Sunday, October 2, 2022

ഹൈദരാബാദ്


തിളക്കം മങ്ങാത്ത ഒരുപാടു മുത്തുകൾ കോർത്തെടുത്ത മാല പോലെയൊരു നഗരം. ചരിത്രഗന്ധിയായ നടവഴികൾ, കാഴ്ചയുടെ വിരുന്നൊരുക്കുന്ന സ്മാരകങ്ങൾ, ആൾക്കൂട്ടമൊഴുകുന്ന തെരുവുകൾ, രുചികേന്ദ്രങ്ങൾ, പാർക്കുകൾ, ഐടി കേന്ദ്രങ്ങൾ...ഇവിടെയില്ലാത്ത അനുഭവങ്ങളില്ല. വന്നെത്തുന്ന ഏതൊരു സഞ്ചാരിയെയും തന്റെ ആകർഷണവലയത്തിൽ ചേർത്തു പിടിക്കുന്നു, നൈസാമിന്റെ ഹൈദരാബാദ്. മുത്തുകളുടെ നഗരം.
പറഞ്ഞു തീരാത്ത വിശേഷങ്ങളും കണ്ടു തീരാത്ത കാഴ്ചകളും എത്രയറിഞ്ഞാലും മതിവരാത്ത രുചികളുമുള്ള ഈ നഗരത്തിന്റെ പേരിനു പിന്നിലുമുണ്ടൊരു കൗതുകം. വാമൊഴിയായ് തലമുറകൾ പിന്നിട്ട കഥയാണ്. ഭരണാധികാരിയായിരുന്ന സുൽത്താൻ മുഹമ്മദ് ഖുലി ഖുത്തബ് ഷാ ത ന്റെ സദസ്സിലെ നർത്തകിയായിരുന്ന ഭാഗ്‌മതിയുമായി പ്രണയത്തിലായി.അവരോടുള്ള സ്നേഹസൂചകമായി ഭാഗ്യനഗർ എന്ന പുതിയൊരു നഗരം പണിതു. പിന്നീട് ഭാഗ്‌മതി ‘ഹൈദർ മഹൽ’ എന്ന പേരിലറിയപ്പെട്ടുവെന്നും നഗരത്തിന്റെ പേര് ‘ഹൈദരാബാദ്’ എന്നായി മാറിയെന്നുമാണ് കഥ. പ്രണയത്തിന്റെ പേരിൽ പണികഴിപ്പിക്കപ്പെട്ട നഗരമായതിനാലാവണം, വന്നെത്തുന്ന സഞ്ചാരികളെ തന്റെ ഹൃദയത്തോട് ചേർത്താണ് ഹൈദരാബാദ് സ്വീകരിക്കുന്നത്. അതിന്റെ മിടിപ്പുകൾ കഥകളായ്, കാഴ്ചകളായ് നഗരത്തിന്റെ പല കോണിലും കാണാം, കേൾക്കാം.

മുഗള്‍ ഭരണത്തിന്റെ പതനകാലത്ത് ഹൈദരാബാദ് ആസ്ഥാനമായി ക്രി. 1720ല്‍ നിലവില്‍ വന്ന ഭരണമാണ് നിസാമുല്‍ മുല്‍ക്ക് ഭരണകൂടം (ക്രി.1720-1948). ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒരു വര്‍ഷം കൂടി കഴിഞ്ഞാണ് (1948ല്‍) നിസാം ഭരണം നിലച്ചത്. വജ്രഖനികളുടെ നാടിന്റെ ഉടമകളായ നിസാമുമാര്‍ ലോകത്തെ ഏററവും വലിയ സമ്പന്നരായിരുന്നു.
മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ അടുത്ത സുഹൃത്ത് മീര്‍ സഹാബുദ്ദീന്‍ സിദ്ദീഖിയുടെ പുത്രന്‍ ഖമറുദ്ദീന്‍ സിദ്ദീഖിയാണ് നിസാം ഭരണകൂടത്തിന്റെ സ്ഥാപകന്‍. ഔറംഗസീബിന്റെ കാലത്താണ് ഹൈദരാബാദ് ഉള്‍പ്പെടുന്ന ഡെക്കാന്‍ പ്രദേശം മുഗള്‍ ഭരണത്തിന് കീഴില്‍ വന്നത്. പിന്നീട് വന്ന മുഗള്‍ ചക്രവര്‍ത്തി ഫാറൂഖ് സിയാര്‍ ഡക്കാനെ ആറു പ്രവിശ്യകളാക്കി അവയുടെ അധികാരം ഖമറുദ്ദീന്‍ സിദ്ദീഖിക്ക് നല്‍കി. നിസാമുല്‍ മുല്‍ക്ക് എന്ന പദവി നല്‍കിയതും ഫാറൂഖ് തന്നെ. ഇതില്‍ പല പ്രവിശ്യകളും പിന്നീട് മറാത്താ ശക്തികള്‍ പിടിച്ചടക്കിയെങ്കിലും ഹൈദരാബാദ് സിദ്ദീഖിയുടെ കൈയില്‍ ഭദ്രമായി. മുഗള്‍ ഭരണം ക്ഷയിക്കുകയും നാട്ടില്‍ അരാജകത്വം പടരുകയും ചെയ്തപ്പോള്‍ സിദ്ദീഖി ഹൈദരാബാദിനെ സ്വതന്ത്ര പ്രവിശ്യയാക്കി. അങ്ങനെ 1720ല്‍ നിസാം എന്ന പദവിയോടെയും ആസഫ്ജാ എന്ന കുടുംബപ്പേരോടെയും സിദ്ദീഖി പുതിയ ഭരണകൂടം സ്ഥാപിക്കുകയായിരുന്നു.
ചാർമിനാർ
ഹൈദരാബാദിന്റെ മുഖമുദ്രയാണ് ചാർമിനാർ. നഗരജീവിതത്തിന്റെ എല്ലാ തിരക്കും നെ‍ഞ്ചിലേറ്റുന്ന ഓൾഡ് സിറ്റിയിൽ നിലകൊള്ളുന്ന ചരിത്ര സ്മാരകം. നാലു ഭാഗത്തു നിന്നും ഇവിടേയ്ക്കെത്തുന്ന റോഡുകളുണ്ട്. വശങ്ങളിലായ് നൂറുകണക്കിനു കടകളുണ്ട്. പല ദേശങ്ങളിൽ നിന്നെത്തിയ സഞ്ചാരികളും. തേടിയെത്തുന്നവർക്ക് വഴി തെറ്റില്ല; ദൂരെ നിന്നേ കാണാം തലയുയർത്തി നിൽക്കുന്ന നാലു മിനാരങ്ങൾ. ‘നാലു മിനാരങ്ങളുള്ള പള്ളി’ എന്നാണ് ചാർമിനാറിന്റെ അർഥം. (മിനാരം– സാധാരണ മുസ്‌ലിം മസ്ജിദുകൾക്ക് മുകളിൽ കാണാറുള്ള വലിയ കമാനം). ജനജീവിതം ദുസ്സഹമാക്കി നഗരത്തിൽ വ്യാപിച്ച പ്ലേഗ് നിർമാർജനം ചെയ്തതിന്റെ ഓർമയ്ക്കായാണ് ഇതു നിർമിച്ചത്.നഗരത്തിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും ആദ്യത്തെ സന്ദർശന പോയിന്റും ചാർമിനാറാണ്. പൗരാണിക ശിൽപകലയുടെ ചാതുര്യം ഇവിടെ അടുത്തുകാണാം. 149 പടികൾ കയറിയാൽ മുകളിലെത്തും. ഒരാൾക്കു മാത്രം കയറാവുന്ന ഇടുങ്ങിയ പടവുകളിലൂടെ മുകളിലേക്കു കയറുമ്പോഴാണ് ചാർമിനാറിന്റെ യഥാർഥ വലുപ്പം മനസ്സിലാവുക. ഇവിടെ നിന്നു നോക്കുമ്പോൾ തിക്കിത്തിരക്കിയോടുന്ന പഴയ പട്ടണത്തിന്റെ കാഴ്ച മനോഹരമാണ്.
മക്കാ മസ്ജിദ്
ചാർമിനാറിനോട് ചേർന്ന്, ഓൾഡ് സിറ്റിയുടെ ഹൃദയത്തിലായാണ് പ്രശസ്തമായ മക്കാ മസ്ജിദ്. ഹൈദരാബാദിലെ ഏറ്റവും പഴക്കം ചെന്ന മുസ്‌ലിം ആരാധനാലയമാണിത്. സുൽത്താൻ മുഹമ്മദ് ഖുലി ഖുത്തബ് ഷാ തുടക്കമിട്ട മസ്ജിദിന്റെ നിർമാണം പൂർത്തിയായത് ഔറംഗസേബിന്റെ കാലത്താണ്. മക്കയിൽ നിന്നുകൊണ്ടു വന്ന മണ്ണുപയോഗിച്ച് ചുട്ടെടുത്ത ഇഷ്ടിക കൊണ്ടാണ് മസ്ജിദ് നിർമിച്ചതെന്നു പറയപ്പെടുന്നു. അങ്ങനെയാണ് ‘മക്കാ മസ്ജിദ്’ എന്ന പേരു വന്നതും.ആരാധനാലയം എന്നതിലുപരി വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് മ ക്കാ മസ്ജിദ്. മസ്ജിന്റെ വിശാലമായ മുറ്റം നഗരത്തിരക്കുകളിൽ നിന്ന് സഞ്ചാരികളെ ഒളിപ്പിച്ചു നിർത്തുന്നു. നിർമാണ വൈദഗ്ധ്യവും പ്രാർഥനയ്ക്ക് മുൻപ് അംഗശുദ്ധി വരുത്താനുള്ള കുളവുമെല്ലാം മസ്ജിദിന്റെ സവിശേഷതകളാണ്. കല്ലു പതിച്ച മുറ്റത്തിന്റെ തണുപ്പ്, പറന്നിറങ്ങുന്ന ആയിരക്കണക്കിനു പ്രാവുകൾ, പശ്ചാത്തലത്തിലെ ചാർമിനാർ... വൈകുന്നേരങ്ങളിലെ മക്കാ മസ്ജിദിന്റെ ജീവൻ അടുത്തറിയുക തന്നെ വേണം.
ചൗ മഹല്ലാ പാലസ്
ഓൾഡ് സിറ്റി പ്രദേശത്തു തന്നെയാണ് പ്രശസ്തമായ ചൗമഹല്ലാ കൊട്ടാരവുള്ളത്. നൈസാമുമാരുടെ ഔദ്യോഗിക വസതിയായ ചൗമഹല്ല വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ‘നാലു കൊട്ടാരങ്ങൾ’ എന്നർഥം വരുന്ന ‘ചാർ മഹല്ലത്ത്’ എന്ന ഉറുദു വാക്കിൽ നിന്നാണ് കൊട്ടാരത്തിനു ഈ പേരു വന്നത്. പതിനെട്ടാം നൂറ്റാണ്ടിലാണ് നിർമാണം.
വിശാലമായ അങ്കണങ്ങളാണ് ചൗമഹല്ലയുടെ ഏറ്റവും വലിയ സവിശേഷത. ഇരുവശത്തുമായി പരന്നു കിടക്കുന്ന കൊട്ടാരം, വിശാലമായ മുറികൾ, നടുവിൽ തണൽമരങ്ങൾ നിറഞ്ഞ വലിയ മുറ്റം, അവിടെയൊരുക്കിയ ഇരിപ്പിടങ്ങൾ...കയറിച്ചെല്ലുന്ന ഏതൊരാൾക്കും കൊട്ടാരത്തോട് ഒരിഷ്ടം തോന്നും. അഫ്താബ് മഹൽ, മെഹ്താബ് മഹൽ, തഹ്നിയത് മഹൽ, അഫ്സൽ മഹൽ എന്നിങ്ങനെ നാലു ഭാഗങ്ങളിലായാണ് ചൗമഹല്ലയുള്ളത്.
കാഴ്ചകളിലെ ഏറ്റവും വലിയ സവിശേഷത ഇവിടെ സൂക്ഷിച്ചിരിക്കുന്ന കാറുകളാണ്. വെറും കാറുകളല്ല, ലോകത്തെ കൊതിപ്പിച്ച ആഡംബര കാറുകൾ. 1906ലെ നേപിയർ ടൈപ്, 1912ൽ പുറത്തിറങ്ങിയ റോൾസ് റോയ്സ്, 1934ൽ പുറത്തിറങ്ങിയ ഫോർഡ് ടൂറർ...തുടങ്ങി വാഹനപ്രേമികളായിരുന്ന നൈസാമുമാരുടെ കാറുകളെല്ലാം പുതുപുത്തനായി ഇപ്പോഴും ഇവിടെയുണ്ട്. ഓടിക്കാനല്ല, സന്ദർശകർക്ക് കാണാനായാണെന്നു മാത്രം.
സാലർജംഗ് മ്യൂസിയം
രാജ്യത്തെ പ്രധാന മ്യൂസിയങ്ങളിലൊന്നാണ് ഹൈദരാബാദിലെ സാലർജംഗ്. ചാർമിനാറിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരമേയുള്ളൂ. ചരിത്രപ്രധാനമായ പല കാഴ്ചകളും കാലത്തിന്റെ മങ്ങലേൽക്കാതെ ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. ഹൈദരാബാദിന്റെ ചരിത്രവും പൈതൃകവും അടുത്തറിയാൻ ഇതിനെക്കാൾ നല്ലൊരിടമില്ല എന്നു തന്നെ പറയാം. നവാബുമാരായിരുന്ന സാല ർജംഗ് കുടുംബം കൈമാറിയ പുരാവസ്തുക്കളാണ് ഇവിടെയുള്ളതിലേറെയും. കാർപ്പെറ്റുകൾ, ശിൽപ്പങ്ങൾ, പ്രശസ്ത കലാകാരന്മാരുടെ ചിത്രങ്ങൾ, ഫർണിച്ചറുകൾ... എന്നിങ്ങനെ എ ഡി ഒന്നാം നൂറ്റാണ്ടിലെ ജീവിതത്തിലേക്കു വെളിച്ചം വീശുന്ന കാഴ്ചകൾ വരെ ഇവിടെ കാണാം. 
ഹുസൈൻ സാഗർ തടാകം
ഹൈദരാബാദിന്റെ വൈകുന്നേരങ്ങളെ സജീവമാക്കുന്നയിടമാണ് പ്രശസ്തമായ ഹുസൈൻ സാഗർ തടാകം. നഗരത്തിന്റെ പ്രധാന അടയാളങ്ങളിലൊന്നുകൂടിയാണ് ചാർമിനാറിൽ നിന്ന് പത്തുകിലോമീറ്റർ മാറിയുള്ള ഈ തടാകം. ഇതിനടുത്തായാണ് സെക്രട്ടേറിയറ്റും എൻടിആർ പൂന്തോട്ടവുമെല്ലാം. 1562ൽ ഹസ്രത്ത് ഹുസൈൻ ഷായാണ് മൂസി നദിക്ക് അനുബന്ധമായി ഈ തടാകം പണികഴിപ്പിച്ചത്. നഗരം നേരിട്ടിരുന്ന ജലക്ഷാമത്തിനു പരിഹാരം കാണുകയായിരുന്നു ലക്ഷ്യം. തന്റെ സൗന്ദര്യം കൊണ്ട് സഞ്ചാരികളുടെയും നാടിന്റെയും മനംകവർന്ന തടാകം ഇന്നു പക്ഷേ മലിനീകരിക്കപ്പെട്ട് മരണത്തിന്റെ വക്കിലെത്തി നിൽക്കുന്നു.തടാകത്തിന്റെ നടുവിലായി ഒറ്റക്കല്ലിൽ തീർത്ത ബുദ്ധപ്രതിമയുണ്ട്. 1992ലാണ് ഇ തിവിടെ സ്ഥാപിച്ചത്. തടാകത്തിലൂടെയുള്ള ബോട്ട് യാത്രയും ബുദ്ധപ്രതിമാ സന്ദർശനവുമെല്ലാം സഞ്ചാരികൾക്ക് വേറിട്ട അനുഭവമാവും. ഇതിനോടു ചേർന്നുള്ള ലുംബിനി പാർക്കും തീർച്ചയായും സന്ദർശിക്കേണ്ട ഇടമാണ്. കുട്ടികൾക്കായുള്ള കളിയിടങ്ങളും മൈതാ നങ്ങളും ഫൂഡ് കോർട്ടുമെല്ലാമുള്ള ലുംബിനി പാർക്ക്, കുടുംബസഞ്ചാരികളുടെ കേന്ദ്രമാണ്. രണ്ടായിരം പേരെ ഉൾക്കൊള്ളാവുന്ന രാജ്യത്തെ ആദ്യ ലേസർ ഓഡിറ്റോറിയമുള്ളതും ലുംബിനി പാർക്കിലാണ്.
ബിർള മന്ദിർ
മാർബിളിൽ കൊത്തിയ വിസ്മയമെന്നാണ് ഹൈദരാബാദിലെ ബിർളാ ക്ഷേത്രം അറിയപ്പെടുന്നത്. ഹിൽ ഫോർട്ട് റോഡിൽ നിലകൊള്ളുന്ന ഈ ക്ഷേത്രം കാണാനായി ജാതിമതഭേദമന്യേ സന്ദർശകരെത്തുന്നു. കുന്നിൻമുകളിലെ ഈ വെങ്കിടേശ്വരക്ഷേത്രം രാജസ്ഥാനിൽ നിന്നു കൊണ്ടുവന്ന വെള്ള മാർബിൾ മാത്രം ഉപയോഗിച്ചാണ് നിർമിച്ചത്. 1966ൽ തുടങ്ങിയ നിർമാണം പൂർത്തിയാവാൻ പത്തു വർഷമെടുത്തു. മഹദ് വചനങ്ങൾ രേഖപ്പെടുത്തിയുള്ള ക്ഷേത്ര ചുമരുകളും വിശാലമായ ക്ഷേത്രാങ്കണവുമെല്ലാം ഇവിടേക്ക് സന്ദർശകരെ ആകർഷിക്കുന്നു.
ഗോൽക്കോണ്ട കോട്ട
ഹൈദരാബാദിലെ ഏറ്റവും വലിയ വിസ്മയമേതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഗോൽക്കോണ്ട കോട്ട. നഗരത്തിൽ നിന്ന് പതിനൊന്നു കിലോമീറ്റർ മാറി നിലകൊള്ളുന്ന ഈ കോട്ട ഒരു കാലത്ത് ഖുത്തുബ് ഷാഹി രാജകുടുംബത്തിന്റെ ഭരണസിരാ കേന്ദ്രമായിരുന്നു.
പല കാലങ്ങളിലായി നിർമിക്കപ്പെട്ട കോട്ട അവസാനം നടന്ന യുദ്ധങ്ങളിൽ തകർന്നു. എങ്കിലും പ്രൗഡി മങ്ങാത്ത കാഴ്ചകൾ ഇപ്പോഴും ഇവിടെയുണ്ട്. മന്ത്രിമാരുടെ ഓഫിസ്, രത്നങ്ങൾ സൂക്ഷിച്ചിരുന്ന മുറികൾ, കുന്നിൻ മുകളിലെ പ്രധാന കെട്ടിടം, ക്ഷേത്രം, മസ്ജിദ് തുടങ്ങി കഴിഞ്ഞ കാലത്തിലേക്കു വെളിച്ചം വീശുന്ന ചരിത്രശേഷിപ്പുകൾ കാണാം. ശബ്ദസംവിധാനമാണ് ഈ കോട്ടയുടെ പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന്. താഴെ കവാടത്തിൽ നിന്നു കൈ കൊട്ടിയാ ൽ അങ്ങ് മുകളിൽ വരെ പ്രതിധ്വനി കേൾക്കാം. വിശാലമായ കോട്ടയുടെ നടവഴികളും മുകളിൽ നിന്നുള്ള നഗരക്കാഴ്ചയുമെല്ലാം ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഹൈദരാബാദ് അനുഭവങ്ങളാണ്.
ലാഡ് ബസാർ
നഗരത്തിന്റെ ഷോപ്പിങ് കേന്ദ്രമാണ് ചാർമിനാറിനോട് ചേർന്നുള്ള ലാഡ് ബ സാർ. വർണക്കാഴ്ചകളൊരുക്കുന്ന കുപ്പിവളകളും വസ്ത്രങ്ങളും ഒഴുകിനടക്കുന്ന സഞ്ചാരികളുമെല്ലാം ചേർന്ന് ഇവിടുത്തെ വൈകുന്നേരങ്ങളെ സജീവമാക്കുന്നു. സുൽത്താൻ മുഹമ്മദ് ഖുലി ഖുത്തബ് ഷാ ത ന്റെ മകളുടെ കല്യാണഷോപ്പിങ്ങിനായി നിർമിച്ചതാണ് ഈ തെരുവ് എന്നാണ് വാമൊഴിക്കഥ. ചാർമിനാറിനോട് ചേർന്ന്, ചൗമഹല്ലയിൽ നിന്നു വരുന്ന കാറ്റു കൊണ്ടു മിന്നിത്തിളങ്ങുന്ന വളകൾക്കും ആഭരണങ്ങൾക്കുമിടയിലൂടെ നടക്കുമ്പോൾ ഒരൽപ്പം രാജകീയതയൊക്കെ എല്ലാവർക്കും അനുഭവപ്പെടും.

No comments:

Post a Comment