം ലഭിച്ചു. ഔദ്യോഗിക കണക്കില്‍ നിന്നും ഇരട്ടി മുസ്‍ലിംകള്‍ കൊല്ലപ്പെട്ടു. സംഭവത്തെക്കുറിച്ച് നെഹ്റു അന്വേഷണ കമ്മീഷനെ നിയമിക്കുന്നത് മൌലാനാ ആസാദിന്റെ സമ്മര്‍ദ്ദം കൊണ്ടായിരുന്നു. ഏതാനും ആഴ്ചകള്‍ കൊണ്ട് ലക്ഷങ്ങള്‍ കൊല്ലപ്പെട്ട സംഭവം ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല ആയിരുന്നു. ദേശതാല്‍പര്യത്തിന് ഭംഗം വരുത്തുമെന്ന് പറഞ്ഞു കൊണ്ട് സര്‍ദാര്‍ പട്ടേലിന്റെ നിര്‍ബന്ധ പ്രകാരം നെഹ്റു റിപ്പോര്‍ട്ട് മൂടി വെക്കുകയായിരുന്നു.hyderabad after the fall എന്ന ഗ്രന്ഥത്തില്‍ ഉമര്‍ ഖാലിദി മൂടി വെക്കപ്പെട്ട റിപ്പോര്‍ട്ടില്‍ നിന്ന് ചോര്‍ത്തിയ വിവരങ്ങള്‍ പങ്കു വെക്കുന്നുണ്ട്. 60 വര്‍ഷത്തോളം ഈ റിപ്പോര്‍ട്ട് ഒഫീഷ്യല്‍ സീക്രട്ട് ആയിരുന്നു. എന്നാല്‍ അമേരിക്കയില്‍ വെച്ച് ചോരുകയായിരുന്നു എന്ന് വില്യം ഡാര്‍ലിമ്പിള്‍ പറയുന്നു. അദ്ദേഹത്തിന്റെ the age of kali എന്ന ഗ്രന്ഥത്തില്‍ ഇക്കാര്യം വിശദമായി പറയുന്നുണ്ട്. ‘On the Post-Operation Polo Massacres, Rape and Destruction or Seizure of Property in Hyderabad State, എന്നു പേരിട്ട റിപ്പോര്‍ട്ട് കരളലിയിക്കുന്ന സംഭവങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. തീവ്ര ഹൈന്ദവ ഗ്രൂപ്പുകളുടെ പിന്തുണയോടെ ഇന്ത്യന്‍ പട്ടാളം നടത്തിയ നരനായാട്ടില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ കൂട്ട ബലാല്‍സംഘം ചെയ്യപ്പെട്ടു. രാത്രി ഉറങ്ങുന്ന നേരത്ത് ഗ്രാമങ്ങളിലെ വീടുകളില്‍ കയറി നടത്തിയ അരുംകൊലക്കും കൂട്ട ബലാല്‍സംഘത്തിനും മാനവ ചരിത്രത്തില്‍ തുല്ല്യത കണ്ടെത്താനാവില്ല. ഉസ്മാനാബാദിലെ ഗന്ദോജി പായ്ഗയില്‍ നടന്ന സംഭവത്തെക്കുറിച്ച് അവശേഷിച്ച ഗ്രാമീണരില്‍ ഒരാളായ പാഷാ ബീ പറയുന്നത് ഇപ്രകാരം ,ഗുണ്ടകളോടൊപ്പം കടന്നു വന്ന പട്ടാളം മുസ്‍ലിം ചെറുപ്പക്കാരെ നിരത്തി നിര്‍ത്തി കൊല്ലുകയായിരുന്നു.തുടര്‍ന്ന് കൂട്ട ബലാല്‍സംഘം തന്നെ അരങ്ങേറി
വിഭജന കാലത്തെ ദയനീയമായ മുരിവുകള്‍ക്കും പലായനങ്ങള്‍ക്കും ക്രൂരമായ ആട്ടിപ്പായിക്കലുകള്‍ക്കും മുന്നില്‍ നിന്ന് നോക്കുകയാണ് എങ്കില്‍ ഇത് വളരെ ചെറുതായി
ഇന്ത്യയില്‍ ഏറ്റവും വിജയകരമായി മൂടി വെക്കപ്പെട്ട വാര്‍ത്തയായിരുന്നു ഇത് . സാധാരണ ഹത്യയെക്കാളും ഒട്ടേറെ ആഴവും ക്രൂരതയും അവകാശപ്പെടാനുള്ള ഈ നരഹത്യ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നടത്തിയ വാര്‍ത്താ തമസ്കരണം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. സര്‍ദാര്‍ വല്ലഭായി പട്ടേലിന് സംഭവത്തില്‍ പങ്കുണ്ടെന്ന് പല ഗവേഷകരും അഭിപ്രായപ്പെടുന്നുണ്ട്. ഈ സംഭവം റിപ്പോര്‍ട്ട് സഹിതം പുറത്തു വരുന്നത് ദേശീയ പ്രസ്ഥാനത്തിലെ പല പ്രമുഖരെയും പ്രതിപ്പട്ടികയില്‍ കയറ്റുമെന്നും പറയപ്പെടുന്നു. ഇത്രയും വലിയ വംശഹത്യയുടെ ഇരകള്‍ക്ക് ഇന്നു വരെ സ്വതന്ത്ര ഭാരതത്തില്‍ നീതി കിട്ടിയിട്ടില്ല എന്നതാണ് ഇതിന്റെ ബാക്കി പത്രം.


No comments:

Post a Comment