Thursday, October 13, 2022

സയ്യിദ് ഫസല്‍ ബിന്‍ അലവി ദോഫാര്‍ ഭരിച്ച മലയാളി ഭരണാധികാരി

1878 വേനല്‍ക്കാലത്ത് ദോഫാറില്‍ ശക്തമായ വരള്‍ച്ചയുണ്ടായി. കൃഷി ഉണങ്ങി, കന്നുകാലികള്‍ ചത്തൊടുങ്ങി. അവശ്യവസ്തുക്കളുടെ വില ഗണ്യമായി ഉയരുകയും സാധാരണക്കാരന്റെ ജീവിതം ദുരിത പൂര്‍ണമാവുകയും ചെയ്തു. ജനങ്ങള്‍ അല്ലാഹു നിര്‍ബന്ധമാക്കിയ സകാത്ത് നല്‍കാന്‍ വിസമ്മതിച്ചതാണ് വരള്‍ച്ചയുടെ കാരണമെന്നായിരുന്നു സയ്യിദ് ഫസല്‍ അഭിപ്രായപ്പെട്ടത്. ജബലികള്‍ ധാരാളമുള്ള അല്‍ഖറാ ഗോത്രത്തിന് ഈ അഭിപ്രായ പ്രകടനം അവഹേളനമായി അനുഭവപ്പെട്ടു. തനിക്ക് നേരത്തെ പിന്തുണ നല്‍കുകയും അനുസരണ പ്രതിജ്ഞ ചെയ്യുകയും ചെയ്ത അല്‍ഖറാ ഗോത്രം തന്നെ അദ്ദേഹത്തിനെതിരെ കലാപത്തിനു ശ്രമിച്ചു. അത് അദ്ദേഹത്തിന് ഏറെ സമ്മര്‍ദം ഉണ്ടാക്കി. യമനോടും മക്കയോടുമൊക്കെ സഹായം തേടേണ്ട അവസ്ഥയിലെത്തി അദ്ദേഹം. പക്ഷേ, ആല്‍കസീര്‍ ഗോത്രത്തിന്റെ സഹായത്തോടെ അല്‍ഖറാ ഗോത്രത്തെ പരാജയപ്പെടുത്താനും അമ്പത് പേരെ ജയിലിലടക്കാനും സയ്യിദ് ഫസലിനു സാധിച്ചപ്പോള്‍ കലാപം ഒരുവിധം ഒടുങ്ങി. പക്ഷേ, അതുവരെ പിന്തുണച്ച ഒരു പ്രമുഖ ഗോത്രത്തിന്റെ (അല്‍ഖറാ) പിന്തുണ ഫസലിനു നഷ്ടമായി. മാത്രമല്ല, ദോഫാറില്‍നിന്ന് മുന്നൂറു പേര്‍ മസ്‌കത്തിലെ സുല്‍ത്താന് സേവനം ചെയ്തു ജീവിക്കാന്‍ വേണ്ടി പോവുകയും ചെയ്തു. വരള്‍ച്ച ബാധിച്ച ദോഫാറില്‍ പട്ടിണി കിടക്കുന്നതിലും ഭേദം അതാണെന്ന് അവര്‍ തീരുമാനിച്ചു. സയ്യിദ് ഫസലിന്റെ ഭരണത്തിന് ഏറ്റ വലിയ അടിയായിരുന്നു അത്.
വരള്‍ച്ചയും പട്ടിണിയും അല്‍ഖറാ ഗോത്രത്തിന്റെ എതിര്‍പ്പും എല്ലാംകൂടി ഭരണത്തെ ശരിക്കും ഉലച്ചു. ഈ അവസരം മുതലെടുത്ത് അല്‍ഖറാ ഗോത്രം മറ്റു ചില ഗോത്രങ്ങളെ കൂട്ടുപിടിച്ച് ഇവദ് ബിന്‍ അബ്ദില്ലയുടെ നേതൃത്വത്തില്‍ ഫസലിനോട് നാട് വിടാന്‍ ആവശ്യപ്പെട്ടു. ശക്തമായ സമ്മര്‍ദം വന്നപ്പോള്‍ 1879-ല്‍ ഫസല്‍ ആദ്യം ഹദറമൗത്തിലെ മുകല്ലയിലേക്കും അവിടെനിന്ന് സുഊദിയിലെ ജിദ്ദയിലേക്കും പോയി. തുടര്‍ന്ന് ഇവദ് മസ്‌കത്തിലെത്തുകയും, സുല്‍ത്താന്‍ തുര്‍ക്കി ബിന്‍ സഈദിനെ പ്രീണിപ്പിച്ച് വീണ്ടും ദോഫാര്‍ മസ്‌കത്തിന്റെ പ്രവിശ്യയായി അംഗീകരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.
പക്ഷേ, ദോഫാറുകാര്‍ ഇതിനിടെ മൂന്നായി പിരിഞ്ഞിരുന്നു. ഒരുവിഭാഗം ഇവദിന്റെ നേതൃത്വത്തില്‍ മസ്‌കത്തിലെ സുല്‍ത്താന്റെ ഭരണം ആഗ്രഹിച്ചു. മറുവിഭാഗം ഔദ ബിന്‍ അസാന്റെ നേതൃത്വത്തില്‍ ഫസല്‍ തിരിച്ചു വരണം എന്ന് ആവശ്യപ്പെട്ടു. മൂന്നാമതൊരു വിഭാഗം ആരും വേണ്ട എന്നും. പക്ഷേ, വലിയ ചര്‍ച്ചക്ക് ഇടം കൊടുക്കാതെ മസ്‌കത്തിലെ സുല്‍ത്താന്‍ 1879 ല്‍ തന്നെ സുലൈമാന്‍ ബിന്‍ സുവൈലിം എന്ന പടത്തലവന്റെ നേതൃത്വത്തില്‍ ഒരു നാവിക സേനയെ ദോഫാറിലേക്ക് അയച്ചു. അധികം ചെറുത്ത് നില്‍ക്കാതെ ദോഫാര്‍ കീഴടങ്ങി. ജനങ്ങളെ പ്രലോഭിപ്പിക്കാന്‍ സുലൈമാന്‍ ആദ്യമേ കയറ്റുമതി-ഇറക്കുമതി തീരുവ ഫസല്‍ നിശ്ചയിച്ച 5 ശതമാനത്തില്‍നിന്ന് 4 ശതമാനം ആക്കി കുറച്ചു. അതേസമയം മസ്‌കത്തിനു സ്വന്തം നിലക്ക് ചില ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അസ്സാന്‍ ബിന്‍ ഖൈസ് എന്ന വ്യക്തി ഉയര്‍ത്തിയ ആഭ്യന്തര കലാപ ഭീഷണി ആയിരുന്നു അതിലൊന്ന്. അതിനുപുറമേ, 1879-ല്‍ തന്നെ, ബ്രിട്ടീഷുകാര്‍ തങ്ങളുടെ കീഴിലുള്ള ഏദന്‍ പ്രവിശ്യയില്‍നിന്ന് ദോഫാറിന്റെ ഉത്തരവാദിത്വം മസ്‌കത്തിലേക്ക് മാറ്റുകയും ചെയ്തു. അത്മൂലം ദോഫാറുമായി ഏദന്‍ പട്ടണത്തിന് ഉണ്ടായിരുന്ന എല്ലാ ബന്ധങ്ങളും ഒഴിവാക്കേണ്ടിവന്നു.തുര്‍ക്കി സുല്‍ത്താന്റെ മന്ത്രി
ഈ അവസരത്തില്‍ ഫസല്‍ തന്റെ രാഷ്ട്രം പുനഃസ്ഥാപിക്കാന്‍ സ്വന്തം നിലക്ക് ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് മക്കയിലെ ഗവര്‍ണറെ കണ്ട് സഹായം അഭ്യര്‍ഥിച്ചു. മക്കാ ഗവര്‍ണറായ അബ്ദുല്‍ മുത്തലിബ് അല്‍ അഫന്ദി, ഫസലിനെ പിന്തുണക്കണമെന്ന് അഭ്യര്‍ഥിച്ച് തുര്‍ക്കി സുല്‍ത്താന് കത്തയച്ചു. മസ്‌കത്തിലേക്ക് ദോഫാര്‍ കൂട്ടിചേര്‍ക്കപ്പെട്ടാല്‍ അത് വലിയ ക്ഷീണമാകുമെന്ന് മുന്നറിയിപ്പും നല്‍കി. ആയിടക്ക് തുര്‍ക്കി സുല്‍ത്താന്‍ യമനിലേക്ക് ഒരു മുന്നേറ്റം നടത്തി. യാഫീ മേഖല പിടിച്ചടക്കിയപ്പോള്‍ അവിടത്തെ ഗവര്‍ണറായി അദ്ദേഹം സയ്യിദ് ഫസലിനെയാണ് നിയോഗിച്ചത്. ഈ അവസരം ഉപയോഗപ്പെടുത്തി ഫസല്‍ ദോഫാറിലെ ഗോത്ര നേതാക്കളുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം ഹദറമൗത്തില്‍ എത്തി. അവിടെനിന്ന് ഈജിപ്ത് സന്ദര്‍ശിച്ചു. തുര്‍ക്കി സുല്‍ത്താന്‍ ഫസലിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ സുല്‍ത്താന്റെ നിര്‍ദേശപ്രകാരം ഫസല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ എത്തി തുര്‍ക്കി സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമനെ സന്ദര്‍ശിച്ചു. വലിയ സ്വീകരണമാണ് സുല്‍ത്താന്റെ കൊട്ടാരത്തില്‍ ഫസലിന് ലഭിച്ചത്. മന്ത്രിസ്ഥാനവും 'പാഷ' എന്ന സ്ഥാനവും നല്‍കി സുല്‍ത്താന്‍ അദ്ദേഹത്തെ ആദരിച്ചു. അറേബ്യന്‍ വിഷയങ്ങളില്‍ സുല്‍ത്താന്റെ മുതിര്‍ന്ന ഉപദേശകനായിത്തീര്‍ന്നു ഫസല്‍. ഉപദേശകരും മന്ത്രിമാരുമൊക്കെ എതിര്‍ത്തെങ്കിലും ദോഫാര്‍ വിഷയത്തില്‍ സുല്‍ത്താന്‍ ഫസലിനെ പിന്തുണക്കാന്‍ തീരുമാനിച്ചു. കാരണം അറേബ്യയില്‍ ബ്രിട്ടീഷുകാരുടെ സ്വാധീനം കുറച്ചുകൊണ്ടുവരേണ്ടത് മുസ്‌ലിം ലോക താല്‍പ്പര്യമാണെന്ന് സുല്‍ത്താന്‍ ഉറച്ചുവിശ്വസിച്ചിരുന്നു.
മറുഭാഗത്ത് സുല്‍ത്താന്റെ ഈ പ്രവൃത്തി തങ്ങളോടുള്ള യുദ്ധപ്രഖ്യാപനമായി ബ്രിട്ടീഷുകാര്‍ വ്യാഖ്യാനിച്ചു. ഖത്തറിനടുത്ത് അഹ്‌സായിലും യമന്‍ പ്രദേശങ്ങളിലും തുര്‍ക്കി സൈന്യം വരുന്നത് അവര്‍ കണ്ടിരുന്നു. പുറമെ തങ്ങള്‍ ഇന്ത്യയില്‍നിന്നു പുറത്താക്കിയ ഫസലിനെ തങ്ങളുടെ കീഴിലുള്ള ഒരു പ്രദേശത്ത് ഭരണാധികാരിയാക്കാന്‍ സുല്‍ത്താന്‍ ശ്രമിക്കുന്നതായി അവര്‍ ഉത്കണ്ഠപ്പെട്ടു. കോണ്‍സ്റ്റാന്റിനോപ്പിളില്‍ ആയിരിക്കെ ദോഫാര്‍ പ്രവിശ്യയെക്കുറിച്ചും അതിന്റെ നയതന്ത്ര പ്രാധാന്യത്തെ കുറിച്ചും ഫസല്‍ സുല്‍ത്താനെ ധരിപ്പിച്ചു. അത് തിരിച്ചു പിടിച്ചു ഒരു പ്രവിശ്യയായി അംഗീകരിക്കാനും തന്നെ അവിടത്തെ ഭരണാധികാരി ആക്കാനും ആവശ്യപ്പെട്ടു കൊണ്ടിരുന്നു. പക്ഷേ, മസ്‌കത്ത് സുല്‍ത്താനും ബ്രിട്ടീഷുകാര്‍ക്കും ഫസലിനോടുള്ള വിരോധം അറിയാവുന്ന ഉപദേശകര്‍ സുല്‍ത്താനെ അതില്‍ നിന്ന് വിലക്കി.
കോണ്‍സ്റ്റാന്റിനോപ്പിളിലായിരിക്കെ 1883-ല്‍ ഫസല്‍ മസ്‌കത്തിലെ സുല്‍ത്താന് ഒരു കത്തയച്ചിരുന്നു. ബ്രിട്ടീഷുകാരുമായി സൗഹൃദമാണ് താനാഗ്രഹിക്കുന്നതെന്നും ദോഫാര്‍ പ്രവിശ്യയില്‍നിന്ന് പിന്മാറണമെന്നും അതില്‍ അദ്ദേഹം എഴുതിയിരുന്നു. അതേസമയം മക്കയിലെ പുതിയ ഗവര്‍ണര്‍ അന്‍വര്‍ റഫീഖ് പാഷ മസ്‌കത്തിലെ സുല്‍ത്താന്‍ തുര്‍ക്കി ബിന്‍ സഈദിന് ഒരു കത്തെഴുതി. സയ്യിദ് ഫസലിന് വേണ്ടി ദോഫാര്‍ ഒഴിഞ്ഞു കൊടുക്കണമെന്ന് അതില്‍ ആവശ്യപ്പെട്ടിരുന്നു. ആര്‍ ഡബ്ലിയു ബെയ്‌ലി തന്റെ 'റെകോര്‍ഡ്‌സ് ഓഫ് ഒമാനില്‍' ആ കത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കത്ത് പക്ഷേ, വിപരീതഫലമാണുണ്ടാക്കിയത്. ബ്രിട്ടീഷുകാര്‍ തന്നെ സഹായിക്കും എന്ന് ഉറച്ചു വിശ്വസിച്ച മസ്‌കത്ത് സുല്‍ത്താന്‍, ദോഫാര്‍ കാലങ്ങളായി ഒമാന്‍ സുല്‍ത്താന്മാരുടെ കൈയിലാണെന്നും ഫസല്‍ പുറത്തുനിന്ന് വന്ന ആളാണെന്നും അതിനാല്‍ അത് അനുവദിച്ചു കൊടുക്കില്ലെന്നും മറുപടി എഴുതി.ദോഫാര്‍ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍
1883-ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെ ഭരണകൂടത്തിന് അവിടത്തെ തുര്‍ക്കി കോണ്‍സുല്‍ വഴി ഫസല്‍ ഒരു പരാതി അയച്ചു. മസ്‌കത്തിലെ സുല്‍ത്താന്‍ അനാവശ്യമായി ദോഫാറില്‍ ഇടപെടുന്നത് സംബന്ധിച്ചായിരുന്നു അത്. എന്നാല്‍ ബ്രിട്ടീഷ് ഭരണകൂടം അത് വേണ്ടത്ര പരിഗണിച്ചില്ല. 1886 ആയപ്പോഴേക്കും ദോഫാര്‍ തിരിച്ചുപിടിക്കാനുള്ള അവസാന ശ്രമവും നടത്തും എന്നായി ഫസലിന്റെ തീരുമാനം. ഇക്കാലയളവില്‍ മുഴുവനും അദ്ദേഹം തുര്‍ക്കിയില്‍ മന്ത്രിസ്ഥാനം വഹിച്ച് സുല്‍ത്താന്റെ പ്രത്യേക ഉപദേഷ്ടാവായി കഴിയുകയായിരുന്നു.
1885-ല്‍ ഫസല്‍ ദോഫാറില്‍ വന്നുവെന്നും ആറു മാസത്തോളം ഭരണം തുടര്‍ന്നുവെന്നും പിന്നീട് മസ്‌കത്തിന്റെയും ബ്രിട്ടന്റെയും അല്‍ഖറാ ഗോത്രത്തിന്റെയും എതിര്‍പ്പ് സഹിക്കാനാവാതെ തുര്‍ക്കിയിലേക്ക് തിരിച്ചുപോയെന്നും വെന്‍ഡ്ല്‍ 'ഒമാന്റെ ചരിത്ര'ത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫസല്‍ വീണ്ടും ഏദനിലെ ബ്രിട്ടീഷ് പ്രതിനിധിക്കും ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയിക്കും ദോഫാര്‍ പ്രശ്‌ന കലുഷിതമാണെന്നും തന്നെ അവിടെ ഭരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു വീണ്ടും എഴുതിയിരുന്നു. എന്നാല്‍ അതാരും മുഖവിലക്കെടുത്തില്ല. 1886 അവസാനം മസ്‌കറ്റ് സുല്‍ത്താന്‍ വീണ്ടും ദോഫാറിലേക്ക് പുതിയ ഗവര്‍ണറെ നിശ്ചയിച്ചു. പക്ഷേ ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിന് മടങ്ങി പോരേണ്ടിവന്നു. സുല്‍ത്താന്‍ വീണ്ടും സുലൈമാനെ തന്നെ ഗവര്‍ണറായി അയച്ചു.
എന്നാല്‍ സുലൈമാനെ ഉപരോധിക്കാനാണ് ദോഫാറുകാര്‍ തുനിഞ്ഞത്. ആഭ്യന്തര സംഘര്‍ഷങ്ങള്‍ കുറവായതിനാല്‍ തന്റെ പുത്രന്മാരായ ഫഹദിന്റെയും ഫൈസലിന്റെയും നേതൃത്വത്തില്‍ സുല്‍ത്താന്‍ ഒരു പടയെ അങ്ങോട്ട് അയച്ചു. ആ ശ്രമം വിജയിച്ചു. മസ്‌കത്ത് സുല്‍ത്താന്‍ തുര്‍ക്കി ബിന്‍ സഈദ് 1888-ല്‍ മരണപ്പെട്ടു. തുടര്‍ന്ന് ഫൈസല്‍ അധികാരമേറ്റു. ഫൈസലിന്റെ ഭരണകാലത്ത് നൂറ് പടയാളികളോടെ സുലൈമാന്‍ ദോഫാര്‍ ഗവര്‍ണറായി തുടര്‍ന്നു. ക്രമേണ ആ സ്വാധീനം അയഞ്ഞു. ഈ അവസരത്തില്‍ ഫസലിന് വേണമെങ്കില്‍ ദോഫാറിലേക്ക് മടങ്ങാമായിരുന്നു. പക്ഷേ, അദ്ദേഹം അപ്പോള്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഒരു പ്രധാന ഉത്തരവാദിത്വം വഹിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മക്കള്‍ അവിടത്തെ സര്‍ക്കാറില്‍ ഉന്നത ഉദ്യോഗസ്ഥരും. തുര്‍ക്കി സുല്‍ത്താന്‍ അവര്‍ക്ക് വലിയ പദവികളും നല്‍കി. അവരുടെ പേരുകളില്‍ രാജകീയ ജോലിയുടെ അടയാളം ഉണ്ടായിരുന്നു: സഹല്‍ പാഷ, ഹസന്‍ പാഷ, മുഹമ്മദ് ബേഗ്, അഹ്മദ് ബേഗ്. ഫസല്‍ തന്റെ ജോലിയില്‍ സന്തുഷ്ടനായി തുര്‍ക്കിയില്‍ എഴുത്തും വായനയും സുല്‍ത്താന്റെ ഉപദേഷ്ടാവുമായി കൂടാന്‍ തീരുമാനിച്ചു എന്ന് മനസ്സിലാക്കാം. രസകരമായ ഒരു വസ്തുത ചില ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടിയത്, തന്റെ പോരാട്ടത്തിലുടനീളം ഫസലിന് മലബാറില്‍ നിന്ന് സഹായങ്ങള്‍ ലഭിച്ചു കൊണ്ടിരുന്നു എന്നുള്ളതാണ്. തുര്‍ക്കിയിലായിരിക്കെ അത് ക്രമേണ ചുരുങ്ങി വന്നു.
1892-ല്‍ ജമാലുദ്ദീന്‍ അഫ്ഗാനി സുല്‍ത്താന്റെ ക്ഷണപ്രകാരം തുര്‍ക്കിയിലെത്തി. ഫസല്‍ അദ്ദേഹത്തില്‍ ആകൃഷ്ടനായി. പാന്‍ ഇസ്‌ലാമിസത്തിലും ഇസ്‌ലാമിക രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും വീണ്ടും ആവേശം കണ്ടെത്തിയ ഫസല്‍ ദോഫാര്‍ തിരിച്ചു കിട്ടാന്‍ ഒരു ശ്രമം കൂടി നടത്തി. 1894-ല്‍ ഫസല്‍ തുര്‍ക്കിയിലെ ബ്രിട്ടീഷ് കോണ്‍സുലിനെ കണ്ട് ദോഫാറിലേക്ക് തിരിച്ചു പോകാനുള്ള തന്റെ ആഗ്രഹം അറിയിച്ചു. അതിന് അനുവദിച്ചാല്‍, ബ്രിട്ടീഷ് ഇന്ത്യയിലെ മിക്ക നാട്ടുരാജ്യങ്ങളുമായി കച്ചവടബന്ധം ഉണ്ടാക്കാമെന്നും മധ്യപൗരസ്ത്യ ദേശത്ത് കച്ചവടം നടത്താന്‍ ഇംഗ്ലീഷുകാരെ സഹായിക്കാമെന്നും അടിമ വ്യാപാരം അവസാനിപ്പിക്കുന്നതില്‍ പരസ്പരം സഹകരിക്കാമെന്നും അറിയിച്ചു. എന്നാല്‍ ബ്രിട്ടീഷുകാര്‍ അത് പരിഗണിച്ചില്ല.
1895-ല്‍ ഫസലിന്റെ പുത്രന്‍ സഹല്‍ പാഷ, ഈജിപ്ത് സുല്‍ത്താന്‍ ഖുവൈദി അബ്ബാസ് രണ്ടാമന്റെ അതിഥിയായി കയ്‌റോയില്‍ താമസിക്കുമ്പോള്‍ അവിടത്തെ കോണ്‍സലുമായി ബന്ധപ്പെട്ടും ദോഫാറിലേക്ക് തിരികെ വരാന്‍ ശ്രമം നടത്തിയിരുന്നു. അതും വിജയിച്ചില്ല. അതിനിടെ ദോഫാറില്‍ സുല്‍ത്താന് എതിരായി കലാപം ശക്തമായി. 1895-ല്‍ നടന്ന കലാപത്തില്‍ മസ്‌കറ്റ് സുല്‍ത്താന്‍ നിയോഗിച്ച ദോഫാര്‍ ഗവര്‍ണറുടെ മകനെ കലാപകാരികള്‍ കൊന്നു. ഗവര്‍ണര്‍ സുലൈമാനെ തുറങ്കിലടച്ചു. പെട്ടെന്നുള്ള കലാപത്തിനു കാരണം ആല്‍ കസീര്‍ ഗോത്രത്തിലെ ചിലരെ പിടിച്ച് ജയിലിലടച്ചതായിരുന്നു. കലാപത്തെ തുടര്‍ന്ന് മസ്‌കത്ത് സുല്‍ത്താന്റെ നിയന്ത്രണം മിര്‍ബാത്തില്‍ മാത്രമായി ചുരുങ്ങി. മസ്‌കത്ത് സുല്‍ത്താനെ സഹായിക്കാന്‍ ബ്രിട്ടീഷുകാര്‍ തയാറായി. എന്നാല്‍ ആ സൈനിക മുന്നേറ്റം വേണ്ടത്ര വിജയിച്ചില്ല. സയ്യിദ് ഫസലിനോട് ദോഫാറിലെ പ്രബല ഗോത്രമായ ആല്‍കസീറിനു ഉണ്ടായിരുന്ന അടുപ്പമാണ് മസ്‌കത്തിനെതിരെ കലാപമായി പൊട്ടിപ്പുറപ്പെട്ടത് എന്ന് നിരീക്ഷിക്കുന്നവരുണ്ട്.
തുര്‍ക്കിയില്‍ സുല്‍ത്താന്റെ വലം കൈയായിരുന്നു ഫസല്‍. അദ്ദേഹത്തിന്റെ പാണ്ഡിത്യവും സയ്യിദ് കുടുംബം എന്ന ഖ്യാതിയും പുറമേ, മക്ക, ഈജിപ്ത്, ദോഫാര്‍, യമന്‍, മലബാര്‍, സാന്‍സിബാര്‍ തുടങ്ങിയ നാട്ടുകാരുമായുള്ള ബന്ധവും കത്തിടപാടുകളും അദ്ദേഹത്തിന്റെ ആഗോള വ്യക്തിത്വം സുല്‍ത്താന് ബോധ്യപ്പെടുത്തി കൊടുത്തു. തന്റെ അറേബ്യന്‍ കാര്യങ്ങള്‍ക്കുള്ള ഉപദേശകനായും പാന്‍ ഇസ്‌ലാം നടപ്പില്‍ വരുത്താനുള്ള പണ്ഡിതനായും സുല്‍ത്താന്‍, ഫസലിനെ കണ്ടു.ബാബുല്‍ ആലി കൊട്ടാരത്തില്‍ വലിയ പദവിയുണ്ടായിരുന്നു സയ്യിദ് ഫസലിന്. എല്ലാവരും എഴുന്നേറ്റുനിന്ന് ബഹുമാനിക്കുന്ന, വലിയ വ്യക്തിത്വമായി ഫസലിനെ മറ്റു ശൈഖുമാര്‍ കണ്ടതായി റോജര്‍ അല്ലന്‍ രേഖപ്പെടുത്തുന്നു. തന്റെ പുസ്തകത്തില്‍ (ഇസ്തംബുള്‍ തുര്‍ക്കി സുല്‍ത്താന്മാരുടെ കീഴില്‍), അവിടത്തെ വിദേശികളായ ഉപദേശകരെയും ശൈഖുമാരെയും പരിചയപ്പെടുത്തുന്ന കൂട്ടത്തില്‍ ഫസല്‍ തങ്ങളെ 'ശൈഖ് സയ്യിദ് ഫസല്‍ പാഷ അല്‍ മലബാരി അല്‍ മക്കി' എന്നാണ് പരിചയപ്പെടുത്തുന്നത്. സയ്യിദ് ഫസലിന് സുല്‍ത്താന്റെ കൊട്ടാരത്തിന്റെ അടുത്ത് തന്നെ വീട് വെച്ച് നല്‍കുകയും ചെയ്തിരുന്നു.
ഈസാ ബ്ലൂമി നിരീക്ഷിക്കുന്നത്, ഫസല്‍ നിരവധി ശൈഖുമാരെയും പണ്ഡിതരെയും സ്വാധീനിക്കുകയും തന്റെ പാന്‍ ഇസ്‌ലാം മിഷന്‍ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണ്. അന്നത്തെ ഹറമുകളുടെ മുഫ്തി ആയിരുന്ന അഹ്മദ് ദഹ്‌ലാനുമായി ഫസല്‍ ആദ്യമേ നല്ല സൗഹൃദത്തിലായിരുന്നു. 1886-ല്‍ പ്രസിദ്ധ പണ്ഡിതന്‍ ഇബ്‌നു സുമയ്തിനെ തുര്‍ക്കിയില്‍ ഫസല്‍ വിളിച്ചു വരുത്തിയതായും സാന്‍സിബാറില്‍ ഇസ്‌ലാമിക ഭരണം നടപ്പില്‍ വരുത്താന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടതായും ഈസാ ബ്ലുമി പറയുന്നു.   
കോണ്‍സ്റ്റാന്റിനോപ്പിളില്‍ സ്ഥിര താമസമാക്കിയ ഫസല്‍ അവസാന കാലങ്ങളില്‍ ജമാലുദ്ദീന്‍ അഫ്ഗാനിയുടെ പാന്‍ ഇസ്‌ലാമിക വീക്ഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ആളായി മാറി എന്ന് പറയപ്പെടുന്നു. സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ തന്നെ അതിന്റെ വക്താവായിരുന്നു. പക്ഷേ, ഇത് പരമ്പരാഗതമായി സുല്‍ത്താന്റെ കൂടെയുണ്ടായിരുന്ന ഒരുപാട് മന്ത്രിമാര്‍ക്കും ഉപദേശകര്‍ക്കും അത്ര ദഹിച്ചിരുന്നില്ല. അവര്‍ സുല്‍ത്താനെയും ഫസല്‍ തങ്ങളെയും തമ്മില്‍ തെറ്റിക്കാന്‍ ശ്രമിച്ചു എന്ന് പറയപ്പെടുന്നു. ഈ ഗൂഢാലോചന തിടം വെക്കുകയും ഒടുവില്‍ ഫസല്‍ വീട്ടുതടങ്കലിലാവുകയും ചെയ്തു. സയ്യിദ് ഫസല്‍ തങ്ങളോടുള്ള ബഹുമാനം നിലനിര്‍ത്തി തന്നെയാണ് സുല്‍ത്താന്‍ അത് ചെയ്തത്. വീട്ടു തടങ്കലിലായിരിക്കെ ഫസല്‍ മരണപ്പെട്ടു എന്ന് ആന്‍.കെ ബാംഗ് രേഖപ്പെടുത്തുന്നു. 1901-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ വെച്ച് തന്റെ 78-ാം വയസ്സിലായിരുന്നു മരണം. തുര്‍ക്കിയിലും മറ്റു രാജ്യങ്ങളിലും അദ്ദേഹത്തിന്റെ പിന്മുറക്കാരായ പേരമക്കള്‍ ജീവിച്ചിരിക്കുന്നുണ്ട്.
1935-ല്‍ സി. രാജഗോപാലാചാരിക്ക് കീഴില്‍ മദ്രാസ് ജനപക്ഷ സര്‍ക്കാര്‍ വന്നപ്പോള്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ മമ്പുറം പുനരുത്ഥാന കമ്മിറ്റി ഉണ്ടാക്കുകയും ഫസല്‍ തങ്ങളുടെ മക്കളെയും കുടുംബത്തെയും തിരിച്ചുകൊണ്ട് വരാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. പക്ഷേ, അനന്തരഫലം ഭയന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അതിനു സമ്മതിച്ചില്ല.ഫസല്‍ എന്ന പണ്ഡിതന്‍
ഫസല്‍ എന്ന ബഹുമുഖ വ്യക്തിത്വത്തെ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെക്കുറിച്ച് പറയാതെ അനുസ്മരിക്കാന്‍ കഴിയില്ല. തന്റെ ചെറിയ പ്രായത്തില്‍ തന്നെ മലബാറില്‍വെച്ചു എഴുതിയ ഗ്രന്ഥമായിരുന്നു അദ്ദേഹത്തെ നാടുകടത്താന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത്. കോണ്‍സ്റ്റാന്റിനോപ്പിളില്‍ ആയിരുന്ന തന്റെ ജീവിതത്തിന്റെ അവസാനഘട്ടം, ഏകദേശം ഇരുപതു വര്‍ഷങ്ങള്‍ ധാരാളമായി വായിക്കാനും പുസ്തകങ്ങള്‍ രചിക്കാനുമാണ് ഫസല്‍ ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങള്‍ ഇവയാണ്:
അസാസുല്‍ ഇസ്‌ലാം (ഇസ്‌ലാമിന്റെ അടിസ്ഥാനം), ബവാരികുല്‍ ഫത്താന ലി തഖ്‌വിയതുല്‍ബിത്താന (നല്ല സുഹൃത്തുക്കളെ ലഭിക്കാന്‍ വേണ്ട അടിസ്ഥാന്‍ കാര്യങ്ങള്‍), ത്വരീഖത്തുല്‍ ഹനീഫ (നേരായ മാര്‍ഗം), കൗകബുദ്ദുര്‍റ, ഹുലലുല്‍ ഇഹ്‌സാന്‍ ലി തഹ്‌സീനില്‍ ഇന്‍സാന്‍ (മനുഷ്യന്‍ നേരാവാനുള്ള നന്മയുടെ പരിഹാരങ്ങള്‍), ഖുസൂസാതുല്‍ ഇസ്‌ലാം (ഇസ്‌ലാമിന്റെ പ്രത്യേകതകള്‍). മമ്പുറം അലവി തങ്ങളെ കുറിച്ച ഓര്‍മകള്‍ അയവിറക്കുന്ന ഒരു പുസ്തകം ഫസല്‍ എഴുതിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. അത് ലഭ്യമായാല്‍ മലയാളിക്ക് വലിയൊരു ഉപഹാരമായിരിക്കും.

സമാപനം
മലയാളത്തില്‍ ഫസല്‍ തങ്ങളെ കുറിച്ച് ഒരുപാട് ലേഖനങ്ങള്‍ വന്നിട്ടുണ്ട്. പക്ഷേ, അതിലധികവും മലബാറിനെ ചുറ്റിപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മാത്രം വിശകലനം ചെയ്യുന്നതാണ്. നാട് കടന്നതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ബൃഹത്തായ ജീവിതം ഒന്നോ രണ്ടോ വാചകങ്ങളില്‍ ഒതുക്കുകയാണ് പതിവ്. ഈ പഠനം അതില്‍നിന്ന് വ്യത്യസ്തമായി, ഫസല്‍ തങ്ങളുടെ ത്രിമാന വ്യക്തിത്വം-മലബാറുകാരുടെ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍, ദോഫാറുകാരുടെ സയ്യിദ് ഫസല്‍ ബിന്‍ അലവി മൗലദ്ദവീല, തുര്‍ക്കിയിലെ ഉസ്മാനി ചരിത്രത്തിലെ സയ്യിദ് ഫസല്‍ പാഷ-അളക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നാട് കടന്ന ശേഷമുള്ള അദ്ദേഹത്തിന്റെ ചരിത്രത്തിനു മലബാറില്‍ എന്തുകൊണ്ട് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല എന്നത് അത്ഭുതം തന്നെയാണ്. കാരണം നാടുകടന്ന ശേഷവും ഫസല്‍ മലബാറിനോട് അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. മലബാറുകാര്‍ അദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചിരുന്നുവെന്ന് സഈദ് ഉമര്‍ എന്ന ചരിത്രകാരന്‍ പറയുന്നു. തുര്‍ക്കിയില്‍ മന്ത്രി ആയതില്‍ പിന്നെയാണ് അത് നിന്നത്. റോജര്‍ അല്ലന്‍ പറയുന്നത്, അദ്ദേഹത്തിന് മലബാറില്‍ നിന്ന് കത്തുകള്‍ വരാറുണ്ടായിരുന്നു എന്നാണ്. മലബാറില്‍ ഒരിക്കല്‍ താന്‍ ഭരണാധികാരിയായി തിരിച്ചുപോവും എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നത്രേ. ഫസല്‍ തങ്ങളുടെ മരണം മലബാറില്‍ കോലാഹലമുണ്ടാക്കി എന്നും അതാണ് മലബാര്‍ കലാപങ്ങളിലേക്ക് നയിച്ച കാരണങ്ങളിലൊന്ന് എന്നും എം.എച്ച് ഇല്‍യാസ് നിരീക്ഷിക്കുന്നു. പക്ഷേ നിരന്തര ബന്ധത്തിന്റെ ആ കണ്ണികള്‍ ചരിത്രത്തില്‍ വേണ്ടപോലെ രേഖപ്പെടുത്തപ്പെടുകയുണ്ടായില്ല.      

No comments:

Post a Comment