Sunday, July 2, 2017

യഥാ രാജാ തഥാ പ്രജ.

യഥാ രാജാ തഥാ പ്രജ .രാജാവ് എങ്ങനെയായിരിക്കുമോ. അങ്ങനെയായിരിക്കും പ്രജകളും. ഒരിക്കല്‍ നാട്ടിലെ വൃക്ഷങ്ങളെല്ലാം കൂടി ഒരു സമ്മേളനം സംഘടിപ്പിച്ചു. വിശാലമായ ഒരു മൈതാനത്ത് അവര്‍ ഒരുമിച്ചുകൂടി. തേക്കുമരം അധ്യക്ഷത വഹിച്ചു. എല്ലാ വൃക്ഷങ്ങളും മൗനമായി തേക്കുമരത്തെ കേട്ടുകൊണ്ടിരുന്നു. തേക്കുമരം പറയാന്‍ തുടങ്ങി: ”വൃക്ഷങ്ങളായ നമ്മളെല്ലാവരും ഇന്നിവിടെ ചേര്‍ന്നിരിക്കുന്നത് പ്രത്യേകമായൊരു കാര്യത്തിനുവേണ്ടിയാണ.് ഇന്നാട്ടിലെ മനുഷ്യര്‍ക്കെല്ലാം രാജാവുണ്ട്. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും രാജാവുണ്ട്. വൃക്ഷങ്ങളായ നമുക്കും ഒരു രാജാവു വേണം. നമ്മുടെ രാജാവിനെ ഇന്നു തരഞ്ഞെടുക്കണം.”
വൃക്ഷങ്ങള്‍ക്കെല്ലാം ഈ തീരുമാനം ഇഷ്ടമായി. അവര്‍ ആഹ്ലാദാരവം മുഴക്കി.
”ആരു വേണം നമ്മുടെ രാജാവ്?” തേക്കുമരം തിരക്കി.
”അത്തിമരം രാജാവാകട്ടെ.”
ഒരു സ്വരം ഉയര്‍ന്നുകേട്ടു. മറ്റു വൃക്ഷങ്ങള്‍ അതിനെ പിന്താങ്ങി.
”അത്തിമരം എവിടെ?” അധ്യക്ഷന്‍ വിളിച്ചുചോദിച്ചു.
അത്തിമരം എഴുന്നേറ്റ് മുന്നിലേക്കുവന്നു. സദസ്സിനെ വന്ദിച്ചശേഷം പറഞ്ഞു: ”നിങ്ങള്‍ ക്ഷമിക്കണം. എനിക്ക് രാജാവായിരിക്കാനുള്ള യോഗ്യതയില്ല. ഈ ലോകത്തിനുവേണ്ടി പഴങ്ങള്‍ നിര്‍മ്മിക്കുകയാണ് എന്റെ ജോലി. ഞാന്‍ അക്കാര്യം ചെയ്തുകഴിഞ്ഞുകൊള്ളാം. നമുക്ക് പറ്റിയ വേറൊരാളെ രാജാവായി തെരഞ്ഞെടുക്കാം.”
അടുത്തതായി ഒലിവുമരത്തിന്റെ പേരാണ് നിര്‍ദ്ദേശിച്ചത്. ഒലിവുമരം ഇപ്രകാരം പറഞ്ഞു: ”വൃക്ഷങ്ങളുടെ രാജാവായിരിക്കാനുള്ള യോഗ്യത എനിക്കില്ല. ഒലിവെണ്ണ ഉണ്ടാക്കുകയാണ് എന്റെ ജോലി. ഒലിവെണ്ണ ഈ ലോകത്തില്‍ എത്രയോ ആവശ്യമുള്ള വസ്തുവാണ്. നമുക്ക് മറ്റൊരാളെ രാജാവാക്കാം.”
അങ്ങനെ അവര്‍ പല വൃക്ഷങ്ങളുടെയും പേര് നിര്‍ദ്ദേശിച്ചു. അവരൊക്കെ രാജസ്ഥാനം ഏറ്റെടുക്കാന്‍ മടികാണിച്ചു. ഒടുവില്‍ വൃക്ഷങ്ങള്‍ കൂടിയാലോചനയായി. ആരോ മുള്‍ച്ചെടിയെ രാജാവായി നിര്‍ദ്ദേശിച്ചു. മുള്‍ച്ചെടി വലിയ സന്തോഷത്തോടും ഗര്‍വോടും കൂടി പറഞ്ഞു: ”ഇപ്പോഴെങ്കിലും നിങ്ങള്‍ക്ക് സദ്ബുദ്ധി തോന്നിയല്ലോ. ഞാന്‍ തന്നെയാണ് നിങ്ങളുടെ രാജാവാകാന്‍ ഏറ്റവും യോഗ്യന്‍. ഇന്നുമുതല്‍ ഞാനായിരിക്കും നിങ്ങളുടെ രാജാവ്.”
വൃക്ഷങ്ങളെല്ലാം പുതിയ രാജാവിനെ വണങ്ങി വിധേയത്വം പ്രകടിപ്പിച്ചു. മുള്‍ച്ചെടി അന്നുതന്നെ അധികാരം ഏറ്റെടുത്തു. രാജസിംഹാസനത്തില്‍ ഉപവിഷ്ടനായി. എന്നാല്‍ രാജാവ് ഭരണം നടത്തുക മാത്രമല്ല ചെയ്തത്. വൃക്ഷങ്ങളുടെമേല്‍ അതിക്രമിച്ചുകയറി അതിനെ ഞെരുക്കാന്‍ തുടങ്ങി. വൃക്ഷങ്ങള്‍ക്ക് ശരിയായി വളരാനും നിവര്‍ന്നുനില്‍ക്കാനും കഴിയാതായി. മുള്‍ച്ചെടി പടര്‍ന്നു കയറിയ വൃക്ഷങ്ങള്‍ ഞെരുങ്ങിപ്പോവുകയും ഫലം പുറപ്പെടുവിക്കാന്‍ കഴിയാതാവുകയും ചെയ്തു. അങ്ങനെ അവരുടെ രാജാവുതന്നെ അവരുടെ നാശത്തിനു കാരണമായി.. അതിക്രമം പ്രവര്‍ത്തിക്കുകയും കൂട്ടക്കുരുതികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തവരുടെ പര്യവസാനത്തെ കുറിച്ച് ചരിത്രങ്ങളിൽ എമ്പാടും കാണാം ഒരു ധിക്കാരികളും അക്രമകാരികളും എല്ലാകാലവും നിലനിന്ന ചരിതം ലോകത്തിന് പറയാനില്ല ..നല്ല ഭാവിയെ കുറിച്ച ശുഭപ്രതീക്ഷകള്‍ പ്രദീക്ഷയോടെ ക്ഷമയോടെ.കാത്തിരിക്കാം.. _പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്കൃതാം
ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ
സംഭവാമി യുഗേ യുഗേ._
സജ്ജനങ്ങളെ രക്ഷിക്കുന്നതിനും ദുഷ്ടന്മാരെ നശിപ്പിക്കുന്നതിനും ധര്‍മ്മത്തെ നിലനിര്‍ത്തുന്നതിനും വേണ്ടി ഞാന്‍ യുഗംതോറും അവതാരം ചെയ്യുന്നു.

No comments:

Post a Comment